കവര്‍ന്നെടുക്കല്ലേ, കടലിനെ!
കരുതലകലുന്ന കടലാഴങ്ങൾ -3 / സിജോ പൈനാടത്ത്
Friday, February 28, 2025 12:12 AM IST
കൊല്ലത്തെ കടലടിത്തട്ടിലെ ജൈവവൈവിധ്യങ്ങളും കാഴ്ചകളും അറിയാന്‍ ഫെബ്രുവരി 22, 23 ദിവസങ്ങളില്‍ ഒരു പര്യവേക്ഷണം നടന്നു. സൗത്ത് ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസ് (എസ്ഐഎഫ്എഫ്എസ്), ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ്, സ്കൂബ കൊച്ചിന് എന്നിവയുടെ സഹകരണത്തോടെയായിരുന്നു കടലിനടിയിലെ സുസജ്ജമായ അന്വേഷണം.
കൊല്ലം തീരത്തുനിന്ന് 17.5 കിലോമീറ്റര്‍ തെക്കുവടക്കായി വള്ളമോടി ശക്തികുളങ്ങരയ്ക്കു നേരേ 40 മീറ്റര്‍ ആഴമുള്ള കടലിന്റെ അടിത്തട്ടില്‍ പര്യവേക്ഷണസംഘം കണ്ട കാഴ്ചകള്‍ അതിശയിപ്പിക്കുന്നതാണ്. മൃദുലവും കാഠിന്യമുള്ളതുമായ ഇരുപതിലധികം ഇനത്തിലുള്ള പവിഴപ്പുറ്റുകളെ ഈ മേഖലയില്‍ കണ്ടെത്താനായി. നൂറുകണക്കിനു മത്സ്യങ്ങളുള്‍പ്പെടെ നിരവധി കടല്‍ജീവികളുടെ പിറവിക്കും വളര്‍ച്ചയ്ക്കും ഇടമൊരുക്കുന്ന പവിഴപ്പുറ്റുകള്‍.
സവിശേഷമായ സമുദ്ര ആവാസവ്യവസ്ഥയാണു കൊല്ലം തീരത്തുള്ളതെന്നു വ്യക്തമാക്കുന്ന തെളിവുകളും ചിത്രങ്ങളുമാണു പര്യവേക്ഷണസംഘത്തിനു ലഭിച്ചത്. കടലിലെ ആവാസവ്യവസ്ഥയുടെ താളം ക്രമപ്പെടുത്തുന്ന പവിഴപ്പുറ്റുകള്‍ ഉള്‍പ്പെടെയുള്ള കടലടിത്തട്ടിലെ ജൈവവൈവിധ്യ സമ്പത്തുകളെ ഇല്ലാതാക്കാന്‍, നിര്‍ദിഷ്ട കടല്‍ഖനനം ഇടയാക്കുമെന്ന ആശങ്കയാണു തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പങ്കുവയ്ക്കുന്നത്.
സിഎംഎഫ്ആര്‍ഐ പറഞ്ഞത്
ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ ഏറ്റവും ഫലസമൃദ്ധമായ മത്സ്യബന്ധനമേഖലയാണു കൊല്ലം പരപ്പ് പ്രദേശമെന്നു കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെന്‍ട്രല്‍ മറൈന്‍ ഫിഷറിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമ്പലപ്പുഴ മുതല്‍ വര്‍ക്കല വരെ 84 കിലോമീറ്റര്‍ തീരത്തിനു പടിഞ്ഞാറുഭാഗത്ത് സവിശേഷവും സമൃദ്ധവുമായ സമുദ്രവിഭവങ്ങളുടെ കലവറയാണ്.
കൊഞ്ച്, പല്ലിക്കോര, പുല്ലന്, പൂവാലന്, കരിക്കാടി, ചെമ്മീനുകള്‍, ചാള, അയല, കിളിമീന്‍ തുടങ്ങിയ വ്യത്യസ്ത ഇനം മത്സ്യങ്ങള്‍ ഈ മേഖലയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുകയും വളരുകയും ചെയ്യുന്നുണ്ട്. ഖനനം ഈ മത്സ്യസമ്പത്തിന്റെ ഉറവിടത്തെ പ്രതികൂലമായി ബാധിച്ചേക്കും.
മത്സ്യക്കുഞ്ഞുങ്ങളുടെ നഴ്സറി പൂട്ടുമോ?
കേരള യൂണിവേഴ്സിറ്റിയുടെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറിസ് വിഭാഗം അടുത്തിടെ നടത്തിയ പഠനത്തിലും കേരളത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങളിലെ കടല്‍വിഭവങ്ങളുടെ വലിയ സമ്പത്തിനു കടല്‍മണല്‍ ഖനനം നാശമുണ്ടാക്കുമെന്നു മുന്നറിയിപ്പു നല്കുന്നു.
കൊല്ലം തീരത്തു കടല്‍നിരപ്പില്‍നിന്ന് 790 മീറ്റര്‍ അടിയില്‍ പവിഴപ്പുറ്റുകളുടെ വലിയ സാന്നിധ്യമുണ്ട്. മുപ്പതിലധികം ഇനം മൃദുവായതും പത്തോളം ഇനത്തിലുള്ള കാഠിന്യമുള്ളതുമായ പവിഴപ്പുറ്റുകള്‍ ഇവിടെയുണ്ട്. കടലിലെ ജീവജാലങ്ങള്‍ക്ക് ആഹാരാവശ്യങ്ങള്‍ക്കും പറ്റിപ്പിടിച്ചിരുന്നു വളരാനും പ്രജനനത്തിനും സഹായകമാകുന്ന പാരുകള്‍ (പാറക്കെട്ടുകള്‍) അടിത്തട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
മത്സ്യക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കു കൃത്യമായ അന്തരീക്ഷം ഒരുക്കി നല്കുന്ന നഴ്സറികള്‍ക്കു സമാനമാണ് പവിഴപ്പുറ്റുകളാല്‍ സമൃദ്ധമായ കടലടിത്തട്ടുകള്. അവയെ അടിമുടി ഉഴുതുമറിച്ച് ഇല്ലാതാക്കാന്‍ പോരുന്ന ഖനനത്തിനാണ് കരയിലിപ്പോള്‍ സന്നാഹങ്ങളൊരുക്കുന്നത്.
മറക്കരുത്; ഇവിടെ കുറേ ജീവിതങ്ങളുണ്ട്!
ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍, അവരുടെ കുടുംബങ്ങള്‍, മത്സ്യബന്ധനമേഖലയെ ആശ്രയിച്ചു ജീവിതം മുന്നോട്ടുനീക്കുന്ന അനുബന്ധ തൊഴിലാളികള്‍, ഒപ്പം തീരദേശത്തിന്റെ സാമൂഹ്യസുസ്ഥിതി എന്നിവയുടെയെല്ലാം ഊര്ജസങ്കേതം കൂടിയാണ് കടലടിത്തട്ടിലെ സമൃദ്ധി. ആയിരത്തോളം ട്രോളറുകള്‍, 600 ഫൈബര്‍ ബോട്ടുകള്‍, നൂറിലധികം ഇന്‍ ബോര്‍ഡ് എന്ജിന് വള്ളങ്ങള്‍... ഇവയ്ക്കു പുറമേ, ചൂണ്ടിയിട്ടു മീന്‍ പിടിക്കുന്നവരെപ്പോലും കടലടിത്തട്ടിലെ മാറ്റങ്ങള്‍ സ്വാധീനിക്കും.
കൊല്ലം ഒരു തുടക്കം
കൊല്ലത്തെ തങ്കശേരി ഹാര്‍ബറിനു സമീപത്തുനിന്നാണ് ഒന്നാംഘട്ടത്തില്‍ കടല്‍മണല്‍ ഖനനം ആരംഭിക്കാന്‍ നീക്കമുള്ളത്. ഇവിടത്തെ ലൈറ്റ് ഹൗസിടുത്തുനിന്നു 26-33 കിലോമീറ്റര്‍ വരെ ദൂരത്താണു ഖനനമേഖല.
നീണ്ടകര, ചവറ, ശക്തികുളങ്ങര, ഇരവിപുരം, പരവൂര്‍, തൃക്കടവൂര്‍ എന്നീ പ്രദേശങ്ങള്‍ ആദ്യഘട്ട കടല്‍മണല്‍ ഖനന പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രദേശങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ വന്‍കിട മണല്‍ഖനനത്തിനു നിലവില്‍ വേദിയൊരുങ്ങുന്നത് കൊല്ലം തീരത്തെങ്കിലും, അവിടെയൊതുങ്ങില്ല കടല്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍.
കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലെ കടലടിത്തട്ടുകളിലും വന്‍തോതിലുള്ള മണല്നിക്ഷേപമുള്ളതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം കഴിഞ്ഞാല്‍ ഈ പ്രദേശത്തേക്കായിരിക്കും ഖനനത്തിന്റെ യന്ത്രക്കൈകള്‍ നീളുകയെന്നത് ആശങ്കപ്പെടുത്തണം.
(തുടരും)
ഇപ്പോഴേ പ്രതിസന്ധി! ഖനനം കൂടിയായാല്‍?
മത്സ്യലഭ്യത കുറഞ്ഞതുള്പ്പടെ നിരവധി പ്രതിസന്ധികളുടെ നടുവിലാണു നിലവില്‍ കൊല്ലത്തെ മത്സ്യമേഖല. ഇതിനൊപ്പം മണല്ഖനത്തിന്റെ പ്രത്യാഘാതങ്ങള്‍കൂടി നേരിടേണ്ടിവരുന്നത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ചിന്തിക്കാനാവുന്നതല്ല.
തീരത്തുനിന്നു പന്ത്രണ്ടു നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനം നടത്തുന്നവരാണ് ഇവിടുത്തെ തൊഴിലാളികളേറെയും. അതിനു പുറത്താണ് നിര്‍ദിഷ്ട മണല്ഖനനമെന്നു പറയുമ്പോഴും, മത്സ്യസമ്പത്തിനെ ഇതു പ്രതികൂലമായി ബാധിക്കും. വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള കൊല്ലത്തെ മത്സ്യയിനങ്ങള്‍ പലതും ഇപ്പോള്‍ത്തന്നെ കുറഞ്ഞുതുടങ്ങി. മണല്ഖനനത്തിനെതിരേയുള്ള പോരാട്ടത്തില്‍ മത്സ്യമേഖല പൂര്‍ണമായും കൈകോര്‍ക്കുക തന്നെ ചെയ്യും.
-സാംസണ് ജോണി ( ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കൊല്ലം ഫിഷര്‍മെന്‍ വെല്‍ഫെയര്‍ സൊസൈറ്റി)
കോരുന്നതു മണല്‍ മാത്രമാകില്ല
കടലിന്റെ അടിത്തട്ടില്‍നിന്നു മണല്‍നിക്ഷേപം കോരിയെടുക്കുമ്പോള്‍, അതിനൊപ്പം പോരാനിടയുള്ള വൈവിധ്യമാര്‍ന്ന ധാതുക്കളുടെ ശേഖരവും നഷ്ടമാകുമെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഇല്‍മനൈറ്റ് ശേഖരത്തിന്റെ 80 ശതമാനത്തോളം കേരളത്തിന്റെ തീരപ്രദേശത്താണെന്നു പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതില്‍ത്തന്നെ ഏറിയപങ്കും കൊല്ലം-ആലപ്പുഴ തീരങ്ങളിലുമാണ്. കടല്‍മണല്‍ ഖനനത്തിലൂടെ ഇല്‍മനൈറ്റ് ശേഖരവും താറുമാറായേക്കും.
മണല്‍ഖനനത്തിനു കരാറെടുക്കുന്ന കമ്പനികള്‍ക്കു ഖനനത്തിനിടെ കിട്ടുന്ന മറ്റു ധാതുക്കള്‍ നിശ്ചിത തുക സര്‍ക്കാരിലേക്കു നല്കി സ്വന്തമാക്കാമെന്നു വ്യവസ്ഥയുണ്ട്. മണല്‍ഖനനത്തിന്റെ മറവില്‍ കേരള തീരത്തെ ധാതുസമ്പത്തും കൊള്ളയടിക്കപ്പെടാനുള്ള സാധ്യതകളിലേക്കാണ് ഈ വ്യവസ്ഥ വിരല്‍ചൂണ്ടുന്നത്.