ബ്രാൻഡ് കേരള: അതിവേഗം വിജയകരമായ കുതിപ്പോ?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Wednesday, February 26, 2025 12:07 AM IST
കഴിഞ്ഞ ശനിയാഴ്ച അവസാനിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷപക ഉച്ചകോടി 2025, നിക്ഷേപകരിൽനിന്നു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഭാവി, വികസനം, ക്ഷേമം എന്നിവ പുനർനിർവചിക്കുമോ? അങ്ങനെ വിചാരിക്കുന്നവരേറെയുണ്ട്. നിക്ഷേപകസംഗമത്തിന് അരങ്ങൊരുക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത വ്യവസായമന്ത്രി പി. രാജീവ് സ്വയം അഭിനന്ദിച്ചുകൊണ്ടു പറഞ്ഞത് ഇത് ഐക്യകേരളത്തിന്റെ പുതിയ തുടക്കമാണെന്നാണ്. അനുകൂലമായ നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഉച്ചകോടിക്കു പ്രതിപക്ഷത്തുനിന്നും നിക്ഷേപകരിൽനിന്നും മാധ്യമങ്ങളിൽനിന്നും ബഹുജനങ്ങളിൽനിന്നും സമ്പൂർണ പിന്തുണ ലഭിച്ചു എന്നതിൽ തർക്കമില്ല. കേരളത്തിലെ ഒരു അപൂർവ സന്ദർഭം. ഒരു പുതിയ കാലാവസ്ഥ. ഒരുപക്ഷേ, നീണ്ട വർഷങ്ങളിലെ മോശം വളർച്ചാനിരക്ക്, തൊഴിലവസരങ്ങളുടെ അഭാവം, നിക്ഷേപത്തിന്റെ അപകടസാധ്യത എന്നിവ ബിസിനസ് സ്ഥാപനങ്ങളെ ദീർഘവും സുരക്ഷിതവുമായ അകലത്തിൽ മാറ്റിനിർത്തുന്നത് എല്ലാവരുടെയും ചിന്താഗതി മാറുന്നതിനു കാരണമായിട്ടുണ്ടാകും. എന്നാൽ, ഏറ്റവും ശ്രദ്ധേയമായ വസ്തുത, സംസ്ഥാനം മൊത്തത്തിൽ പണിമുടക്കുകളിൽനിന്നും തൊഴിൽ അസ്വസ്ഥതകളിൽനിന്നും അകന്നുനിന്നത് ഇതുമായി ബന്ധപ്പെട്ടവരെ വികസനത്തിനായി പ്രവർത്തിക്കാനും തൊഴിലില്ലായ്മ അവസാനിപ്പിക്കാനും വികസനപാതയിൽ നിലയുറപ്പിക്കാനും പ്രേരിപ്പിച്ചു എന്നതാണ്. കമ്യൂണിസ്റ്റുകാർപോലും പൂർണഹൃദയത്തോടെ മാറ്റത്തിനായി സ്വയം സമർപ്പിച്ചു.
മാറ്റത്തിന്റെ പ്രതിഫലനം
പുതിയ കാലാവസ്ഥയുടെ കാരണങ്ങൾ എന്തായിരുന്നാലും, പുതിയ മാറ്റത്തെക്കുറിച്ച് സമാപനപ്രസംഗത്തിൽ പി. രാജീവ് അവതരിപ്പിച്ച വസ്തുതകൾ സന്തോഷത്തിന്റെയും സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും പ്രതിഫലനമായിരുന്നു. രാജീവ്, എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “വൈവിധ്യവത്കരണം, പുനർനിക്ഷേപം എന്നിവയിൽ 374 കന്പനികൾ താത്പര്യം പ്രകടിപ്പിക്കുകയും 1,52,905.67 കോടി രൂപയുടെ ഏകീകൃതനിക്ഷേപം കൊണ്ടുവരുന്ന ഇഒഎൽ സമർപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ, 60,000 അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന, 8,500 കോടി രൂപയുടെ അധികനിക്ഷേപത്തിലൂടെ സംസ്ഥാനത്തെ പ്രവർത്തനം വിപുലീകരിക്കാൻ 24 ഐടി കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചു.” പലർക്കും ഇത് അവിശ്വസനീയമായിരുന്നു.
നിക്ഷേപകരുടെ നിലപാടുമാറ്റം
കേരളത്തിൽ നിക്ഷേപത്തിനു താത്പര്യം പ്രകടിപ്പിച്ചവരുടെ പട്ടികയിലും സംസ്ഥാനത്തോടുള്ള നിക്ഷേപകരുടെ നിലപാടുമാറ്റമാണു പ്രതിഫലിച്ചത്. അതെ, മനോഭാവത്തിൽ മാറ്റം കാണിക്കുന്ന കേരളത്തിലെ പുതിയ സാഹചര്യത്തിൽ ആത്മവിശ്വാസവും പ്രതീക്ഷയും ഉരുത്തിരിഞ്ഞിരിക്കുന്നു. നിക്ഷേപകരെ നോക്കൂ: കരൺ അദാനി 30,000 കോടി രൂപ, ഹൈലൈറ്റ് ഗ്രൂപ്പ് 10,000 കോടി രൂപ, ലുലു ഗ്രൂപ്പ്, മൊണാർക്ക് സർവേയേഴ്സ് ആൻഡ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ലിമിറ്റഡ്, ഷറഫ് ഗ്രൂപ്പ്, ടോഫി പത്തനംതിട്ട ഇൻഫ്രാ ഗ്രൂപ്പ് എന്നിവ 5,000 കോടി രൂപ വീതം. കൂടാതെ, ശ്രീ അവന്തിക ഇന്റർനാഷണൽ ഗ്രൂപ്പ് 4,300 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറി ഹോൾഡിംഗ്സ് 4,000 കോടി രൂപ, എൻആർജി കോർപറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 3,600 കോടി, പ്രസ്റ്റീജ് 3,000 കോടി എന്നിവ വേറെയും.
നല്ല ഉത്പന്നങ്ങളും നല്ല വിപണിസാധ്യതയും അല്ലെങ്കിൽ അതിനുള്ള സംഭാവ്യതയും ഉപയോഗിച്ച് നല്ല സംഘാടനവും കൈകാര്യവുമുണ്ടായാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, ഒരുപക്ഷേ വിദേശത്തുനിന്നുപോലും കൂടുതൽ നിക്ഷേപകർ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കൂടുതലും, സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് ഒരു കേരള ബ്രാൻഡ് ഉറപ്പാക്കുന്നതിന് വളരെ നേരത്തേതന്നെ നടത്തുന്ന ആസൂത്രണത്തെയും തയാറെടുപ്പിനെയും ആശ്രയിച്ചിരിക്കും.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചില തയാറെടുപ്പുകൾ നടത്തുന്നതായാണ് പി. രാജീവിന്റെ പ്രസ്താവനകളിൽനിന്ന് തോന്നുന്നത്. ഫെബ്രുവരി 22ന് നടത്തിയ പ്രസംഗത്തിൽ പി. രാജീവ് പറഞ്ഞു: “ഞങ്ങൾ യാഥാർഥ്യബോധമുള്ള ഇഒഎൽ-ലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച ഓരോ ഇഒഎലിനും ഞങ്ങൾ ഒരു ഫാസ്റ്റ്ട്രാക്ക് സംവിധാനം സ്ഥാപിക്കും. നാളെ മുതൽ തന്നെ ഇതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങും. അവ എപ്പോൾ ആരംഭിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി അവയെ തരംതിരിക്കും - ആറു മാസം, ഒരു വർഷം, രണ്ടു വർഷം എന്നിങ്ങനെ. കൂടാതെ, ഇഒഎലുകളുടെ ഫോളോ അപ്പിനായി ഞങ്ങൾ ഒരു പ്രത്യേക ഡാഷ്ബോർഡ് രൂപീകരിക്കും.”
കേരള ബ്രാൻഡ് സൃഷ്ടിക്കുക
വർഷംതോറും ലാഭകരമായ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിപണിയിൽ നല്ല ഉത്പന്നങ്ങളുമായെത്തുന്ന സ്വകാര്യമേഖലാ കന്പനികളുമായി മത്സരിച്ച് കേരള ബ്രാൻഡ് സൃഷ്ടിക്കുക എന്നതായിരിക്കണം വഴികാട്ടിയാകേണ്ടത്. നഷ്ടം നികത്താൻ ആരുമുണ്ടാകില്ല. ദേശീയ-അന്തർദേശീയ കമ്പനികളെ വെല്ലുന്ന കാര്യക്ഷമമായ മാനേജ്മെന്റിലൂടെ അവർ നന്നായി പ്രവർത്തിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാകുകയും പൊതുജനങ്ങളിൽനിന്ന് വിവിധ രൂപങ്ങളിൽ പിരിച്ചെടുക്കുന്ന ഫണ്ടിൽനിന്ന് നഷ്ടം എഴുതിത്തള്ളുകയും ചെയ്യുന്നതുപോലെയല്ല. കേരള ബ്രാൻഡ് കെട്ടിപ്പടുക്കാൻ സ്വകാര്യമേഖലയിലെ പരിചയസമ്പന്നരായ മാനേജ്മെന്റ് വിദഗ്ധരുടെ പരിശ്രമം ആവശ്യമാണ്. നിക്ഷേപകരെ തെരഞ്ഞെടുക്കാനുള്ള അനുമതി പരിഗണിക്കുമ്പോൾപോലും കേരള ബ്രാൻഡ് ലക്ഷ്യം നിർണായക ഘടകങ്ങളിലൊന്നായിരിക്കണം.
മുൻകാലങ്ങളിലെ അത്ര സുഖകരമല്ലാത്ത അനുഭവങ്ങളിൽനിന്നു വ്യത്യസ്തമായി കേരളമൊന്നാകെ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ആ സവിശേഷ ഘടകം വിജയിച്ചേ തീരൂ. മുൻകാല അനുഭവം എന്നാൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തിലെ അന്യായമായ വിവേചനത്തിനപ്പുറം, ഉന്നത ഉദ്യോഗസ്ഥർക്ക് അന്യായവും വിവേചനപരവുമായ ശമ്പള പാക്കേജും ആശാ വർക്കർമാരെപ്പോലെ താഴെത്തട്ടിലുള്ളവർക്ക് ദയനീയമായ പ്രതിഫലവും എന്ന അവസ്ഥയുംകൂടിയാണ്. രാഷ്ട്രീയ പരിഗണനയില്ലാതെ കേരളത്തിനാകമാനം ഗുണകരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നോർമിക്കണം.
ഏറെ പ്രതീക്ഷയോടെ കേരളം മുഴുവൻ പിന്തുണയ്ക്കുകയും നന്നായി പ്രവർത്തിക്കുന്ന നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഈ ആശയത്തോടൊപ്പം നിൽക്കുകയും ചെയ്യുന്പോൾ ‘ബ്രാൻഡ് കേരള’യ്ക്കു വളരെ വേഗത്തിലും വിജയകരമായും മുന്നേറാൻ കഴിയും. ഇനി അതിന്റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരും, വിശേഷിച്ച് വ്യവസായ വകുപ്പുമാണ്. ചുവപ്പുനാടയെയും തീപ്പൊരി ചുവപ്പിനെയും അവഗണിക്കാനും മുന്നോട്ടു പോകാനും ആശയങ്ങളും ദൃഢനിശ്ചയവുമുള്ള നേതാവായ പി. രാജീവ്, എല്ലാ വശങ്ങളിൽനിന്നുമുള്ള അദ്ഭുതകരമായ പിന്തുണ പ്രയോജനപ്പെടുത്തി, ഒരു പുതിയ വാഗ്ദത്ത കേരളം കെട്ടിപ്പടുക്കാനും ഒരു ‘ബ്രാൻഡ് കേരള’ സൃഷ്ടിക്കാനും ബാധ്യസ്ഥനാണ്. അല്പം മൃദുവായി, തമാശരൂപത്തിൽ പറഞ്ഞാൽ, കോൺഗ്രസ് പാർട്ടിയിലെ അനൈക്യം കണക്കിലെടുക്കുന്പോൾ ഈ വഴിക്കുള്ള ഉറച്ചനീക്കം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽപ്പോലും അവർക്ക് ഗുണകരമാകും.