ഗൾഫിലെ തൊഴിലവസരങ്ങൾ നിലച്ചിട്ടില്ല: ജെ.കെ. മേനോൻ
ജോർജ് കള്ളിവയലിൽ
Tuesday, March 4, 2025 11:41 PM IST
ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിനു പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളെയും മേഖലയിലെ പുതിയ അവസരങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് പ്രമുഖ യുവ വ്യവസായി ജെ.കെ. മേനോൻ ദീപികയോടു സംസാരിച്ചു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ഗൾഫ് രാജ്യങ്ങളുടെ പുരോഗതിയിലും വികസനത്തിലും നൽകുന്ന നല്ല സംഭാവനകൾക്ക് ഇന്ത്യക്കാർ വിലമതിക്കപ്പെടുന്നു.
പ്രമുഖ വ്യവസായി അന്തരിച്ച പത്മശ്രീ സി.കെ. മേനോന്റെ മകനാണ് ജയകൃഷ്ണൻ എന്ന ജെ.കെ. മേനോൻ. ദോഹ ആസ്ഥാനമായുള്ള എബിഎൻ (അഡ്വാൻസ്ഡ് ബിസിനസ് നെറ്റ്വർക്) കോർപറേഷൻ എന്ന ബിസിനസ് ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ചെയർമാനായ ഇദ്ദേഹം ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗണ്സിൽ ചെയർമാനും നോർക റൂട്ട്സ് ഡയറക്ടറുമാണ്. ശില്പ മേനോനാണു ഭാര്യ. ജിസിസി മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന എബിഎൻ ഗ്രൂപ്പിന് ഖത്തർ, യുഎഇ, കുവൈറ്റ്, ഇന്ത്യ, സുഡാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ പ്രവർത്തനങ്ങളുണ്ട്.
പുതുചരിത്രമായി മാറിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ദ്വിദിന ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് ജെ.കെ. മേനോൻ അടുത്തിടെ ഡൽഹിയിലെത്തിയത്.
ജെ.കെ. മേനോൻ മനസുതുറക്കുന്നു:
ഗൾഫിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയല്ലോ. ഇനിയുള്ള സാധ്യതകൾ എന്തൊക്കെയാണ്.
ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴും വളരെ തൊഴിൽസാധ്യതകളുണ്ട്. വിപണിയുടെ ഡൈനാമിക്സ് അനുസരിച്ചു ചില മേഖലകളിൽ തൊഴിലവസരങ്ങളുടെ ഏറ്റക്കുറച്ചിലുകളുണ്ടെന്നു മാത്രം. നിർമിത ബുദ്ധി (എഐ) പല മേഖലകളിലും വലിയ മാറ്റങ്ങൾക്കു കാരണമാകുന്നുണ്ട്. അതുമായി നമ്മൾ പൊരുത്തപ്പെടണം. എഐ പോലുള്ളവയിൽ മലയാളികളും ഇന്ത്യക്കാരും ശേഷി വർധിപ്പിക്കേണ്ടതുണ്ട്. പുതുതലമുറയ്ക്ക് ഇതു പ്രയാസമാകില്ല. നല്ല മികവുള്ള ചെറുപ്പക്കാരാണ് മലയാളികൾ. തൊഴിൽ വൈദഗ്ധ്യമുള്ളവരെയാണ് ഇനി എവിടെയും ആവശ്യം. നിർമാണത്തൊഴിലാളികൾ അടക്കമുള്ളവരേക്കാൾ നൈപുണ്യ വൈദഗ്ധ്യം (സ്കിൽ) ഉള്ള തൊഴിലുകൾക്കാണു ഡിമാൻഡ്. ഉയർന്ന ശന്പളമുള്ള വെള്ളക്കോളർ ജോലികൾ പലതരത്തിൽ നേട്ടമാകുകയും ചെയ്യും. മനുഷ്യവിഭവ ശേഷിയാണ് ഇന്ത്യയുടെ ഏറ്റവും ശക്തി. വിദേശരാജ്യങ്ങളിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമുണ്ട്.
ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള പ്രതീക്ഷകൾ.
സമീപഭാവിയിൽ ഇന്ത്യക്ക് പ്രതീക്ഷിക്കാനേറെയുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ലോകത്ത് അഞ്ചാമത്തെ വലിയ സാന്പത്തിക ശക്തിയാണിപ്പോൾ. അടുത്ത 10 വർഷത്തിനകം ഇനിയും വലിയ സാന്പത്തിക വളർച്ച നേടും. അതിന്റെ നേട്ടം ചെറുപ്പക്കാർക്കു കിട്ടണം. സ്റ്റാർട്ടപ്പുകളിലെ മുന്നേറ്റം ഇനിയും ആവശ്യമാണ്. നമ്മുടെ പുതുതലമുറ വിദ്യാഭ്യാസ, സാങ്കേതിക, നൈപുണ്യ മികവിൽ മുന്പിലാണ്. അതു പ്രയോജനപ്പെടുത്താൻ നമ്മുടെ സർക്കാരുകൾക്കു കഴിയണം.
താങ്കളുടെ കാഴ്ചപ്പാടിൽ കേരളത്തിന്റെ സാധ്യതകൾ.
ആരോഗ്യം, ടൂറിസം അടക്കം വിനോദ സഞ്ചാരമേഖലയിൽ കേരളത്തിന് ഇനിയും വലിയ സാധ്യതകളുണ്ട്. അതിനായുള്ള മാർക്കറ്റിംഗ് ആണു പ്രധാനം. മെഡിക്കൽ ടൂറിസത്തിനായി ആഗോള തലത്തിൽ പേരുള്ള സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങൾ ഉണ്ടാകണം. അമേരിക്കയിലെ മയോ ക്ലിനിക്ക് പോലുള്ള സ്ഥാപനങ്ങളുമായി സംയുക്ത സംരംഭം തുടങ്ങിയാൽ കേരളത്തിലെ വലിയ മെഡിസിറ്റി പദ്ധതികൾക്ക് അനന്തസാധ്യതകളുണ്ട്.
കേരളത്തിലെ രാഷ്ട്രീയസാഹചര്യം നിക്ഷേപസൗഹൃദമാണോ ?
കേരള രാഷ്ട്രീയത്തെ പോസിറ്റീവായി കാണണം. ഇൻവെസ്റ്റ് കേരള പോലുള്ളവ സ്വാഗതാർഹമാണ്. സംരംഭങ്ങൾ തുടങ്ങുന്നതു ലളിതമായിട്ടുണ്ട്. പക്ഷേ അതുമാത്രം എളുപ്പമാക്കിയാൽ പോര. കന്പനികളും സ്ഥാപനങ്ങളും തുടർന്നു നടത്തിക്കൊണ്ടുപോകുന്നതിലും ഈസ് ഓഫ് ഡൂയിംഗ് വേണം. ക്ലാരിറ്റി വേണം. അതിനായി നമ്മുടെ സംസ്കാരം തന്നെ മാറണം. സാവധാനമെങ്കിലും ആ മാറ്റം വരുന്നുണ്ട്. സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഉദ്യോഗസ്ഥരെ അക്കൗണ്ടബിളും ആൻസറബിളും ആക്കിയാൽ കുറെ കാര്യങ്ങളിൽ നല്ല മാറ്റമുണ്ടാകും. കൂടുതൽ സംരംഭങ്ങൾ വരുന്പോൾ തൊഴിലവസരങ്ങൾ വരും.
കേരളത്തിൽ താങ്കൾക്കു പുതിയ പദ്ധതികളുണ്ടോ ?
കേരളത്തിൽ വിദ്യാഭ്യാസ, ടൂറിസം മേഖലകളിൽ നിക്ഷേപം നടത്താൻ എനിക്കു പദ്ധതികളുണ്ട്. സ്റ്റീലിന്റെ ബിസിനസ് ആണ് പ്രധാനമായും ഞങ്ങളുടേത്. അത് തമിഴ്നാട്ടിലാണ്. അത്തരം സൗകര്യങ്ങളും സ്ഥലവും കേരളത്തിൽ എളുപ്പമാകില്ല. കേരളത്തിന്റെ സ്ഥലപരിമിതിയും മറ്റു കാര്യങ്ങളും നോക്കുന്പോൾ വൻകിട വ്യവസായങ്ങളേക്കാൾ മറ്റു മേഖലകളിലാണു കൂടുതൽ വികസന സാധ്യത. അച്ഛൻ സി.കെ. മേനോന്റെ ഓർമയ്ക്കായുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം വിപുലീകരിക്കും.
കേരളത്തിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ്.
അതിരപ്പള്ളിപോലെ അതിമനോഹരമായ എത്രയോ സ്ഥലങ്ങൾ കേരളത്തിലുണ്ട്. ടൂറിസം വിപണി ഇനിയും ശക്തിപ്പെടുത്തിയാൽ സംസ്ഥാനത്തിനു കൂടുതൽ വരുമാനവും തൊഴിലവസരങ്ങളും ഉണ്ടാകും. എന്നാൽ പച്ചപ്പിന് അപ്പുറത്ത് കേരളത്തിനു മറ്റു പലതുമുണ്ടെന്നു ലോകം മനസിലാക്കണം. ഏതൊരു രാജ്യത്തെയുംപോലെ കേരളത്തിലും നല്ല റോഡ് കണക്ടിവിറ്റി ഏറ്റവും പ്രധാനമാണ്. പുതിയ ഹൈവേകൾ, അതിവേഗ ട്രെയിനുകൾ തുടങ്ങിയ ഇനിയും ആവശ്യമാണ്.
എല്ലാവർക്കും സമയം അത്രയേറെ വിലപ്പെട്ടതാണ്. വന്ദേഭാരത് പോലുള്ള ട്രെയിൻ സർവീസുകൾക്കു സ്വീകാര്യത ലഭിച്ചതു സമയലാഭം ഉള്ളതുകൊണ്ടാണ്. റോഡുനിർമാണം മുതൽ എല്ലാക്കാര്യങ്ങളിലും ഭാവിയെ ലക്ഷ്യമാക്കിയുള്ള ദീർഘകാല പ്ലാനിംഗ് വേണം. മാലിന്യ സംസ്കരണമാണ് കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.
കേരളത്തിലെ രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടും എന്താണു പറയാനുള്ളത്.
ഏതു ജനാധിപത്യ രാജ്യത്തും മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പ്രധാനമാണ്. ജനാധിപത്യത്തിൽ സുതാര്യതയ്ക്ക് മാധ്യമങ്ങളുടെ പങ്ക് വലുതാണ്. പക്ഷേ ചില മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും തെറ്റായ രീതി അവലംബിക്കാറുണ്ട്. എല്ലാ മാധ്യമങ്ങളും അങ്ങിനെയല്ല. എപ്പോഴും നെഗറ്റീവ് വാർത്തകൾ കൊടുക്കുന്ന മാധ്യമരീതിയിൽ മാറ്റം ആവശ്യമാണ്. കേരളത്തിലെ രാഷ്ട്രീയക്കാരാരും വ്യവസായം വരരുതെന്നു പറയുന്നില്ല. പക്ഷേ അനാവശ്യ വിവാദങ്ങളും ചുവപ്പുനാടകളും മാറ്റാൻ യോജിച്ച ശ്രമങ്ങളാണു വേണ്ടത്.
ഖത്തർ അമീറിന്റെ ഇന്ത്യ സന്ദർശനം ഗുണം ചെയ്യില്ലേ.
ഇന്ത്യ-ഖത്തർ ബന്ധം വളരെ പഴയതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള എല്ലാ മേഖലകളിലും ബന്ധം കൂടുതൽ ശക്തമാകാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഡൽഹി സന്ദർശനം കാരണമാകും. പ്രകൃതിവാതകം (എൽഎൻജി) ആണ് ഖത്തറിൽനിന്ന് ഏറ്റവുമധികം ഇന്ത്യ വാങ്ങുന്ന ഉത്പന്നം. ഹൈഡ്രോകാർബൻ അടക്കം എണ്ണ, വാതക മേഖലയിലെ മറ്റ് ഉത്പന്നങ്ങളും വരുന്നുണ്ട്. ഇന്ത്യയിൽനിന്നു ഭക്ഷ്യോത്പന്നങ്ങൾ, സ്പെയർ പാർട്ടുകൾ, സാങ്കേതിക ഉത്പന്നങ്ങൾ അടക്കം ഒരുപാടു സാധനങ്ങൾ ഖത്തറിലേക്കും ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ.
ഇൻവെസ്റ്റ് ഖത്തർ എന്ന സംരംഭം വഴി ഇന്ത്യയിലേക്കു വലിയ തോതിൽ നിക്ഷേപം ആകർഷിക്കാൻ കഴിയും. ഇന്ത്യയുടെ നിർമാണ (മാനുഫാക്ചറിംഗ്) ശേഷിയും താരതമ്യേന കുറഞ്ഞ ചെലവും വലിയ നേട്ടമാക്കാനാകും. നിർമാണ ശേഷിയിൽ ചൈനയോടു കിടപിടിക്കുന്നതാണ് ഇന്ത്യ. മധ്യേഷ്യയും യൂറോപ്പുമായുള്ള അടുപ്പം ഇന്ത്യക്ക് ഉപകാരമാകും. പാരന്പര്യേതര ഊർജ മേഖലയിലും ഇന്ത്യയിൽ വൻ നിക്ഷേപത്തിനു സാധ്യതയുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളും ഇവിടെ നിക്ഷേപത്തിനു തയാറാണ്. എത്ര ഊർജമുണ്ടെങ്കിലും ഇന്ത്യക്ക് ആവശ്യമുണ്ട്. അത്രയേറെ ഉപഭോക്താക്കൾ രാജ്യത്തുണ്ട്. സാങ്കേതിക വിദ്യ അടക്കം അറിവുകളുടെ പങ്കുവയ്ക്കലിലും ഇന്ത്യക്കും അറബ് രാജ്യങ്ങൾക്കും വലിയ സാധ്യതകളുണ്ട്.
സൗദി അറേബ്യയുമായുള്ള ഭിന്നതകൾ ഖത്തറിനു ദോഷമാകുമോ.
ഖത്തറും സൗദി അറേബ്യയും തമ്മിലുണ്ടായ പ്രശ്നങ്ങൾ പക്വതയോടെ പരിഹരിക്കാൻ അവർക്കായിട്ടുണ്ട്. ഖത്തറിലുള്ളവർക്കു സുരക്ഷ അനുഭവിക്കാനാകുന്നുണ്ട്. ഖത്തർ വളരെ നിക്ഷേപ സൗഹൃദ രാജ്യമായി മാറി. ഫിഫ ലോകകപ്പ് ഫുട്ബോൾ കാലത്തു തുടങ്ങിയ കുതിപ്പ് ഇടയ്ക്ക് അൽപം കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും ശക്തമാണ്. ചെറുപ്പക്കാരായ ഇക്കാലത്തെ ഭരണാധികാരികൾക്കു പക്വതയും വിവേകവും പ്രായോഗികതയുമുണ്ടെന്നതാണു പ്രധാനം.