അസാധ്യങ്ങളോടു പൊരുത്തപ്പെടാനറിയാത്ത ആധുനിക കൗമാരം
ഡോ. അരുണ് ബി. നായർ
Monday, March 3, 2025 4:03 AM IST
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മനുഷ്യ സ്വഭാവത്തിൽ കാതലായ ചില മാറ്റങ്ങൾ വന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാമൂഹിക മാധ്യമങ്ങളുടെ വരവോടെ മനുഷ്യർക്കുണ്ടായ സാമൂഹിക വിച്ഛേദനം.
ഇതര മനുഷ്യരുമായുള്ള ഇടപെടലുകളിലൂടെയും സൗഹൃദങ്ങളിലൂടെയും മാത്രം സന്തോഷം നുണഞ്ഞിരുന്ന മനുഷ്യർ ഇന്ന് ഒരു ഡിജിറ്റൽ ഉപകരണവുമായി സ്വന്തം മുറിക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന അവസ്ഥ വന്നു ചേർന്നിരിക്കുന്നു. വെർച്വലി കണക്ടഡ് ആണെങ്കിലും സാമൂഹികമായി അവർ ഒറ്റപ്പെട്ടു കഴിയുന്നു. ഇതിലൂടെ മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസിലാക്കി പെരുമാറാനുള്ള സഹാനൂഭൂതി (എംപതി) യുവതലമുറയിൽ കുറഞ്ഞുവരുന്നു. ഒപ്പം എടുത്തുചാട്ടവും അക്ഷമയും മനുഷ്യരിൽ വർധിക്കുന്നു.
മുപ്പത് കൊല്ലത്തിനു മുൻപ് മനസിൽ ഒരാഗ്രഹം ഉണ്ടായാൽ അത് സഫലമാകാൻ കുറച്ച് സമയം എടുത്തിരുന്നു. സിനിമ കാണണമെങ്കിലോ നല്ല ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കണമെങ്കിലോ കാത്തിരിക്കേണ്ടതായ അവസ്ഥയുണ്ടായിരുന്നു. ആഗ്രഹം തോന്നുകയും അത് നടപ്പിലാവുകയും ചെയ്യുന്നതിനിടയിൽ ഒരിടവേള ലഭിക്കുന്നതുകൊണ്ടുതന്നെ ആ ആഗ്രഹം ചിലപ്പോൾ സഫലമാകാതിരിക്കാം എന്നൊരു സാധ്യതയുമായിക്കൂടി പൊരുത്തപ്പെടാൻ തലച്ചോറിന് സമയം കിട്ടുമായിരുന്നു. എന്നാൽ ആധുനിക കാലത്ത് സ്ഥിതി ഇതല്ല. ഒരു ക്ലിക്കിലൂടെ മാത്രം ഈ ആഗ്രഹങ്ങളെല്ലാം സാധ്യമാകും.
ക്ഷിപ്രനേരംകൊണ്ട് മനസിലെ ആഗ്രഹങ്ങൾ സാധ്യമാകുന്നത് ഒരു സാധാരണ കാര്യമായി മാറി. അതിനാൽ മനസിൽ തോന്നുന്ന ആഗ്രഹങ്ങൾ സഫലമാകാതെയും വരാം എന്ന സാധ്യതയുമായി പൊരുത്തപ്പെടാൻ തലച്ചോറിന് വേണ്ടത്ര സമയം ലഭിക്കുന്നില്ല. മസ്തിഷ്കത്തിന്റെ ഈ പരിമിതിയാണ് ആഗ്രഹങ്ങൾ സഫലമാകാതെ വരുന്പോൾ എടുത്തുചാടിയുള്ള പ്രതികരണങ്ങൾ നടത്താൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. പ്രണയം നിരസിക്കപ്പെടുന്പോൾ കാമുകിയെ കുത്തിക്കൊലപ്പെടുത്താനും ആസിഡ് ഒഴിക്കാനും തോന്നുന്നത് ഇതുമൂലമാണ്.
മൊബൈൽ കൊടുക്കാതെ വരുന്പോൾ മാതാപിതാക്കളെയോ അധ്യാപകരെയോ ആക്രമിക്കാനും ലഹരിക്ക് പണം കൊടുക്കാത്ത അമ്മയെ തലയ്ക്കടിച്ച് കൊല്ലാനും യുവാക്കളെ പ്രേരിപ്പിക്കുന്നതും ഈ എടുത്തുചാട്ടമാണ്. ഇത്തരത്തിൽ എടുത്തുചാടുന്ന സ്വഭാവമുള്ളവർ ലഹരിവസ്തുക്കൾകൂടി ഉപയോഗിക്കുന്നതോടെ അവരുടെ ആത്മനിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്നു.
എന്താണ് ലഹരി വസ്തു എന്നറിയാനുള്ള കൗതുകം, സമപ്രായക്കാരുടെ സമ്മർദത്തിന് വഴങ്ങി ഒരു സംഘത്തിന്റെ ഭാഗമാകാൻ വേണ്ടി ലഹരി ഉപയോഗിക്കുന്ന ശീലം, ജീവിതത്തിൽ എന്തെങ്കിലും മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്പോൾ അത് പരിഹരിക്കാൻ ലഹരി ഉപയോഗിച്ചാൽ മതിയെന്ന മുതിർന്ന കുട്ടികളുടെ ഉപദേശം തുടങ്ങിയവയാണ് കുട്ടികളെ ലഹരിയിലേക്ക് അടുപ്പിക്കുന്നത്. മറ്റൊരു കാര്യത്തിലും സന്തോഷം കണ്ടെത്താനാകാതെ വരുന്പോൾ ഇവർ ലഹരിയിൽ മാത്രമായി ഒതുങ്ങിക്കൂടും.
അവരുടെ മനസിൽ തോന്നുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനോ മറ്റുള്ളവരുടെ അഭിപ്രായം തേടാനോ ഉള്ള സാഹചര്യംകൂടി ഇല്ലാതെ വരുന്നതോടെ പലപ്പോഴും അന്ധവിശ്വാസങ്ങളിൽ പെട്ടുപോകാനും സമൂഹത്തിന് അംഗീകരിക്കാനാകാത്ത തരത്തിലുള്ള അക്രമഭാവത്തിലേക്ക് ഇവർ എത്തിച്ചേരാനും സാധ്യതയുണ്ട്.
മൂന്നു മുതൽ 12 വയസുവരെയുള്ള കുട്ടികളെയാണ് ദൃശ്യമാധ്യമങ്ങൾ കൂടുതൽ സ്വാധീനിക്കുന്നത്. മൂന്നു വയസിനു ശേഷമാണ് ദൃശ്യ സ്മൃതി എന്ന കഴിവ് വികസിക്കുന്നത്. കാണുന്ന കാഴ്ചകൾ തലച്ചോറിൽ ശേഖരിച്ചുവച്ച് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനുള്ള കഴിവാണ് അത്. 12 വയസിനു ശേഷം ഗുണദോഷ യുക്തി വിചാരം അഥവാ ക്രിട്ടിക്കൽ തിങ്കിംഗ് എന്നൊരു കഴിവ് വികസിക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയാണിത്. മൂന്നിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾ അക്രമ സ്വഭാവമുള്ള രംഗങ്ങളോ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള രംഗങ്ങളോ കാണാനിടയായാൽ അവർ അത് പരീക്ഷിച്ചു നോക്കാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ ലഹരി ഉപയോഗം പൗരുഷത്തിന്റെ ലക്ഷണമായും ആഘോഷത്തിന്റെ ഭാഗമായും കാണിക്കുന്ന സിനിമകൾ സമൂഹത്തിൽ വലിയ നാശമാണ് വിതയ്ക്കുന്നത്. യുവതലമുറയെ പൂർണമായും ലഹരിക്ക് അടിപ്പെട്ട് അക്രമസ്വഭാവമുള്ളവരാക്കി മാറ്റുന്നതിലേക്കാണ് ഇത്തരം ദൃശ്യമാധ്യമങ്ങൾ കുട്ടികളെ കൊണ്ടുചെന്നെത്തിക്കുന്നത്.
കുടുംബങ്ങളിൽനിന്നു തുടങ്ങണം
കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾ കുട്ടികളെ ലഹരി ഉപയോഗത്തിലേക്കു തള്ളിവിടുന്നതായി കണ്ടുവരുന്നുണ്ട്. പലപ്പോഴും കുട്ടികൾ കൗമാരപ്രായത്തിൽ എത്തിയാൽ അവർക്ക് വിദ്യാഭ്യാസപരവും സാന്പത്തികവുമായ ആവശ്യങ്ങൾ മാത്രമേയുള്ളൂ എന്ന് മാതാപിതാക്കൾ കരുതുന്നു.
അവരുടെ വൈകാരികമായ ആവശ്യങ്ങൾ തിരിച്ചറിയാനും അവിടെ ഫലപ്രദമായ ഇടപെടലുകൾ നടത്താനും മാതാപിതാക്കൾ തയാറാകുന്നില്ല. കുട്ടികൾ ശാഠ്യം പിടിക്കുകയോ വിലപിടിപ്പുള്ള വസ്തുക്കൾ ആവശ്യപ്പെടുകയോ ലൈംഗിക സ്വഭാവമുള്ള സംശയങ്ങൾ ചോദിക്കുകയോ ചെയ്യുന്പോൾ ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കാൻ മാതാപിതാക്കൾ ഈ ഘട്ടത്തിൽ കുട്ടികളിൽനിന്ന് അകന്നുനിൽക്കുന്നത് ശരിയല്ല. വീട്ടിൽനിന്ന് വേണ്ടത്ര സ്നേഹവും പരിഗണനയും കിട്ടിയില്ലെങ്കിൽ വീടിനു പുറത്ത് അതു തേടിപ്പോകുന്ന അവസ്ഥയുണ്ടാകും. അത് പലപ്പോഴും അനാരോഗ്യകരമായ സൈബർ ബന്ധങ്ങൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കും. ചൂഷകർ ലഹരി നൽകിയും അല്ലാതെയും അവരെ സ്വാധീനിച്ച് കെണിയിൽപെടുത്തും. അതുകൊണ്ടുതന്നെ മാതാപിതാക്കൾ തമ്മിലും കുടുംബത്തിൽ പൊതുവിലും ആരോഗ്യകരമായ ഒരു ബന്ധം നിലനിൽക്കേണ്ടത് അനിവാര്യമാണ്.
അതോടൊപ്പം കുട്ടികൾക്ക് എന്തു വിഷയവും തുറന്നു ചർച്ച ചെയ്യാൻ പറ്റുന്ന ഒരിടമായി കുടുംബങ്ങൾ മാറണം. കുട്ടികളുടെ മേൽ തങ്ങളുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം അവരുടെ അഭിരുചിയും താത്പര്യവും മനസിലാക്കി അവരെ സ്വതന്ത്രരും ഉത്തരവാദിത്വബോധമുള്ളവരും ആക്കാൻ വേണ്ടിയുള്ള ആധികാരിക രക്ഷാകർതൃത്വം അഥവാ അഥോറിറ്റേറ്റീവ് പേരന്റിംഗ് ആണ് ആധുനിക കാലം ആവശ്യപ്പെടുന്നത്.
കുട്ടികളോടൊപ്പം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാൻവേണ്ടി ഈ സമയം മാറ്റിവയ്ക്കണം. കുട്ടികളെ ശാസിക്കാനോ ഉപദേശിക്കാനോ അല്ല ആ സമയം ഉപയോഗിക്കേണ്ടത്. കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മുൻവിധികളില്ലാതെ കേൾക്കാൻ മാതാപിതാക്കൾ തയാറാവുക. ഇതിലൂടെ കുട്ടികളുടെ ജീവിതത്തിൽ അനാരോഗ്യകരമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ ആരംഭഘട്ടത്തിൽതന്നെ അത് തിരിച്ചറിയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും കഴിയും.
വിദ്യാലയങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി ജീവിതനിപുണത വിദ്യാഭ്യാസരീതി വരേണ്ടതുണ്ട്. നമ്മുടെ നാട്ടിലും യൂണിസെഫ് മാർഗനിർദേശം അനുസരിച്ചുള്ള ജീവിതനിപുണതാ വിദ്യാഭ്യാസ മൊഡ്യൂൾ തയാറായിട്ടുണ്ട്. ഉല്ലാസപ്പറവകൾ എന്ന ജീവിതനിപുണതാ വിദ്യാഭ്യാസ മൊഡ്യൂളിൽ ഒന്നു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓരോ വർഷവും 20 മണിക്കൂർ വീതം പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ ജീവിത നിപുണത വിദ്യാഭ്യാസം നൽകാനുള്ള മൊഡ്യൂൾ ഉണ്ട്. ഇത് ഫലപ്രദമായി നടത്തപ്പെടേണ്ടതുണ്ട്.
അതുപോലെ മാനസികാരോഗ്യ സാക്ഷരത, സൈബർ സാക്ഷരത, നിയമസാക്ഷരത, എന്നീ മൂന്നു വിഷയങ്ങളിൽ സമൂഹത്തിൽ മൊത്തമായും വിപുലമായ ബോധവത്കണം ഉണ്ടാകണം. മാനസിക പ്രശ്നങ്ങൾ മറ്റേതൊരു വിഷയവുംപോലെ ചികിത്സിച്ചു മാറ്റാവുന്നതാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം.
(തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൈക്യാട്രി പ്രഫസറാണ് ലേഖകൻ)