ഇന്ന് ലോകസമാധാന-ധാരണാദിനം: ലോകസമാധാനം സാധ്യമോ?
ഡോ. എം.എം. മാത്യു
Sunday, February 23, 2025 1:16 AM IST
ഇന്ന് ലോകസമാധാന-ധാരണാദിനമായി ആചരിക്കുന്നു. ചരിത്രത്തിൽ യുദ്ധവും സമാധാനവും സയാമീസ് ഇരട്ടകളെപ്പോലെ ഇണപിരിയാതെയാണ് കിടക്കുന്നത്. പത്രവും ടിവിയും കാണുന്പോൾ, തീരാത്ത രക്തച്ചൊരിച്ചിലും അഭയാർഥികളുടെ നരകയാതനകളും നമ്മെ ദുഃഖിപ്പിക്കുന്നു. ലോകം മുഴുവനും ഒന്നായിരിക്കുന്ന ഈ സമയത്ത് യുദ്ധം ഒരു വിരോധാഭാസമാണ് എന്നതാണു സത്യം.
അന്താരാഷ്ട്ര ബന്ധങ്ങൾ പരിശോധിക്കുന്പോൾ രണ്ടുതരം കാഴ്ചപ്പാടു കാണാം. യാഥാർഥ്യവാദികൾ യുദ്ധത്തെ സാധാരണ സംഭവമായി കാണുന്നു. യുദ്ധം രണ്ടു ഗ്രൂപ്പുകൾ അല്ലെങ്കിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയബന്ധങ്ങളുടെ തുടർച്ചയാണ്. നയതന്ത്ര ചർച്ചകൾ പരാജയപ്പെടുന്പോൾ യുദ്ധമുണ്ടാകുന്നു. ഒരു ആഗോള ഗവൺമെന്റ് ഇല്ലാത്ത കാലത്തോളം രാജ്യസുരക്ഷ സ്വന്തം കടമയാണെന്ന് ഓരോ രാജ്യവും വിശ്വസിക്കുന്നു. എഴുത്തുകാരായ ഹാൻസ് മോർഗന്തോ, മാക്കിയവെല്ലി എന്നിവർ ഇക്കൂട്ടത്തിൽ ഉള്ളവരാണ്. രാഷ്ട്രനേതാക്കളുടെ പരമമായ ധർമം അവരുടെ പരമാധികാരത്തെയും ഭൂപ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കലാണ്. എന്നാൽ, ആദർശവാദികൾ യുദ്ധത്തെ താത്കാലിക പ്രതിഭാസമായാണു കാണുന്നത്. യുദ്ധങ്ങൾ കടന്നുപോകും. നമ്മുടെ ലക്ഷ്യം സ്ഥായിയായ സമാധാനമാണ്. ചരിത്രം സത്യവും നീതിയും വെളിച്ചവും അന്വേഷിച്ചുള്ള നീണ്ട യാത്രയാണ്. ഗാന്ധിജിയും വുഡ്രു വിൽസണും നെഹ്റുവും റൂസ്വെൽറ്റും ഒക്കെ ഈ ചിന്താഗതിക്കാരാണ്.
എന്തുകൊണ്ട് യുദ്ധം?
അധികാരത്തിനുവേണ്ടിയും മേൽക്കോയ്മയ്ക്കുവേണ്ടിയും മനുഷ്യൻ എപ്പോഴും വഴക്കടിക്കുന്നു. സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞു, സയൻസും യുക്തിചിന്തയുംവഴി യുദ്ധം അവസാനിപ്പിക്കാമെന്ന്. പക്ഷേ, ഇവ രണ്ടിനും മനുഷ്യനുമേൽ പൂർണ നിയന്ത്രണം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
എല്ലാ പ്രശ്നങ്ങൾക്കും ആത്യന്തികമായ പരിഹാരം യുദ്ധമാണെന്ന് വിശ്വസിക്കുന്ന രാജ്യതന്ത്രജ്ഞരുണ്ട്. അനീതി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ യുദ്ധത്തെ അവലംബിക്കണമെന്ന് അവർ പറയുന്നു. യുദ്ധത്തിന്റെ ഒരു പ്രധാന കാരണം സാന്പത്തികമാണ്. ഒന്നാം ലോകയുദ്ധത്തിനുശേഷം ജർമനിയും ഇറ്റലിയും ജപ്പാനും സാന്പത്തികനേട്ടങ്ങൾക്കുവേണ്ടി പലപ്പോഴും യുദ്ധം ചെയ്തു. മറ്റൊരു കാരണം ജനസംഖ്യാപരമാണ്. ഇറ്റലിയിലെ ജനസംഖ്യ പെരുകിയപ്പോൾ അവർ ആഫ്രിക്കയിലെ അബിസീനിയ വെട്ടിപ്പിടിച്ചു. ഇനിയൊരു കാരണം സൈദ്ധാന്തികമാണ്.
രണ്ടാം ലോകയുദ്ധത്തിനുശേഷം ജനാധിപത്യ അമേരിക്കയും കമ്യൂണിസ്റ്റ് റഷ്യയും കൊറിയ, വിയറ്റ്നാം എന്നിവയുൾപ്പെടെ പല പ്രദേശങ്ങളിലും ഏറ്റുമുട്ടി. ഇവകൂടാതെ ഏകാധിപതികൾ പലപ്പോഴും യുദ്ധങ്ങളുണ്ടാക്കിയിട്ടുണ്ട്. നെപ്പോളിയനെയും ഹിറ്റ്ലറെയും ആരും ഒരിക്കലും മറക്കില്ല. ഇതൊക്കെയാണെങ്കിലും യുദ്ധത്തിന്റെ പ്രധാന കാരണം മനഃശാസ്ത്രപരംതന്നെയാണ്. ലോകം ഭരിക്കേണ്ടത് ആരാണ് എന്നുള്ളതാണ് പ്രധാന ചോദ്യം. ദേശീയ രാഷ്ട്രീയത്തിൽനിന്നു ഭിന്നമായി ലോകരാഷ്ട്രീയം ശക്തിയുടെയും ബലപരീക്ഷണത്തിന്റെയും വേദിയായിരുന്നു, എല്ലാക്കാലത്തും.
യുദ്ധങ്ങളുടെ ചരിത്രം
ഗ്രീസിന്റെയും റോമിന്റെയും ചരിത്രം പഠിക്കുന്പോൾ അവിടെ നാം വലിയ യുദ്ധങ്ങളെപ്പറ്റി വായിക്കുന്നു. എല്ലാ സാമ്രാജ്യങ്ങളും കെട്ടിയുയർത്തിയതു വാൾമുനയിലൂടെയാണ്. മാസിഡോണിയയിലെ അലക്സാണ്ടർ ചക്രവർത്തിയും റോമിലെ സീസർ ചക്രവർത്തിമാരും ജർമനിയിലെ കൈസർമാരും യൂറോപ്പിനെ വിറപ്പിച്ച ലൂയി പതിനാലാമനും നെപ്പോളിയനും മുസോളിനിയും ഹിറ്റ്ലറുമെല്ലാം യുദ്ധക്കൊതിയന്മാരായിരുന്നു. വ്യവസായവത്കൃത രാജ്യങ്ങൾക്ക് ആധുനിക വെടിക്കോപ്പുകളും കപ്പലുകളും വിമാനങ്ങളും സ്വന്തമായി ഉണ്ടായി. ഇതിന്റെ ഫലമായി അവർ ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിൽ കോളനികൾ സ്ഥാപിച്ചു. ആയുധക്കച്ചവടം വരുമാനമാർഗമായി.
ഇരുപതാം നൂറ്റാണ്ടിലും ധാരാളം യുദ്ധങ്ങളുണ്ടായി. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രയേൽ-ഹമാസ് യുദ്ധം ഗാസ, ലബനൻ, യമൻ, ഇറാൻ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. അതുപോലെ 2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധവുമെല്ലാം ലക്ഷക്കണക്കിന് ആൾക്കാരെ അഭയാർഥികളാക്കുകയും അനേകം പട്ടണങ്ങളെ തകർക്കുകയും ചെയ്തു.
ആഗോളവത്കരണവും യുദ്ധവും
ഇന്നു നാം ജീവിക്കുന്നത് ആഗോളവത്കൃത ലോകത്തിലാണ്. ജനതകൾ തമ്മിൽ ഇത്രയും കൂടുതൽ കണക്ടിവിറ്റി ഇതിനുമുന്പ് ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നേർക്കുനേർ ഉള്ള യുദ്ധങ്ങൾ വളരെ അപകടം പിടിച്ചതാണ്. വ്യാപാരയുദ്ധവും മനഃശാസ്ത്രപരമായ യുദ്ധവുമാണ് ഇന്നു മുഖ്യം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്തന്നെ രണ്ടാം വരവിൽ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളുടെ ഉത്പന്നങ്ങളുടെമേൽ പ്രഖ്യാപിച്ച ഇറക്കുമതിച്ചുങ്കത്തിന്റെ മാരകമായ ദോഷഫലങ്ങൾ അമേരിക്കയിലെ ജനങ്ങൾ ഉൾപ്പെടെ എല്ലാവരും അനുഭവിക്കാൻ പോകുകയാണ്. ചൈനയോടു കളിച്ചാൽ പാറക്കഷണത്തിൽ മുട്ട കൂട്ടിയിടിക്കുന്നതുപോലെയായിരിക്കുമെന്നും റഷ്യയോടു കളിച്ചാൽ അണുവായുധം പ്രയോഗിക്കുമെന്നും അമേരിക്കയോടു കളിച്ചാൽ സാന്പത്തികമായി തകർക്കുമെന്നുമുള്ള പ്രസ്താവനകൾ എതിർരാജ്യങ്ങളുടെ മനോവീര്യം തകർക്കാൻ ഉദ്ദേശിച്ചുള്ളവയാണ്.
സമാധാനമുണ്ടാകണം
എല്ലാ ജനതയും ആഗ്രഹിക്കുന്നതു സമാധാനമാണ്. സമാധാനം സംഗീതത്തേക്കാൾ മധുരമുള്ളതാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം സമാധാനം ഉണ്ടാക്കാൻവേണ്ടി നിലവിൽ വന്ന ലീഗ് ഓഫ് നേഷൻസിനെ ജപ്പാനും ജർമനിയും ഇറ്റലിയുംകൂടി തകർത്തു. രണ്ടാം ലോകയുദ്ധത്തിനു ശേഷം 1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്രസഭയ്ക്കാണ് ഇന്ന് ലോകസമാധാനത്തിന്റെ ചുമതല. എന്നാൽ, വൻശക്തികൾ ഇടപെട്ടിട്ടുള്ള യുദ്ധമേഖലകളിൽ കൂടെക്കൂടെ യുഎൻ പരാജയപ്പെടുന്ന കാഴ്ചയാണു കാണുന്നത്. നിരായുധീകരണം എല്ലാവരും മറന്നതുപോലെ തോന്നുന്നു. ആഗോള യുദ്ധസാമഗ്രികളുടെ ചെലവ് 2023ൽ 2443 ബില്യൺ ഡോളർ എന്ന സർവകാല റിക്കാർഡിൽ എത്തിയിരിക്കുന്നതായി സ്റ്റോക് ഹോം ഇന്റർനാഷണൽ പീസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുന്നു.
ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ-സാന്പത്തിക ചുറ്റുപാടിൽ യുദ്ധങ്ങൾ കാലഹരണപ്പെട്ടുകഴിഞ്ഞു. സാംസ്കാരികമായി വളരെ ഉന്നതിയിലെത്തിയിരിക്കുന്ന നമുക്ക് യുദ്ധങ്ങൾ താങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. യുദ്ധങ്ങളുടെ കെടുതികളെപ്പറ്റി ഭാവി തലമുറകളെ നാം പറഞ്ഞു ബോധ്യപ്പെടുത്തണം. ആയുധങ്ങൾക്കു മുടക്കുന്ന പണം ലോകരാജ്യങ്ങളുടെ വികസനത്തിനായി മുടക്കാൻ വികസിതരാജ്യങ്ങൾ മുന്നോട്ടു വരണം. അന്താരാഷ്ട്ര പ്രശ്നങ്ങൾ തീർക്കാൻ നയതന്ത്രബന്ധങ്ങളും ഐക്യരാഷ്ട്രസഭയുടെ പങ്കും എല്ലാവരും അംഗീകരിക്കണം. അടിമക്കച്ചവടവും കൊളോണിയലിസവും അവസാനിച്ചതുപോലെ ഭീകരയുദ്ധങ്ങളും ഒരുനാൾ അവസാനിക്കും എന്നു പ്രതീക്ഷിക്കാം.
(ലേഖകൻ കോട്ടയം ഡോ. എം.വി. പൈലി ഫോറം ഫോർ ഹയർ എഡ്യുക്കേഷൻ
ഡയറക്ടറാണ്)