ബിജെപി ഫാസിസ്റ്റല്ല!
അനന്തപുരി / ദ്വിജൻ
Monday, March 3, 2025 4:08 AM IST
അവസാനം സിപിഎമ്മിന്റെ പരമോന്നത നേതാക്കൾക്ക് ഉറപ്പായി. ബിജെപി ഫാസിസ്റ്റല്ല! മധുര പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയാറാക്കിയ രാഷ്ട്രീയരേഖയ്ക്ക് പോളിറ്റ്ബ്യൂറോ കൊടുത്ത അനുബന്ധത്തിലാണ് വിപ്ലവകരമായ ഈ കണ്ടെത്തലുള്ളത്. അനുബന്ധം പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാലേ പാർട്ടിയുടെ ഔദ്യോഗികനയമാകൂ എങ്കിലും ഈ അനുബന്ധം ഒരു ബദൽരേഖയായി വരുന്നതല്ല എന്നതാണു ശ്രദ്ധിക്കേണ്ട കാര്യം. ബിജെപി ഫാസിസ്റ്റാണെന്നു കരുതാത്തവരും സിപിഎം ഇങ്ങനെ പറയുന്നതുകേട്ട് അന്പരക്കുകയാണ്. ഇന്നലെവരെ പറഞ്ഞതെല്ലാം എങ്ങനെ ഇങ്ങനെ വിഴുങ്ങാനാകുന്നു? ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികൾ പോകട്ടെ, സിപിഐക്കു ദഹിക്കുമോ ഈ മനംമാറ്റം?
എന്തിന്, എന്തുകൊണ്ട്?
എന്തിനാണ് ഈ നയംമാറ്റം? സീതാറാം യെച്ചൂരി പോയതോടെ കോണ്‍ഗ്രസ് മുന്നണിയുമായുള്ള ബന്ധംതന്നെ ഇല്ലാതാക്കാനാണ് പാർട്ടിയിലെ കിംഗ്മേക്കർമാരുടെ നീക്കം. കോണ്‍ഗ്രസുമായി സിപിഎം ബന്ധം ഉണ്ടാക്കുന്നതിനെ യെച്ചൂരിയുടെ കാലത്തുപോലും പിണറായി വിജയനിലൂടെ തടഞ്ഞിരുന്ന മോദി ഇപ്പോൾ മൊത്തമായി സിപിഎമ്മിനെ സ്വന്തമാക്കിയ മട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയെ നിലനിർത്താൻ മോദി സർക്കാർ ഏറെ കരുണ കാണിക്കുന്നതിന്റെയും, പ്രത്യുപകാരമായി പലതും ചെയ്യുന്നതിന്റെയും സുചനകൾ വായിച്ചെടുക്കാന്‍ സാധിക്കും.
ബിജെപിയുടെ രഹസ്യമായ ഒത്താശയോടെ കേരളത്തിൽ മൂന്നാംവട്ടവും ഭരണം പിടിക്കാൻ നടത്തുന്ന ഈ കളി ലക്ഷ്യംകാണുമോ എന്ന് ഉറപ്പില്ല. അങ്ങനെവന്നാൽ കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ ബിജെപിക്ക് കൂട്ടുനിന്ന ഡൽഹിയിലെ ആപ്പ് പോലെയാവില്ലേ സിപിഎം? എന്തെല്ലാം കുറവുണ്ടെങ്കിലും കോണ്‍ഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധചേരി ഒന്നുമാവില്ല. അതിന് ശ്രമിക്കുന്നവർ ഫലത്തിൽ ബിജെപിയെ സഹായിക്കുകയാണ്.
ഈ നിലപാടുമാറ്റം കേരളത്തിലെ ഇടതുമുന്നണിയിൽ പ്രശ്നം ഉണ്ടാക്കുമോ? സിപിഐ എന്തു നിലപാട് എടുക്കും എന്നതാണ് വിഷയം. ബിജെപിക്കെതിരേ പോരാടുന്നവരെന്ന് അവകാശപ്പെട്ട് സിപിഎം കൂടെനിർത്തിയിരിക്കുന്ന മുസ്ലിമുകൾക്ക് എല്ലാം മനസിലാകും. മലബാറിലെ സീറ്റുകളെല്ലാം ലീഗ് പിടിക്കും.
മലബാറിലെ സീറ്റെല്ലാം ലീഗ് പിടിച്ചാലും ലീഗില്ലാത്ത മധ്യകേരളത്തിലും തെക്കൻകേരളത്തിലും ആ സമൂഹം ഉടക്കിയാൽ ഇടതുമുന്നണി ശ്വാസംമുട്ടും. അതുകൊണ്ടാണു ‘വഴീംമാറി, ആട്ടുംകൊണ്ടു, അടീംവാങ്ങി’ എന്ന സ്ഥിതിയിലേക്കല്ലോ കാര്യങ്ങൾ നീങ്ങുന്നതെന്ന് സംശയിക്കേണ്ടത്.
പിണറായിതന്നെ നയിക്കും
ഒരു പതിറ്റാണ്ടായി കേരളത്തിൽ അധികാരത്തിനു പുറത്തുനിൽക്കുന്ന കോണ്‍ഗ്രസിനെയും ജനാധിപത്യമുന്നണിയെയും സംബന്ധിച്ച് ജീവൻ-മരണ പോരാട്ടമാണ് 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. മൂന്നാംവട്ടവും ഇടതുമുന്നണി കേരളത്തിൽ അധികാരം പിടിക്കുന്നത് കോണ്‍ഗ്രസിനും ജനാധിപത്യമുന്നണിക്കും മാത്രമല്ല ഇടതുമുന്നണിക്കും സിപിഎമ്മിനും കേരളത്തിനും വിനാശകരമാവും.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണിയുടെ നായകൻ ആരായാലും സിപിഎം പിണറായി വിജയന്റെ തന്നെ നേതൃത്വത്തിൽ മൂന്നാം ഊഴത്തിനു ശ്രമിക്കുമെന്നാണ് ഇപ്പോഴത്തെ ശക്തമായ സൂചന. പ്രായപരിധി സംബന്ധിച്ച പാർട്ടി നിബന്ധനയിൽനിന്നു കണ്ണൂരിൽ നടന്ന പാർട്ടി കോണ്‍ഗ്രസ് പിണറായിയെ ഒഴിവാക്കിയത് ആജീവനാന്തകാലത്തേക്കാണെന്നാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വ്യാഖ്യാനം.
പ്രായപരിധി സംബന്ധിച്ച നിയമത്തിനു മാത്രമല്ല തുടർച്ചയായി രണ്ടുവട്ടത്തിൽ കൂടുതൽ ഒരു പാർട്ടി പ്രവർത്തകൻ മത്സരിക്കരുതെന്ന നിയമത്തിൽനിന്നും പാർട്ടി അദ്ദേഹത്തിന് ഒഴിവു നൽകണം. അതും ഉണ്ടാകാനാണു സാധ്യത. മധുര കോണ്‍ഗ്രസിൽ പിണറായി പറയുന്നതുതന്നെ ആവും നടക്കുക. പക്ഷേ, അട്ടിമറി ഉണ്ടായിക്കൂടെന്നുമില്ല. ഈ നിബന്ധനകളെല്ലാം കൊണ്ടുവന്നത് മുതിർന്ന നേതാക്കളായ ജി. സുധാകരൻ, തോമസ് ഐസക്, ഇ.പി. ജയരാജൻ, എം. ഗുരുദാസൻ, എം.എ. ബേബി, രാജു ഏബ്രഹാം, എ.കെ ബാലൻ, പി.കെ. ശ്രീമതി തുടങ്ങിയവരെ പരണത്തിരുത്തി കേരളത്തിൽ പിണറായിയുടെ സ്വേഛാധിപത്യം നടപ്പാക്കുന്നതിനായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.
പിണറായിയുടെ കാലത്ത് റിട്ടയർചെയ്ത ഒരു ചീഫ് സെക്രട്ടറിയും വെറുതെ വീട്ടിൽ ഇരിക്കുന്നില്ല. എല്ലാ മുൻ ചീഫുമാർക്കും പുതിയ ലാവണം ഉണ്ട്. ലക്ഷങ്ങളാണ് പ്രതിഫലം. ലക്ഷക്കണക്കിന് തൊഴിലില്ലാത്തവരുള്ള കേരളത്തിൽ 65 കഴിഞ്ഞവരാണ് ഈ പണം വാങ്ങുന്നതെന്ന് ഓർക്കണം. ഇതെല്ലാം തുറന്നുപറയാൻ ഭയമുള്ളവർ സിപിഎമ്മിൽ നിരവധിയുണ്ട്. അവർ എല്ലാം ഹൃദയത്തിൽ കോറിയിടുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ സിപിഎമ്മിനെയും കാത്തിരിക്കുന്നത് ബംഗാളിലെയും ത്രിപുരയിലെയും ദുരന്തമായിരിക്കും എന്ന് നിരീക്ഷകർ കരുതുന്നത്.
ബിജെപിക്ക് നേട്ടം
സിപിഎമ്മും അവരുടെ തൊഴിലാളിസംഘടനകളും തൊഴിലാളികളുടെ ഹൃദയങ്ങളിൽനിന്ന് കുടിയിറങ്ങുന്നത് മുതലാക്കാൻ പോകുന്നത് ബിജെപി ആകും. അതിനുള്ള ചാലു കീറിത്തുടങ്ങി. ബിജെപി സർക്കാർ ഫാസിസ്റ്റല്ല എന്നു മധുര പാർട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കാൻ പോവുകയാണ്. ഈ മൃദുസമീപനം പല ഇടപാടുകളിലും പ്രകടമാണ്.
ലാവ്ലിൻ കേസുപോലെ മാസപ്പടിക്കേസിലും സ്വർണം കള്ളക്കടത്തു നടത്തിയ കേസിലും എല്ലാം കേന്ദ്ര എജൻസികൾ കാണിക്കുന്ന ‘തീക്ഷണ്ത’ തന്നെ കൃത്യമായ സൂചനയാണ്. സ്വർണം കള്ളക്കടത്തു നടത്തുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചു പ്രസംഗിച്ച പ്രധാനമന്ത്രിയാണു നാടു ഭരിക്കുന്നത് എന്നോർക്കണം. ആ മുഖ്യമന്ത്രി ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഭരിക്കുന്നു. തൃശൂരിൽ വോട്ടു കിട്ടുന്നതിനുവേണ്ടിയായിരുന്നോ മോദി അന്ന് അങ്ങനെ പറഞ്ഞത്. തൃശൂരിൽ ജയിച്ചതോടെ അതെല്ലാം മറന്നു. പക്ഷേ, ജനം എല്ലാം അപ്പാടെ മറക്കില്ല.
കേന്ദ്രം ഒരു സഹായവും ചെയ്യുന്നില്ലെന്ന് മുറവിളി കൂട്ടുന്പോഴും കേന്ദ്രത്തെ സഹായിക്കുന്ന നിലപാടുകൾ എടുക്കുന്നതായി തോന്നുന്നു. കടൽമണൽ ഖനനം തന്നെ ഏറ്റവും പുതിയ ഉദാഹരണം. ഇതുവരെ സിപിഎം ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ മൃദുസമീപനം വ്യക്തം. കടൽഖനനത്തിന് അനുകൂലമായി നടന്ന റോഡ് ഷോയ്ക്ക് സംസ്ഥാനസർക്കാർ സ്ഥാപനങ്ങളും സഹകരിച്ചതായാണ് വാർത്ത.
കടൽമണൽ ഖനനം
കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്ന കടൽമണൽ ഖനനകാര്യത്തിൽ പിണറായി സർക്കാർ പുലർത്തുന്ന നിസംഗത ഇടതുമുന്നണിക്കാരെപ്പോലും സംശയിപ്പിക്കുന്നുണ്ടാകണം. കടലോര മേഖലയെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാകാത്ത തിരുമാനമാണതെന്ന് ഇടതു-വലതു മുന്നണികളിലെ പ്രമുഖർ വ്യക്തമാക്കിക്കഴിഞ്ഞു.
ഇടതുമുന്നണിയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ. മാണി ഇതിനെതിരേ കളത്തിലിറങ്ങി. സിപിഐയും കടൽമണൽ ഖനനത്തെ പരസ്യമായി എതിർത്തു. പ്രതിപക്ഷം ഒന്നടങ്കം ഖനനത്തിനെതിരേ രംഗത്തുണ്ട്. ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ നടന്നു. ക്രൈസ്തവസഭാ നേതൃത്വവും കടൽമണൽ ഖനനത്തിനെതിരേ രംഗത്തുവന്നു. എങ്കിലും ആത്മാർഥമായ എതിർപ്പ് സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
മത്സ്യത്തൊഴിളികളുടെ ജീവിതമാർഗമായ മത്സ്യബന്ധനവും സമുദ്രവിഭവ ശേഖരണവും അവതാളത്തിലാക്കുന്ന കേന്ദ്രസർക്കാർ നീക്കം ഗുരുതരമായ മനുഷ്യാവകാശലംഘനവും ഭരണകൂട അനീതിയും ആണെന്ന് ഇടതുമുന്നണി നേതാവ് ജോസ് കെ. മാണി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വളരെ സൂക്ഷിച്ചുമാത്രം അഭിപ്രായംപറയുകയും പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നേതാവാണു താനെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചുകഴിഞ്ഞു. ജോസ് ഇപ്പോൾ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി ഉറച്ച ശബ്ദത്തിൽ സംസാരിക്കുന്നത് നല്ല സൂചനയാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എംഎൽഎമാർ ന്യുഡൽഹിയിൽ ധർണ നടത്താൻ തീരുമാനിച്ചതും പുതിയ തുടക്കമാണ്. പാർട്ടിക്ക് പുത്തൻ കർമലക്ഷ്യങ്ങൾ പകരാൻ ജോസിനാകുന്നു. മാണി സാറിന്റെ അതേ പാത.
കേരളതീരത്തു കടൽഖനനവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആരോപിച്ചു. ആദ്യഘട്ടം ഖനനത്തിന് കൊല്ലം തീരം തെരഞ്ഞെടുത്തതിനു പിന്നിൽ കരിമണലാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നേതൃദാരിദ്ര്യം ആർക്ക്?
പിണറായി ചിന്തിക്കുന്നതിനെതിരേ ആരും ഒന്നും പറയില്ല എന്നതുകൊണ്ട് മധുര പാർട്ടി കോണ്‍ഗ്രസ് ഒരു പിണറായി കോണ്‍ഗ്രസാവും എന്നു കരുതാനാണ് കൂടുതൽ ന്യായം. പിണറായിക്കു പകരം ഒരു നേതാവില്ലാത്ത സിപിഎം, മുഖ്യമന്ത്രി സ്ഥാനത്തിന് ഒന്നിലധികംപേർ കടിപിടി കൂടുന്ന കോണ്‍ഗ്രസിൽ നേതൃദാരിദ്ര്യം ഉണ്ടെന്നു പറയുന്നത് വല്ലാത്ത വിരോധാഭാസമല്ലേ? എന്നാലും ഗോവിന്ദൻ സഖാവ് പറയും. അതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. കോണ്‍ഗ്രസിലെ വഴക്ക് തീരുന്ന മട്ടുണ്ട്. കാരണം തെരഞ്ഞടുപ്പു ജയിച്ചാലല്ലേ മുഖ്യമന്ത്രിയോ ഒക്കെ ആകാനാവൂ?