തനിച്ച്
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, February 26, 2025 11:42 PM IST
തനിച്ചിരിക്കുമ്പോഴാണ് ഓർമിക്കേണ്ടത്. ആരെ എന്ന മറുചോദ്യം തത്കാലം വഴിയിൽ വെയിൽകൊണ്ട് നിൽക്കട്ടെ. തനിച്ചിരിക്കുമ്പോൾ ഓർമിക്കുന്നതെല്ലാം നമുക്ക് പ്രിയപ്പെട്ടതായിരിക്കും. ആൾക്കൂട്ടത്തിലും നമുക്ക് ഓർമകളുണ്ടായിരിക്കും. പക്ഷേ, അപ്പോഴത്തെ ഓർമകൾക്കൊന്നും ഒരു ഭംഗിയുമുണ്ടാകില്ല. ഗ്രീഷ്മാകാശത്തിലെ വിളറിയ മേഘം പോലെയാകും ആ ഓർമകൾ.
അല്ലെങ്കിൽ നിശാരംഭത്തിലെ അശാന്തതപോലെ വിറങ്ങലിച്ച ഒന്ന്. ഉള്ളംകൈയിലെ ചെറിയചെറിയ രേഖകൾപോലെ നാമതു കണ്ടുതുടങ്ങുമ്പോഴേക്കും മാഞ്ഞുപോകും. അതിന് പൂക്കാലത്തിന്റെ സുഗന്ധഭംഗികളുണ്ടാകില്ല. പക്ഷേ, തനിച്ചിരിക്കുമ്പോൾ ഇളവെയിലിനെപ്പോലെ ഓർമകൾ ഒന്നൊന്നായി പടിപ്പുരകയറി ഉമ്മറത്തു വന്നിരിക്കും. പിന്നെ സല്ലാപമാണ്. കുഞ്ഞിരാമൻ നായരുടെ ഭാഷയിൽ പറഞ്ഞാൽ പൂത്ത മാവിൻ കൊമ്പിൽ കുരുവികൾ വന്നിരിക്കുമ്പോഴുള്ള അമരസല്ലാപം. ഒരർഥത്തിൽ അതാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. “ഒരാൾക്ക് തനിച്ചിരിക്കാനായില്ലെങ്കിൽ അയാൾ ജീവിച്ചിരുന്നു എന്നു പറയുന്നതിൽ അർഥമില്ല” എന്ന് എഴുത്തുകാരൻ മാർക്ക്ട്വൈൻ എഴുതിയിട്ടുണ്ട്. ഈ തനിച്ചിരിപ്പ് ഒരു കവിതയാണ്. അതെഴുതുമ്പോൾ മാത്രമല്ല; തനിച്ചിരിക്കുന്ന എല്ലാവരും കവിതയായി മാറിക്കൊണ്ടിരിക്കുകയാണ്.
കെ.പി. അപ്പൻ സാറിന്റെ ആത്മകഥയുടെ പേര് ‘തനിച്ചിരിക്കുമ്പോൾ ഓർമിക്കുന്നത്’ എന്നാണ്. ഒരിക്കൽ ഒരുച്ചകഴിഞ്ഞ നേരത്ത് ഞാനദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. പലതും മിണ്ടിപ്പറഞ്ഞ കൂട്ടത്തിൽ ആത്മകഥാ നാമത്തിലേക്ക് സാർ എത്തിച്ചേർന്നതെങ്ങനെയെന്നു ചോദിച്ചു. സാർ ചിരിച്ചു. “ഇതിന്റെപേരിൽ ഒരുപാട് പേരെന്നെ ചോദ്യംചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തനിച്ചിരുന്നപ്പോഴാണ് ഞാനിത് എഴുതാൻ തുടങ്ങിയത്. എഴുതിയതെല്ലാം ഓർമകളാണ്. അപ്പോൾ ഈ ഓർമകളെല്ലാം കൂട്ടിക്കെട്ടുമ്പോൾ ഇതെല്ലാതെ ഞാനെന്തു പേരിടും.” ഞാൻ ഡി. വിനയചന്ദ്രൻ സാറിന്റെ “കാടിനു ഞാനെന്തു പേരിടും കാട്ടിലെ കൂട്ടുകാർക്കെന്തു പേരിടും” എന്നു ചൊല്ലി. “ഒരു പേരു നശ്വരതയിൽ വിതയ്ക്കപ്പെടുകയും അനശ്വരതയിൽ ഉയിർക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്.” സാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
തനിച്ചിരുന്നപ്പോഴാണു തനിക്കു ഭ്രാന്തുപിടിച്ചതെന്ന് ബഷീർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ആ ഭ്രാന്ത് ബഷീറിനെ വിശുദ്ധനാക്കിത്തീർക്കുകയാണ് ചെയ്തത്. ആൾക്കൂട്ടങ്ങൾക്കിടയിൽനിന്നു നിമിഷനേരംകൊണ്ട് മനസിനെ അപ്രത്യക്ഷമാക്കാനും അതേനിമിഷം അവർക്കിടയിൽ തനിച്ചിരിക്കാനും ബഷീറിനു കഴിഞ്ഞിരുന്നു. മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ആരാധകർക്കു നടുവിൽ തനിച്ചിരിക്കുന്ന ബഷീറിനെ എത്രയെത്ര ഫോട്ടോകളിലാണു നാം കണ്ടിട്ടുള്ളത്.
ബഷീറിനെപ്പോലെ ജീവിതത്തിലുടനീളം തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ട ഒരെഴുത്തുകാരനാണ് എം. സുകുമാരൻ. സുകുമാരൻ നിശബ്ദനായിരുന്നു. തിരുവനന്തപുരത്തെ പഠനകാലങ്ങളിൽ ഇടയ്ക്കിടെ ഞാൻ സുകുമാരനെ ഫ്ലാറ്റിൽ പോയി കണ്ടിട്ടുണ്ട്. ഒരിക്കൽ കവി അയ്യപ്പനുമൊത്താണ് പോയത്. ഒന്നു ചിരിക്കും. ഒന്നു മിണ്ടും. നമ്മുടെ വാക്കുകൾക്കു വേണ്ടി കാതോർക്കും.
നമ്മുടെ മിണ്ടലുകളിൽ ചോദ്യങ്ങളുണ്ടെങ്കിൽ നിരായുധനെപ്പോലെ ഒഴിഞ്ഞുമാറും. ഒരിക്കൽ അദ്ദേഹം പറഞ്ഞു “യുദ്ധം ചെയ്യാനും കാണാനും സഞ്ജയനെപ്പോലെ വർണിക്കാനും താത്പര്യമില്ല” എന്ന്. ജന്മസിദ്ധമായ ഒരന്തർമുഖത്വം അദ്ദേഹത്തിനുണ്ടായിരുന്നു. അതു കവിതപോലെ ഭംഗിയുള്ള ഒന്നായിരുന്നു. ആൾക്കൂട്ടത്തിനു നടുവിൽ ഒരു കസേര വലിച്ചിട്ടിരിക്കാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹം മുഴുവൻ തനിച്ചിരിക്കാനായിരുന്നു.
സുകുമാരൻ കടന്നുപോയപ്പോൾ ഞാനിതെല്ലാം വീണ്ടും ഓർത്തു. തനിച്ചിരുന്നു തനിച്ചിരുന്ന് സുകുമാരൻ സൃഷ്ടിച്ച വാക്കുകൾക്കു കലാപങ്ങളുടെ ആരവമുണ്ടായിരുന്നു. സ്വയം കുത്തിമുറിവേൽപ്പിക്കുമ്പോൾ കിട്ടുന്ന സുഖം മറ്റൊരാൾ സൃഷ്ടിക്കുന്ന മുറിവിൽനിന്നു ലഭിക്കുന്നില്ല എന്ന് പറയാറുള്ളതുപോലെ സുകുമാരൻ തനിച്ചിരുന്നപ്പോഴെല്ലാം എഴുത്തിലൂടെ കുത്തി സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ആ മുറിവുകളാണ് ഇന്നും ഉണങ്ങാതെ നിൽക്കുന്ന അദ്ദേഹത്തിന്റെ കഥകൾ.
മനുഷ്യനെ ഏറെക്കുറെ തനിച്ചാക്കിയ ശേഷമേ മരണം വന്ന് വിളിക്കാറുള്ളൂ എന്നു പറയാറുണ്ട്.തന്റെ അവസാനകാലത്ത് സിഗ്മണ്ട് ഫ്രോയ്ഡ് അനുഭവിച്ച ഏകാന്തത മരണതുല്യമായിരുന്നു. തനിച്ചിരിക്കാൻ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു ഫ്രോയ്ഡ്. തനിച്ചിരിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് അഭികാമ്യം എന്നൊരിക്കൽ അദ്ദേഹം എഴുതി. കടുത്ത അർബുദം ഫ്രോയ്ഡിനെ നിശബ്ദനാക്കി. വായിലായിരുന്നു അർബുദം. ചുരുട്ട് വലിക്കാനാകുന്നില്ല. സുഹൃത്തുക്കളെ കാണാനോ മിണ്ടാനോ ആകുന്നില്ല. കടുത്ത വേദന. ഒന്നും വായിക്കാനാകുന്നില്ല. എങ്കിലും ഒരു പുസ്തകം വായിക്കാനെടുത്തു. ബൽസാക്കിന്റെ ‘ The Wild Ass’s Skin’. അതിലെ വിഖ്യാതമായ തൊലിയുടെ അവസ്ഥ തനിക്കും ചേരുമെന്നു പറഞ്ഞു സ്വയം ചിരിക്കാൻ ശ്രമിച്ചെങ്കിലും ചിരിക്കാനായില്ല.
അടച്ചിട്ട മുറിയിലെ തനിച്ചിരിപ്പ് കൊടുംശൈത്യത്തിനു നടുവിൽ ചെന്നുപെട്ട നഗ്നമനുഷ്യനെപ്പോലെയാണെന്ന് ഫ്രോയ്ഡ് എഴുതി. ഒടുവിൽ ഡോക്ടറെ നിർബന്ധിച്ച് മോർഫിൻ അമിതമായി കുത്തിവയ്പ്പിച്ചു തനിച്ചിരിപ്പിൽനിന്ന് ഫ്രോയ്ഡ് എന്നെന്നേക്കുമായി രക്ഷപ്പെടുകയായിരുന്നു.
തനിച്ചിരിക്കുമ്പോഴാണു സ്വർഗം നരകമാകുന്നതും നരകം സ്വർഗമാകുന്നതും. അത് അറിഞ്ഞതിൽനിന്നുള്ള മോചനം കൂടിയാണ്.