ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
Monday, February 17, 2025 3:34 PM IST
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ ഇതുവരെ കഷ്ടത്തിലാക്കിയിട്ടുമില്ല... പറയുന്നത് കണ്ണൂർ ചെറുപുഴ തിരുമേനിയിലെ ചെന്പരത്തിക്കൽ ഇമ്മാനുവൽ ചേട്ടനെക്കുറിച്ചാണ്.
ഇരുപതാം വയസിൽ തുടങ്ങിയ ഇമ്മാനുവലിന്റെ നാടക ഭ്രാന്ത് എഴുപത്തിരണ്ടാം വയസിലും തുടരുകയാണ്. ഇതിനകം കണ്ടും തീർന്നതാകട്ടെ ആയിരത്തോളം നാടകങ്ങളും. നാട്ടുകാരുടെയും വീട്ടുകാരുടെയും ഭാഷയിൽ "തനി നാടക ഭ്രാന്തൻ'
രക്തരക്ഷസ് ആദ്യ നാടകം
തിരുമേനിയിൽ നിന്ന് നടന്നും ബസ് കയറിയും കണ്ണൂരിലെത്തി രക്തരക്ഷസ് എന്ന നാടകമാണ് ആദ്യം കാണുന്നത്. കലാനിലയത്തിന്റെ പ്രസിദ്ധമായ നാല് നാടകങ്ങളും പലതവണ കണ്ടിട്ടുണ്ട്.
തിരുമേനിയിൽ നിന്ന് കാർത്തികപുരം വരെ നടക്കും. വൈകുന്നേരം ഏഴിന് കാർത്തികപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിന് കണ്ണൂരിലെത്തും.
രാത്രി ഒന്പതിന് നടക്കുന്ന നാടകം കണ്ട് പുലർച്ചെ നാലിന് കണ്ണൂരിൽ നിന്ന് പുളിങ്ങോത്തേക്ക് പുറപ്പെടുന്ന കെഎസ്ആർടിസി ബസിൽ പുളിങ്ങോത്ത് എത്തി ചൂരപ്പടവ് കൂടി നടന്ന് രാവിലെ എട്ടോടെ വീട്ടിലെത്തും.
പകൽ കൃഷി, രാത്രി നാടകം
വെറും നാടകം കാണൽ മാത്രമല്ല ഇമ്മാനുവൽ ചേട്ടന്റെ ജീവിതം. നല്ല ഒരു കർഷകനുമാണ്. സഹോദരങ്ങൾക്കൊപ്പം കൃഷിയിടത്തിൽ ഇമ്മാനുവൽ ചേട്ടൻ അധ്വാനിക്കുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല.
സഹോദരങ്ങൾക്കൊപ്പമോ അവരേക്കാൾ കൂടൂതലായോ ഇമ്മാനുവൽ ചേട്ടൻ കൃഷിയിടത്തിൽ പണിയെടുത്തു. എല്ലാവരും പണിനിർത്തി കയറുമ്പോഴേ ഇമ്മാനുവൽ ചേട്ടനും പണി നിർത്തൂ.
പിന്നെ ഓരോരുത്തരും അവരവരുടെ കാര്യം നോക്കും. ഇമ്മാനുവൽ ചേട്ടൻ നാടകമുള്ള സ്ഥലം തേടിപ്പോകും. 1981ൽ പലചരക്ക് കച്ചവടവും ആരംഭിച്ചു. എങ്കിലും കൃഷിയും നാടകം കാണലും തുടർന്നുകൊണ്ടേയിരുന്നു.
ആറു വർഷത്തിന് ശേഷം മലഞ്ചരക്ക് കച്ചവടത്തിലേക്ക് തിരിഞ്ഞു. 1987ൽ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുമേനി യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 18 വർഷം തുടർച്ചയായി വ്യാപാരി വ്യവസായി ഏകോപന സമിതി തിരുമേനി യൂണിറ്റ് പ്രസിഡന്റായിരുന്നു.
പ്രസിഡന്റായിരിക്കെ 2000ൽ പരസ്പര സഹായ നിധി നടത്തി അതിന്റെ ലാഭത്തിൽ നിന്നു മാസത്തിൽ ഓരോ നാടകം വീതം 22 പ്രഫഷണൽ നാടകങ്ങൾ തിരുമേനി എസ്എൻഡിപി സ്കൂളിൽ കൊണ്ടുവന്നു. അത് നാടിനൊരുത്സവം തന്നെയായിരുന്നു.

ഇമ്മാനുവൽ ചേട്ടന്റെ നാടക ദിനചര്യ ഇങ്ങനെ
വീട്ടിലുണ്ടെങ്കിൽ രാവിലെ 6.30ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിലെത്തി വിശുദ്ധ കുർബാന കൂടിയാണ് ഇമ്മാനുവൽ ചേട്ടൻ തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ചട്ടിവയലിലാണ് കൃഷി സ്ഥലം.
രാവിലെ എട്ടിന് സഹോദരൻ ഫ്രാൻസിസിനൊപ്പം അവരുടെ വാഹനത്തിൽ കൃഷിയിടത്തിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നുവരെ തന്റെ ആറരയേക്കർ കൃഷിയിടത്തിൽ പണിതന്നെ.
കാടുവെട്ട്, കിളയ്ക്കൽ, കമുകിന് മരുന്നടിയ്ക്കൽ, അടയ്ക്ക പറിക്കൽ തുടങ്ങി എല്ലാ പണികളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. മൂന്നോടെ തിരിച്ച് വീട്ടിലെത്തും. ഭക്ഷണം പാകം ചെയ്യും.
അഞ്ച് മണിയാകുമ്പോൾ നാടകം കാണുവാൻ ബസ് പിടിക്കും. അത് എവിടെയാണെന്നൊന്നുമില്ല. അഞ്ചാകുന്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ എവിടെയെങ്കിലും നാടകം ഉണ്ടെങ്കിൽ അങ്ങോട്ടുള്ള വണ്ടിയിൽ കയറും.
നാടകം കണ്ടു കഴിഞ്ഞ് ചിലപ്പോൾ വാഹനം കിട്ടാൻ വിഷമമുള്ള സ്ഥലമാണെങ്കിൽ നാടക സമിതിയുടെ വണ്ടിക്ക് തന്നെ മടങ്ങി ഹൈവേയിലെവിടെയെങ്കിലുമെത്തും.
പിന്നീട് പത്രം കൊണ്ടുവരുന്ന വണ്ടിക്ക് കയറി വീട്ടിലെത്തും. മിക്കവാറും പുലർച്ചെ മൂന്നാകും വീട്ടിലെത്തുമ്പോൾ. ഉറക്കം വണ്ടിയിലും വീട്ടിലുമൊക്കെയായി അഞ്ചുമണിക്കൂറിലധികമുണ്ടാകില്ല.
നാടകമുള്ള ദിവസങ്ങളിൽ ഉറക്കം രണ്ടു മണിക്കൂർ മാത്രം. ഇതൊക്കെ ഇമ്മാ നുവൽ ചേട്ടന് ശീലമായിക്കഴിഞ്ഞു. എഴുപത്തിരണ്ടാം വയസിലും ഇമ്മാനുവൽ ഈ ശീലം തുരുകയാണ്.
നാടക സമിതികൾക്കും സംവിധായകർക്കും കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ഫൈൻ ആർട്സ് സൊസൈറ്റികൾക്കുമൊക്കെ ഇമ്മാനുവൽ പരിചയക്കാരായി മാറിയിരിക്കുകയാണ്. ടിക്കറ്റുവച്ചാണെങ്കിൽ ടിക്കറ്റും ഭക്ഷണവും വിശ്രമിക്കാനിടവുമൊക്കെ ഇമ്മാനുവലിന് സംഘാടകരും നാടക സമിതികളും നൽകും.
നാടകത്തെ പ്രോത്സാഹിപ്പിക്കുന്ന മികച്ച നാടകാസ്വാദകൻ, മികച്ച കർഷകൻ എന്ന നിലയിൽ ഇമ്മാനുൽ ചേട്ടനെ കാഞ്ഞങ്ങാട് മാണിയാട്ട് എൻ.എൻ. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാടക മത്സരവേദിയിൽ വച്ച് ആദരിച്ചു.
കാലിക്കടവ് രമ്യ ഫൈൻ ആർട്സ് സൊസൈറ്റി, വെള്ളിക്കോത്ത് നടന്ന നാടക മത്സര വേദി, കഴിഞ്ഞവർഷം കണ്ണൂർ അഴീക്കോട് നടന്ന നാടക മത്സര വേദിയിലെല്ലാം ഇമ്മാനുവൽ ചേട്ടനെ ആദരിച്ചിരുന്നു.
കഴിഞ്ഞ പത്തു വർഷമായി ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം ഉടമ മധുകുമാർ ഇമ്മാനുവലിനെ തന്റെ കൂടെ നാടകം കാണാൻ കൊണ്ടുപോകും. തിരിച്ച് ചെറുപുഴയിലെത്തിക്കും. ചെറുപുഴയിൽ നിന്നും ചിലപ്പോൾ ഏതെങ്കിലും വാഹനം കിട്ടും. അല്ലെങ്കിൽ തിരുമേനിക്ക് നടക്കും.
നാടകം ജീവിതം പഠിപ്പിച്ചു
50 വർഷത്തെ നാടക യാത്രയിൽ നിന്ന് തനിക്ക് ലഭിച്ച അനുഭവങ്ങൾ നിരവധിയാണെന്നും ഇതിൽ നിന്ന് ലഭിച്ച നല്ല വശങ്ങൾ ഒരുപാട് പ്രതിസന്ധികളെ അതിജീവിക്കാൻ തന്നെ പ്രാപ്തനാക്കിയെന്നും ഇമ്മാനുവൽ ചേട്ടൻ പറയുന്നു.
ഇതിനാൽ സമൂഹത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കുവാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും തനിക്ക് എഴുതി ലഭിച്ച നാല്പതോളം പരാതികൾ തീർപ്പാക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇമ്മാനുവൽ ചേട്ടൻ പറയുന്നു.
നമ്മളെക്കാൾ നല്ലവരാണ് നമുക്ക് മുന്നിലുള്ളവരെന്ന് വിശ്വസിച്ചാൽ ഒരു പ്രശ്നവും എവിടെയും ഉണ്ടാക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. കാട്ടുകുതിര, അശ്വമേധം, മുടിയനായ പുത്രൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അധ്യാപിക തുടങ്ങിയ പഴയ നാടകങ്ങൾ നിർവധി തവണ കണ്ടിട്ടുണ്ട്.
പുതിയ നാടകങ്ങളായ മുച്ചീട്ടുകളിക്കാരന്റെ മകൾ, വാഴ് വേ മായം, കലുങ്ക്, അപ്പ, സൈക്കിൾ, വനിതാ മെസ്, കനൽക്കാറ്റ് തുടങ്ങിയവ മികച്ച നാടകങ്ങളാണെന്നും പഴയ കാല നാടകങ്ങളിൽ നിന്നും
ഇന്നത്തെ നാടകങ്ങൾ ഏറെ മുന്നോട്ടു പോയെന്നും രംഗപടങ്ങൾ മാറി സെറ്റുകൾ സ്ഥാനം പിടിച്ചുവെന്നും ലൈറ്റ് സംവിധാനങ്ങളും സൗണ്ട് സിസ്റ്റവുമൊക്കെ നാടകത്തെ ഏറെ മാറ്റിയെന്നും ഇമ്മാനുവൽ ചേട്ടൻ പറയുന്നു.
ഭാര്യ: ആലീസ്. അനീഷ് ഏക മകനാണ്.