ആപത്തറിഞ്ഞു ലോകം
കരുതലകലുന്ന കടലാഴങ്ങൾ / സിജോ പൈനാടത്ത്
Wednesday, February 26, 2025 11:51 PM IST
“കാലാവസ്ഥാ വ്യതിയാനവും ഖനനവും മൂലം ഞങ്ങളുടെ രാജ്യം പ്രതിസന്ധിയിലാണ്. ഖനനം തുടര്‍ന്നാല്‍ ഞങ്ങളുടെ രാജ്യം അപ്രത്യക്ഷമാകും.” പസഫിക് ദ്വീപ് രാഷ്ട്രമായ നുവാരുവിന്റെ മുന്‍ പ്രസിഡന്റ് കിന്‍സ ക്ലോഡ്മര് (1945-2021) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു നടന്ന ആഗോള ഉച്ചകോടിയില്‍ പറഞ്ഞ വാക്കുകളാണിത്. ഒരുകാലത്തു വന്‍തോതിലുള്ള ഫോസ്ഫേറ്റ് ഖനനത്തിലൂടെ സമ്പദ്വ്യവസ്ഥ ബലപ്പെടുത്തിയ രാജ്യമാണ് നുവാരു. എന്നാല്‍ ഇന്നു ഖനനത്തിലൂടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ കരിനിഴലിലാണ് ആ രാജ്യം.
ആഴക്കടല്‍ ഖനനം കടലിലെ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വലുതാണ്. കടലിന്റെ ഉപരിതലത്തില്‍നിന്ന് ആയിരത്തിലധികം മീറ്റര്‍ താഴെ, കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ചുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ മത്സ്യസമ്പത്തു നശിപ്പിക്കുമെന്ന പഠന റിപ്പോര്‍ട്ടുകളുണ്ട്.
നുവാരു മാത്രമല്ല
ലോകത്തിലെ പല രാജ്യങ്ങളും കടല്‍, ഭൂമി ഖനനത്തിന്റെ കയ്പനുഭവിക്കുന്നവരാണ്. ഇന്തോനേഷ്യ വലിയതോതില്‍ ഖനനം നടക്കുന്ന രാജ്യമാണ്. സിംഗപ്പുര്‍ കമ്പനികള്‍ ഖനനം നടത്തിയ ഇവിടുത്തെ 24 ചെറുദ്വീപുകള്‍ നാമാവശേഷമായ സ്ഥിതിയിലെന്നു പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്തോനേഷ്യയില്‍ കടല്‍ഖനനം നിരോധിച്ചതും ചരിത്രം.
ഓസ്ട്രേലിയയില്‍ കടല്ഖനനത്തിനു ശക്തമായ നിയന്ത്രണങ്ങളുണ്ട്. യുകെ, ന്യൂസിലന്‍ഡ്, മെക്സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങള്‍ കടല്ഖനനത്തിനു കൃത്യമായ നിയന്ത്രണങ്ങളോ നിരോധനമോ വേണമെന്ന നിലപാടു വ്യക്തമാക്കിയിട്ടുമുണ്ട്.
സോളമന് ഐലന്‍ഡ്, മൊറോക്കോ, കരീബിയന്‍ ദ്വീപുകള്‍, ക്വീന്സ്ലാന്ഡ്, കിരിബാറ്റി, നെതര്‍ലന്‍ഡ്സ്, കംബോഡിയ, നോര്‍വേ, ഹംഗറി എന്നീ രാജ്യങ്ങളെല്ലാം മണലിനും വിവിധ ധാതുക്കള്ക്കുമായി കടല്‍ഖനനം നടത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
പാപ്പരായ പാപ്പുവ ന്യൂഗിനിയ
പസഫിക് ദ്വീപുസമൂഹങ്ങള്ക്കിടയിലുള്ള പാപ്പുവ ന്യൂഗിനിയ ലോകത്തില്‍ ആദ്യമായി ആഴക്കടല്‍ ഖനനത്തിന് അനുവാദം നല്കിയ രാജ്യമാണ്. സൊള്വാറ-1 എന്നു പേരിട്ട സള്‍ഫൈഡ് ഖനനപദ്ധതി ആദ്യഘട്ടത്തില്‍ വിജയകരമായിരുന്നെങ്കിലും ഏഴുവര്‍ഷം കഴിഞ്ഞതോടെ ശക്തമായ പ്രതിഷേധവും സാമ്പത്തിക പ്രതിസന്ധിയും വന്നതോടെ നിര്‍ത്തിവച്ചു. കാനഡയിലെ ആഴക്കടല്‍ മൈനിംഗ് കമ്പനിക്കായിരുന്നു പാപ്പുവ ന്യൂഗിനിയയിലെ ഖനന ചുമതല. നഷ്ടത്തിലായതോടെ ഈ കമ്പനി നാടുവിട്ടു.
ഖനനത്തിനെതിരേ ലോകം
പരിസ്ഥിതി സംരക്ഷണ ബോധവത്കരണ രംഗത്തുള്ള ആഗോളസംഘടനയായ ഗ്രീന്‍പീസ് കടല്ഖനനത്തിനെതിരേ ലോകമാകെ പ്രചാരണവും ഒപ്പുശേഖരണവും നടത്തിവരുന്നുണ്ട്. 30.13 ലക്ഷം പേര് ഇതിനകം ഒപ്പുശേഖരണത്തിന്റെ ഭാഗമായി.
ആഴക്കടല്‍ ഖനനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ രാജ്യങ്ങളും സാമൂഹികപ്രവര്‍ത്തകരും സംഘടനകളും രംഗത്തുണ്ട്. വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികളുടെ ഏകോപനസംവിധാനമായ പാര്‍ലമെന്റേറിയന്‍സ് ഫോര്‍ ഗ്ലോബല്‍ ആക്ഷന്‍ (പിജിഎ) കടലിലെ ഖനനത്തിനെതിരേ ലോകമാകെ പ്രചാരണം നടത്തുന്നു. 2022ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന യുഎന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ ആഴക്കടല്‍ ഖനനത്തിനെതിരേ പുതിയ സംഘടന രൂപീകരിച്ചതും അടുത്തകാലത്തെ ഖനന പ്രതിരോധ മുന്നേറ്റങ്ങളില്‍ എടുത്തുപറയേണ്ടതാണ്.
സമുദ്രവും സമുദ്രവിഭവങ്ങളും സംരക്ഷിക്കാനുള്ള ആഗോള ഉടമ്പടിയില്‍ ഇന്ത്യ ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളെല്ലാം ഒപ്പുവച്ചിട്ടുണ്ട്. 2030നു മുമ്പ് സമുദ്രത്തിന്റെ മുപ്പതു ശതമാനം സംരക്ഷിതമേഖലയായി നിലനിര്‍ത്തുമെന്ന നിര്‍ണായകമായ തീരുമാനവും ഇതിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കടല്‍ഖനന നീക്കങ്ങള്‍ സമുദ്രസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
(തുടരും)
ആവാസം അനിശ്ചിതത്വം
ആഴക്കടല്‍ ഖനനത്തെക്കുറിച്ചു പഠനം നടത്തിയ വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ നിരീക്ഷണം ഇങ്ങനെ- “വിശിഷ്ടമായ ലക്ഷക്കണക്കിനു ജൈവവൈവിധ്യങ്ങളുടെ നിലനില്‍പ്പിനെയും കടലിന്റെ ആവാസവ്യവസ്ഥയെയും ആഴക്കടല്ഖനനം ദോഷകരമായി ബാധിക്കും. ആഴക്കടല്ഖനനത്തിനുപയോഗിക്കുന്ന കൂറ്റന്‍ യന്ത്രങ്ങളും അതില്‍നിന്നു പുറന്തള്ളുന്ന മാലിന്യവും ജൈവവൈവിധ്യത്തെ നശിപ്പിക്കും. വര്‍ഷങ്ങളായി ബാഹ്യ ഇടപെടലുകളില്ലാതെ തുടരുന്ന ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം സൂക്ഷ്മജീവികളെയും സസ്യങ്ങളെയും മത്സ്യങ്ങളെയും മാത്രമല്ല, കടലിലെ തിമിംഗലം പോലുള്ള വലുപ്പമേറിയ ജീവികളുടെയും നിലനിലനില്പ്പിനു ഭീഷണിയാണ്.”
ഖനനം ഇങ്ങനെ
കൂറ്റന്‍ ഡ്രഡ്ജറുകളില്നിന്നു കടലിന്റെ അടിത്തട്ടില്‍ കുഴിക്കാനാകുന്ന വലിയ യന്ത്രങ്ങള്‍ എത്തിക്കുന്നു. കടലടിത്തട്ടിലെ ധാതുക്കള്‍ മാത്രമല്ല, കല്ലുകള്‍, മാലിന്യങ്ങള്‍, മത്സ്യക്കുഞ്ഞുങ്ങള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം യന്ത്രത്തിന്റെ നീരാളിക്കൈകളിലൂടെ മുകളിലേക്ക്.
ഖനനം ചെയ്തെടുക്കുന്നവ കിലോമീറ്ററുകളോളം വിപുലമായ ട്യൂബ് സംവിധാനത്തിലൂടെ കടലില്‍തന്നെ നങ്കൂരമിട്ടിട്ടുള്ള കപ്പലിലേക്കു പമ്പ് ചെയ്യും. കപ്പലിലെ സംസ്കരണ സംവിധാനങ്ങളിലൂടെ കടത്തിവിടുന്ന ഇവയില്‍നിന്ന് ആവശ്യമുള്ളവ മാത്രം ശേഖരിച്ചു മറ്റുള്ളവ തിരിച്ചു കടലിലേക്കു പമ്പ്ചെയ്തു വിടുന്നു.
തീറെഴുതരുത്, കടല്‍
കോടികളുടെ ലാഭത്തില്‍ കണ്ണുംനട്ടു, കോര്‍പറേറ്റുകള്‍ക്കു കടലിനെ തീറെഴുതി നല്‍കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപലപനീയമാണ്.
കടലിന്റെ സ്വാഭാവികതയ്ക്കു തുരങ്കം വയ്ക്കുന്നതാണു പദ്ധതി. ബ്ലൂ ഇക്കോണമി എന്ന അന്താരാഷ്ട്ര സുസ്ഥിര വികസന ആശയത്തെ താത്കാലിക കാര്യലാഭത്തിനായി ദുരുപയോഗിക്കാനാണു നീക്കം. കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിയുടെ സന്തുലിതാവസ്ഥയെത്തന്നെ ദോഷകരമായി ബാധിക്കും. ലോകം മുഴുവന്‍ ഗൗരവമായി ചിന്തിക്കുന്ന ഒരു വലിയ ഭീഷണിയെ ഇന്ത്യയിലെ സര്‍ക്കാര്‍ നിസാരവത്കരിക്കുന്നതു രാജ്യത്തിന് അപമാനകരമാണ്.
നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന മത്സ്യത്തൊഴിലാളികളും തീരദേശവാസികളും മാത്രമല്ല, കടലിന്റെ ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന സകലരും കടല്‍ഖനന നീക്കത്തിന്റെ ഇരകളാകും. അതിനാല്‍, അശാസ്ത്രീയമായ ഈ നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ നിരുപാധികം പിന്‍വാങ്ങണം. വിഷയത്തില്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്ന തീരദേശവാസികള്‍ക്ക് ഐക്യദാര്‍ഢ്യം.
-ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്
(ചെയര്മാന്, കെസിബിസി ജാഗ്രത കമ്മീഷന്)
കടലിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്നം
കടലിലെ മണല്‍ഖനനം സമുദ്രജലപ്രവാഹത്തിന്റെ ഗതിയെയും നീരൊഴുക്കിനെയും വേലിയേറ്റം, വേലിയിറക്കം എന്നീ കടല്‍ പ്രതിഭാസങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം. കടല്‍വെള്ളം കലങ്ങി വലിയതോതില്‍ കടലിന്റെ അടിത്തട്ടിന്റെ രൂപഭാവങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നത്, അവിടുത്തെ ജീവജാലങ്ങളുടെ ആവാസത്തെ തടസപ്പെടുത്തും.
-ഡോ. ബി. മധുസൂദനക്കുറുപ്പ്
(കേരള യൂണിവേഴ്സിറ്റി ഫോര്‍ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സ്ഥാപക വൈസ് ചാന്‍സലര്‍)
ആ മണല്‍ ശുദ്ധീകരിക്കാന്‍ വെള്ളം എവിടെ?
കടലിലെ മണല്‍ ഖനനം പരിസ്ഥിതിക്കു ദുരിതമാകും. ഖനനം ചെയ്തെടുക്കുന്ന മണല്‍ ശുദ്ധീകരിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതിക ആഘാതങ്ങള്‍ വേറെയും. ശുദ്ധജലത്തിന് ഏറെ ക്ഷാമമുള്ള തീരദേശമേഖലകളില്‍ മണല്‍ ശുദ്ധീകരിക്കാനായി വലിയ അളവില്‍ ശുദ്ധജലം വേണ്ടിവരും. ആഗോളതാപനവും കാലാവസ്ഥാ പ്രതിസന്ധിയുംമൂലം കടലിലെ ജലനിരപ്പ് ഉയരുന്നതും കടലിന്റെ താപനിലയും അമ്ലതയും വര്‍ധിക്കുന്നതും പ്രകൃതിക്ഷോഭങ്ങളും സമുദ്രതീരങ്ങളില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാലഘട്ടമാണിത്. മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗംതന്നെ തടസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കപ്പെടണം.
-ഡോ. ബാബു ജോസഫ് (ഗാന്ധിയന്‍ കളക്ടീവ് കണ്‍വീനര്‍ )