സമാധാനം അരികെ? റഷ്യ–യുക്രെയ്ൻ യുദ്ധം ഇന്നു മൂന്നു വർഷം പിന്നിടുന്നു
Monday, February 24, 2025 1:09 AM IST
യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഇന്ന് നാലാം വർഷത്തിലേക്കു കടക്കുന്പോൾ സമാധാനത്തിനായുള്ള മുറവിളി ഇരു രാജ്യങ്ങളിൽനിന്നും ഉയരുന്നു. ഇതിനുള്ള ശ്രമങ്ങൾ ഒരു ഭാഗത്തുനിന്ന് ഉണ്ടാകുന്പോൾ അതിലെ ഉദ്ദേശ്യശുദ്ധി സംശയിക്കുന്നവർ ഏറെയാണ്.
യുക്രെയ്നെയും യൂറോപ്യൻ രാജ്യങ്ങളെയും ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയുമായി നടത്തുന്ന സമാധാനചർച്ചകളിലെ ഉദേശ്യശുദ്ധിയെയാണ് പലരും സംശയത്തോടെ കാണുന്നത്. ഏകപക്ഷീയമായ ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന യുക്രെയ്ന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും നിലപാടും പുതിയ ആശങ്കകൾക്ക് ഇടയാക്കുന്നു. യുക്രെയ്നിലെ ധാതുസന്പത്തും റഷ്യയിലേക്കുള്ള തന്റെ കച്ചവടക്കണ്ണും ലക്ഷ്യമിട്ടാണ് ട്രംപ് അതിവേഗത്തിൽ സമാധാനനീക്കം നടത്തുന്നതെന്നു വിമർശനമുണ്ടെങ്കിലും ഇതു ഫലം കാണണേയെന്ന പ്രാർഥനയിലാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ.
കാരണം, ഒരാഴ്ചകൊണ്ട് യുക്രെയ്നെ പൂർണമായും കീഴടക്കാമെന്ന വ്ലാദിമിർ പുടിന്റെ അതിമോഹത്തിൽനിന്നുണ്ടായ അധിനിവേശം മൂന്നു വർഷം പിന്നിടുന്പോൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരിതം വിവരണാതീതമാണെന്നതുതന്നെ. യുക്രെയ്നു നൽകുന്ന സഹായം ഇനി തുടരില്ലെന്ന ട്രംപിന്റെ നിലപാട് യുദ്ധവിരാമത്തിലേക്കു നയിച്ചേക്കാം. കാരണം, യുദ്ധം തുടങ്ങിയതിൽപ്പിന്നെ യുക്രെയ്നു ലഭിച്ച വിദേശസഹായത്തിൽ 47 ശതമാനവും അമേരിക്കയിൽനിന്നായിരുന്നു. അതായത്, 950 കോടി ഡോളർ. ഈ സഹായം നിലച്ചാലുണ്ടാകുന്ന പ്രത്യാഘാതം യുക്രെയ്നെ ഭയപ്പെടുത്തുന്നുണ്ട്. ഈ സഹായത്തിനു പകരമായി യുക്രെയ്നിലെ അപൂർവ ധാതുസന്പത്തുക്കളിൽ ട്രംപ് നോട്ടമിടുന്നത് വിലപേശലിനും കളമൊരുക്കുന്നു.
ഏകപക്ഷീയ ആക്രമണം
2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. യുക്രെയ്നെ അതിവേഗം കീഴ്പ്പെടുത്താനാകുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതീക്ഷിച്ചത്. പക്ഷേ, രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘർഷമായി ഈ അധിനിവേശം മാറിയിരിക്കുന്നു.
ആദ്യം റഷ്യ നേട്ടങ്ങളുണ്ടാക്കിയെങ്കിലും പിന്നീട് യുക്രെയ്ൻ പ്രതിരോധിച്ചു. പ്രത്യാക്രമണങ്ങളിലൂടെ ചില പ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചു. റഷ്യൻ പ്രദേശത്തേക്ക് കടന്നുകയറ്റങ്ങളും നടത്തി. എന്നാൽ, വലിയ രാജ്യമായ റഷ്യക്കു മുന്നിൽ യുക്രെയ്ൻ പതറുന്നതാണ് പിന്നീടു കണ്ടത്. റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയ്നു കനത്ത ആൾനാശമാണുണ്ടായത്. വലിയ രാജ്യമായതിനാൽ റഷ്യക്ക് സൈനികരുടെ ക്ഷാമമുണ്ടായില്ല. അതോടെ, യുക്രെയ്ൻ പ്രതിസന്ധിയിലായി. സൈനിക സേവനത്തിൽനിന്നു രക്ഷപ്പെടാൻ കൈക്കൂലി നൽകാനും അനധികൃതമായി രാജ്യം വിടാനും യുവാക്കൾ നിർബന്ധിതരായി.
നാറ്റോയെ ഭയക്കുന്ന പുടിൻ
റഷ്യ, യുക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന് 2022 ഫെബ്രുവരി 24നു മുന്പുതന്നെ പലതവണ അമേരിക്കൻ ഇന്റലിജൻസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അതെല്ലാം പുടിൻ നിഷേധിക്കുകയായിരുന്നു. പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന, റഷ്യയുമായി അതിർത്തി പങ്കിടുന്ന യുക്രെയ്ൻ പാശ്ചാത്യരാജ്യങ്ങളുമായി അടുക്കുന്നതും നാറ്റോയിൽ അംഗത്വം നേടുന്നതുമായിരുന്നു പുടിനെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. തന്റെ വിശാല പദ്ധതികൾക്കു വിഘാതമായേക്കാവുന്ന യുക്രെയ്ന്റെ ഈ നീക്കമായിരുന്നു അധിനിവേശത്തിന്റെ പ്രധാന കാരണം.
ഏകദേശം 2,000 കിലോമീറ്റർ അതിർത്തിമേഖലയാണ് ഇരു രാജ്യങ്ങൾക്കിടയിലുള്ളത്. അതുകൊണ്ടുതന്നെ നാറ്റോയിൽ അംഗത്വം നേടിയാൽ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന യുക്തിയാണ് പുടിൻ ലോകമനഃസാക്ഷിക്കു മുന്നിൽ അധിനിവേശത്തിനുള്ള കാരണമായി പറഞ്ഞിരുന്നത്.
യുക്രെയ്ന്റെ നഷ്ടം, റഷ്യയുടേതും
യുദ്ധം പ്രതിദിനം അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ യുക്രെയ്ൻ എന്ന രാജ്യവും ഒരു ജനസമൂഹവും പതിയെ ഭൂപടത്തിൽനിന്നു മായുകയാണ്. നാലു കോടിയോളം വരുന്ന ജനങ്ങളുടെ മുന്നിൽ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടം മാത്രമാണ് ബാക്കിയുള്ളത്. ഒരു കോടിയോളം ജനങ്ങൾ നാടുവിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടി. 12 ലക്ഷം ജനങ്ങൾ റഷ്യൻ അധിനിവേശപ്രദേശങ്ങളിൽ അഭയാർഥികളായി കഴിയുന്നു.
ഒന്നേമുക്കാൽ കോടിയോളം ജനങ്ങൾ രാജ്യത്തിനകത്തുതന്നെ അഭയാർഥികളായും മാറി. ഇതിനെല്ലാം പുറമെ യുക്രെയ്ന്റെ 11 ശതമാനം പ്രദേശം റഷ്യയുടെ അധീനതയിലായിക്കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ യുക്രെയ്നിൽ 12,456 സാധാരണക്കാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഒരു ലക്ഷത്തോളമാണ്. എന്നാൽ, പ്രസിഡന്റ് സെലൻസ്കി പറയുന്നതനുസരിച്ച്, രാജ്യത്ത് 46,000 സൈനികരാണു കൊല്ലപ്പെട്ടത്.
റഷ്യയിലും സ്ഥിതി വിഭിന്നമല്ല. യുദ്ധം മൂലം അവിടെ 95,000 പേർ കൊല്ലപ്പെട്ടതായാണ് പാശ്ചാത്യ മാധ്യമങ്ങളുടെ കണക്ക്. ഇതിൽ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 16,171 തടവുകാരും ഉത്തരകൊറിയയിൽനിന്ന് എത്തിയ 10,000 സൈനികരിൽ 4,000 പേരും ഉൾപ്പെടുന്നു. എന്നാൽ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറയുന്നത്, യുദ്ധത്തിൽ കഴിഞ്ഞ 15 വരെ റഷ്യൻ സൈന്യത്തിലെ 2,50,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ്. യുദ്ധത്തിൽ തങ്ങളുടെ ഭാഗത്ത് എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരം റഷ്യ ഇനിയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
തിരികെയെത്തുമോ വസന്തം?
യുദ്ധം യുക്രെയ്നെ നൂറു വർഷം പിന്നിലേക്കു കൊണ്ടുപോയെന്നാണ് കണക്കുകൾ. വൻതോതിൽ ഗോതമ്പും സൂര്യകാന്തി ചെടികളും വളർന്നിരുന്ന യുക്രെയ്നിലെ കറുത്ത സമതല ഭൂമികൾ ഇന്നു പൊട്ടാത്ത ഷെല്ലുകളും മൈനുകളും നിറഞ്ഞ് കൃഷിയോഗ്യമല്ലാതായി. തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ വൈദ്യുതി ഉത്പാദന വിതരണ ശൃംഖലകൾ നാമാവശേഷമായി. വ്യവസായമേഖല പൂർണമായി തകർന്നു. യുക്രെയ്ൻ പുനരുദ്ധാരണത്തിന് അടുത്ത പത്തു വർഷത്തേക്ക് 486 ബില്യൺ ഡോളർ (4,22,052 കോടി ഇന്ത്യൻ രൂപ) വേണ്ടിവരുമെന്നാണ് ലോകബാങ്കിന്റെ കണക്ക്.
യൂറോപ്പിൽനിന്നും ഇതര രാജ്യങ്ങളിൽനിന്നും ഒറ്റപ്പെട്ടതിനാൽ റഷ്യയിലും പ്രതിസന്ധി രൂക്ഷമാണ്. യുദ്ധച്ചെലവ് മൂലമുള്ള സാന്പത്തിക പ്രതിസന്ധി ജനജീവിതത്തെയും സാരമായി ബാധിച്ചുകഴിഞ്ഞു. വിദേശനിക്ഷേപം ഇല്ലാതായി. പുടിന്റെ ഏകാധിപത്യ ഭരണത്തിൻകീഴിൽ എതിർശബ്ദങ്ങളെല്ലാം അടിച്ചമർത്തപ്പെടുന്നു. തൊഴിൽരഹിതരായി പതിനായിരങ്ങൾ നരകയാതന അനുഭവിക്കുന്നു. യുക്രെയ്നെതിരേ ആരംഭിച്ച ഏകപക്ഷീയ അധിനിവേശത്തിനെതിരേ പ്രതികരിച്ച ആയിരങ്ങളാണ് രാജ്യത്തങ്ങോളമിങ്ങോളമുള്ള ജയിലുകളിൽ അടയ്ക്കപ്പെട്ടത്.
സമാധാനനീക്കങ്ങൾ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നത്. ട്രംപിന്റെ ഈ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ചവർ അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് അറിഞ്ഞതോടെ അന്പരന്നു. ട്രംപിന്റെ നയംമാറ്റം യുക്രെയ്നെ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നു.
യുക്രെയ്നെയും യൂറോപ്യൻ രാജ്യങ്ങളെയും ഒഴിവാക്കി, യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് ഭരണകൂടം റഷ്യയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഏകപക്ഷീയമായി സൗദിയിൽ തുടക്കമിട്ടു. പ്രധാന പങ്കാളികളെ അവഗണിക്കുന്നത് സമാധാന പ്രക്രിയയുടെ നിയമസാധുതയെ ദുർബലപ്പെടുത്തുമെന്ന് യൂറോപ്യൻ രാജ്യങ്ങളും വിമർശകരും വാദിക്കുന്നു.
കഴിഞ്ഞ 12ന് റഷ്യന് പ്രസിഡന്റ് പുടിനുമായി ഡോണള്ഡ് ട്രംപ് നടത്തിയ ഫോണ് സംഭാഷണത്തിനു പിന്നാലെയാണ് ചൊവ്വാഴ്ച സമാധാനചര്ച്ചയ്ക്ക് സൗദി തലസ്ഥാനമായ റിയാദിൽ കളമൊരുങ്ങിയത്. യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായുള്ള അടുത്ത ചർച്ച രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നാണ് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി റയബക്കോവ് രണ്ടു ദിവസം മുന്പു പറഞ്ഞത്. രണ്ടാംഘട്ട ചർച്ചയും മൂന്നാമതൊരു രാജ്യത്തുവച്ചാകും നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചർച്ചകളിൽ ഇരുഭാഗത്തുനിന്നും ആരു പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ട്രംപ്-സെലൻസ്കി വാക്പോര്
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽനിന്നു യുക്രെയ്നെ ഒഴിവാക്കാനുള്ള നീക്കം സെലൻസ്കിയും ട്രംപും തമ്മിലുള്ള ഭിന്നതയ്ക്കും കാരണമായി. റിയാദിൽ നടത്തിയ യുഎസ്-റഷ്യ ചർച്ചകളിൽനിന്ന് യുക്രെയ്നെ ഒഴിവാക്കിയതിൽ ട്രംപിനെ വിമർശിച്ച് നേരത്തേ സെലൻസ്കി രംഗത്തെത്തിയിരുന്നു. റഷ്യ നൽകുന്ന തെറ്റായ വിവരങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കുന്നതെന്നായിരുന്നു സെലൻസ്കിയുടെ വിമർശനം.
ഇതിനു പിന്നാലെയാണ് സെലൻസ്കിക്കെതിരേ രൂക്ഷവിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. സെലൻസ്കി ഏകാധിപതിയാണെന്നും യുദ്ധം തുടങ്ങിയത് യുക്രെയ്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ സ്വന്തം പാർട്ടിയിൽനിന്നുവരെ വിമർശനം ശക്തമായതോടെ യുദ്ധം തുടങ്ങിയത് റഷ്യയാണെന്നു പറഞ്ഞ് അദ്ദേഹം തടി തപ്പി.
സമാധാനസേനയുമായി യൂറോപ്പ്
ആവശ്യമെങ്കിൽ യുക്രെയ്നിലേക്ക് സമാധാനസേനയെ അയയ്ക്കാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളും ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഏകോപിപ്പിച്ച് സമാധാന സേനയെ യുക്രെയ്നിലേക്ക് അയയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഒരുകാരണവശാലും സമാധാനസേനയെ അംഗീകരിക്കില്ലെന്നും യുക്രെയ്ന് നാറ്റോ അംഗത്വം നൽകുന്നത് സമാധാനത്തിന് വിഘാതമാകുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎൻ പ്രമേയത്തിലും ഭിന്നത
യുദ്ധത്തിന്റെ മൂന്നാം വാർഷികദിനമായ ഇന്ന് റഷ്യയുടെ ഏകപക്ഷീയ യുദ്ധത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയിൽ യുക്രെയ്ൻ അവതരിപ്പിക്കാനിരിക്കുന്ന വാർഷിക പ്രമേയം പിൻവലിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പകരം, അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണയ്ക്കണമെന്നാണു നിർദേശം.
റഷ്യൻ പങ്കിനെക്കുറിച്ച് യാതൊരുവിധ പരാമർശവുമില്ലാതെ, സംഘർഷം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നുവെന്നു മാത്രം പറയുന്ന പ്രമേയമാണ് ഐക്യരാഷ്ട്ര സഭയിൽ ഇന്നു രാവിലെ അമേരിക്ക കൊണ്ടുവരുന്നത്. പ്രമേയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച യുക്രെയ്നെ അമേരിക്ക ധരിപ്പിച്ചിരുന്നു. എന്നാൽ, അമേരിക്കയുടെ നിർദേശത്തിൽ അന്പരന്ന യുക്രെയ്ൻ ഒരു കാരണവശാലും തങ്ങൾ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയം പിൻവലിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ലളിതവും ചരിത്രപരവുമായ പ്രമേയമാണ് യുഎന്നിൽ ഇന്ന് അവതരിപ്പിക്കുന്നതെന്നും സമാധാനത്തിലേക്കുള്ള പാത രൂപപ്പെടുത്തുന്നതിന് എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണയ്ക്കണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയും തങ്ങളുടെ സുഹൃദ്രാജ്യങ്ങൾക്കിടയിൽ പ്രചാരണം നടത്തിയിരുന്നു.