തന്ത വൈബല്ല, പിള്ള വൈബ്
റെനീഷ് മാത്യു
Monday, March 3, 2025 3:57 AM IST
മകളെ കഷ്ടപ്പെട്ട് വളർത്തി നല്ല നിലയിലാക്കണമെന്നായിരുന്നു ആ സ്ത്രീയുടെ ആഗ്രഹം. അതിനായി രാപകലില്ലാതെ അധ്വാനിച്ചു. അച്ഛനില്ലാത്ത വിഷമം കുട്ടിയെ അറിയിച്ചില്ല. തിരുവനന്തപുരത്തെ നല്ല സ്കൂളിൽതന്നെ വിദ്യാഭ്യാസം നല്കി. പത്താം ക്ലാസും നല്ല നിലയിൽ പാസായി. നല്ല സൗന്ദര്യവതിയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ, രണ്ട് ആൽബങ്ങളിൽ അഭിനയിച്ചതോടെ പ്രശസ്തയായി. അവിടെനിന്നു പ്രധാന നടിയായി പ്രമുഖ സീരിയലിലേക്ക്.
മലയാളത്തിലെ പ്രമുഖ ടെലിവിഷനിലെ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്പോഴാണ് കാമറമാനുമായി കന്പനിയാകുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കാമറമാനെ ഇതിനു മുൻപ് മൂന്ന് സ്ത്രീകൾ ഉപേക്ഷിച്ചു കളഞ്ഞതാണ്. അയാളുടെ നാലാമത്തെ ഇരയായി ഈ പെൺകുട്ടി.
മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയതോടെ സീരിയൽ സൈറ്റിൽനിന്നും പെൺകുട്ടിയും കാമറമാനും പുറത്താകുന്നു. തിരുവനന്തപുരം നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് ഇപ്പോൾ ഇവരുടെ താമസം. നാളെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയ്ക്ക് തന്റെ മകൾ ഹാൾ ടിക്കറ്റ് വാങ്ങാൻപോലും എത്തുന്നില്ലെന്ന് അമ്മ പറയുന്നു. തിരുവനന്തപുരത്തെ കമ്മീഷണർ ഓഫീസുകൾ ദിനംപ്രതി കയറിയിറങ്ങുകയാണ് ഈ അമ്മ. എങ്ങനെയെങ്കിലും തന്റെ മകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്.
എംഡിഎംഎ കടത്താനായി 14കാരിയുമായി ഗുണ്ട
സ്കൂളിൽ പോയ തന്റെ മകളായ 14കാരിയെ കാണാനില്ലെന്നു പറഞ്ഞാണ് തിരുവനന്തപുരത്തെ ഒരു പോലീസ് സ്റ്റേഷനിൽ സ്ത്രീ എത്തുന്നത്. ഇതിനിടയിൽ, താൻ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോകുന്നുവെന്ന് അമ്മയെ മകൾ ഫോൺ ചെയ്തറിയിച്ചിരുന്നു. പോലീസ് ഫോൺ നന്പർ പരിശോധിച്ചപ്പോൾ ഞെട്ടി. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട തിരുവനന്തപുരത്തെ ഒരാളുടെ നന്പർ. ലൊക്കേഷൻ ബംഗളൂരു.
പോലീസ് ഉടൻ പെൺകുട്ടിയെ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ കാമുകനാണ് ഗുണ്ടയെന്ന് പോലീസ് തിരിച്ചറിഞ്ഞു. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താനാണ് ഗുണ്ട പെൺകുട്ടിയെ കൊണ്ടുപോയത്. എന്നാൽ, പ്രേമിച്ച് ഒളിച്ചോടിയതാണെന്നാണ് പെൺകുട്ടിയുടെ വിചാരം. തലസ്ഥാനനഗരയിലെത്തിച്ച ഗുണ്ടയെ പോലീസ് കീഴടക്കിയത് മൂന്നുതവണ ശ്രമിച്ചിട്ടാണ്. കാരണം, പോലീസിനേക്കാളും കൂടുതൽ ആയുധങ്ങൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു.
ലഹരിവിരുദ്ധ ക്ലബ്ബുകൾ 5585 സ്കൂളുകളിൽ മാത്രം
സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിക്കണമെന്ന തീരുമാനവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.12,600ൽപരം സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, 5585 സ്കൂളുകളിൽ മാത്രമാണ് എക്സൈസ് ലഹരിവിരുദ്ധ ക്ലബുകൾ രൂപീകരിച്ചിട്ടുള്ളതെന്ന് വിവരാവകാശ രേഖ പറയുന്നു. എറണാകുളത്താണ് ഏറ്റവും കൂടുതൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ. 650 ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2021 മുതൽ 2024 വരെ 59,605 ലഹരിവിരുദ്ധ ക്ലാസുകൾ സ്കൂളുകളിൽ എക്സൈസ് വകുപ്പ് നടത്തിയിട്ടുണ്ട്. കേരളത്തിന്റെ 14 ജില്ലകളിലും എക്സൈസിന്റെ ഡി അഡിക്ഷൻ സെന്ററുകളുണ്ട്.
നാർക്കോട്ടിക് സെൽ നിശ്ചലം
കേരളത്തിൽ മയക്കുമരുന്നും ലഹരിവ്യാപനവും തടയുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും നാർക്കോട്ടിക് സെൽ രൂപീകരിച്ചത്. ഡിവൈഎസ്പിമാർക്കാണ് ഇതിന്റെ ചുമതല. ഇതിന്റെ കീഴിലാണ് ഡാൻസാഫ് പ്രവർത്തിക്കുന്നത്. എന്നാൽ, ഡാൻസാഫിലെ പോലീസുകാർക്ക് പല തൊഴിലുമാണ് ലഭിക്കുന്നത്. ജനമൈത്രി പോലീസ് തൊട്ട് കുറ്റാന്വേഷണം വരെ ഇവർക്ക് കൊടുക്കുന്നു.
സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം വ്യാപകമായിരുന്ന കാലഘട്ടത്തിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥർക്ക് ന്യൂജൻ ലഹരിമരുന്നുകൾ തിരിച്ചറിയാൻപോലും സാധിക്കുന്നില്ല. കൂടാതെ, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ന്യൂജൻ മാധ്യമങ്ങളിലൂടെയാണ് ലഹരിക്കച്ചവടം കേരളത്തിൽ പൊടിപൊടിക്കുന്നത്. അതിനാൽ, നാർക്കോട്ടിക് സെല്ലിനോടു ചേർന്ന് സൈബർ സെല്ലും രൂപീകരിച്ചു പ്രവർത്തിച്ചാൽ മാത്രമേ ലഹരി മാഫിയയ്ക്ക് കടിഞ്ഞാണിടാൻ പറ്റുകയുള്ളൂ.
ക്വട്ടേഷൻ, സ്വർണം പൊട്ടിക്കൽ; ഇപ്പോൾ മയക്കുമരുന്ന്
ഒരു കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ വിളനിലമായിരുന്നു കണ്ണൂർ ഉൾപ്പെടെയുള്ള മലബാറിലെ ജില്ലകൾ. രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ എത്തി കൊലപാതകങ്ങൾ നടത്തി മടങ്ങും. രാഷ്ട്രീയ പാർട്ടികൾ കൈമാറുന്ന പ്രതിപ്പട്ടികയിലാകട്ടെ നിരപരാധികളും. അതിനാൽ, കോടതിയിൽ കേസെത്തുന്പോൾ തള്ളിപ്പോകുന്നത് സ്വാഭാവികം.
എന്നാൽ, രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ ജനവികാരം ഉയർന്നപ്പോൾ നേതാക്കളും ക്വട്ടേഷൻകാരെ കൈവിട്ടു. പിന്നെ, രാഷ്ട്രീയക്കാരുടെ മറയിൽ മലബാറിലേക്ക് സ്വർണം കടത്തുന്ന സംഘങ്ങളിൽനിന്നും സ്വർണം തട്ടിയെടുക്കുന്ന ജോലിയിലേക്കായി ക്വട്ടേഷൻ സംഘങ്ങൾ. രാഷ്ട്രീയക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മൗനസമ്മതത്തോടെ സ്വർണം പൊട്ടിക്കൽ നടന്നുകൊണ്ടിരിക്കുന്പോഴാണ് ചില സംഭവങ്ങൾ വിവാദമാകുന്നത്. ഇതോടെ, സ്വർണം പൊട്ടിക്കൽ സംഘത്തെ രാഷ്ട്രീയക്കാരും കൈവിട്ടു.
പോലീസും ശക്തമായി രംഗത്തെത്തിയതോടെ സ്വർണം പൊട്ടിക്കൽ സംഘങ്ങൾ മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞതായി സമീപകാലത്തെ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബംഗളൂരുവിൽനിന്നു കേരളത്തിലേക്ക് എത്തുന്ന സിന്തറ്റിക് ഡ്രഗ്സിന്റെ പ്രധാന കടത്തും ഈ സംഘങ്ങളാണ്. പ്രധാന പാർട്ടിയുടെ യുവനേതാക്കൾ ഈ കച്ചവടത്തിൽ പങ്കാളികളാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
പരൽമീൻ പ്രതികൾ മതി
പല ലഹരിക്കേസുകളും അന്വേഷിച്ചെത്തുന്പോൾ വൻ സ്രാവുകളിലേക്കാണ് എത്തുന്നതെന്നും അതിനാൽ അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കുന്നുവെന്നും പേര് വെളിപ്പെടുത്താത്ത എക്സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഭരണ സിരാകേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ, പോലീസിലെയും ജുഡീഷറിയിലെ ഉന്നതരുടെ മക്കൾ എല്ലാം ലഹരിക്കടത്തിലെയും ലഹരി ഉപയോഗത്തിലെയും കണ്ണികളാണ്. അതിനാൽ, പലപ്പോഴും ഒന്നോ രണ്ടോ പ്രതികളിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ഈ ഉദ്യോഗസ്ഥൻ ദീപികയോട് പറഞ്ഞു.