അകലണം, ആഴക്കടലിലെ ആശങ്ക
കരുതലകലുന്ന കടലാഴങ്ങൾ-4 / സിജോ പൈനാടത്ത്
Saturday, March 1, 2025 12:12 AM IST
കടൽ ഒന്നു ചത്തുകിട്ടണമെന്നാണ്
കടൽപക്ഷികളുടെ ആഗ്രഹം
അതിന്റെ ശരീരത്തിൽനിന്നും
മുത്തുകൾ കൊത്തിയെടുക്കാലോ
ചപ്പിയീമ്പി രസിക്കാലോ...
എന്നാൽ മീനുകൾ കടലിനെ ചാവാൻ സമ്മതിക്കില്ല
അവ സ്വന്തം പ്രാണനിൽനിന്ന്
ഓരോ വീതം കടലിനു കൊടുക്കുന്നു.
അനന്തകോടി മീനുകളുടെ
ആയുസിനാൽ തുന്നിയ നീലവസ്ത്രമണിഞ്ഞ്
കടൽ നൃത്തം ചെയ്യുന്നു...
(കടൽപ്പക്ഷികൾ- ശ്രീകുമാർ കരിയാട്)
കടലാഴങ്ങളിലേക്കുപോലും കച്ചവടക്കണ്ണെറിയാനും സ്വാഭാവികമായ കടൽവിഭവങ്ങൾ കൊത്തിപ്പറിച്ചു കവരാനും കരുക്കൾ നീക്കി കാത്തിരിക്കുന്നവർക്കു കടലിനോടു മത്സ്യങ്ങൾക്കുള്ള കരുതലെങ്കിലും ഉണ്ടാകണം. നമ്മുടെ ഭൂമി, നമ്മുടെ കടൽ, നമ്മുടെ ആകാശം... അതിലേക്കാണിനി പുതുകാല കോർപറേറ്റ് കച്ചവടക്കാർ കണ്ണുംനട്ടിരിക്കുന്നത്.
കടലോരത്തെ പുലിമുട്ടിലിരുന്നു തിരകളിലേക്കു പ്ലാസ്റ്റിക് ചൂണ്ടയിട്ടു കൊച്ചുമീനുകൾ കിട്ടാൻ കാത്തിരിക്കുന്ന കുട്ടി മുതൽ, ബോട്ടുകളിൽ ആഴക്കടലിലേക്കു ചാകര തേടിപ്പോകുന്ന മത്സ്യത്തൊഴിലാളികൾവരെ, കടലിന്റെ രൂപമാറ്റങ്ങളെ ആശങ്കയോടെ നോക്കിക്കാണുന്നവരാണ്. കടലിന്റെ മാറ്റം തങ്ങളുടെ വരുമാനത്തെയും ജീവിതങ്ങളെയും സ്വാധീനിക്കുമെന്നവർക്കറിയാം.
കടലാഴങ്ങളെ ഉഴുതുമറിക്കാൻ സന്നാഹമൊരുക്കുന്ന കടൽമണൽ ഖനനത്തിലേക്ക് അധികാരികളും സ്വകാര്യകന്പനികളുമെല്ലാം നീങ്ങുന്പോൾ, കേരളത്തിന്റെ തീരമാകെ ആശങ്കകളുടെ വേലിയേറ്റമാണ്.
ഖനനത്തിലും സംസ്ഥാന-കേന്ദ്ര പോര്
കടല്‍മണല്‍ ഖനനത്തില്‍ ഇപ്പോഴത്തെ നടപടികള്‍ കേന്ദ്രസര്ക്കാരിന്റേതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ചര്‍ച്ചയാവുന്നുണ്ട്. കേരളതീരം കടല്‍മണല്‍ ഖനനത്തിനു വിട്ടുകൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശങ്ങളുടെയും താത്പര്യങ്ങളെ ബലികൊടുക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
തീരത്തുനിന്നു 12 നോട്ടിക്കല്‍ മൈല്‍ വരെ സുഗമമായി മത്സ്യബന്ധനം ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സാധ്യമാക്കാനുമുള്ള ഉത്തരവാദിത്തം അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. നിര്‍ദിഷ്ട കടല്ഖനനത്തിനു പദ്ധതിയിട്ടിട്ടുള്ളത് 12 നോട്ടിക്കല്‍ മൈലിനു പുറത്താണെന്നതിനാല്‍ ഇതിലെ നടപടികള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന നിലപാടിലാണു കേന്ദ്രസര്‍ക്കാര്‍. കടല്‍മണല്‍ ഖനനത്തോടെ ഇന്ത്യയുടെ ധാതുലേല ഭൂപടത്തില്‍ (മിനറല്‍ ഓക്ഷന് മാപ്) കേരളവും ഇടം നേടുമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം.
12 നോട്ടിക്കല്‍ മൈലിനുള്ളിലെ മത്സ്യബന്ധനത്തെയും തൊഴിലാളികളുടെ ജീവിതങ്ങളെയും സ്വാധീനിക്കുന്ന വിഷയമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തണമെന്ന അഭിപ്രായം വിവിധ തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എതിര്‍പ്പറിയിച്ച് കേരളം
കടല്‍മണല്‍ ഖനനത്തിനെതിരേ കേരളം കേന്ദ്രത്തിനു നേരത്തെ കത്തു നല്‍കിയിട്ടുണ്ട്. ദി ഓഫ്ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്) ചട്ടം ഭേദഗതി ചെയ്തതില്‍ എതിര്‍പ്പു വ്യക്തമാക്കി 2023 മാര്‍ച്ച് 11നാണു സംസ്ഥാനം കത്തു നല്‍കിയത്.
മത്സ്യ, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര ഖനന മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ച കത്തു കൈമാറിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കടലില്‍ ഖനനം അനുവദിച്ചാല്‍ മത്സ്യബന്ധനമേഖല പ്രതിസന്ധിയിലാകുമെന്നു കത്തില്‍ വ്യക്തമാക്കിയിരുന്നു.
2025 ജനുവരി 11ന് കൊച്ചിയില്‍ കേന്ദ്ര ഖനന മന്ത്രാലയം നടത്തിയ റോഡ്ഷോയില്‍ സംസ്ഥാന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ വിഷയത്തിലുള്ള കേരളത്തിന്റെ നിലപാട് ആവര്‍ത്തിച്ചു. കൊല്ലത്തെ കടല്‍മണല്‍ ഖനന നീക്കത്തെ എതിർക്കുമെന്നു മന്ത്രി പി. രാജീവ് നിയമസഭയിലും വ്യക്തമാക്കിയിരുന്നു. അതേസമയം, വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുമിച്ചു പ്രമേയം പാസാക്കാത്തതില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ അതൃപ്തിയിലാണ്.
പരിസ്ഥിതി ആഘാത പഠനം!
കടലിലെ ഖനനപദ്ധതിക്ക് ടെണ്ടര്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴും, ഇതു സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. കടലിലെ ആവാസവ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കുന്ന വിഷയമെന്ന നിലയില്‍, അതു സംബന്ധിച്ച ശാസ്ത്രീയമായ പഠനവും റിപ്പോര്‍ട്ടും ആവശ്യമാണ്.
കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ തീരങ്ങളില്‍ വന്‍തോതില്‍ മണല്‍, ധാതു നിക്ഷേപങ്ങളുണ്ടെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനറിപ്പോര്‍ട്ടാണ് ഖനനത്തിനായുള്ള തീരുമാനത്തിലേക്കും തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലേക്കും എത്തിച്ചത്. കടലടിത്തട്ടിലെ മണല്നിക്ഷേപവും ധാതുസമ്പത്തും വന്‍തോതില്‍ കോരിയെടുത്താലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചു സൂക്ഷ്മവും ശാസ്ത്രീയവുമായ പഠനങ്ങളിലേക്കു സര്‍ക്കാര്‍ ഇനിയും കടന്നിട്ടില്ലെന്നത് ആശങ്കാജനകമാണ്.
ഇതിനിടെ, കടല്‍മണല്‍ ഖനനം ആരംഭിക്കുന്നതിന് മുമ്പു കേരളതീരത്തു പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നു കേന്ദ്ര ഖനന മന്ത്രാലയം സെക്രട്ടറി കെ.എല്‍. കാന്തറാവു കഴിഞ്ഞദിവസം പറഞ്ഞു. പരിസ്ഥിതി ആഘാതപഠനം നടത്തി അതിന്റെ റിപ്പോര്‍ട്ടും അനുബന്ധ വിശദാംശങ്ങളും തുടര്‍നടപടികളും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടലിനോടും കരുതലുള്ളവരാകാം
പ്രകൃതിക്കു നേരേയുള്ള ഏതൊരു കടന്നുകയറ്റവും പിന്നീടു വലിയ തിരിച്ചടികൾക്കുള്ള വഴിമരുന്നുകൂടിയാണെന്നതിനു ചരിത്രത്തിൽ ഉദാഹരണങ്ങളേറെയാണ്. കടലിന്റെ തനിമകളെ തകിടംമറിക്കാൻ പര്യാപ്തമായ കടൽഖനനത്തിലെ ആപത്സൂചനകളെ, അതിനു സന്നാഹങ്ങളൊരുക്കുന്ന അധികാരികൾ തിരിച്ചറിയുകതന്നെ വേണം.
പരിസ്ഥിതിയുടെ നാശത്തെക്കുറിച്ച്, ഒഎൻവി പാടിയത് (ഭൂമിക്ക് ഒരു ചരമഗീതം), പ്രകൃതിയുടെ, കടലിന്റെ, ആകാശത്തിന്റെ സ്വാഭാവികക്രമത്തിലേക്കു കോർപറേറ്റ് കച്ചവടക്കണ്ണുകളുമായി കടന്നുകയറുന്നവരുള്ള എല്ലാ കാലത്തേക്കുമുള്ള ഓർമപ്പെടുത്തൽ കൂടിയാണ്:
“ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയിൽ
നിന്നക്കാത്മശാന്തി...”
(അവസാനിച്ചു)
ഖനന നടപടികള്‍ പുനഃപരിശോധിക്കണം
കേന്ദ്ര ഖനന മന്ത്രാലയം കടൽഖനനത്തിനു ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ള കൊല്ലം, മത്സ്യസമ്പത്തിനാല്‍ അനുഗൃഹീതമാണ്. 1961 മുതല്‍ 1965 വരെ കടലില്‍ പര്യവേക്ഷണം നടത്തിയ കെയര്‍ ലാര്സണ് എന്ന നോര്വേക്കാരനാണു കൊല്ലം പരപ്പിന്റെ സവിശേഷത ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുന്നത്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ പരന്നുകിടക്കുന്ന കൊല്ലം പരപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യസമ്പത്തിന്റെ കേന്ദ്രമാണ്.
കടലിനെയും കടലിലെ മത്സ്യസമ്പത്തിനെയും ആശ്രയിച്ചു ജീവിതം നയിക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജീവിതത്തെ മറികടന്നാണു കേവലം സാമ്പത്തികനേട്ടത്തിനായുള്ള ഈ ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പാരിസ്ഥിതിക വിനാശം എന്നതിനപ്പുറം ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവനസാധ്യതകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.
ഏതെങ്കിലും വിധത്തിലുള്ള പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം നടത്തിയതായി വെളിപ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടം സംഭവിക്കുമ്പോള്‍ പുനരധിവാസമോ നഷ്ടപരിഹാരമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഖനനം ചെയ്യപ്പെടുന്ന മണലിന്റെ കരയിലെ സംഭരണവും അവയിലെ അവശിഷ്ടങ്ങളും ഉളവാക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
ഇന്ത്യയുടെ സമുദ്രഭാഗങ്ങളില്‍ പതിമൂന്ന് ബ്ലോക്കുകളില്‍ ധാതുസമ്പത്ത് ഖനനം ചെയ്യുന്നതിനുള്ള സംയുക്ത ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഒപ്പം, വിഷയത്തിൽ കേരള സര്‍ക്കാരും അടിയന്തരമായി ഇടപെടണം.
-ബിഷപ് ഡോ. ജെയിംസ് ആനാപറന്പിൽ
(ആലപ്പുഴ ബിഷപ്, കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ ചെയർമാൻ)
തീരജനതയ്ക്കൊപ്പം
കടൽഖനനം നടക്കുന്നതു തീരത്തുനിന്ന് 20-30 കിലോമീറ്റർ അകലെയാണെങ്കിലും മത്സ്യത്തൊഴിലാളികളെയും തീരവാസികളെയും പ്രതികൂലമായി ബാധിക്കും.
കടൽമത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ഖനനം തടസപ്പെടുത്തും. തീരത്തിന് അടുത്തു നടത്തുന്ന ഖനനം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും തകർക്കുകയും തീരപ്രദേശത്തെ പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യും. തീരദേശപ്രകൃതിയെ ബാധിക്കുന്ന ഖനനം അനുവദിക്കരുത്. ഇക്കാര്യത്തിൽ തീരദേശജനതയുടെ ആശങ്കകൾ പരിഹരിക്കണം. നിലനില്പിനായി പോരാടുന്ന തീരദേശജനതയ്ക്ക് എല്ലാ പിന്തുണയുമുണ്ടാകും.
- രാജീവ് കൊച്ചുപറമ്പിൽ (കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്)
ചൂഷണത്തിനു സാധ്യത തുറക്കുന്നു
കടൽഖനനവും അതിന്റെ വ്യവസ്ഥകളും രാജ്യത്തെ മുതലാളിത്ത സാമ്പത്തികശക്തികള്‍ക്ക് ചൂഷണത്തിനുള്ള സാധ്യതയൊരുക്കുന്നതാണ്. നീലസമ്പദ് വ്യവസ്ഥയെന്നത്, സാമ്പത്തികവളര്‍ച്ച, മെച്ചപ്പെട്ട ഉപജീവനമാര്‍ഗങ്ങളും ജോലികളും, സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം എന്നിവയ്ക്കായി സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗമാണ്.
സമുദ്രവിഭവങ്ങളുടെ പ്രയോജനങ്ങള്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്നും സമുദ്ര ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു.
ഈ സമീപനം സുസ്ഥിര വികസനലക്ഷ്യം ഉള്‍കൊള്ളുന്നുണ്ട്. ഇത് സുസ്ഥിര വികസനത്തിനായി സമുദ്രങ്ങള്‍, സമുദ്ര വിഭവങ്ങള്‍ എന്നിവ സംരക്ഷിക്കാനും ഉപയോഗിക്കാനും ആവശ്യപ്പെടുന്നു. എന്നാല്‍, കടല്ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള നടപടികള്‍ ഏറെ വിനാശകരമാണ്.
കൊല്ലത്തെ കടലിൽ ഖനനം ചെയ്യുന്ന ഘട്ടത്തിൽ ധാതുഖനന (വികസനവും നിയന്ത്രണവും) നിയമത്തിലെ ഏഴാമത്തെ പട്ടികയിലോ, ഒന്നാമത്തെ പട്ടിക(പാര്‍ട്ട് ഡി)യിലോ നല്‍കിയിട്ടുള്ള ധാതുക്കളെ കണ്ടെത്തിയാല്‍ ലേലത്തുകയുടെ പത്ത് ശതമാനം മാത്രം അധികം നൽകിയാല് ഈ ധാതുക്കൾ അവർക്കു സ്വന്തമാക്കാം. ഖനന നടപടികളിലെ ഈ വ്യവസ്ഥ അപകടകരമാണ്.
-ജോസഫ് ജൂഡ് (കെആർഎൽസിസി വൈസ് പ്രസിഡന്റ്, ലത്തീൻ സമുദായവക്താവ്)