ആറളം: വിലയ്ക്കുവാങ്ങിയ ദുരന്തം
Thursday, February 27, 2025 1:39 AM IST
സിജുമോൻ ഫ്രാൻസിസ്
വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വാർത്തയല്ലാതാകുന്നു എന്നുള്ളതാണു പരിതാപകരം. മനുഷ്യനു ഭയംകൂടാതെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. പക്ഷേ, വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ട മനുഷ്യരുടെ വിലാപയാത്ര നാളെ കൊല്ലപ്പെടാനിരിക്കുന്നവരുടെ വിലാപമായി തിരിച്ചറിയുന്പോൾ ഭീതിയുടെ വലയം നമ്മെ പൊതിയുന്നു. ആ വിലാപം, സംരക്ഷിക്കപ്പെടാൻ നിയമപരമായി അവകാശമുള്ള ആദിവാസി-ഗോത്ര വിഭാഗക്കാരുടേതാകുമ്പോൾ സമൂഹത്തിന്റെ ഉത്തരവാദിത്വവും കൂടുന്നു.
കണ്ണീർ ഉണങ്ങാതെ ആറളം
ആറളം ഫാമിൽ 23ന് വനംവകുപ്പിന്റെ ദ്രുതകർമസേനയുടെ (RRT) ഓഫീസിനു തൊട്ടടുത്തുവച്ച് വെള്ളിയും (80) ഭാര്യ ലീലയും (75) കാട്ടാനക്കലിക്ക് ഇരയായപ്പോൾ അവിടെ അണപൊട്ടിയൊഴുകിയ വികാരം മുന്പു സംഭവിച്ചതിന്റെ ആവർത്തനമായിരുന്നു. ഇത്തരം അണപൊട്ടലുകൾ അധികാരികളെ സ്പർശിക്കുന്നേയില്ലെന്ന കാര്യം രാത്രിയിൽ ആറളം സന്ദർശിച്ച വനംമന്ത്രിയുടെ മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാമായിരുന്നു. 2023 മാർച്ച് 17ന് ആറളം ഫാമിൽ സമാനരീതിയിൽ രഘു കൊല്ലപ്പെട്ടപ്പോൾ ഇടതുമുന്നണി യോഗം ചേർന്നെന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനകമ്മിറ്റി അംഗം പി. കെ. ശ്രീമതി ആറളം സന്ദർശിക്കുമെന്നും ഇനിയുമൊരു രക്തസാക്ഷിയും അവിടെ ഉണ്ടാവില്ലെന്നും അറിയിപ്പു വന്നിരുന്നു. അന്നും ഇന്നും ഒരേ വനംമന്ത്രി തന്നെ. എന്നിട്ടും ദുരന്തം ആവർത്തിക്കുന്നു.
ദുരന്തത്തിന്റെ ഉത്തരവാദികൾ
2003 ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഇടപെട്ട് കേന്ദ്രസർക്കാരിൽനിന്ന് 42 കോടി രൂപയ്ക്കു വാങ്ങിയതാണ് ആറളത്ത് 7,500 ഏക്കർ ഭൂമി. അതിൽ 4,000 ഏക്കർ ഭൂമി ഫാമിനായി നീക്കിവച്ചു. 3,335 ആദിവാസി കുടുംബങ്ങൾക്കായി 3,500 ഏക്കർ ഭൂമി വിതരണം ചെയ്തു. ഇതിൽ 1,717 കുടുംബം മാത്രമാണ് അവശേഷിക്കുന്നത്. മറ്റുള്ളവർ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു എന്നു പറയുന്നതാകും ശരി. ഇക്കാലത്തുതന്നെ ഇടുക്കി ജില്ലയിലെ മതികെട്ടാനിലും ആദിവാസികൾക്ക് ഭൂമി അനുവദിച്ചിരുന്നു. പിന്നീട് ചിന്നക്കനാൽ അടക്കമുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കൊന്നുതള്ളിയവരുടെ കണക്ക് ഞെട്ടിക്കുന്നതാണ്.
2014 മുതൽ ആറളത്ത് ആകെ 16 പേർ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ അതിൽ മൂന്നു മരണം മാത്രമാണ് ഫാമിനു പുറത്തു നടന്നിട്ടുള്ളത്. പതിനാലും ഫാമിനകത്തെ ആദിവാസി ഗോത്ര സമുദായങ്ങളിൽപ്പെട്ടവർ. സർക്കാർ കൊടുത്ത ഭൂമിയിൽ ആദിവാസികൾ തെങ്ങും കമുകും വാഴയും കശുമാവും കുരുമുളകും റബറുമൊക്കെ കൃഷിചെയ്തു തുടങ്ങിയതോടെ കാട്ടിൽ പട്ടിണികിടന്നിരുന്ന വന്യമൃഗങ്ങൾ കൂട്ടത്തോടെ ആറളത്തേക്കു പോന്നു.
പാളിപ്പോയ പ്രതിരോധ സംവിധാനങ്ങൾ
ഓരോ മരണം നടക്കുമ്പോഴും “ദാ വരുന്നു ആനമതിൽ” എന്ന പ്രഖ്യാപനവും പിറകെ ഉണ്ടാകും. 2023 സെപ്റ്റംബറിൽ 56 കോടി രൂപയ്ക്ക് 13 കിലോമീറ്റർ ആനമതിൽ പണിയാൻ ടെൻഡർ കൊടുത്തെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല.
ആനമതില് പാതിവഴിയിൽ എത്തിയപ്പോൾ വനംവകുപ്പ് ‘ഓപറേഷന് എലിഫന്റ്’ പദ്ധതി നടപ്പാക്കി ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഓടിച്ചുവിട്ട ആനകളുടെ കൂട്ടത്തിൽ ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കൂടുതൽ ആനകൾ എത്തിയതായിരുന്നു പരിണതഫലം. ആദിവാസികളെ അനുനയിപ്പിക്കുകയായിരുന്നു അതുകൊണ്ട് സർക്കാർ ഉദ്ദേശിച്ചത് എന്ന് അവർ അന്നേ മനസിലാക്കിയിരുന്നു.
കഴിഞ്ഞവർഷം ഫാമിലെ ചെത്ത് തൊഴിലാളിയായ രാഘവൻ താഴെനിന്നിരുന്ന കാട്ടാനയിൽനിന്നു രക്ഷപ്പെടാൻ കൂടെയുള്ള തൊഴിലാളികൾ പടക്കം പൊട്ടിച്ച് ആനയെ ഓടിക്കുന്നതുവരെ തെങ്ങിൽത്തന്നെ ഇരിക്കേണ്ടിവന്നു. ജനവാസമേഖലയിൽ കൂടി കുട്ടിയാനകളടക്കം ചെറുതും വലുതുമായി തൊണ്ണൂറോളം ആനകളാണു കറങ്ങിനടക്കുന്നത്. അതിനിടയിലേക്കാണു സർക്കാർ ഈ സാധുക്കളെ കുടിയിരുത്തിയത്. ബലികൊടുത്തു എന്നുപറയുന്നതായിരിക്കും കൂടുതൽ ശരിയായ വാക്ക്.
കൊളോസിയത്തെ വെല്ലുന്ന മനുഷ്യക്കുരുതി
പുരാതന റോമിലെ കൊളോസിയത്തിൽ ക്രൂരമൃഗങ്ങളും കൊടുംകുറ്റവാളികളുമായി മരണംവരെ ഏറ്റുമുട്ടാൻ വിധിക്കപ്പെട്ട ഗ്ലാഡിയേറ്റർമാരെക്കുറിച്ചു നമ്മൾ കേട്ടിട്ടുണ്ട്. 2003ൽ ആറളത്ത് തുറന്ന ‘കേരള മോഡൽ കൊളോസിയത്തിൽ’ വന്യമൃഗങ്ങൾ സാധാരണക്കാരായ ‘ഗ്ലാഡിയേറ്റർ’മാരെ കൊന്നുതള്ളുന്നത് അധികാരികളുടെ പിടിപ്പുകേടിന്റെ പരിണതഫലമായിരുന്നു.
റോമിലെ കൊളോസിയത്തിൽ കത്തിച്ചുകളഞ്ഞ രക്തസാക്ഷികളും ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷെ ഇവിടെ കടുത്ത പരിസ്ഥിതിവാദത്തിന്റെ ഇരകളായി ബലികഴിക്കപ്പെടുന്നവരാരും ചരിത്രത്തിന്റെ ഭാഗംപോലുമാകുന്നില്ല. അവിടെ വിനോദത്തിനായിരുന്നെങ്കിൽ ഇവിടെ വിൽക്കുകയാണെന്ന വ്യത്യാസം കൂടിയുണ്ട്.
ഇനിയും ഇങ്ങനെ എത്രനാൾ ?
കേരള ജനസംഖ്യയിൽ ആദിവാസികൾ 1.5 ശതമാനമാണ്. എന്നാൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ 13 ശതമാനവും ആദിവാസികളാണ്. 2014ൽ മാധവി കൊല്ലപ്പെട്ടത് മുതലാണ് ആറളത്ത് സർക്കാർ സ്പോൺസേർഡ് കൊലപാതകങ്ങൾ ആരംഭിക്കുന്നത്. വെള്ളിയുടെയും, ലീലയുടെയും മരണത്തിനുശേഷം ആറളത്തെത്തിയ വനംമന്ത്രിയോട് നെഞ്ചുപൊട്ടി ഒരു വീട്ടമ്മ ചോദിക്കുന്നത് കേട്ടു, “കൊല്ലപ്പെട്ടവരുടെ ശവശരീരം നടുറോഡിൽ വെച്ച് വിലപേശിയാലേ നിങ്ങളൊക്കെ ഈ വഴി വരത്തുള്ളോ” എന്ന്.
“കാട്ടുപന്നി ചത്തുകിടന്നാൽ ഡിഎഫ്ഒ അടക്കമുള്ളവർ വന്ന് പോസ്റ്റ്മോർട്ടംചെയ്ത് സകല ബഹുമതികളോടെയും ഏറ്റുവാങ്ങിക്കൊണ്ടുപോയി, അതിന്റെ പേരിൽ പാവപ്പെട്ടവന്റെ വീട്ടിൽ അരച്ചുവച്ചിരിക്കുന്ന ചമ്മന്തിപ്പാത്രംവരെ പൊക്കി നോക്കുമല്ലോയെന്ന്”.
അത് ആ സാധുസ്ത്രീയുടെ സ്വാഭാവിക പ്രതികരണം മാത്രമല്ല. കേരളത്തിലെ മലയോരമേഖലയുടെ ശബ്ദമാണ്. അർധരാത്രിയിൽ വന്ന് അധികാരികൾ വീണ്ടുംവീണ്ടും ഓരോരോ വാഗ്ദാനങ്ങൾ കൊടുക്കുമ്പോൾ പിന്നിൽനിന്ന് കേൾക്കുന്നത് ആ നിഷ്കളങ്കരുടെ കൈയടി ശബ്ദമല്ല, അവരുടെ ഹൃദയമിടിപ്പാണ് എന്ന് തിരിച്ചറിയണമെങ്കിൽ അത് കേൾക്കുന്നവർ മിനിമം മനുഷ്യനായിരിക്കണം.
ആദിവാസിക്ഷേമത്തിനായി ഒരു വകുപ്പുതന്നെയുണ്ടു നമുക്ക്. കേന്ദ്രത്തിൽനിന്നും സംസ്ഥാന സർക്കാരിൽനിന്നും ആദിവാസിക്ഷേമത്തിനായി കഴിഞ്ഞകാലങ്ങളിൽ അനുവദിച്ച ഫണ്ട് ഉണ്ടായിരുന്നെങ്കിൽ ഒരു സംസ്ഥാനം തന്നെ അവർക്കു വാങ്ങിക്കൊടുക്കാമായിരുന്നു. പക്ഷെ ആ ഫണ്ടൊക്കെ ആരുടെ ക്ഷേമത്തിനായി വിനിയോഗിച്ചു എന്നുള്ളത് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.