ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
Friday, February 28, 2025 12:52 PM IST
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോരം ഭയന്നു വിറച്ചു ശക്തമായ മഴയ്ക്കൊപ്പം മലയോരത്ത് 72 ഇടങ്ങളിൽ ഉരുൾ പൊട്ടി. കുത്തി ഒലിച്ചിറങ്ങിയ മല വെള്ളം കിലോമീറ്ററുകൾ ദൂരത്തിൽ സംഹാര താണ്ഡവമാടി. പാലങ്ങളും, റോഡും തകർന്നു.
മലവെള്ളപ്പാച്ചലിൽ എല്ലാം തകർത്തെറിഞ്ഞതോടെ തീരാ ദുരിതത്തിലായി മലയോരവാസികൾ. ദുരന്തം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും വിലങ്ങാട് ഒന്നും ശരിയായിട്ടില്ല, എല്ലാം പഴയപടി തന്നെ.
ഉരുൾ തകർത്തെറിഞ്ഞ പ്രദേശങ്ങളിൽ ആശ്വാസ വാക്കുകളുമായി മന്ത്രിമാർ, ചീഫ് സെക്രട്ടറി, എംഎൽഎമാർ, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എല്ലാവരും എത്തി ആശ്വാസ വാക്കുകൾ, കോടികളുടെ വികസന പദ്ധതികൾ എല്ലാം പ്രഖ്യാപിച്ചെങ്കിലും മലയോര ജനതയുടെ കാത്തിരിപ്പുകൾ വിഫലമാവുകയായാണ്.
അവഗണനയുടെ ഏഴുമാസം...
കുടിയേറ്റ ജനതയുടെ സിരാ കേന്ദ്രമായ വിലങ്ങാട് ടൗണിലേക്കുള്ള പ്രധാന പാലമായ ഉരുട്ടിപ്പാലത്തിന്റെ അപ്രോച്ച് റോഡും, ഭിത്തിയും മലവെള്ളം തകർത്തെറിഞ്ഞു.
മൂന്ന് കോടി 20 ലക്ഷം ചെലവിട്ട് പണി കഴിപ്പിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ ഉടനെയാണ് ഉരുൾ പൊട്ടലിലും മലവെള്ളപ്പാച്ചലിലും കൂറ്റൻ കല്ലുകളും, മരങ്ങളും ഒലിച്ചെത്തി തകർന്നത്.
പുതിയ പാലം നിർമാണം പൂർത്തീകരിച്ചെങ്കിലും പഴയ പാലം പൊളിച്ച് മാറ്റാതിരുന്നതാണ് പുതിയ പാലത്തിന് തകരാർ സംഭവിക്കാനിടയാക്കിയതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
അപ്രോച്ച് റോഡിന്റെ പാർശ്വഭാഗത്തെ കല്ലുകളും മറ്റും ഒഴുകി പോയതോടെ ഈ ഭാഗം സുരക്ഷിതമല്ലാതായി തീർന്നിരുന്നു. ഉരുൾ പൊട്ടലുണ്ടായി മാസങ്ങളോളം ഈ പാലത്തിലൂടെ ഗതാഗതം അനുവധിച്ചിരുന്നില്ല.
പാലം അപകടാവസ്ഥയിൽ എന്നായിരുന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നത്. അടിയന്തരമായി അറ്റകുറ്റ പ്രവൃത്തി നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവർ വിലങ്ങാട് സന്ദർശിച്ച് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഏഴ് മാസം പിന്നിട്ടിട്ടും പാലം പഴയപടി തന്നെ.
വീണ്ടും അപകട ഭീഷണി
ഭാരമേറിയ വാഹനങ്ങൾ കടത്തി വിട്ടതോടെ പാലത്തിന് അടി ഭാഗത്ത് നിന്ന് മണ്ണ് ഇടിയുന്നത് ഇപ്പോൾ ഭീഷണി ഉയർത്തുന്നുണ്ട്. വിലങ്ങാട് നിന്ന് ചരക്ക് നീക്കത്തിനും വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുമുള്ള ഏക റോഡും പാലവുമാണിത്.
സ്വകാര്യ ബസ്, ജീപ്പ് സർവീസുകളും ഈ വഴി തന്നെയാണ് കടന്ന് പോവുന്നത്. ഈ പാലം ഇല്ലാതാവുകയോ, അപകട സാധ്യത ഏറുകയോ ചെയ്താൽ മലയോരം നിശ്ചലമാവും. മഴക്കാലമെത്താൻ രണ്ട് മാസം മാത്രം മുന്നിൽ നിൽക്കെ റോഡ്, പാലം പ്രവൃത്തികൾ ആരംഭിക്കാത്തത് മലയോരവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഉരുൾ പൊട്ടലിൽ ഒലിച്ചിറങ്ങിയ കല്ലും മരങ്ങളും വന്നടിഞ്ഞ് റോഡും തകർന്നിരുന്നു. ഈ റോഡും പഴയ പടി തന്നെ കിടക്കുകയാണ്. തകർന്ന റോഡിൽ കല്ലും, മണ്ണും ഇട്ട് ഗതാഗത യോഗ്യമാക്കിയെന്ന് മാത്രം.
ഉരുൾ തകർത്തെറിഞ്ഞ പഴയ റോഡിന്റെ കോൺക്രിറ്റ് അവശിഷ്ടങ്ങൾ ഇപ്പോഴും പുഴയിലും പരിസരങ്ങളിലുമായി കാണാം.

കോണ്ക്രീറ്റ് പൈപ്പുകള് ഇപ്പോഴും പുഴയോരത്ത്
അറ്റകുറ്റ പ്രവൃത്തികൾ പോലും നടത്താതെ ദിവസങ്ങൾ പിന്നിട്ടതോടെ അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ് നൽകിയ പാലത്തിലൂടെ തന്നെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തി വിടുകയായിരുന്നു.
പുഴയിൽ നിന്ന് കല്ലും, മണലും ജെസിബി ഉപയോഗിച്ച് തകർന്ന ഭാഗത്ത് കൂട്ടി ഇടുക മാത്രമാണ് അധികൃതർ ചെയ്തത്. മഴവെള്ളം ഒഴുക്കി കൊണ്ട് വന്ന് പാലത്തിലും റോഡിലും നിക്ഷേപിച്ച മാലിന്യങ്ങളും നീക്കിയതല്ലാതെ മറ്റ് പ്രവൃത്തികൾ ഒന്നും നടത്തിയിട്ടില്ല.
പഴയ പാലം പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധം ഉയർന്നതോടെ ഉദ്യോഗസ്ഥർ പാലം പൊളിച്ച് നീക്കി പഴയ പാലത്തിൽ വെള്ളം ഒഴുകി പോവാനായി സ്ഥാപിച്ച കോൺക്രീറ്റ് പൈപ്പുകൾ പോലും പുഴയിൽ നിന്ന് നീക്കാൻ മരാമത്ത് അധികൃതർ തയാറായില്ല.