വേണ്ട, മൂല്യനിരാസങ്ങളുടെ ശരിവത്കരണം
Tuesday, March 4, 2025 3:26 AM IST
സിജോയ് വര്‍ഗീസ്
കാണികളുടെ കൈയടിക്കായി അധ്യാപകനെയും പോലീസിനെയുമൊക്കെ തല്ലുന്ന രംഗങ്ങളും അക്രമം നടത്തുന്നവര്‍ക്ക് അമാനുഷിക വീരപരിവേഷം ചാര്‍ത്തുന്നതുമെല്ലാം മൂല്യനിരാസങ്ങളെ ശരിവത്കരിക്കുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നത്, ശരികളുടെയും സ്വീകാര്യതയുടെയും മാനദണ്ഡമാക്കുന്നുണ്ടെങ്കില്, നാം ആത്മപരിശോധന നടത്തണം.
അധ്യാപികമാരെ വിദ്യാര്‍ഥികള്‍ക്കും തിരിച്ചും പ്രേമിക്കാമെന്നു സിനിമ പറയുന്നുണ്ടെങ്കില്‍ അതു സമൂഹത്തിന്റെ മൂല്യബോധത്തിനു നിരക്കാത്തതാണെന്നു പറയേണ്ടിവരും. തെറ്റായ മാതൃകകള്‍ നല്‍കുന്നവരെ, അത്തരം വഴികളിലൂടെ പോകുന്നയാളാണു താനെന്ന് സോഷ്യല്‍ മീഡിയയിലൂടെ അഭിമാനത്തോടെയെന്നോണം വെളിപ്പെടുത്തുന്നവരെ സെലിബ്രിറ്റികളായി പരിഗണിക്കുന്ന കാലമാണിത്. ഇവരെ സ്കൂളുകളിലും കോളജുകളിലും സെലിബ്രിറ്റി ഗസ്റ്റുകളായി വിളിക്കുകകൂടി ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ആവേശമുണ്ടാക്കുകയാണ് മാനേജ്മെന്റിന്റെ ഉദ്ദേശ്യമെങ്കിലും, അതിലൂടെ അടയാളപ്പെടുത്തുന്ന തെറ്റായ സന്ദേശം അവരെ ലജ്ജിപ്പിക്കുന്നില്ലെന്നത് ആശങ്കാജനകമാണ്.
എന്റെ മക്കൾ പഠിക്കുന്ന സ്കൂളില്‍ ഇത്തരമൊരാളെ വാർഷികാഘോഷത്തിന് വിശിഷ്ടാതിഥിയായി വിളിച്ചതറിഞ്ഞു, മാനേജ്മെന്റിനോടു തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു, അവര്‍ അയാളെ മാറ്റി.
‘ഇന്‍ഫ്ളുവന്‍സ് കൗണ്ട്’ എന്ന അപകടം
സോഷ്യല്‍ മീഡിയ പറയുന്ന ‘ഇന്‍ഫ്ളുവന്‍സ് കൗണ്ട്’ ആധാരമാക്കി മൂല്യങ്ങളെ തള്ളിപ്പറയുന്നവരെയും തെറ്റിനെ ആഘോഷമാക്കുന്നവരെയും ആദരിക്കുന്ന പ്രവണത നാം തിരുത്തണം. തെറ്റ് പരസ്യമായി കാണിക്കുന്നവരെയും പറയുന്നവരെയും ഉയര്‍ത്തിക്കാട്ടിയശേഷം, അതുകണ്ട് തെറ്റിലേക്കു പോകുന്ന യുവാക്കളെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം?
എണ്‍പതുകളിലും തൊണ്ണൂറുകളിലും വിദ്യാലയങ്ങളിലെ പരിപാടികളില്‍ അതിഥികളായി വിളിക്കുന്നത് മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന മാതൃകാ വ്യക്തിത്വങ്ങളെയായിരുന്നു. ഐഎഎസുകാരും ഐപിഎസുകാരും ജഡ്ജിമാരുമെല്ലാം ഇരുന്ന കസേരകളില്‍ ഇന്നു സോഷ്യല്‍ മീഡിയയിലെ ‘ഇന്‍ഫ്ളുവന്‍സ് കൗണ്ട്’ കണക്കില്‍ മുന്നിലുള്ളവരാണ്. അക്കാദമിക് കാഴ്ചപ്പാടിലോ മൂല്യബോധത്തിന്റെ അളവു നോക്കിയോ, ഇരുകൂട്ടരെയും എങ്ങനെയാണു താരതമ്യപ്പെടുത്താനാവുക?
സിനിമ മാത്രമല്ല പ്രശ്നം
കുട്ടികളിലും യുവാക്കളിലും ലഹരിയും അക്രമവാസനകളും പടരുന്നതില്‍ സിനിമ മാത്രമാണ് കാരണമെന്നു പറയുന്നതിനോടു യോജിപ്പില്ല. സിനിമ കുട്ടികളിലും ചെറുപ്പക്കാരിലും സ്വാധീനശേഷി കൂടിയ മാധ്യമമാണ്. ശരിയല്ലാത്ത കാര്യങ്ങള്‍ മനസുകളിലേക്കു പടര്‍ത്തുന്നതില്‍ അവയ്ക്കു പ്രഹരശേഷി കൂടുതലാണ്. എന്നാൽ, സിനിമയെ മാത്രം കുറ്റം പറഞ്ഞ് പൊതുബോധ നിര്‍മിതിയില്‍ പങ്കുവഹിക്കുന്ന സമൂഹത്തിന് അങ്ങനെ മാറിനില്‍ക്കാനാകുമോ? സമൂഹത്തിന്റെ വാല്യു സിസ്റ്റം ആരാണു മാറ്റിയെഴുതിയത്! ഒന്നിനും ഒന്നു മാത്രമല്ല കാരണം; പല കാരണങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്നതാണ്.
സിനിമയിലെ സെന്‍സറിംഗ് ഉണ്ടെന്നു പറയുമ്പോഴും ഒടിടിയില്‍ വരുന്നവയുടെയും വെബ് സീരീസുകളുടെയുമെല്ലാം സ്ഥിതി എന്താണ്? സെന്‍സറിംഗിന്റെ കാര്യത്തില്‍ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇത്തരം പരിപാടികള്‍ എത്രയോ ആണ് പുതുതലമുറ കാണുന്നത്.
നല്ലതിനെ പ്രോത്സാഹിപ്പിക്കാന്‍ ആര്?
നന്മയും സ്നേഹവും മൂല്യങ്ങളും പങ്കുവയ്ക്കുന്ന എത്രയോ നല്ല സിനിമകള്‍ ഇറങ്ങുന്നുണ്ട്. മോശം സിനിമകളെ കുറ്റം പറയുന്ന എത്ര പേര് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ തയാറാകാറുണ്ട്? അധികമില്ല എന്നതാണ് ഉത്തരം. അതുകൊണ്ടുതന്നെ നല്ല സിനിമാക്കാര്‍ക്കു മാളത്തിലൊളിക്കേണ്ടിവരുന്നു.
മാതാപിതാക്കളും മക്കളും അധ്യാപകരും സമൂഹവും കൈകോര്‍ക്കുന്ന കൂട്ടുത്തരവാദിത്വമാണ് പ്രധാനം. പുതിയ കാലത്ത് കുട്ടികളെയും യുവാക്കളെയും ശരികളുടെ ദിശകളിലേക്കു കൈപിടിക്കാന്‍ ദീപിക നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്.