മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും?
കെ. ബീന സെബാസ്റ്റ്യൻ
Tuesday, March 4, 2025 3:29 AM IST
യുവതലമുറയിൽ വർധിച്ചുവരുന്ന അക്രമവാസനയും മയക്കുമരുന്നുപയോഗവും യുവാക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മാത്രമല്ല, കുടുംബങ്ങളിലും സമൂഹങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിൽ രണ്ടുപക്ഷമില്ല. ഞെട്ടിക്കുന്ന വാർത്തകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ആരാണിതിനു ഉത്തരവാദികൾ? മാതാപിതാക്കളോ, അധ്യാപകരോ? അതോ ബോധപൂർവം കണ്ണടയ്ക്കുന്ന അധികാരികളോ?
കൗമാരക്കാരുടെ ഐഡന്റിറ്റി പ്രതിസന്ധി, സമപ്രായക്കാരുടെ സമ്മർദം, ആഢംബരജീവിതം നയിക്കാൻ ഏതു മാർഗത്തിലൂടെയും പണം സമ്പാദിക്കാനുള്ള വ്യഗ്രത, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ പ്രവണതകൾ മുതലായവ പലരെയും മയക്കുമരുന്ന് അടിമത്തത്തിലേക്കും മറ്റ് നിരവധി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്കും വഴിതിരിച്ചുവിടുന്നു; ഇതു പലപ്പോഴും അക്രമം പോലുള്ള വിനാശകരമായ പെരുമാറ്റങ്ങളിലേക്ക് അവരെ നയിക്കുന്നു എന്നിങ്ങനെ പല ന്യായീകരണങ്ങളും ഉണ്ടാകും. സാമൂഹിക-സാമ്പത്തിക അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, മാധ്യമങ്ങളുടെ സ്വാധീനം, തകർന്ന കുടുംബബന്ധങ്ങൾ, അവഗണന, ചെറുപ്പത്തിൽതന്നെ അക്രമത്തിനിരയാകൽ തുടങ്ങി നിരവധി ഘടകങ്ങളുണ്ടാകാം.
മാനസികാരോഗ്യ പ്രശ്നങ്ങളാണ് മറ്റൊരു പ്രധാന കാരണം. മാനസികാഘാതം, ഉത്കണ്ഠ, വിഷാദം, ഭയാനകമായ അനുഭവങ്ങൾക്കോ കാഴ്ചകൾക്കോ വിധേയരായവരിൽ ഉണ്ടാകുന്ന മാനസികാവസ്ഥ (പിടിഎസ്ഡി) എന്നിവയുൾപ്പെടെ ചികിത്സിക്കാത്ത മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികൾ മയക്കുമരുന്നിലേക്ക് തിരിയുന്നു.
എല്ലാറ്റിനുമുപരിയായി, മയക്കുമരുന്ന് ലഭ്യതയും കടത്തും - പ്രാദേശിക ഡീലർമാർ വഴിയോ അല്ലെങ്കിൽ അന്തർദേശീയ കടത്ത് ശൃംഖലകളിലൂടെയോ ആകട്ടെ - ആസക്തിക്കും അക്രമത്തിനും നേരിട്ട് ഇന്ധനം നൽകുന്നു എന്നത് അവഗണിക്കാൻ പറ്റാത്ത ഒരു വസ്തുതയാണ്.
വികലമായ രക്ഷാകർതൃത്വവും മാതാപിതാക്കളുടെ അശ്രദ്ധയും
അടുത്തിടെ നാം കണ്ട വിവിധ സംഭവങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, വികലമായ രക്ഷാകർതൃത്വവും മാതാപിതാക്കളുടെ അശ്രദ്ധയും കുട്ടിയുടെ വളർച്ചയെ സാരമായി ബാധിക്കുകയും അക്രമവും ലഹരിവസ്തുക്കളുടെ ദുരുപയോഗവും ഉൾപ്പെടെയുള്ള ദോഷകരമായ പാതകളിലേക്ക് അവരെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ വൈകാരികമായി പിന്തുണയ്ക്കുന്നതിൽ മാതാപിതാക്കളുടെ പരാജയം, പക്വമായ നിരീക്ഷണത്തിന്റെ അഭാവം മുതലായവ പ്രധാന പ്രശ്നമാണ്. തങ്ങളുടെ കുട്ടികളെ സജീവമായി നിരീക്ഷിക്കുകയോ അതിരുകൾ നിശ്ചയിക്കുകയോ ചെയ്യാത്ത മാതാപിതാക്കൾ അവരെ സമപ്രായക്കാരുടെ സമ്മർദത്തിനും അപകടകരമായ പെരുമാറ്റങ്ങൾക്കും ഇരകളാക്കുന്നു.
രക്ഷിതാക്കൾ കുട്ടികൾക്ക് നൽകുന്ന അമിതപ്രാധാന്യവും സ്വാതന്ത്ര്യവും അമിത സംരക്ഷണവും ലാളനയും കുട്ടികളിലുള്ള അന്ധമായ വിശ്വാസവും, എന്തിനുവേണ്ടിയോ ആർക്കുവേണ്ടിയോ ഉണ്ടാക്കിയ ബാലാവകാശങ്ങളും യുവതലമുറയെ ഒരു പരിധി വരെ നശിപ്പിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ അധ്യാപകർക്കെതിരേ ആയുധമെടുത്ത് മക്കൾക്ക് മാർഗനിർദേശമോ ശിക്ഷയോ നൽകുന്നതിൽനിന്ന് അവരെ കൈവിലങ്ങു വച്ച മാതാപിതാക്കൾ ഇപ്പോൾ കുട്ടികളുടെമേൽ നിയന്ത്രണമില്ലാതെ നിസഹായരായിരിക്കുന്നു.
നിഷേധാത്മക പെരുമാറ്റം
നല്ല മാതൃകകളുടെ അഭാവവും നിഷേധാത്മകമായ പെരുമാറ്റങ്ങളും ഇതിന് മറ്റൊരു കാരണമാകുന്നു. മാതാപിതാക്കൾ മയക്കുമരുന്ന് ഉപയോഗത്തിലോ അക്രമാസക്തമായ പെരുമാറ്റത്തിലോ ഏർപ്പെടുമ്പോൾ, കുട്ടികൾ മയക്കുമരുന്നുപയോഗമോ ആക്രമണമോ സ്വീകാര്യമോ സാധാരണമോ ആയി കണ്ടേക്കാം. കുട്ടികളുമായുള്ള ആശയവിനിമയത്തിന്റെ അഭാവം, മാധ്യമങ്ങളോടുള്ള മാതാപിതാക്കളുടെ ആസക്തി മുതലായവ സ്ഥിതി കൂടുതൽ വഷളാക്കും. ഒറ്റപ്പെടലും അവഗണനയും പലപ്പോഴും സമപ്രായക്കാരുടെ സ്വാധീനം, മാധ്യമങ്ങൾ, സുലഭമായ സുഖാസ്വാദന മാർഗങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക ഘടകങ്ങളാൽ സങ്കീർണമാകാം.
കുട്ടികളിലെ അക്രമവും മയക്കുമരുന്നിനോടുള്ള ആസക്തിയും തടയുന്നതിൽ മാതാപിതാക്കൾ നിർണായക പങ്ക് വഹിക്കുന്നു. അക്രമരഹിതവും പോസിറ്റീവുമായ പെരുമറ്റത്തിന്റെയും മാതൃക നൽകുന്നതിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണം. ഉദാഹരണത്തിന്, സംഘർഷരഹിതമായി പ്രശ്നം പരിഹരിക്കൽ, സമരസപ്പെടലുകൾ, ഉത്തരവാദിത്വമുള്ള തെരഞ്ഞെടുപ്പുകൾ എന്നിവ. കുട്ടികൾക്ക് മാതാപിതാക്കളോട് സംസാരിക്കാൻ സ്വാതന്ത്ര്യം നൽകണം. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം അവരുടെ വികാരങ്ങൾ, ഉത്കണ്ഠകൾ, സമപ്രായക്കാരുടെ സമ്മർദങ്ങൾ എന്നിവ തുറന്ന് പ്രകടിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.
മക്കളെ അനുഗമിക്കണം
മാതാപിതാക്കൾ മക്കളെ അനുഗമിക്കേണ്ടതുണ്ട്. കുട്ടി സഹവസിക്കുന്ന സുഹൃത്തുക്കളെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ ബന്ധങ്ങൾ നിരീക്ഷിക്കണം. കുട്ടി ഉപയോഗിക്കുന്ന മാധ്യമങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക. അക്രമാസക്തമായ വീഡിയോ ഗെയിമുകൾ, സിനിമകൾ, ഓൺലൈൻ ബന്ധങ്ങൾ തുടങ്ങിയവയ്ക്ക് അക്രമവാസനയിലേക്കു കുട്ടികളെ നയിക്കുന്നു. ഈ ഘടത്തിൽ ശക്തമായ വൈകാരിക പിന്തുണ വളരെ പ്രധാനമാണ്.
ഇന്ന് വളരെയധികം മാതാപിതാക്കളുടെയും ശ്രദ്ധ ഭൗതികനേട്ടങ്ങളിലാണ്. കുട്ടികളുടെ നേട്ടങ്ങളെ സ്റ്റാറ്റസ് സിംബലായി കണ്ട് അപ്രാപ്യമായ പ്രതീക്ഷകൾകൊണ്ട് അവരെ സമ്മർദത്തിലാക്കുന്നതിനു പകരം, ലഹരിവസ്തുക്കളോ മറ്റ് ഉപാധികളോ തേടാതെ നിരാശയും സമ്മർദവും കൈകാര്യം ചെയ്യുന്നതിനുള്ള വൈകാരിക ബുദ്ധിയും പ്രശ്നപരിഹാര കഴിവുകളും വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുക. ആത്മവിശ്വാസം പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് നെഗറ്റീവ് സ്വാധീനങ്ങളെ ചെറുക്കാൻ അവരെ സഹായിക്കും.
സ്പോർട്സ്, കല അല്ലെങ്കിൽ സംഗീതം പോലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക. അത് അവരുടെ ഊർജത്തിന് പോസിറ്റീവ് ഔട്ട്ലെറ്റ് നൽകുകയും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രഫഷണൽ സഹായം തേടണം
ഒരു കുട്ടി പെരുമാറ്റ പ്രശ്നങ്ങൾ, ആക്രമണം എന്നിവയുടെ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, പ്രഫഷണൽ സഹായം തേടാൻ മടിക്കരുത്. ചികിത്സയിലൂടെയോ കൗൺസലിംഗിലൂടെയോ ഉള്ള ആദ്യകാല ഇടപെടൽ, അടിസ്ഥാനപരമായ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനു മുമ്പ് അവ പരിഹരിക്കുന്നതിൽ നിർണായകമാണ്.
അങ്ങനെ അവരുടെ ജീവിതത്തിൽ പോസിറ്റീവായി ഇടപെടുന്നതിലൂടെയും അതിരുകൾ നിശ്ചയിക്കുന്നതിലൂടെയും സുരക്ഷിതവും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെയും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ അക്രമത്തിലോ മയക്കുമരുന്ന് ആസക്തിയിലോ ഏർപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.
(ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രസിൻസിപ്പലാണ് ലേഖിക)