ദക്ഷിണേന്ത്യയെ ശിക്ഷിക്കരുത്!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, March 1, 2025 12:16 AM IST
ലോക്സഭാ മണ്ഡലങ്ങളുടെ അടുത്ത പുനർനിർണയം കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക കൂട്ടുകയാണ്. നിർദിഷ്ട മണ്ഡല പുനർവിഭജനം രാജ്യത്തു കടുത്ത രാഷ്ട്രീയചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരേ ദക്ഷിണേന്ത്യയിലുടനീളം പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ വിഷയത്തിൽ മാർച്ച് അഞ്ചിനു സർവകക്ഷി യോഗം വിളിച്ചതോടെ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാണ്. കേരളവും വൈകാതെ പ്രതികരിക്കേണ്ടിവരുമെന്നതിൽ സംശയമില്ല. വലിയ നഷ്ടം വരുന്നതിനുമുന്പേ പ്രതിരോധം ഉയർത്തേണ്ടതുണ്ട്.
ഓരോ ദേശീയ കാനേഷുമാരിക്കു (സെൻസസ്) ശേഷവും ഭരണഘടനാപരമായി നിർബന്ധിതമായ നടപടിയാണു മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയമെന്ന ഡീലിമിറ്റേഷൻ. കോവിഡ് മഹാമാരിയെത്തുടർന്നു മാറ്റിവച്ച, 2021ൽ നടക്കേണ്ടിയിരുന്ന ജനസംഖ്യാ കണക്കെടുപ്പ് ഈ വർഷം തുടങ്ങാനാണു കേന്ദ്രത്തിന്റെ ആലോചന. വളരെയേറെ വൈകിയ സെൻസസ് ഈ വർഷം തുടങ്ങുമെന്നാണു കേന്ദ്രസർക്കാർ നേരത്തേ പറഞ്ഞത്. ഇതിനായുള്ള നടപടികൾ ഇനിയും വൈകില്ലെന്നു കരുതാം. അടുത്തവർഷം സെൻസസ് പൂർത്തിയായാൽ മണ്ഡല പുനർനിർണയത്തിനുള്ള ദേശീയ ഡീലിമിറ്റേഷൻ കമ്മീഷനെ നിയമിക്കേണ്ടതുണ്ട്. രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം 2028ൽ പൂർത്തിയാകുമെന്നാണു റിപ്പോർട്ടുകൾ.
പോരിന് സ്റ്റാലിൻ, സിദ്ധരാമയ്യ
പുതിയ സെൻസസിനുശേഷം നടപ്പാക്കുന്ന മണ്ഡല പുനർവിഭജനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പാർലമെന്റിൽ ഒരു സീറ്റു പോലും നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം കോയന്പത്തൂരിലെ ബിജെപി യോഗത്തിൽ പ്രഖ്യാപിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളുടെ താത്പര്യം മനസിൽ വച്ചിട്ടുണ്ടെന്നും ഒരു സീറ്റ് പോലും കുറയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പാക്കുമെന്നും ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എത്ര വർധന ഉണ്ടായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ന്യായമായ വിഹിതം ലഭിക്കും. ഇതിൽ സംശയിക്കേണ്ട കാര്യമില്ല” എന്നാണു ഷാ പറഞ്ഞത്.
എന്നാൽ, ഷായുടെ പ്രസ്താവന വിശ്വസനീയമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽനിന്നോ അല്ലെങ്കിൽ കൂടുതൽ ആശങ്കാജനകമായി കർണാടക, തെലുങ്കാന, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമത്തിൽനിന്നോ ആണ് ഷായുടെ അവകാശവാദം ഉരുത്തിരിഞ്ഞതെന്നു കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇക്കാര്യത്തിനായി കേന്ദ്രം സർവകക്ഷി യോഗം വിളിച്ച് കണക്കുകളും വിശദാംശങ്ങളും ചർച്ച ചെയ്യാത്തതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിൽ പ്രശ്നം വ്യക്തം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടു നീതിപുലർത്താത്ത ഒരു നടപടിയും അംഗീകരിക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്നലെ വീണ്ടും മുന്നറിയിപ്പു നൽകി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷൻ മഹേഷ് കുമാർ ഗൗഡും പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നുവെന്ന് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവുവും വ്യക്തമാക്കി.
ഭൂപടം മാറ്റുന്ന ഡീലിമിറ്റേഷൻ
രാജ്യത്തുടനീളം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ വലുപ്പം നിശ്ചയിക്കുന്നതാണു ഡീലിമിറ്റേഷൻ. കൂടുതൽ ജനങ്ങളുള്ള വടക്കൻ സംസ്ഥാനങ്ങൾക്ക് അനുകൂലമാകും മണ്ഡലങ്ങളുടെ പുനർനിർണയം. ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനമാണ് ഇപ്പോൾ ദക്ഷിണേന്ത്യക്കു തിരിച്ചടിയാകുന്നത്. പുതിയ സെൻസസിനു ശേഷം ആനുപാതിക അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം തീരുമാനിച്ചാൽ സ്ഥിതി മാറും.
1951ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 36.1 കോടിയായിരുന്നു. അന്ന് 7.4 ലക്ഷം ശരാശരി വോട്ടർമാരുള്ള 494 ലോക്സഭാ സീറ്റുകളുണ്ടായിരുന്നു. 1961ലെ സെൻസസിൽ 43.9 കോടി ജനങ്ങൾക്കായി 522 സീറ്റുകളാണു നിശ്ചയിച്ചത്. 1971ലെ സെൻസസിൽ ജനസംഖ്യ 54.8 കോടിയായി. 10.1 ലക്ഷം വോട്ടർമാരുടെ ശരാശരി വച്ച് 543 ലോക്സഭാ സീറ്റുകളായി. പിന്നീട് കുടുംബാസൂത്രണം നടപ്പാക്കാനായി 25 വർഷത്തേക്കു ലോക്സഭാ സീറ്റുകളുടെ എണ്ണം മരവിപ്പിച്ചു നിർത്തുകയായിരുന്നു. 2001ലെ 84-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണു വീണ്ടും 25 വർഷത്തേക്ക് ഇതേ നില തുടരാൻ നിയമം പാസാക്കിയത്. 2026 വരെയാണ് ഇതിന്റെ കാലാവധി. നിലവിൽ ലോക്സഭയിൽ 543, രാജ്യസഭയിൽ 250 എംപിമാർ വീതമാണുള്ളത്.
കേരളത്തിനു നഷ്ടം എട്ട് എംപിമാർ?
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 543 അംഗ ലോക്സഭയിൽ ഇപ്പോൾ 129 സീറ്റുകളുണ്ട്. ഏകദേശം 24 ശതമാനം. 1971ലെ സെൻസസിനെ അടിസ്ഥാനമാക്കിയ മണ്ഡല പുനർനിർണയത്തിനു ശേഷമുള്ള സ്ഥിതിയാണിത്. എന്നാൽ, 1971നു ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളർച്ചയിൽ ഗണ്യമായി കുറവുണ്ടാക്കാനായിട്ടുണ്ട്. പക്ഷേ, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ജനസംഖ്യയിൽ ഗണ്യമായ വർധനയുണ്ടായി.
തെക്കേയിന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങൾക്ക് 26 ലോക്സഭാംഗങ്ങളെ നഷ്ടപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കേരളത്തിൽ നിലവിലുള്ള 20 എംപിമാർ 12 ആയി കുറയും. ആന്ധ്രപ്രദേശിലും (25) തെലുങ്കാനയിലും (17) ഉള്ള 42 സീറ്റുകൾ 34 ആയും തമിഴ്നാട്ടിലെ 39 സീറ്റുകൾ 31 ആയും കർണാടകയിലെ 28 സീറ്റുകൾ 26 ആയും കുറയുമെന്നാണു സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരുടെ എണ്ണം കൂടും. സിദ്ധരാമയ്യ പറഞ്ഞ കണക്കനുസരിച്ച് യുപിയിൽ നിലവിലുള്ള 80 ലോക്സഭാ മണ്ഡലങ്ങൾ 91 ആകും. ബിഹാറിൽ 40ൽനിന്ന് 50 ആയും മധ്യപ്രദേശിൽ 29ൽനിന്നു 33 ആയും വർധിക്കും. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ലോക്സഭയിലെ വിഹിതം കൂടും.
കേന്ദ്രവിഹിതം തുടരെ കുറയുന്നു
രാജ്യത്തെ ജനസംഖ്യയുടെ 19 ശതമാനം മാത്രം വരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജിഡിപിയുടെ 36 ശതമാനം സംഭാവന ചെയ്യുന്നുവെന്നാണു കണക്ക്. പതിനഞ്ചാം ധനകമ്മീഷൻ വിഹിതം നിശ്ചയിച്ചപ്പോൾ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു തിരിച്ചടിയായിരുന്നു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നികുതിവിഭജനം നടത്തിയതാണു പ്രശ്നം. 1971, 2011 സെൻസസുകളുടെ മിശ്രിതം ഉൾപ്പെടുന്ന മുൻ ധനകമ്മീഷന്റെ രീതിശാസ്ത്രത്തിൽനിന്നുള്ള മാറ്റമാണിത്. ഫലപ്രദമായ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്കു പ്രതിഫലം നൽകേണ്ടതിനു പകരം ശിക്ഷിക്കുന്ന നില.
ഇതുമൂലം യുപിക്കു നികുതിവിഹിതത്തിന്റെ 4.2 ശതമാനമാണു നൽകിയത്. കേരളത്തിന് 1.96 ശതമാനം മാത്രം. കർണാടകയ്ക്ക് 3.65 ശതമാനവും തെലുങ്കാനയ്ക്ക് 2.13 ശതമാനവും ആന്ധ്രപ്രദേശിന് 4.11 ശതമാനവുമാണു ലഭിച്ചത്. ജിഎസ്ടി, നേരിട്ടുള്ള നികുതി (ജിഎസ്ടി ഒഴികെ) എന്നിവയിലൂടെ 22.26 ലക്ഷം കോടി രൂപയിലധികം രൂപയാണു കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളുടെ അഞ്ചു വർഷത്തെ സംഭാവനയെന്ന് കഴിഞ്ഞ വർഷം പാർലമെന്റിൽ നൽകിയ കണക്ക് പറയുന്നു. ഇതിൽ 6.42 ലക്ഷം കോടി മാത്രമാണ് ഈ അഞ്ചു സംസ്ഥാനങ്ങൾക്കായി നൽകിയതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കിലുണ്ട്. ഇതേ കാലയളവിൽ ഉത്തർപ്രദേശിന്റെ നികുതി സംഭാവന 3.41 ലക്ഷം കോടിയാണ്. പക്ഷേ യുപിക്കു തിരികെ നൽകിത് 6.91 ലക്ഷം കോടി രൂപയാണ്.
സംസ്ഥാനങ്ങൾക്ക് അനുവദിച്ച കേന്ദ്രനികുതികളുടെയും തീരുവകളുടെയും അനുപാതത്തിലും ദക്ഷിണേന്ത്യക്കു ക്ഷീണമാണ്. അടച്ച ഓരോ രൂപയുടെയും വിഹിതം കുറഞ്ഞു. 2018-19നും 2022-23നും ഇടയിൽ കേരളത്തിനു കിട്ടിയിരുന്നത് 81 പൈസയിൽനിന്ന് 50 പൈസയായി കുറഞ്ഞു. എന്നാൽ, ഉത്തർപ്രദേശിന്റെ ഒരു രൂപയ്ക്ക് 2.02 രൂപയാണു തിരികെ ലഭിച്ചത്. മധ്യപ്രദേശിന് 1.70 രൂപയും രാജസ്ഥാന് 1.14 രൂപയും ലഭിച്ചു. ദക്ഷിണേന്ത്യക്ക് ഏകദേശം 25 ശതമാനം വിഹിതം ലഭിക്കുന്പോൾ യുപി പോലുള്ള സംസ്ഥാനങ്ങൾക്ക് 200 ശതമാനത്തിൽ കൂടുതൽ ലഭിക്കുന്നു. തെക്കൻ, വടക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അസമത്വം കൂടിവരുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ട്.
തുല്യപ്രാതിനിധ്യം കൂടിയേ തീരൂ
ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി ഡീലിമിറ്റേഷൻ നടപ്പാക്കിയാൽ ഇന്ത്യയുടെ രാഷ്ട്രീയാധികാരം, ജനസംഖ്യ കൂടുതലുള്ള യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള വടക്കേയിന്ത്യയിലേക്കു പൂർണമായി കേന്ദ്രീകരിക്കും.
ഇന്ത്യൻ ജനാധിപത്യത്തിന്റെയും കേന്ദ്രഭരണ സംവിധാനത്തിന്റെയും നട്ടെല്ലായ പാർലമെന്റിൽ രാജ്യത്തെ സംസ്ഥാനങ്ങളിലുടനീളം തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണു വേണ്ടത്.