ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ഗാന്ധിജിക്ക് വഴികാട്ടി
ഡോ. ജോസ് മാത്യു
Tuesday, February 25, 2025 12:26 AM IST
ഇംഗ്ലണ്ടിലെ നിയമപഠനത്തിനിടയിൽ പരിചയപ്പെട്ട സ്നേഹിതനു നൽകിയ വാക്കു പാലിക്കുന്നതിനാണു ഗാന്ധിജി ബൈബിൾ വായിക്കാനും പഠിക്കാനും തുടങ്ങിയത്. യേശുക്രിസ്തുവിന്റെ സ്നേഹവും ക്ഷമാശീലവും കരുണയും ആർക്കും മാപ്പു നൽകുന്നതിനുള്ള സന്നദ്ധതയും സംയമനവും ക്രിസ്തുവിലേക്കു ഗാന്ധിജിയെ ആകർഷിച്ചിരുന്നു. അനുയായികളോടും പിന്തുടർന്നവരോടും തന്റെ ആശയങ്ങൾ പിൻപറ്റാൻ നിരന്തരം ഓർമിപ്പിച്ചിരുന്നതും മറ്റുള്ളവർ എത്ര പരിഹസിച്ചാലും നിന്ദിച്ചാലും കുറ്റപ്പെടുത്തിയാലും ഒരിക്കലും പ്രകോപിതരാകരുതെന്ന് അനുയായികളോട് ആവശ്യപ്പെട്ടിരുന്നതും ഗാന്ധിജിക്ക് ക്രിസ്തുവിനോടുള്ള ആദരവു വർധിക്കുന്നതിനു കാരണമായി.
മലയിലെ പ്രഭാഷണങ്ങൾ
ക്രിസ്തുവിന്റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും, പ്രത്യേകിച്ച് മലയിലെ പ്രസംഗങ്ങൾ ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷത്തിലെ 5, 6, 8 അധ്യായങ്ങൾ തന്റെ ചിന്താധാരയിലേക്ക് പുതിയ പ്രകാശവും വെളിച്ചവും പ്രസരിപ്പിച്ചതായി ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഒരുവൻ തന്റെ വലതുകരണത്തടിച്ചാൽ ഇടതുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന് അരുൾചെയ്ത ക്രിസ്തു പൂർണമനുഷ്യനാണെന്ന് കരുതുന്നതായും ഗാന്ധിജി വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ആശ്രമത്തിന്റെ ചുമരിൽ ക്രിസ്തുവിന്റെ ക്രൂശിതരൂപം ഗാന്ധിജി തൂക്കിയിട്ടിരുന്നു. ക്രിസ്തു ധരിച്ചിരുന്ന അല്പവസ്ത്രം ഗാന്ധിജിയെ ഇരുത്തിച്ചിന്തിപ്പിച്ചിരുന്നു. ഭാരതത്തിലെ സാധാരണ ഗ്രാമവാസികളുടെ വസ്ത്രധാരണത്തെ അതു പ്രതിഫലിപ്പിക്കുന്നതായും ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ക്രിസ്തുമതത്തെപ്പറ്റി ഗഹനമായ പഠനം നടത്തുന്പോഴാണ് ടോൾസ്റ്റോയിയുടെ ‘ദൈവരാജ്യം നിങ്ങളിൽത്തന്നെ’ എന്ന പുസ്തകം ഗാന്ധിജി വായിച്ചത്. ദക്ഷിണാഫ്രിക്കയിൽവച്ചു മതങ്ങളെപ്പറ്റി ഗൗരവതരമായ പഠനം നടത്തുന്നതിനിടെ ഗാന്ധിജിയെ തങ്ങളുടെ മതത്തിലേക്കു പരിവർത്തനം ചെയ്യിക്കാൻ ക്രിസ്ത്യൻ, മുസ്ലിം സുഹൃത്തുക്കൾ പ്രേരണചെലുത്തിയ പശ്ചാത്തലത്തിൽ മതതത്വങ്ങളെയും മതപരിവർത്തനത്തെയും ആത്മസാക്ഷാത്കാരത്തെയും സംബന്ധിച്ച് വിശദീകരണങ്ങളും സംശയനിവൃത്തിയും അഭ്യർഥിച്ചുകൊണ്ട് ഗാന്ധിജി തന്റെ ആചാര്യനായ റെയ്ച്ചൽ ഭായിയുമായി കത്തിടപാടുകൾ നടത്തിയിരുന്നു.
മതസഹിഷ്ണുത
യേശുക്രിസ്തു, ശ്രീബുദ്ധൻ, മുഹമ്മദ് നബി തുടങ്ങിയ ഋഷിവര്യന്മാരും മറ്റു മതങ്ങളിലെ ആചാര്യന്മാരും ചെലുത്തിയ സ്വാധീനവും ഗാന്ധിജി തുറന്ന് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ സ്വാധീനങ്ങളിലൊക്കെ കാണുന്ന സവിശേഷതയുണ്ട്.
സദാ സദ്വിവേകിയായിരുന്ന ഗാന്ധിജി, ആശയങ്ങൾ - അവയുടെ മൂലം ഏതായാലും, ശരി സ്വീകരിക്കുന്നതിൽ നിശിതമായ ത്യാജ്യഗ്രാഹ്യ വിവേചനം പാലിച്ചിരുന്നു. “എന്റെ ഭവനത്തിനു ചുറ്റും മതിലുകൾ കെട്ടുവാനോ അതിന്റെ വാതിലുകളും ജനാലകളും അടച്ചിടുവാനോ ഞാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ പ്രദേശങ്ങളുടെയും സംസ്കാരം എത്രയും സ്വതന്ത്രമായി എന്റെ ഭവനത്തിലെന്പാടും വീശിയടിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, അവയുടെ ആഞ്ഞടിക്കലിൽ പാദങ്ങൾ ഇടറി നിലംപൊത്താൻ ഞാൻ വിസമ്മതിക്കുന്നു. മറ്റുള്ളവരുടെ വീടുകളിൽ വലിഞ്ഞുകയറി ചെല്ലുന്നവനായോ യാചകനായോ അടിമയായോ കഴിയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്.
സത്യഗ്രഹികളുടെ രാജകുമാരൻ
ക്രിസ്തുമതം ഗാന്ധിജിയിൽ ചെലുത്തിയ സ്വാധീനം ഗണ്യവും സ്പഷ്ടമാണ്. ഇംഗ്ലണ്ടിലെ ഗാന്ധിജിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്ന പോളക്കന്റെ ഭാര്യ മില്ലിയോട് ഗാന്ധിജി ഒരവസരത്തിൽ ക്രിസ്തുമതവിശ്വാസിയായി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. ഇവിടെ ക്രിസ്തുമതം എന്നതുകൊണ്ട് അർഥമാക്കുന്നത് യാഥാസ്ഥിക ക്രിസ്തുമതമോ ദൈവശാസ്ത്രമോ അല്ല. പ്രത്യുത, യേശുവിന്റെ ജീവിതവും ഗിരിപ്രഭാഷണത്തിൽകൂടി അദ്ദേഹം നൽകിയ പ്രബോധനങ്ങളുമാണെന്ന് എടുത്തു പറയേണ്ടതുണ്ട്. ക്രിസ്തുമതത്തോടുള്ള കടപ്പാട് ഗാന്ധിജി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സക്രിയസ്നേഹത്തിന്റെ നിയമത്തിന് ക്രിസ്തുമതം നൽകുന്ന പ്രാധാന്യത്തിന്റെ പേരിലാണ് ആ മതത്തോട് തനിക്കു കടപ്പാടും താത്പര്യവുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ലോകം കണ്ടിട്ടുള്ള ശ്രേഷ്ഠന്മാരായ ആധ്യാത്മിക ഗുരുക്കന്മാരുടെ അഗ്രിമസ്ഥാനത്താണ് ഗാന്ധിജി യേശുക്രിസ്തുവിനെ പ്രതിഷ്ഠിച്ചത്. സത്യഗ്രഹികളുടെ രാജകുമാരൻ എന്ന് അദ്ദേഹം ക്രിസ്തുവിനെ വിശേഷിപ്പിച്ചു.
അഹിംസയും കുരിശുമരണവും
ക്രിസ്തുമതം തന്നിൽ ചെലുത്തിയ സ്വാധീനത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കികൊണ്ട് ഗാന്ധിജി ഇപ്രകാരം എഴുതി: “സഹനസമരത്തിന്റെ ശരിയും മൂല്യവും ബോധ്യപ്പെടാൻ പാകത്തിന് എന്റെ ചേതനയെ ഉണർത്തിയത് ബൈബിളിലെ പുതിയ നിയമമാണ്. പ്രത്യേകിച്ചും ഗിരിപ്രഭാഷണത്തിലെ ഈ വാക്യങ്ങൾ ‘തെറ്റു ചെയ്തവനെ വെറുക്കാതെയിരിക്കുക. ആരെങ്കിലും നിന്റെ വലത്തെ ചെകിട്ടത്തടിച്ചാൽ നിന്റെ ഇടത്തെ ചെകിടുകൂടി കാണിച്ചു കൊടുക്കുക. നീ നിന്റെ ശത്രുവിനെ സ്നേഹിക്കുക. എല്ലാവരും സ്വർഗസ്ഥനായ പിതാവിന്റെ മക്കൾ തന്നെ.’ ഇത് വായിച്ച് ഞാൻ ആനന്ദതുന്ദിലനായി.” പിന്നീട് ഒരിക്കൽ ഗാന്ധിജി ഇപ്രകാരം എഴുതി: “മതവിഭാഗപരമായി നോക്കുന്പോൾ എനിക്ക് ക്രിസ്ത്യാനി എന്ന് ഒരിക്കലും അവകാശപ്പെടാനാവില്ല. എങ്കിലും എന്റെ ലൗകികമായ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന അഹിംസാപ്രമാണത്തിലുള്ള അനശ്വര വിശ്വാസം രൂപപ്പെടുത്തുന്നതിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും സുപ്രധാനപങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ സമസ്ത ജീവിതവ്യാപാരങ്ങളെയും സ്നേഹത്തിന്റെ ശാശ്വതനിയമംകൊണ്ട് നിയന്ത്രിക്കണമെന്നതു നമ്മെ പഠിപ്പച്ചില്ലായിരുന്നുവെങ്കിൽ യേശുക്രിസ്തു ജീവിച്ചതും മരിച്ചതും വ്യർത്ഥമായേനെ” എന്നു ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ശത്രുസ്നേഹത്തിന്റെ വഴി ക്രിസ്തുവാണ് ലോകത്തിനു കാണിച്ചുകൊടുത്തത്. അതു പ്രവർത്തനക്ഷമമാണെന്നു ഗാന്ധിജി ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന മാർട്ടിന് ലൂതർ കിംഗിന്റെ കണ്ടെത്തൽ ഏറെ പ്രസക്തമാണ്. ക്ഷമിക്കലും പൊറുക്കലുമാണു മനുഷ്യത്വത്തിന്റെ സ്ഫുടംചെയ്തെടുത്ത മുഖ്യസത്ത എന്ന ക്രിസ്തീയമൂല്യവും ആസക്തികളുടെ പിറകെപോയി നശിക്കുന്നവരെക്കുറിച്ചുള്ള ബൈബിൾവചനങ്ങളും ഗാന്ധിജിയുടെ ചിന്തയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്.
അഭിലാഷങ്ങൾക്ക് അടിപ്പെടരുതെന്നും അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറുമെന്നും അവ നിന്റെ ഇല ഭക്ഷിക്കുമെന്നും നിന്റെ ഫലങ്ങൾ നശിപ്പിക്കുമെന്നും നീ ഒരു ഉണക്കമരമായി തീരുമെന്നും ദുഷിച്ച ഹൃദയം അവനവനെത്തന്നെ നശിപ്പിക്കുമെന്നുമുള്ള ബൈബിളിലെ സുഭാഷിതം എക്കാലവും മനുഷ്യനെ നേർവഴിക്കു നടത്താൻ പ്രാപ്തമാണെന്ന് ഗാന്ധിജി നിരീക്ഷിച്ചിട്ടുണ്ട്.
സാമൂഹികജീവിതവും ആധ്യാത്മികജീവിതവും ഒരേ പ്രാധാന്യത്തോടെ കണ്ട സാമൂഹിക പരിഷ്കർത്താക്കളും നേതാക്കളുമാണ് ക്രിസ്തുവും ഗാന്ധിജിയും. നീതി നിഷേധിക്കുന്പോഴും ധർമം ചോദ്യംചെയ്യപ്പെടുന്പോഴും അതിനെതിരേ പ്രതികരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആരാധനാലയങ്ങൾ കച്ചവടകേന്ദ്രങ്ങളാക്കി മാറ്റിയ യഹൂദപ്രമാണികൾക്കെതിരേ ചാട്ടവാറെടുക്കാൻ ക്രിസ്തു മറന്നില്ല. സമരപാതയിൽ അക്രമം അരങ്ങേറിയപ്പോൾ ഏകപക്ഷീയമായി സമരം നിർത്തിവയ്ക്കാൻ ഗാന്ധിജി ആരോടും ആലോചിച്ചിരുന്നില്ല.
സർവധർമ സമഭാവം
സർവധർമ സമഭാവത്തിന്റെയും സമുദായമൈത്രിയുടെയും ലോകംകണ്ട ഏറ്റവും വലിയ പ്രഘോഷകനായ ഗാന്ധിജി ആധ്യാത്മിക അന്വേഷണങ്ങൾ പൊതുവേദിയിൽ വച്ചല്ല, തന്റെ ആശ്രമത്തിൽവച്ചാണ് നിർവഹിച്ചത്; സാമൂഹിക ഇടപെടലുകൾ തിരിച്ചും. ഏകാന്തതയും ആത്മീയതയും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിച്ച ഗാന്ധിജി സമരങ്ങളുടെ ഇടവേളകളിൽ സബർമതിയിലോ സേവാഗ്രാമിലോ മാസങ്ങൾ താമസിച്ചുകൊണ്ട് ചിന്തിച്ചും ധ്യാനിച്ചും നൂൽനൂറ്റുമാണ് ചെലവിട്ടിരുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ പ്രാർഥനായോഗങ്ങൾ പൊതുഇടങ്ങളിൽ പൊതുചടങ്ങുകളായാണ് നടത്തിയിരുന്നത്.
ഒരു മതകേന്ദ്രത്തെയും മതചിഹ്നവും തന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. യേശുക്രിസ്തുവിന്റെ മൂന്നുവർഷത്തെ പരസ്യജീവിതവും ഗാന്ധിജിയുടെ ഏഴു പതിറ്റാണ്ടു കാലത്തെ പൊതുജീവിതവും സമാധാനവും ശാന്തിയും ലോകത്തുണ്ടാകാനും അനീതി അവസാനിപ്പിക്കാനുമുള്ള ശ്രമമായിരുന്നു. സമൂഹത്തിലെ ഏറ്റവും ദുർബലരായവരോടൊപ്പം ചേർന്നവരാണ് ക്രിസ്തുവും ഗാന്ധിജിയും.
തന്റെ പരസ്യജീവിതത്തിലുടനീളം, ദുരിതം അനുഭവിച്ചവരുടെ കണ്ണീരൊപ്പാനും അവർക്ക് ആശ്വാസം നൽകാനുമാണ് യേശുക്രിസ്തു ശ്രമിച്ചിട്ടുള്ളത്. നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെന്നും നിന്റെ കടങ്ങൾ പൊറുക്കുന്നതുപോലെ മറ്റുള്ളവരുടെ കടങ്ങൾ പൊറുക്കണമെന്നുമുള്ള യേശുക്രസ്തുവിന്റെ പ്രബോധനങ്ങൾ വർത്തമാനകാലം നേരിടുന്ന മഹാപ്രതിസന്ധികൾക്കുള്ള മറുമരുന്നാണ്.
അനീതികൾക്കെതിരേ ശബ്ദമുയർത്തിയ യേശുക്രിസ്തുവിന് കുരിശുമരണമാണ് ഭരണകൂടം വിധിച്ചത്. സമുദായമൈത്രിക്കും സമാധാനത്തിനും ശാന്തിക്കുംവേണ്ടി നിലകൊണ്ട ഗാന്ധിജിയെ വെടിവച്ചു കൊല്ലുകയാണ് എതിരാളികൾ ചെയ്തത്.