ഇന്ന് ദേശീയ ശാസ്ത്രദിനം; ശാസ്ത്രത്തിന്റെ ദീപ്തമായ വഴികൾ
ഡോ. സുജു സി. ജോസഫ്
Friday, February 28, 2025 12:07 AM IST
ഫെബ്രുവരി 28; ഇന്ത്യയുടെ ശാസ്ത്രചരിത്രത്തിൽ സുപ്രധാനമായ ദിനമാണ്. ‘രാമൻ പ്രഭാവ’ത്തിനു മുന്നിൽ ശാസ്ത്രലോകം ആദരവോടെ തലകുനിച്ച ദിവസം. ഇന്ന് ഈ ദിനം ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അനന്തമായ പരിശ്രമങ്ങൾക്കുള്ള ആദരസൂചകമായി ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നു. മനുഷ്യജീവിതം മെച്ചപ്പെടുത്താനുള്ള പുതുവഴികളിലേക്കാണു ശാസ്ത്രത്തിന്റെ പ്രയാണം.
ദേശീയ ശാസ്ത്രദിനത്തിന്റെ ഉദ്ഭവം
ഡോ. സി.വി. രാമൻ എന്ന ശാസ്ത്രപ്രതിഭയുടെ മഹത്തായ കണ്ടെത്തലായ രാമൻ പ്രഭാവം (Raman Effect) ആഗോളശ്രദ്ധ നേടിയതിന്റെ ഓർമപ്പെടുത്തലാണ് ഈ ദിനാഘോഷം. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച കണ്ടെത്തൽ അദ്ദേഹം തെളിവുസഹിതം ലോകത്തിനു മുന്നിലെത്തിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. ഈ കണ്ടുപിടിത്തത്തിന് 1930ൽ അദ്ദേഹം ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടി. ശാസ്ത്രത്തിന് ഇന്ത്യക്കു ലഭിക്കുന്ന ആദ്യത്തെ നേട്ടമായി അത് രേഖപ്പെടുത്തുന്നു. 1986 മുതലാണ് ശാസ്ത്ര, സാങ്കേതികവിദ്യ വകുപ്പിന്റെ നിർദേശപ്രകാരം ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നത്.
രാമൻ പ്രഭാവം
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണു രാമൻ പ്രഭാവം. പ്രകാശകണികകൾക്ക് വിസരണം സംഭവിക്കുന്പോൾ അപൂർവം ചില കണികകളുടെ സ്വഭാവത്തിൽ മാറ്റംവരുന്നു എന്നതായിരുന്നു സി.വി. രാമന്റെ കണ്ടുപിടിത്തം. പത്തുലക്ഷത്തിൽ ഒരെണ്ണത്തിനു മാത്രം സംഭവിക്കുന്ന ഇത്തരം മാറ്റത്തെ ‘രാമൻ പ്രഭാവ’മെന്നും അതുമൂലമുണ്ടാകുന്ന പുതിയ രശ്മികളുടെ വർണരാജിയെ ‘രാമൻ വർണരാജി’ എന്നും വിളിക്കുന്നു.
2025ലെ പ്രമേയം
‘വികസിതഭാരതമെന്ന ലക്ഷ്യത്തിനുവേണ്ടി ശാസ്ത്രത്തിന്റെ ആഗോള നേതൃത്വത്തിനും നവീകരണത്തിനുമായി ഇന്ത്യൻ യുവാക്കളെ ശക്തീകരിക്കുക’ എന്നതാണ് ഈ വർഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം. യുവമനസുകളെ പ്രോത്സാഹിപ്പിക്കുന്നതിലും മഹത്തായ നേട്ടങ്ങളെ അംഗീകരിക്കുന്നതിലും ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളെ ആഘോഷിക്കുന്നതിലുമാണ് പ്രമേയം ശ്രദ്ധയൂന്നുക. ‘സ്വദേശീയ സാങ്കേതികവിദ്യകൾ വികസിത ഭാരതത്തിനുവേണ്ടി’ എന്നതായിരുന്നു കഴിഞ്ഞവർഷത്തെ പ്രമേയം.
ശാസ്ത്രം: സാന്ദ്രമായ ഒരു ലോകം
ശാസ്ത്രം വായിച്ചറിയേണ്ട വിഷയമല്ല, അനുഭവിച്ചു പഠിക്കേണ്ട ഒന്നാണ്. അതു നമ്മെ പുതിയ സാധ്യതകളിലേക്കും അഭിമാനകരമായ നേട്ടങ്ങളിലേക്കും നയിക്കുന്നു.
1) ആരോഗ്യരംഗം– വാക്സിനുകളുടെ വികസനം, ബയോടെക്നോളജി, കാൻസർ ചികിത്സ, ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്നിവയിൽ വൻ പുരോഗതി.
2) സ്പേസ് സയൻസ്– ചന്ദ്രയാൻ-3, ഗഗൻയാൻ, ആദിത്യ എൽ-1 തുടങ്ങിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ വിജയപഥങ്ങൾ.
3) സുസ്ഥിരവികസനം– പുനരുപയോഗ ഊർജസ്രോതസുകൾ, കാലാവസ്ഥാവ്യതിയാന പ്രതിരോധം, സ്മാർട്ട് സിറ്റികൾ.
4) ഡിജിറ്റൽ വിപ്ലവം– ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ക്വാണ്ടം കംപ്യൂട്ടിംഗ്, റോബോട്ടിക്സ്, 5ജി നെറ്റ്വർക്ക്.
വിദ്യാർഥികൾക്കും ഗവേഷകർക്കും അവസരങ്ങൾ
ഇന്ത്യയിലെ ഐസർ, ഐഐടി, ഐഐഎസ്സി, ഐഎസ്ആർഒ, സിഎസ്ഐആർ, ഡിആർഡിഒ തുടങ്ങിയ ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങൾ ലോകോത്തര നിലവാരത്തിൽ പ്രവർത്തിക്കുന്നു.
ശാസ്ത്രത്തോടൊപ്പം മുന്നോട്ട്
ശാസ്ത്രം ഒരു ചിന്താഗതി മാത്രമല്ല, അത് ഒരു ജീവിതരീതി കൂടിയാണ്. നവീകരണ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്ന, ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്ന, ഇന്ത്യയുടെ വ്യക്തിഗതവും സാമൂഹികവുമായ പുരോഗതിക്കായി ശാസ്ത്രം പുതിയ വഴികൾ സൃഷ്ടിക്കട്ടെ.
ദേശീയ ശാസ്ത്രദിനം പുതിയ തലമുറയെ ശാസ്ത്രാന്വേഷണത്തിലേക്ക് നയിക്കട്ടെ!
(മാർ ഈവാനിയോസ് ഓട്ടോണമസ് കോളജിലെ രസതന്ത്ര വിഭാഗം മേധാവിയും കോളജിലെ
ഇഗ്നോ സ്റ്റഡിസെന്ററിന്റെ കോ-ഓർഡിനേറ്ററും രസതന്ത്രത്തിൽ മൂന്ന് അന്താരാഷ്ട്ര പേറ്റന്റുകളുടെ ഉപജ്ഞാതാവും കൂടിയാണ് ലേഖകൻ.)