നിയമനിർമാണങ്ങൾ പരിഹാസ്യമാകരുത്
Monday, February 24, 2025 1:03 AM IST
ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര നിയമങ്ങളെ മുൻനിർത്തിയും മാനിച്ചുകൊണ്ടും നിരവധി നിയമനിർമാണ ഭേദഗതികളുണ്ടായിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റ് മുതൽ സംസ്ഥാന നിയമസഭകൾ വരെയുള്ള ജനാധിപത്യ ശ്രീകോവിലുകളിൽ ജനമനസുകളിൽ സ്ഥാനംപിടിച്ച ജനപ്രതിനിധികളുടെ ശ്രദ്ധേയമായ സജീവ സാന്നിധ്യത്തിലാണു പലതും നിയമമായി രൂപപ്പെട്ടത്. എന്നാൽ, സമീപകാലത്തെ പല നിയമ ഭേദഗതികളിലും പല അപാകതകളും കടന്നുകൂടിയിട്ടുണ്ട്.
2023ൽ കേരള നിയമസഭ ഭേദഗതി ചെയ്ത സഹകരണ നിയമം യഥാർഥത്തിൽ എന്തിനുവേണ്ടിയായിരുന്നു? ഇപ്പോൾ അതിന്റെ ആവശ്യമെന്തായിരുന്നു? തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയെ പൂർണവിശ്വാസത്തിലെടുക്കുന്നതിനു പകരം അവിടെയും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനെക്കൂടി ഉൾപ്പെടുത്തി ഭരണസമിതിയെ ദുർബലപ്പെടുത്തുകയാണ് ഭേദഗതിയിലൂടെ ചെയ്തത്.
പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഇത്ര പ്രാവശ്യമേ മത്സരിക്കാൻ കഴിയൂ എന്ന നിയമം രാജ്യത്ത് ഇല്ലാതിരിക്കേ, സഹകരണരംഗത്ത് ആരെങ്കിലും കൊള്ള നടത്തിയെങ്കിൽ അക്കാരണത്താൽ ഇത്ര തവണ എന്ന കാലപരിധി നിർണയിച്ചതിലെ അനൗചിത്യം ഹൈക്കോടതിതന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. കോടതി ചൂണ്ടിക്കാട്ടിയ അപാകത എന്തുകൊണ്ടാണ് നമ്മുടെ നിയമസഭാംഗങ്ങൾ കാണാതെ പോയത്?
ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി ബിൽ
മറ്റൊരു നിയമഭേദഗതിയായിരുന്നു ഭൂമി സംബന്ധമായി അവതരിപ്പിച്ച രണ്ടു ബില്ലുകൾ. അതിലൊന്ന് 2023ലെ ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി ബിൽ. അതിൽ ഇടുക്കി ജില്ലയ്ക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതെങ്കിലും സംസ്ഥാനത്തിനു മൊത്തമായി വരുന്ന തരത്തിൽ തന്നെയാണത്. അതിലെ ഉദ്ദേശ്യശുദ്ധിയെ ബഹുമാനിക്കുന്പോഴും അതിൽ കടന്നുകൂടിയ ഉദ്യോഗസ്ഥഭാഷ്യം എങ്ങനെയും വളച്ചൊടിക്കും വിധത്തിലുള്ളതാണ്.
നിയമത്തിൽ ഏതെങ്കിലും പ്രസക്തമായ പ്രശ്നങ്ങളുണ്ടെങ്കിൽ ചട്ടനിർമാണത്തിൽ അത് പരിഹരിക്കുമെന്ന അധികൃത ഭാഷ്യം ആശ്വാസകരമാണ്. എന്നാൽ, കേരളത്തിലെ ഉദ്യോഗസ്ഥരുണ്ടാക്കുന്ന ചട്ടങ്ങൾ ഭൂരിഭാഗവും ജനങ്ങളെ എങ്ങനെ പ്രയാസത്തിലാക്കാമെന്ന വിധത്തിലായിരിക്കുമെന്നതിൽ രണ്ടു പക്ഷമില്ല.
ഇടുക്കി ജില്ലയുടെ കേസുകളുടെ കാര്യം പറഞ്ഞുവരുന്പോൾതന്നെ മൂന്നാർ മേഖലയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും പറയുന്നു. കേരളത്തിലെ പട്ടയപ്രശ്നങ്ങൾക്കു മുഴുവനായും ശാശ്വത പരിഹാരം കാണാൻ കഴിയുന്ന വിധത്തിലായിരിക്കണം നിയമഭേദഗതി ഉണ്ടാകേണ്ടിയിരുന്നത്. ഇവിടെ നിയമത്തിന്റെ പ്രാബല്യം വന്നതല്ലാതെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. കേരളത്തിലെ തദ്ദേശ സ്വയംഭരണവകുപ്പ് സ്പെഷൽ സെക്രട്ടറി ജനുവരി 23ന് അപേക്ഷകനു നൽകിയ മറുപടിയിൽ പറയുന്നത്, സർക്കാരിനു മേൽപ്രകാരം ലഭിച്ച അധികാരം ആക്ട് പ്രകാരമുണ്ടെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നടപടി റവന്യു വകുപ്പിൽ നടന്നുവരികയാണ് എന്നാണ്. 2023ലെ ഒരു നിയമഭേദഗതിക്ക് 2025ലും ചട്ടങ്ങൾ ആയില്ല എന്നു പറയുന്പോൾ നമ്മുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥ വലുതാണെന്നു പറയേണ്ടിയിരിക്കുന്നു.
നെൽവയൽ, തണ്ണീർത്തട നിയമം
ഇനിയും ഭൂമി തരംമാറ്റത്തിനു വേഗം കൂട്ടാൻ ആർഡിഒമാരുടെ അധികാരം താലൂക്ക് തലത്തിൽ 72 ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകി, അതിനാവശ്യമായ നിലയിൽ ഒരുപറ്റം ഉദ്യോഗസ്ഥരുടെ കൂട്ടത്തെ സൃഷ്ടിച്ചു. കംപ്യൂട്ടർ, വാഹനങ്ങൾ അടക്കമുള്ള സൗകര്യങ്ങളുണ്ടാക്കി ചെയ്ത ഒരു ഭേദഗതി ബില്ലാണ് 2023ലെ 172 നന്പറായുള്ള ഭേദഗതി.
നെൽകൃഷി സംസ്ഥാനത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 12-08-2008ൽ നെൽവയൽ, തണ്ണീർത്തട നിയമം കേരളത്തിൽ പ്രാബല്യത്തിൽ വരികയുണ്ടായി. ആ നിയമത്തിലെ പല കാര്യങ്ങളും കൂടുതൽ പ്രയാസങ്ങൾ ജനങ്ങൾക്കുണ്ടാക്കി. അതിനാൽ പിന്നീടു വന്ന ഭരണക്കാർ പ്രശ്നങ്ങളെ അതിജീവിക്കാൻ സർക്കുലറുകളും നിർദേശരൂപത്തിലുള്ള ഉത്തരവുകളുമെല്ലാമിറക്കി. ഒടുവിൽ അതിലെ അപാകതകൾ പരിഹരിക്കാനെന്ന വ്യാജേന 2016ൽ ഒരു ഭേദഗതിയുണ്ടാക്കി. അതിൽ 12-8-2008നു മുന്പ് നികത്തപ്പെട്ട നിലമാണെങ്കിൽ എന്ന ഒരു തീയതിയും വച്ചു.
2011 മുതലാണ് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള കൃത്യതയുള്ള കെട്ടിടനിർമാണ നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കിയത്. അതുവരെയും അതിനു പിന്നെയുമെല്ലാം റേഷൻ കാർഡ്, വോട്ടറാകാൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി പല ഘട്ടങ്ങളിലും വീടുള്ളവർക്ക് വീട്ടുനന്പർ സാഹചര്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെട്ട (പല ഗ്രേഡുകളിലുള്ള പഞ്ചായത്തുകളിൽ) അധികൃതർ നൽകിയിട്ടുണ്ട്. 2016ലെ നിയമത്തിൽ 12-8-2008 എന്നതു ചേർത്തതിനാൽ, നെൽകൃഷി ചെയ്യാൻ വെള്ളം കിട്ടാത്തതിനാൽ പലരും കരകൃഷി ചെയ്തും വീടുവച്ചും ഭൂനികുതി അടച്ചും വീട്ടുനികുതി നൽകിയും യഥേഷ്ടം ക്രയവിക്രയ സ്വാതന്ത്ര്യമായി നിരാക്ഷേപമായി കൈവശം വച്ചനുഭവിച്ചു വന്നിരുന്നു.
മഴവെള്ളംകൊണ്ടു മാത്രമായി നെൽകൃഷി സാധ്യമല്ല. മുഴുവൻ നെൽവയലുകൾക്കും ജലസേചനം നൽകാൻ സർക്കാരിനു കഴിയുകയുമില്ല. വസ്തുത ഇതായിരിക്കെ വെള്ളമില്ലാത്ത കർഷകൻ വെറും നിലം സൂക്ഷിപ്പുകാരനായി കഴിയാൻ പറ്റുമോ? കൈവശക്കാരൻ പിന്നെ എന്തു ചെയ്യാമെന്നത് അധികൃതർ പറയുന്നുമില്ല. അതിനാൽ കർഷകർ തെങ്ങ്, കമുക്, കാപ്പി, കുരുമുളക്, ചേന്പ്, ചേന, കപ്പ, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്തും വീടും വച്ചു. സമൂഹത്തിന് ഈ വസ്തുത അറിയാമെന്നിരിക്കേ 12-8-2008 എന്നതിനു മുന്പ് തരം മാറ്റിയിട്ടില്ലായെങ്കിൽ തരംമാറ്റം നടക്കില്ലെന്ന് നിയമത്തിൽ പറയുന്നതിനാൽ ഉദ്യോഗസ്ഥർ രേഖാപരമായും വസ്തുതാപരമായും ബോധ്യപ്പെട്ടാൽ പോലും തരംമാറ്റത്തിന് തയാറാവുന്നില്ല. അതിനാലാണ് അപേക്ഷകൾ ലക്ഷങ്ങൾ കഴിഞ്ഞതും കെട്ടിക്കിടക്കുന്നതും.
യാഥാർഥ്യം ഉൾക്കൊള്ളണം
മേൽപ്പറഞ്ഞ വസ്തുത നിയമസഭയാണ് ഭേദഗതിയിലൂടെ പരിഹരിക്കേണ്ടിയിരുന്നത്. ഉദ്യോഗസ്ഥപ്പടയെ നിയമിക്കാൻ ഒരു ഭേദഗതി കൊണ്ടുവന്നതുകൊണ്ട് എന്താണ് ഫലം? സർക്കാരിന് ഇക്കാര്യത്തിൽ ഉദ്ദേശ്യശുദ്ധിയുണ്ടെങ്കിൽ 12-8-2008 എന്നത് എടുത്തുകളഞ്ഞ് കാലത്തിന്റെ ആവശ്യം കൃത്യമായി മനസിലാക്കി നിയമഭേദഗതി കൊണ്ടുവരികയാണു ചെയ്യേണ്ടത്. ഇക്കാര്യത്തിൽ നിയമസഭാ സമാജികർ നിലവിലുള്ള യാഥാർഥ്യത്തെ ഉൾക്കൊള്ളാനും വസ്തുതകൾ അംഗീകരിക്കാനും കഴിയുന്ന നിയമഭേദഗതിക്കായി നിലകൊള്ളുകയാണു വേണ്ടിയിരുന്നത്.
എന്നാൽ നെൽവയലിന്റെയും തണ്ണീർത്തടത്തിന്റെയും പേരു പറഞ്ഞ് നൂറുകണക്കിന് ഏക്കർ രേഖയിൽ ‘നിലം’ എന്നു കാണപ്പെട്ടതിനാൽ അത്യാവശ്യമായ വെള്ളവും ഇതര സൗകര്യങ്ങളുമില്ലാത്തതിനാൽ തരിശായി കിടക്കുന്നുണ്ട്. ഇക്കാര്യങ്ങൾ നിയമസഭാ സമാജികർ അറിയുന്നില്ലെങ്കിൽ ഇനിയെങ്കിലും ഈ ബില്ലിലെ അപാകതകൾ മാറ്റാൻ മുന്നോട്ടുവരേണ്ടതാണ്.
പുതിയ വനസംരക്ഷണനിയമം ഉപേക്ഷിക്കേണ്ടിവന്നില്ലേ? എന്തായിരുന്നു ഇക്കാര്യത്തിൽ എംഎൽഎമാരുടെ നിലപാട്? എന്തായിരുന്നു ഗവൺമെന്റിന്റെ നിലപാട്? ഇവരാരും അറിയാനും പഠിക്കാനും ശ്രമിക്കുന്നില്ലെന്നതു തന്നെയാണു വസ്തുത. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ എടുത്തുപറയേണ്ട കാര്യംതന്നെയാണ്. ഇപ്രകാരമുള്ള ഒരു നിയമഭേദഗതിക്കു ശ്രമം വന്നപ്പോൾ ജനപക്ഷത്തു നിൽക്കേണ്ട 140 പേരും അവരുടെ ചുമതല ശരിയാംവിധം വിനിയോഗിച്ചോ എന്ന ചോദ്യം കേരള മനസുകളിലുണ്ട്.
ഇവിടെ പരാമർശം കേവലം നാലു ഭേദഗതികളെപ്പറ്റി മാത്രമാണ്. പാർലമെന്റിലോ നിയമസഭയിലോ ഒരു നടപടി എടുക്കുന്പോൾ അതിൽ ദീർഘകാല സാധ്യകളെയും പൊതുസാഹചര്യങ്ങളെയും കൃത്യമായി വിലയിരുത്തണമെന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യ നടപ്പിലാക്കിയ വിവരാവകാശനിയമം ശ്രദ്ധേയവും ലോകത്തിനുപോലും മാതൃകയുമാണ്. അങ്ങനെയുള്ള കാലത്ത് എംഎൽഎമാർക്ക് ലൈബ്രറിയിൽ പോകാൻ നേരമില്ലെങ്കിൽ വിവരാവകാശനിയമ പ്രകാരമെങ്കിലും ഓരോ ബില്ലുകൾ വരുന്പോഴും അതിന്റെ അടിസ്ഥാന നിയമത്തിന്റെ രേഖ എടുത്തു വായിച്ചു പഠിച്ചുകൂടെ? അതിലെ സാധ്യതകളും ബാധ്യതകളും ബോധ്യപ്പെട്ടുകൂടെ?
നിയമസഭയിൽ കയറി വന്നിരിക്കാനും, കക്ഷിനേതാക്കൾ പറയുന്പോൾ ഇറങ്ങിപ്പോകാനും, സഭയിൽ ആരോപണ-പ്രത്യാരോപണങ്ങളും രാഷ്ട്രീയ കാര്യങ്ങളും പറയാനും മാത്രമായി സാമാജികർ നിന്നുകൊടുക്കരുത്, നിയമസഭയെ പരിഹാസ്യമാക്കരുത്.