ബൈക്കുകൾ കയറാത്ത ഹൈവേ...
Saturday, February 22, 2025 1:07 PM IST
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത്തിരിക്കുന്ന നിർദിഷ്ട പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ എങ്ങിനെയായിരിക്കുമെന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
അതിവേഗ ഇടനാഴിയായി (ഹൈ സ്പീഡ് കോറിഡോർ) ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കുമെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പദ്ധതി രൂപരേഖയിൽ ആവശ്യമായ മാറ്റം വരുത്താൻ ദേശീയപാത അഥോറിറ്റിക്കു കേന്ദ്രസർക്കാർ നിർദേശം നൽകി.
സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറാകും പാലക്കാട്-കോഴിക്കോട് ഹൈവേ.
നിർദിഷ്ട കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയും അങ്കമാലി-കുണ്ടന്നൂർ ബൈപാസും ഈ രീതിയിൽ നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാഹനങ്ങൾക്കു തടസമില്ലാതെ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാകും ഹൈവേയുടെ ഘടന.
ഇരുചക്രവാഹനങ്ങൾക്ക് റെഡ് സിഗ്നൽ
നിലവിലെ പദ്ധതിയിൽ പാലക്കാട്-മലപ്പുറം-കോഴിക്കോട് ജില്ലകളിലൂടെ പോകുന്ന 120.84 കിലോമീറ്റർ ഹൈവേയിൽ പ്രവേശിക്കാനും പുറത്തു പോകാനും 12 വീതം സ്ഥലങ്ങളാണുള്ളത്. അതിവേഗപാതയിൽ അതുണ്ടാകില്ല.
പകരം സംവിധാനം എങ്ങനെയെന്നു പദ്ധതി രൂപരേഖ തയാറായാലേ അറിയാനാകൂ. നിശ്ചിത ദൂരത്തിൽ അടിപ്പാതകൾ നിർമിക്കും. സർവീസ് റോഡ് ഉണ്ടാകില്ലെങ്കിലും ജനവാസമേഖലകളിലെ റോഡുകൾ പരമാവധി ബന്ധിപ്പിക്കാനാണു മന്ത്രാലയത്തിന്റെ നിർദേശം.
പാതയിൽ പ്രവേശിക്കുന്നിടത്ത് 60 മീറ്റർ വീതിയുണ്ടാകും. പദ്ധതിക്കു വേണ്ട സ്ഥലത്തിൽ 98 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു.

പാതിസമയത്ത് ലക്ഷ്യത്തിലെത്താം
നിലവിലുള്ള ദേശീയപാതയിലൂടെ പാലക്കാട്-കോഴിക്കോട് യാത്രയ്ക്കു ശരാശരി നാല് മണിക്കൂർ വേണ്ടിടത്ത് ഗ്രീൻഫീൽഡ് ഹൈവേയിൽ രണ്ട് മണിക്കൂറാണ് കണക്കാക്കുന്നത്.
ഇത് അതിവേഗ ഇടനാഴിയായി രൂപം മാറുമ്പോൾ ഒന്നര മണിക്കൂറിൽ താഴെയാകുമെന്നാണു വിലയിരുത്തൽ. ദേശീയപാത 544ൽ പാലക്കാട് മരുതറോഡിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66ൽ കോഴിക്കോട് പന്തീരങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി.
കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ
തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത്നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ അവസാനിക്കുന്ന രീതിയില്‍ 73 കിലോമീറ്ററില്‍ നാല് വരി അതിവേഗ പാതയാണ് കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ.
കേരള-തമിഴ്നാട് അന്തര്‍സംസ്ഥാന ഗതാഗതം കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. 26 മീറ്ററില്‍ നാല് വരി റോഡും ഏഴ് മീറ്റര്‍ സര്‍വീസ് റോഡുമാണ് ഇതിലുണ്ടാവുക.
ഇതിന് പുറമെ 20 വലിയ പാലങ്ങള്‍, 16 ചെറിയ പാലങ്ങള്‍, 91 കല്‍വെര്‍ട്ടുകള്‍, രണ്ട് ബസ് ബേകള്‍, 28 ബസ് ഷെല്‍ട്ടറുകള്‍ എന്നിവയും ഉണ്ടാകും. 2,850 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസ്
ദേശീയപാതയിലെ അങ്കമാലി മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കരയാംപറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെയാണ് 44.7 കിലോമീറ്റര്‍ നീളത്തില്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസ് നിര്‍മിക്കുന്നത്.
6,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പിലായാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് അങ്കമാലി, ആലുവ, കളമശേരി, ഇടപ്പള്ളി തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര തുടരാമെന്നതും പ്രത്യേകതയാണ്.
ആറ് വരിയില്‍ ദേശീയപാത 66 പൂര്‍ത്തിയാകുമ്പോള്‍ നാല് വരി മാത്രമുള്ള അരൂര്‍ - ഇടപ്പള്ളി ഭാഗത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത്.