ചൂട് കൂടുന്നു! കരുതണം, ശരീരത്തെയും
ഡോ. എം.ആർ. രശ്മി
Tuesday, February 25, 2025 12:20 AM IST
ഹൊ! എന്തൊരു ചൂട്. ഫെബ്രുവരിയിൽത്തന്നെ കുംഭച്ചൂടിൽ വിയർത്തുകുളിക്കുകയാണ് കേരളം. കടുത്ത ചൂടിൽ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയേറെയാണ്. വരുംദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ചർമസംരക്ഷണത്തെക്കുറിച്ച് അൽപ്പം ശ്രദ്ധ പുലർത്താം.
അമിതചൂടിൽ വിയർപ്പുകുരു വില്ലൻ
വേനൽക്കാലത്ത് ചർമരോഗങ്ങൾക്ക് ഏറ്റവും പ്രധാന കാരണം അമിതമായ ചൂടുമൂലം ഉണ്ടാകുന്ന വിയർപ്പും സൂര്യരശ്മികളേറ്റു ശരീരത്തിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളാണ്. ചൂടുകുരു (വിയർപ്പുകുരു) മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കാം. ചൂടുകുരു വരാതിരിക്കാൻ അയവുള്ള കോട്ടൺ വസ്ത്രം ധരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടോ മൂന്നോ തവണ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ശീലമാക്കണം. ചൂടുകുരു വന്നുകഴിഞ്ഞാൽ ഈ ഭാഗങ്ങളിൽ തണുത്തവെള്ളം ഒഴിച്ചു കഴുകാം. അല്ലെങ്കിൽ കലാമിൻ പോലുള്ള ലോഷൻ ഉപയോഗിക്കാം. അതുപോലെ പ്രിക്ലി ഹീറ്റ് പൗഡറുകളും ഉപയോഗിക്കാം. ഇവ ഉപയോഗിച്ചിട്ടും ചിലരിൽ വിയർപ്പുകുരു മാറാതെ കാണപ്പെടാറുണ്ട്. ചിലർക്ക് അമിതമായി ചൊറിച്ചിലുണ്ടാകും. ചെറിയ ശതമാനം ആളുകളിൽ സെക്കൻഡറി ഇൻഫക്ഷനും പഴുപ്പോടെ കുമിളകളായി വേദനയുമുണ്ടാകും. ഇങ്ങനെ വന്നാൽ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഇൻഫക്ഷൻ ഉണ്ടെങ്കിൽ ആന്റിബയോട്ടിക്, ഓയിന്റ്മെന്റ് എന്നിവ വേണ്ടിവരും.
സൂര്യതാപം ഏൽക്കാതെ നോക്കണം
സൂര്യരശ്മികൾ ശരീരത്തിലേറ്റാൽ ഏറ്റവും കൂടുതലായുണ്ടാകുക അൾട്രാ വയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷനാണ്. പുറത്തുനിന്നുള്ള വെയിൽ ഏറ്റവരിൽ കുറച്ചുസമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ ഉണ്ടാകും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി സൂര്യപ്രകാശം ഏൽക്കുന്നവരിലും കാണാറുണ്ട്. ഇത് വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കണം. അതുപോലെതന്നെ സൺ സ്ക്രീൻ ഉപയോഗവും ശീലമാക്കണം.
ടാനിംഗും സൂര്യാഘാതവും
പുറത്തുനിന്ന് സൂര്യപ്രകാശം ഏറ്റ ഉടനെയോ ഒന്നോ രണ്ടോ ദിവസത്തിനുള്ളിലോ ശരീരത്തിൽ ഉണ്ടാകുന്ന കരുവാളിപ്പാണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. തനിയെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടാം. കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സയുമുണ്ട്.
സൂര്യാഘാതമാണു മറ്റൊരു പ്രശ്നം. കത്തുന്ന ചൂടിൽ സൂര്യരശ്മികൾ ഏറ്റാൽ ശരീരം ചുവന്നു തടിച്ചു വരിക, അല്ലെങ്കിൽ വെള്ളംനിറഞ്ഞ് കുമിളകൾപോലെ വരിക എന്നിവയുണ്ടാകും. തൊലി പൊളിഞ്ഞുപോകുന്ന രീതിയിലും സൂര്യാഘാതം ഉണ്ടാകാറുണ്ട്. കനത്ത വെയിൽ അനുഭവപ്പെടുന്ന രാവിലെ 10 മുതൽ മൂന്നു മണി വരെ നേരിട്ടു സൂര്യപ്രകാശം എൽക്കുന്നതിൽനിന്ന് ഒഴിവാകണം. ശരീരം കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുക, കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക എന്നിവ ശീലമാക്കണം. സൂര്യാഘാതമേറ്റാൽ ഉടനടി ചികിത്സ തേടണം.
അണുബാധ
ചൂടുകാലത്തെ മറ്റൊരു പ്രശ്നമാണു വിവിധ അണുബാധകൾ . ഇതിൽ പ്രധാനമാണ് ഫംഗൽ ഇൻഫെക്ഷൻ. ഇതിൽ ഏറ്റവും കൂടുതലായുള്ളത് റിംഗ് വേം ഇൻഫക്ഷനാണ് (വട്ടച്ചൊറി). ഇതു ശരീരത്തിന്റെ ഏതുഭാഗത്തും വരാമെങ്കിലും ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ശരീരമടക്കുകളിലാണ്. ചൊറിഞ്ഞ് ചുവന്ന പാടുകളായാണ് തുടങ്ങുന്നത്. സമയം കഴിയുന്തോറും വട്ടം കൂടിവരികയും ചെയ്യും. അമിതമായ ചൊറിച്ചിൽമൂലം കറുത്ത പാടുകളായി മാറും. മറ്റുള്ളവരിലേക്കു പടരാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ വൈദ്യസഹായം തേടി നിർദ്ദേശാനുസരണം ഓയിന്റ്മെന്റ് ഉപയോഗിക്കണം. അയവുള്ള വസ്ത്രങ്ങൾ ധരിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കണം.
ഫംഗൽ ഇൻഫെക്ഷനിൽ മറ്റൊന്നാണ് ചുണങ്ങ്. ഇതു വന്നാലും ആന്റിഫംഗൽ ഓയിന്റ്മെന്റുകളോ ഗുളികകളോ കഴിക്കണം. മറ്റൊന്നാണ് ബാക്ടീരിയൽ ഇൻഫെക്ഷൻ. വിയർപ്പു കാരണം രോമകൂപങ്ങൾ അടഞ്ഞുപോയിട്ടു ശരീരത്തിൽ ഫോളിക്കുലൈറ്റിസ് (അണുബാധ) കാണപ്പെടാറുണ്ട്. ഇതു പടരാനും സാധ്യതയുണ്ട്.
വിയർപ്പ് കുറയ്ക്കണം
വേനൽക്കാലത്ത് ചർമപ്രശ്നങ്ങളുടെ ഏറ്റവും വലിയ കാരണം അമിതമായ വിയർപ്പായതിനാൽ ആ സാഹചര്യം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ശരീരത്തിൽ അമിതമായി എണ്ണ തേയ്ക്കരുത്. ശരീരത്തിൽ ആവശ്യത്തിനു ജലാംശവും വേണം. ദിവസവും 8-10 ഗ്ലാസ്വരെ വെള്ളം കുടിക്കണം. ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക, ഭക്ഷണത്തിൽ വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുള്ള പഴങ്ങൾ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.
സൺസ്ക്രീൻ ഉപയോഗം
ശരീരത്തെ ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്ന് സംരക്ഷിക്കാനുള്ളതാണ് സൺസ്ക്രീൻ. ഒരാൾ എതുതരം സൺസ്ക്രീൻ ഉപയോഗിക്കണം എന്നത് ചർമത്തിന്റെ ഘടനയെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിൽ വെയിൽ എവിടെയൊക്കെ ബാധിക്കുന്നുവോ അവിടെയെല്ലാം സൺസ്ക്രീൻ ഉപയോഗിക്കണം. എല്ലാ 2-3 മണിക്കൂറിലും വീണ്ടും ഉപയോഗിക്കണം. പുറത്തുപോകുന്നതിന്റെ 20 മിനിറ്റ് മുന്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. സൺസ്ക്രീൻ ഉപയോഗിച്ചതുകൊണ്ടുമാത്രം സൂര്യതാപത്തിൽനിന്നു പൂർണസംരക്ഷണം ലഭിക്കില്ല. അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, തൊപ്പി ഉപയോഗിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.
(പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡെർമറ്റോളജി ആൻഡ് കോസ്മറ്റോളജി
കൺസൾട്ടന്റാണ് ലേഖിക)