സിസ്റ്റർ റാണി മരിയ: ഒരു നറുപുഞ്ചിരി
Tuesday, February 25, 2025 12:23 AM IST
പുല്ലുവഴി. എറണാകുളം ജില്ലയിലെ ഈ ഗ്രാമം പലതുകൊണ്ടും പ്രസിദ്ധമാണ്. ഹർത്താലുകളില്ലാത്ത ദേശം. കമ്യൂണിസത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും വേര് ആഴത്തിലിറങ്ങിയ മണ്ണ്. സമത്വത്തിനുവേണ്ടി പോരാടിയ പി. ഗോവിന്ദപിള്ള, പി.കെ. വാസുദേവൻനായർ, സർഗാത്മകതയുടെ വേറിട്ട ശബ്ദമായ എം.പി. നാരായണപിള്ള തുടങ്ങിയവരുടെ നാട്. ഈ സ്ഥലം കഴിഞ്ഞ 29 വർഷമായി വളരെ പ്രസിദ്ധമായിത്തീർന്നത് സിസ്റ്റർ റാണി മരിയയുടെ ജന്മദേശം എന്നതുകൊണ്ടുകൂടിയാണ്.
സമത്വത്തിന്റെയും വിശ്വാസത്തിന്റെയും പ്രതികരണശേഷിയുടെയും ഈ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം സിസ്റ്ററിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു എന്നുമാത്രമല്ല, തിന്മയ്ക്കെതിരേ പൊരുതി രക്തസാക്ഷിയാകുന്നതിലേക്കും നയിച്ചു. അവരുടെ കുടുംബത്തിനു ‘ഘാതകനോട്’ ക്ഷമിക്കാൻ കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമായി.
1954 ജനുവരി 29നായിരുന്നു റാണി മരിയയുടെ ജനനം. വട്ടാലിൽ പൈലിയുടെയും (പോൾ) ഏലീശ്വായുടെയും (എലിസബത്ത്) രണ്ടാമത്തെ കുട്ടി. റാണി മരിയ 1954 ഫെബ്രുവരി അഞ്ചിന് മറിയം എന്ന പേരിൽ മാമോദീസ സ്വീകരിച്ചു. മാതാപിതാക്കളും ബന്ധുമിത്രാദികളും അവളെ ‘മേരിക്കുഞ്ഞ്’എന്ന ഓമനപ്പേരിട്ട് വിളിച്ചു. സ്കൂളിലെ പേര് വി.പി. മേരി. സ്റ്റീഫൻ, മറിയം (സിസ്റ്റർ റാണി മരിയ എഇഇ), ആനി, വർഗീസ്, ത്രേസ്യാമ്മ, സെലിൻ (സിസ്റ്റർ സെൽമി പോൾ എഇഇ), ലൂസി എന്നിവരാണ് പൈലിയുടെയും ഏലിശ്വായുടെയും ഏഴു മക്കൾ. ഫ്രാൻസിസ്കൻ ക്ലാര സഭയിൽ സന്യാസപരിശീലനം പൂർത്തിയാക്കി. 1980 മേയ് 22ന് നിത്യവ്രതവാഗ്ദാനം നടത്തി. 1982ൽ സാമൂഹ്യശാസ്ത്രത്തിൽ ബിരുദവും നേടി.
1992 മുതൽ ഇൻഡോർ രൂപതയിലെ ഉദയനഗറായിരുന്നു റാണി മരിയയുടെ പ്രേഷിതരംഗം. സിസ്റ്ററിന്റെ ആഗമനം ഉദയനഗറിലെ സാമൂഹികപ്രവർത്തനങ്ങൾക്ക് പുതുജീവൻ പ്രദാനംചെയ്തു. ഗ്രാമവാസികൾക്ക് അറിവും തൊഴിലും ലഭ്യമാക്കി. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ പല പദ്ധതികൾക്കും സിസ്റ്റർ രൂപംകൊടുത്തു. സ്വാശ്രയ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ പലിശയില്ലാതെ പണം കടമെടുക്കാൻ അവരെ പ്രാപ്തരാക്കി. സാമൂഹികോന്നമനത്തിനായുള്ള സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ ആളുകളെ ആകർഷിച്ചു. ജന്മിമാർക്കും വട്ടിപ്പലിശക്കാർക്കും വരുമാനം കുറഞ്ഞു. സിസ്റ്റർ അവരുടെ പൊതുശത്രുവായി.
പ്രദേശത്തെ രോഷാകുലരായ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25ന് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഉദയനഗറിൽനിന്ന് ഇൻഡോറിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ നച്ചൻബോർ മലയിൽ സഹയാത്രികർക്കു മുൻപിലാണ് സിസ്റ്ററെ വെട്ടിയും കുത്തിയും ദാരുണമായി കൊലപ്പെടുത്തിയത്.
ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട സമുന്ദർ സിംഗിനെ 2002 ഓഗസ്റ്റ് 22നു രക്ഷാബന്ധൻ ദിവസം സിസ്റ്റർ റാണി മരിയയുടെ അനുജത്തി സിസ്റ്റർ സെൽമി ജയിലിൽ ചെന്നു കണ്ടു. സിസ്റ്റർ സെൽമി അയാളെ ‘നന്ധനന്ധഭായി’ എന്നു വിളിച്ചു. അയാളുടെ കൈകളിൽ സാഹോദര്യത്തിന്റെ രാഖി കെട്ടിക്കൊടുത്തു. അടുത്തവർഷം 2003 ഫെബ്രുവരി 24ന്, സിസ്റ്റർ റാണി മരിയയുടെ മരണവാർഷികത്തിന്റെ തലേദിവസം, അമ്മയായ ഏലീശ്വായും മൂത്ത സഹോദരൻ സ്റ്റീഫനും സമുന്ദർ സിംഗിനെ ജയിലിൽ സന്ദർശിച്ചു. അമ്മ അയാളുടെ കരങ്ങൾ ചുംബിക്കുകയും കെട്ടിപ്പിടിച്ച് അയാളോടു ക്ഷമ അറിയിക്കുകയും ചെയ്തു.
മാനസാന്തരപ്പെട്ട സമുന്ദർ സിംഗ് 2007 ജനുവരി 13നു റാണി മരിയയുടെ പുല്ലുവഴിയിലെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പു ചോദിച്ചതും ആ കുടുംബം അദ്ദേഹത്തോടു ക്ഷമിച്ചു സ്നേഹപൂർവം സ്വീകരിച്ചതുമെല്ലാം രക്തസാക്ഷിയുടെ പുണ്യജീവിത ചരിത്രത്തിലെ അതുല്യമായ അധ്യായം. ഇൻഡോറിൽനിന്ന് 40 കിലോമീറ്റർ അപ്പുറം ഉദയനഗറിലാണ് സിസ്റ്റർ റാണി മരിയയുടെ കബറിടം. 2017 നവംബർ നാലിനു റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി തിരുസഭ പ്രഖ്യാപിച്ചു.
രണ്ട് ഡോക്യുമെന്ററികൾ, ഒരു സിനിമ
സിസ്റ്റർ റാണി മരിയയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട രണ്ട് ഡോക്യുമെന്ററികൾ ഇറങ്ങി. അതിൽ ആദ്യത്തേത് ‘ഇൻഡോർ റാണി’, ഇത് 2017 ൽ എസ്. യോഗ്യാവീടൻ നിർമിച്ചു. രണ്ടാമത്തേത് സമുന്ദർ സിംഗിനെക്കുറിച്ചാണ്. ‘ഒരു കൊലയാളിയുടെ ഹൃദയം’ എന്ന തലക്കെട്ടിൽ 2013ൽ റോമിൽ നിർമിക്കപ്പെട്ടു. സിസ്റ്ററുടെ ജീവിതകഥ പറയുന്ന സിനിമ ‘ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ 2023 നവംബർ 17ന് റിലീസ് ചെയ്തു. ഷൈസൻ പി. ഔസേപ്പാണ് സംവിധായകൻ.
റാണി മരിയയുടെ സ്വന്തം ഇടവക കേരളത്തിലെ പുല്ലുവഴിയാണല്ലോ. അവിടെയുള്ള ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ റാണി മരിയയുടെ ഓർമ ഇന്നും എപ്പോഴും കത്തി നിൽക്കുന്നു. എല്ലാ വർഷവും ഫെബ്രുവരി 25 അവിടുത്തെ ജനങ്ങൾ അവരുടെ ഓർമദിനമായി ആചരിക്കുന്നു. സിസ്റ്ററിന്റെ ജീവിതം എല്ലാവർക്കും പുതിയ ചൈതന്യം ഉണർത്തട്ടെ! ആത്മാവിന്റെ വെളിച്ചമായി ആ പുഞ്ചിരി നമ്മളിലേക്കും പകരട്ടെ!