മണലൂറ്റിനു കടലോരവും
ജോസഫ് എം. പുതുശേരി
Sunday, February 23, 2025 1:18 AM IST
‘യൂസ് ആൻഡ് ത്രോ’ (use and throw) ഉപഭോഗസംസ്കാരത്തിന്റെ ആപ്തവാക്യമാണ്. ആവശ്യത്തിനുപയോഗിക്കുക, അതുകഴിഞ്ഞാൽ വലിച്ചെറിയുക. എന്നാൽ, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതോപാധികൾ ഹോമിക്കപ്പെടുന്നത് ആരെയും അലട്ടുന്നില്ല. കടൽമണൽ ഖനന തീരുമാനത്തിലും അതാണു പ്രതിഫലിക്കുന്നത്. കേരളം, ഗുജറാത്ത്, ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും മറ്റു ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനിമന്ത്രാലയം ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. ഈ മാസം 27നു നടപടികൾ പൂർത്തീകരിക്കും.
കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതിവാതകങ്ങളും ഉൾപ്പെടെ എല്ലാ വിഭവങ്ങളും വരുമാനമാർഗമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലുള്ള 74.5 കോടി ടൺ മണൽനിക്ഷേപം 25 വർഷത്തേക്ക് തികയുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. മണലിന്റെ റോയൽറ്റി, കപ്പൽ ഗതാഗതം, വ്യാപാരം, ജിഎസ്ടി എന്നിവ വഴി ലഭിക്കുന്ന കോടികൾകൊണ്ടു ഖജനാവ് നിറയ്ക്കാമെന്നാണ് വ്യാമോഹം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നീല സമ്പദ്വ്യവസ്ഥ (blue economy) നയത്തിന്റെ ചുവടുപിടിച്ച് 2002ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) നിയമത്തിൽ (ഒഎഎംഡിആർ ആക്ട്) ഇതു ലക്ഷ്യംവച്ച് 2023ല് കൊണ്ടുവന്ന ഭേദഗതികളാണ് തീരക്കടലിൽ ഉൾപ്പെടെ ധാതുഖനനത്തിനു വഴിയൊരുക്കുന്നത്. കടലിനെ തീരക്കടൽ, പുറംകടൽ, ആഴക്കടൽ എന്നിങ്ങനെ മൂന്നായി തിരിക്കുന്ന നിർവചനം ഇതോടെ പഴങ്കഥയായി. ഭരണഘടനയുടെ ആർട്ടിക്കിൾ 246 ഷെഡ്യൂൾ രണ്ട് ലിസ്റ്റ് 21 പ്രകാരം 22 കിലോമീറ്റർവരെയുള്ള കടൽഭാഗത്തിന്റെ അധികാരം സംസ്ഥാനങ്ങൾക്കായിരുന്നു. 2023ലെ നിയമഭേദഗതിയും അതിനു ചുവടുപിടിച്ച് 2024ൽ കൊണ്ടുവന്ന മൂന്നു റൂളുകളും ഈ സ്ഥിതി മാറ്റിമറിച്ചു. ഇതിലൂടെ തീരക്കടലിലും (ഇൻ-ഷോർ) പുറംകടലിലും (ഓഫ്-ഷോർ അഥവാ കൺടിഗ്യുസ് സോൺ) ആഴക്കടലിലും(ഡീപ്പ് സീ)ഉള്ള ഖനന അവകാശം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കി.
കൊല്ലം സെക്ടറിലെ മൂന്ന് ബ്ലോക്കുകളിലായുള്ള 242 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെയാണു സ്വകാര്യ കമ്പനികൾക്കടക്കം പങ്കെടുക്കാവുന്ന ആദ്യഘട്ടത്തിൽ ടെൻഡർ ചെയ്തു നൽകിയിരിക്കുന്നത്. പിന്നാലെ മറ്റു മേഖലകളിലേക്കും ഖനനം വ്യാപിപ്പിക്കും. 50 വർഷത്തേക്കാണു ഖനനപ്പാട്ടം നൽകുന്നതെന്നതാണ് അപകടകരമായ മറ്റൊരുകാര്യം.
ആദ്യഖനനം കൊല്ലം പരപ്പിൽ
ക്വയിലോൺ ബാങ്ക് അല്ലെങ്കിൽ കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നാണ് ആദ്യഖനനം. തീരത്തുനിന്ന് 32 നോട്ടിക്കൽ മുതൽ 61 നോട്ടിക്കൽ മൈൽ പടിഞ്ഞാറുവരെയും വർക്കല മുതൽ അമ്പലപ്പുഴ വരെയും തെക്കും വടക്കുമായി 85 കിലോമീറ്ററിലായി 3,300 ചതുരശ്ര കിലോമീറ്ററിൽ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൊല്ലം പരപ്പ്. ഒന്ന് - ഒന്നര മീറ്റർ കനത്തിൽ ചെളിയും മറ്റ് അവശിഷ്ടങ്ങളും ഉണ്ടെന്നതാണ് ഈ പ്രദേശത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമാക്കുന്നത്. ഇന്തോ - നോർവീജിയൻ പ്രോജക്ടിന്റെ ഭാഗമായി 1961 മുതൽ 65 വരെ ഗവേഷണം നടത്തിയ കെയർ ലാർസൺ എന്ന ശാസ്ത്രജ്ഞനാണ് 1965ൽ ഇതടക്കം ഏഴു ഫിഷിംഗ് ഗ്രൗണ്ടുകൾ കേരളത്തിൽ കണ്ടെത്തിയത്.
സമുദ്രത്തിൽ പതിക്കുന്ന നദികൾ നിക്ഷേപിക്കുന്ന മണലുകളെയാണ് ഓഫ് ഷോർ മണൽ എന്നു പറയുന്നത്. ഇപ്പോൾ ഖനനം നിശ്ചയിച്ചിട്ടുള്ള ഈ കൊല്ലം മേഖലയിൽ കടലിൽ നേരിട്ടു പതിക്കുന്ന നദികൾ ഇല്ല. പിന്നെ എങ്ങനെയാണ് ഈ ഖനനനീക്കം?
കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ (ഇതിൽ ഇൽമനൈറ്റ്, മോണോ സൈറ്റ്, റൂടൈൽ, ഗാർനെറ്റ്, സിൽകോൺ, സില്ലിമനൈറ്റ്, മാഗ്നറൈറ്റ് എന്നിവ ഉൾപ്പെടും) ഇനിയങ്ങോട്ടു സ്വകാര്യ കുത്തകകൾക്കായി തരംമാറ്റപ്പെടും. പ്ലേസർ മിനറൽസ് എന്നറിയപ്പെടുന്ന ഇവയുടെ ഭാരം 18 ദശലക്ഷം ടൺ വരുമെന്നും ഇവയുടെ വ്യവസായമൂല്യം 120 ബില്യൺ ഡോളറാണെന്നും ശൈലേഷ് നായിക് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
ആഴക്കടലിനെ അഞ്ചു ഭാഗമായി തിരിച്ച് വിവിധ പ്രദേശങ്ങളിൽ ഖനനം ചെയ്യാവുന്ന ലോഹധാതുക്കളെക്കുറിച്ചും കമ്മിറ്റി വിലയിരുത്തുന്നു. കരിമണലിനു പുറമേ 400-1,000 മീറ്റർ ആഴത്തിൽ ദൃശ്യമാകുന്ന ഫോസ്ഫോറൈറ്റ്സും 2,000-4,000 മീറ്റർ ആഴത്തിൽ കാണപ്പെടുന്ന പോളി മെറ്റാലിക് സൾഫൈഡുകളും (ഇതിൽ കോപ്പർ, നിക്കൽ, സിങ്ക്, ഗോൾഡ് എന്നിവയുണ്ട്) 2,000-4,000 മീറ്റർ ആഴത്തിലുള്ള കോബാൾട്ടും ക്രസ്റ്റും 6,000 മീറ്റർവരെ ആഴത്തിൽ പരന്നുകിടക്കുന്ന മാംഗനീസ് നോഡ്യൂൾസും ഉൾപ്പെടും. ഇവയുടെ വ്യവസായമൂല്യം 187 ബില്യൺ ഡോളറാണെന്നും ശൈലേഷ് നായിക് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
ദുരൂഹമായ നീക്കം
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസും ആറ്റമിക് മിനറൽ ഡയറക്ടറേറ്റും സംയുക്തമായാണ് കടലിൽ പര്യവേക്ഷണം നടത്തേണ്ടത്. എന്നാൽ, ഇതിന് വിരുദ്ധമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനം മാത്രം ഉപയോഗിച്ചുകൊണ്ടുള്ള നീക്കം ദുരൂഹമാണ്. തീരുമാനമെടുക്കുംമുമ്പ് നിയമം അനുശാസിക്കുന്ന ആഘാതപഠനങ്ങളും ഉണ്ടായിട്ടില്ല.
സമുദ്രത്തിന്റെ 30% എങ്കിലും 2030-ഓടെ സംരക്ഷിതമായി നിലനിർത്താമെന്ന ഐക്യരാഷ്ട്രസംഘടനയുടെ സമുദ്രനിയമത്തിൽ ഇന്ത്യ ഈയിടെയാണ് ഒപ്പുവച്ചത്. എന്നിട്ട് അതിന്റെ മഷിയുണങ്ങുംമുമ്പ് നിയമത്തിന്റെ അന്തഃസത്തയ്ക്കു നിരക്കാത്ത കൈയേറ്റം ആശാസ്യമോ?
കേരളം ലോകത്തുതന്നെ പ്രധാനപ്പെട്ട ഒരു ഫിഷിംഗ് സോൺ ആണ്. ഇന്ത്യയുടെ എട്ടു ശതമാനം തീരക്കടലാണ് നമുക്കുള്ളതെങ്കിലും 15-20 ശതമാനം മത്സ്യം നാം പിടിക്കുന്നുണ്ട്. ഓഖിക്കുശേഷം കടലിന്റെ സ്വഭാവത്തിനു മാറ്റംവന്നിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ബംഗാൾ കഴിഞ്ഞാൽ(60.5%) ഏറ്റവും കൂടുതൽ തീരശോഷണം നേരിടുന്ന സംസ്ഥാനവും കേരളമാണ് (46.4%).
കടൽമണൽ വില്പനയ്ക്കുവേണ്ടിയുള്ള സമ്മേളനം കൊച്ചിയിൽ വിളിച്ചുചേർത്തപ്പോൾ അതിൽ പങ്കെടുത്ത കേരളത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി വിയോജിപ്പ് അറിയിച്ചു എന്നതു വസ്തുതയാണ്. എന്നാൽ, വില്പനയ്ക്ക് ടെൻഡർ വിളിക്കുകയും പ്രതിഷേധം കനക്കുകയും ചെയ്തിട്ടും സർക്കാർ ശബ്ദം പുറത്തുവരാത്തത് ദുരൂഹവും ആശങ്ക ജനിപ്പിക്കുന്നതുമാണ്. സമ്മേളനത്തിൽ പങ്കെടുത്ത ദ്വീപ് രാഷ്ട്രപ്രതിനിധി പറഞ്ഞു:- “മത്സ്യത്തിനു സംസാരിക്കാനാകില്ല, അവർക്കുവേണ്ടി നാം സംസാരിച്ചേ മതിയാകൂ.”