വിദ്യാലയങ്ങൾ സമൂഹത്തിന്റെ ചെറിയ പതിപ്പുകളാണ്
ഡോ. കുര്യൻ ചെറുശേരി
Monday, March 3, 2025 3:54 AM IST
വിദ്യാലയങ്ങൾ സമൂഹത്തിന്റെ ചെറിയ പതിപ്പുകൾ ആണെന്നു പറയാറുണ്ട്. സമൂഹത്തിൽ കാണുന്ന എല്ലാ നന്മതിന്മകളും ചെറിയ രീതിയിലെങ്കിലും വിദ്യാലയങ്ങളിലും ഉണ്ടാകാൻ ഏറെ സാധ്യതകളുണ്ട്. സമൂഹത്തിൽ നല്ല കാര്യങ്ങൾ കൂടുതലായി നടക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രതിഫലനം വിദ്യാലയങ്ങളിലും ഉണ്ടാകും.
എന്നാൽ കൊല്ലും കൊലവിളിയും കവർച്ച, പീഡനം, ഗുണ്ടായിസം, അക്രമരാഷ്ട്രീയം, അഴിമതി, മദ്യപാനം, മയക്കുമരുന്നുപയോഗം, സാത്താൻസേവ തുടങ്ങിയ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ സർവവ്യാപിയായിട്ടുണ്ടെങ്കിൽ അവയുടെ അലയടികൾ വിദ്യാലയങ്ങളിലേക്കും വ്യാപിക്കും. ദൗർഭാഗ്യവശാൽ ഇത്തരത്തിലുള്ള നിരവധി തിന്മകൾ ഇപ്പോൾ കേരളസമൂഹത്തെ അടക്കിവാഴുകയാണ്. അപ്പോൾ അതിന്റെ പ്രതിഫലനം വിദ്യാലയങ്ങളിലും പ്രതീക്ഷിക്കണം.
സമൂഹത്തിൽ ഇപ്പോൾ നിരവധി കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നു എന്നു മാത്രമല്ല, കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിലും അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും പലപ്പോഴും വീഴ്ച സംഭവിക്കുന്നുമുണ്ട്. കുറ്റവാളികൾക്ക് ഇരകളേക്കാൾ കൂടിയ പരിരക്ഷയും അംഗീകാരവും കിട്ടുന്ന സംഭവങ്ങളും വിരളമല്ല. ചില കുറ്റകൃത്യങ്ങളെയും അവ ചെയ്ത കുറ്റവാളികളെയും ന്യായീകരിച്ചും പുകഴ്ത്തിക്കൊണ്ടുമുള്ള വാർത്തകളും ചർച്ചകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇക്കാര്യങ്ങളൊക്കെ കണ്ടും കേട്ടും കഴിയുന്ന കൊച്ചുകുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് കുറ്റകൃത്യങ്ങളോടുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. ഗുരുതരമായ ചില കുറ്റകൃത്യങ്ങൾ അവർക്ക് തെറ്റായി തോന്നാത്ത അവസ്ഥതന്നെ ഉണ്ടായിരിക്കുകയാണ്. “ഞങ്ങൾ അത് (മയക്കുമരുന്ന്) ആവശ്യമുള്ളവർക്ക് കൊടുത്ത് ഞങ്ങളുടെ ആവശ്യത്തിനുള്ള പണം ഉണ്ടാക്കുന്നതിൽ അവന്മാർക്ക് (പോലീസ്/ എക്സൈസ്) എന്താണിത്ര വലിയ സൂക്കേട്?” ഈ ചോദ്യം കൗമാരക്കാരനായ ഒരു വിദ്യാർഥിയിൽനിന്ന് ഉണ്ടായതാണ്. അവരൊക്കെ മയക്കുമരുന്ന് കച്ചവടത്തെ ഏതു വിധത്തിലാണ് കാണുന്നതെന്ന് വ്യക്തമാക്കുന്ന പ്രതികരണം.
റാഗിംഗ് എന്ന ക്രൂരവിനോദം
പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോൾ അവിടുത്തെ കുറച്ച് "കൊച്ചു തെമ്മാടികൾ’ റാഗിംഗ് എന്ന പേരിൽ കാട്ടിക്കൂട്ടുന്ന പ്രാകൃതമായ ക്രൂരവിനോദങ്ങൾ എല്ലാ അതിരുകളും കടന്നിരിക്കുകയാണ്. അത്തരം ഹീനമായ പീഡനങ്ങൾ മൂലം ചില വിദ്യാർഥികൾക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നിട്ടുണ്ട്. പലർക്കും അതിക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. നിരവധി കുട്ടികൾ ഭയപ്പെട്ട് പഠനം നിർത്തിയിട്ടുമുണ്ട്.
മുമ്പ് മെഡിക്കൽ കോളജുകളിൽ മാത്രം നടന്നിരുന്ന റാഗിംഗ് എന്ന ക്രൂരവിനോദം ക്രമേണ മറ്റു കോളജുകളിലേക്ക് വ്യാപിച്ചു. തുടർന്ന് വളരെ പെട്ടെന്നുതന്നെ സ്കൂളുകളിലേക്കും എത്തി.
ക്രൂരമായ റാഗിംഗ് പീഡനത്തിനിരയായവരിൽ ആരുംതന്നെ പരാതിയുമായി വരാറില്ല. കാരണം പരാതിപ്പെട്ടാൽ ഇരകൾക്ക് കൂടുതൽ പീഡനം അനുഭവിക്കേണ്ടിവരും എന്നവർക്കറിയാം. മാത്രമല്ല പരാതിപ്പെട്ടാലും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ അധികാരികൾക്ക് ഭയമായിരിക്കുമെന്നും ജൂണിയർ വിദ്യാർഥികൾക്കറിയാം. ഈ സാഹചര്യങ്ങളൊക്കെ യാതൊരു ഭയവും ഇല്ലാതെ സ്ഥാപനത്തിൽ ക്രൂരമായ റാഗിംഗ് നടത്താനുള്ള ധൈര്യം സീനിയർ വിദ്യാർഥികൾക്കു നൽകുന്നുണ്ട്.
അതിനാൽ റാഗിംഗ് നടത്തുന്നവർ ആരായിരുന്നാലും ഏത് രാഷ്ട്രീയ പാർട്ടികളുടെ സംഘടനയിൽ പെട്ടവരായാലും അർഹമായ ശിക്ഷ ലഭിക്കും എന്ന സാഹചര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകണം. എങ്കിൽ മാത്രമേ ഈ ക്രൂര വിനോദത്തിന് തടയിടാൻ കഴിയുകയുള്ളൂ.
ഭരണകൂടങ്ങളോടൊപ്പം വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ നായകരും വർധിച്ചുവരുന്ന എല്ലാവിധ കുറ്റകൃത്യങ്ങൾക്കുമെതിരേ പ്രതികരിക്കണം.