ലോക്സഭയിൽ കുറയുന്ന ദക്ഷിണേന്ത്യൻ പ്രാതിനിധ്യവും സംസ്കൃതം-ഹിന്ദി വ്യാപനവും
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, March 4, 2025 3:31 AM IST
മണ്ഡല പുനർനിർണയത്തിന് ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾ ഉപയോഗിക്കുന്നത് ലോക്സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ദുർബലമാക്കുമെന്നും തെക്കേ ഇന്ത്യയിൽ സംസ്കൃതം, ഹിന്ദി സംയോജനം വ്യാപിപ്പിക്കുമെന്നും ദക്ഷിണേന്ത്യയിലെ രണ്ടു മുഖ്യമന്ത്രിമാർ മുന്നറിയിപ്പു നല്കി.
തികഞ്ഞ ആർജവത്തോടെ നടത്തിയ കുടുംബാസൂത്രണ പരിപാടിയിലൂടെ 50 വർഷംകൊണ്ട് ദക്ഷിണേന്ത്യയിൽ ജനസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, വികസനത്തിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടവുമുണ്ടായി. എന്നാൽ, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി ഇതല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തത്ഫലമായി, മണ്ഡല പുനർനിർണയം പുതിയ സെൻസസ് അനുസരിച്ചാകുന്പോൾ ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ കുറവോ സ്തംഭനാവസ്ഥയോ ഉണ്ടാകാം. എന്നാൽ, വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ കിട്ടിയേക്കാം. രണ്ടായാലും നഷ്ടം തെക്കൻ സംസ്ഥാനങ്ങൾക്കാണ്. എന്തുകൊണ്ട്? അൻപതു വർഷംകൊണ്ട് കുടുംബാസൂത്രണം കാര്യക്ഷമമായി നടപ്പാക്കി ജനസംഖ്യ വിജയകരമായി നിയന്ത്രിച്ചതുകൊണ്ടോ?
ലോക്സഭാ സീറ്റ് കുറയുമോ?
മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള പഠനങ്ങൾ ഉയർത്തിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത് പുതിയ സെൻസസ് മാനദണ്ഡമാക്കിയാൽ ലോക്സഭയിൽ കർണാടകത്തിന്റെ 28 സീറ്റ് 26 ആയി കുറയുമെന്നാണ്. ആന്ധ്രയുടെ 42 സീറ്റ് 34 ആകും. കേരളത്തിന്റേത് ഇരുപതിൽനിന്നു 12 ആകും. 39 സീറ്റുള്ള തമിഴ്നാട് 31 സീറ്റിലേക്കു താഴും. ഇതിനു വിരുദ്ധമായി ഉത്തർപ്രദേശിന്റേത് 80ൽനിന്ന് 91 ആകും. ബിഹാറിന്റേത് നാൽപ്പതിൽനിന്ന് അൻപതും മധ്യപ്രദേശിന്റേത് 29ൽനിന്ന് 33ഉം ആകും. “ഇതല്ലെങ്കിൽ മറ്റെന്താണ് അനീതി?” സിദ്ധരാമയ്യ കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ ചോദിച്ചു.
മറുവശത്ത്, അതേസമയത്തുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോയന്പത്തൂരിൽ പ്രതികരിച്ചു. മണ്ഡല പുനർനിർണയം വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു സീറ്റുപോലും നഷ്ടമാകില്ലെന്ന് അദ്ദേഹം ഉറപ്പുനല്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. “ആനുപാതിക അടിസ്ഥാനത്തിൽ ചെയ്യുന്പോൾ, തമിഴ്നാടടക്കം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിനും പാർലമെന്ററി പ്രാതിനിധ്യം കുറയില്ല.” ആനുപാതിക അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലിനെക്കുറിച്ച് അദ്ദേഹം വ്യക്തത വരുത്തിയില്ലെന്നത് ശ്രദ്ധേയമാണ്. “തമിഴ്നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകനും (ഉദയനിധി) പൊതുജനശ്രദ്ധ തിരിച്ചുവിടാൻ ചില വിഷയങ്ങൾ എടുക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം (സ്റ്റാലിൻ) മണ്ഡല പുനർനിർണയപ്രക്രിയ വഴി തമിഴ്നാടിന് പാർലമെന്റ് സീറ്റ് നഷ്ടപ്പെടുമെന്നു പറയുന്നത്?” - അമിത് ഷാ ചോദിച്ചു.
അമിത് ഷായുടെ വിശദീകരണം അവ്യക്തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്നാണ് ഡിഎംകെ ഇതിനോടു പ്രതികരിച്ചത്. ആനുപാതിക കണക്കുകൂട്ടൽ എന്തടിസ്ഥാനത്തിലായിരിക്കുമെന്ന് ഡിഎംകെ ആഭ്യന്തരമന്ത്രിയോടു ചോദിച്ചു. ആനുപാതികമെന്നത് നിലവിലെ ലോക്സഭാ സീറ്റുകളുടെ എണ്ണമനുസരിച്ചാണോ അതോ നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണോ കണക്കാക്കുക എന്നു വ്യക്തമാക്കാതെ വെറുതെ ആനുപാതികാടിസ്ഥാനം എന്നു പറയുക മാത്രമാണ് അമിത് ഷാ ചെയ്തതെന്ന് ഡിഎംകെ എംപി എ. രാജ പറഞ്ഞു.
പുനർനിർണയം കാരണം ഒരു സംസ്ഥാനത്തിനും ലോക്സഭാ സീറ്റ് കുറയില്ലെന്നു പ്രധാനമന്ത്രി വ്യക്തിമാക്കിയതായി അമിത് ഷാ പിന്നീട് പറഞ്ഞു. പകരം ആനുപാതികാടിസ്ഥാനത്തിൽ തമിഴ്നാടിനും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും കൂടുതൽ സീറ്റ് കിട്ടുകയാണു ചെയ്യുക. ലോക്സഭാ സീറ്റ് കുറയുമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വാദം എന്തടിസ്ഥാനത്തിലാണെന്നു വിശദീകരിക്കണമെന്നും എം.കെ. സ്റ്റാലിന്റെ പ്രസ്താവനകളോടു പ്രതികരിക്കവേ ഷാ ആവശ്യപ്പെട്ടു. “ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അപലപനീയമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
അതെന്തായാലും, പുതിയ ക്രമീകരണത്തിന്റെ ബ്ലൂപ്രിന്റ് വരാനിരിക്കുന്നതേയുള്ളൂ. 2025 മാർച്ചിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടത്തിയ അനൗദ്യോഗിക പഠനം അനുസരിച്ച് ലോക്സഭ 790 സീറ്റിലേക്കെത്തണം. അനൗദ്യോഗികമായി പറയുന്പോൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു നഷ്ടമുണ്ടാകും. ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങൾക്കു നേട്ടവും. ഔദ്യോഗിക തീരുമാനം വന്നാലെ അന്തിമസംഖ്യ തീർച്ചപ്പെടുത്താനാകൂ. എന്തുതന്നെയായാലും, രാഷ്ട്രീയപാർട്ടി നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷമേ ഔദ്യോഗികപദ്ധതി കണക്കാക്കാനാകൂ.
ഒന്നുകിൽ 1971ലെ സെൻസസ് പുനർനിർണയത്തിനുള്ള അടിസ്ഥാനമായി തുടരണം, അല്ലെങ്കിൽ, ആകെയുള്ള ലോക്സഭാ സീറ്റുകൾ ആനുപാതികമായി വർധിപ്പിക്കണം എന്നാണ് സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞത്. “മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രസർക്കാരിന്റെ അമിതാവേശം കാണുന്പോൾ സ്വന്തം പാർട്ടിയുടെ ആധിപത്യമുറപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയാണ് യഥാർഥ ഉദ്ദേശ്യമെന്നു തോന്നും.” -അടുത്തിടെ കർണാടക മുഖ്യമന്ത്രി ആരോപിച്ചു. സ്വാഭാവികമായും മുതിർന്ന നേതാക്കൾ സ്വന്തം പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും താത്പര്യമാണ് ഒന്നാമതായി പരിഗണിക്കുക. സമവായത്തിനുവേണ്ടി എല്ലാ നേതാക്കളുടെയും സംയുക്ത യോഗം ചേരണമെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. വിശേഷിച്ചും, ഇതു ഭാവിയിലേക്കുള്ള മാതൃകയാകുന്ന സ്ഥിതിക്ക്. എന്നാലേ എല്ലാവർക്കും പറ്റിയ പരിഹാരമുണ്ടാകൂ.
സംസ്കൃതവത്കരണ അജൻഡ
ത്രിഭാഷാ ഫോർമുല സ്വീകരിച്ചിടത്തെല്ലാം ഹിന്ദി-സംസ്കൃതത്തിനായിരുന്നു മുൻഗണനയെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇത്തരമൊരു ഫോർമുല തമിഴ്നാടും സ്വീകരിച്ചാൽ അത് ബിജെപിയുടെ സംസ്കൃതവത്കരണ അജൻഡയിൽ അവസാനിക്കുമെന്നും അദ്ദേഹം ആരോപിച്ചു. മൈഥിലി, ബ്രജ്, ബുന്ദൽഖണ്ഡി, ഭോജ്പുരി, അവധി, കനൂജി, ഗഡ്വാളി, കുമയൂണി തുടങ്ങി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംസാരിച്ചിരുന്ന ഇരുപത്തഞ്ചിലേറെ ഭാഷകളെ ഹിന്ദി-സംസ്കൃതം നശിപ്പിച്ചതായും അദ്ദേഹം പറയുന്നു. നേരിട്ടുള്ള അധിനിവേശത്തെ തമിഴ് എതിർത്തതിനാൽ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഹിന്ദി-സംസ്കൃതം അടിച്ചേൽപ്പിക്കുകയാണ്. -സ്റ്റാലിൻ പറഞ്ഞു.
“ഹിന്ദിക്കോ സംസ്കൃതത്തിനോ തമിഴിന്റെ മഹത്വം നശിപ്പിക്കാനാകില്ല. ഒരു ജനതയുടെ വ്യക്തിത്വം മായ്ച്ചുകളയാൻ അവരുടെ ഭാഷയും സംസ്കാരവുമാണ് ഫാസിസ്റ്റുകൾ ലക്ഷ്യംവയ്ക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരേന്ത്യൻ ഭാഷകളാൽ ദൂഷിതമാകാതെയാണു തമിഴ് അതിജീവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണു തമിഴ് ഭാഷ അധികാരത്തിലിരിക്കുന്നവരുടെ കണ്ണിലെ കരടായതും അവരിപ്പോൾ ട്രാക്ക് മാറ്റാൻ നിർബന്ധിതരാകുന്നതും. “ഏകശിലാപരമായ ഹിന്ദി വ്യക്തിത്വത്തിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രാചീന മാതൃഭാഷകളെ കൊല്ലുന്നത്. ഉത്തർപ്രദേശും ബിഹാറും ഒരിക്കലും വെറും ‘ഹിന്ദി ഹൃദയഭൂമി’യായിരുന്നില്ല. അവരുടെ യഥാർഥ ഭാഷ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടമായി മാറി.” സ്റ്റാലിൻ പറഞ്ഞു.
കേന്ദ്രഫണ്ടിൽ വിവേചനം
ഇതിനു പുറമെ, സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള കേന്ദ്രഫണ്ട് അനുവദിക്കുന്നതിൽ നിരവധി പാകപ്പിഴകളും വിവേചനവുമുണ്ട്. പ്രളയത്തിനും പ്രകൃതിക്ഷോഭത്തിനും ആശ്വാസം നല്കുന്നതിൽപോലും - വയനാട് ദുരന്തത്തിലെന്നപോലെ - മാസങ്ങളോളം ഒരുമിച്ച് ആവശ്യമായ ഫണ്ട് നല്കാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുന്നു. ഒരുമിച്ചു പ്രവർത്തിച്ച് പക്ഷപാതരഹിതമായ പരിഹാരത്തിൽ എത്തിച്ചേരുകയാണു നമ്മുടെ മുന്നിലുള്ള ദൗത്യം. അങ്ങനെ രാഷ്ട്രത്തിന് പക്ഷപാതമില്ലാതെ, ഒരുമയോടെ പ്രവർത്തിക്കാനാകും. ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനുംവേണ്ടി പ്രവർത്തിക്കാൻ ഇന്ത്യൻ നേതാക്കളുടെ മുന്പിലുള്ള വെല്ലുവിളി അതാണ്.