ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
Thursday, February 6, 2025 12:46 PM IST
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യപ്പെടുന്നത് കേട്ടാൽ അമ്പരക്കേണ്ട. ചൈനയിലെ മെഡിക്കൽ ഷോപ്പുകളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ് കടുവ മൂത്രം എന്ന മരുന്ന്.
ജീവനുള്ളവയും അല്ലാത്തതുമായ പക്ഷിമൃഗാദികളെ തെരുവിലും അല്ലാതെയും വില്പനയ്ക്ക് വയ്ക്കുന്ന ചൈനക്കാർ ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് കടുവ മൂത്രത്തിലാണത്രെ. എന്താണ് കടുവ മൂത്രത്തിന്റെ മരുന്ന് സിദ്ധി എന്നന്വേഷിച്ചു ചെല്ലുമ്പോഴാണ് രസകരം.
സന്ധിവാതത്തിനുള്ള മരുന്നാണ് കടുവ മൂത്രം എന്നാണ് ചൈനക്കാർ പറയുന്നത്. ഇത് പറയുന്നത് ചൈനയിലെ ഏതെങ്കിലും നാട്ടുവൈദ്യന്മാരോ ഡോക്ടർമാരോ അല്ല. ചൈനയിലെ ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവ മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് അവകാശപ്പെടുന്നത്.
അവകാശപ്പെടുക മാത്രമല്ല അവർ കടുവ മൂത്രം ചില ചേരുവകളൊക്കെ ചേർത്ത് മരുന്നാക്കി മാറ്റി കുപ്പികളിലാക്കി വിൽപനയ്ക്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്. സന്ധിവാതത്തിന് ബെസ്റ്റാ കടുവ മൂത്ര മരുന്ന് എന്ന് കേട്ടതോടെ ഒരുപാട് ആളുകൾ ഇത് അന്വേഷിച്ച് എത്തുകയും ചെയ്തു. പുറമേ തേക്കേണ്ട മരുന്ന് ആയതുകൊണ്ട് ആളുകൾ വാങ്ങി.
ഭാഗ്യത്തിന് ഉള്ളിലേക്ക് കഴിക്കേണ്ടതാണെന്ന് മൂത്രമരുന്ന് നിർമാതാക്കൾ അവകാശപ്പെട്ടില്ല. മരുന്നു പരീക്ഷണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ചൈനയുടെ പുതിയ മൂത്രമരുന്നിനെപ്പറ്റി മാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നു.
ലോകത്തിന്റെ പലഭാഗത്തുനിന്നും സന്ധിവാതം ഉള്ളവർ ഈ മരുന്നിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. കടുവ മൂത്രമരുന്ന് വളരെ സിമ്പിൾ ആണ്, പവർഫുൾ ആണ് എന്നാണ് മരുന്നുണ്ടാക്കിയ ചൈനക്കാർ പറയുന്നത്.
വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തില്‍ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് ഇവരുടെ അവകാശവാദം.
കടുവ മൂത്രത്തിന്റെ ഗുണഫലങ്ങളെ പറ്റി ചൈനയിലെ ദി യാൻ ബിഫെൻജിക്സിയ മൃഗശാല അധികൃതർ വാചാലരാവുന്നുണ്ട്. പുറമേക്ക് തേക്കാൻ മാത്രമല്ല അകത്തേക്ക് കഴിക്കാനും സാധനം സൂപ്പർ ആണെന്നാണ് ഇവർ പറയുന്നത്.
കടുവ മൂത്രം ആരോഗ്യത്തിന് നല്ലതാണെന്നും ഇത് കുടിക്കുന്നത് ഗുണം ചെയ്യും എന്നും ഈ മൃഗശാലക്കാർ പറയുന്നു. എന്നാൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്നപോലെ ഒരു കാര്യം കൂടി ഇവർ കൂട്ടിച്ചേർക്കുന്നു - കടുവ മൂത്രം കുടിച്ച് ഏതെങ്കിലും വിധത്തിലുള്ള അലർജി അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ മൂത്രം കുടിക്കുന്നത് നിർത്തണം.
(പറഞ്ഞില്ലാന്ന് പറയരുത്.. എന്ന ലൈനിൽ ഒരു മുന്നറിയിപ്പ്)
ചൈനയുടെ കടുവ മൂത്രമരുന്ന് വൈറലായതോടെ ആരോഗ്യ വിഭാഗം ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. കടുവ മൂത്രത്തിന്റെ ഔഷധഗുണം സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നുംഅവർ വ്യക്തമാക്കി.
പക്ഷേ അതൊന്നും കടുവ മൂത്രമരുന്നിന്റെ ഡിമാൻഡ് കുറച്ചില്ല എന്നതാണ് സത്യം. വേദന മാറുമെങ്കിൽ എന്തും വാരിത്തേക്കാൻ തയാറായ ആളുകളായിരുന്നു കടുവ മൂത്രമരുന്ന് അന്വേഷിച്ച് എത്തിയത്. ചൈനയിൽ മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാർ ശക്തമായ നിയമ നിർമാണം നടത്തിയിട്ടുണ്ട്.
ആ ശക്തമായ നിയമസംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് മൃഗശാല അധികൃതർ കടുവ മൂത്രം മരുന്നായി വിൽക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ തന്നെ അമ്പരക്കുന്നു. ചൈനയിലെ ദി യാൻ ബിഫെൻജിക്സിയ മൃഗശാല അധികൃതർ ഇതിനുമുന്‍പും കടുവ മൂത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്.
2014ല്‍ റിയാലിറ്റി ഷോ വിജയികള്‍ക്ക് കടുവയുടെ മൂത്രം സമ്മാനമായി നല്‍കിക്കൊണ്ടാണ് മുന്‍പ് ഇതേ മൃഗശാല വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നത്. അതിനുശേഷം 10 വർഷം കഴിഞ്ഞാണ് ഇപ്പോൾ വീണ്ടും കടുവ മൂത്രവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.
എന്തിനും ഏതിനും ഫോർ സെയിൽ ബോർഡ് വെച്ച ചൈനയിൽ സന്ധിവേദനയ്ക്കുള്ള മരുന്ന് എന്ന പേര് പറഞ്ഞാൽ ഏതു മൂത്രവും ചൂടപ്പം പോലെ വിറ്റു പോകുമെന്ന് നിർമാതാക്കൾക്ക് ഉറപ്പായിരുന്നു. 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപയാണ് (50 യുവാൻ) വില.
കേട്ടറിഞ്ഞ് ആളുകൾ വാങ്ങാൻ എത്തുന്നുണ്ട്. ഫല സിദ്ധിയെക്കുറിച്ച് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല. മൃഗശാലയിലെ കടുവയുടെ കൂട്ടിൽ സജ്ജീകരിച്ചിരിക്കുന്ന പാത്രത്തിലാണ് കടുവ മൂത്രം ശേഖരിക്കുന്നതെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
ഇത് എങ്ങനെയാണ് മരുന്നാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ട്രേഡ് സീക്രട്ടൊന്നും അവർ പുറത്തുവിട്ടിട്ടില്ല. കടുവ മൂത്രമരുന്ന് പലരും വാങ്ങിയിട്ടുണ്ടെങ്കിലും ആരെങ്കിലുമൊക്കെ ഉപയോഗിച്ച ശേഷം വിവരം അറിഞ്ഞശേഷം ഉപയോഗിക്കാം എന്ന നിലപാടിലാണ് പലരും.
ചില ദിവസങ്ങളിൽ രണ്ടു കുപ്പി മാത്രമേ വിറ്റു പോകാറുള്ളൂ. മറ്റൊരു ദിവസങ്ങളിൽ ചിലപ്പോൾ അതിൽ കൂടുതലും. എന്തായാലും സംഗതി ഹിറ്റായിട്ടുണ്ട്. കടുവ മൂത്രം സന്ധിവേദനയ്ക്ക് ഉത്തമ മരുന്നാണെന്ന് എവിടെയും പരീക്ഷിക്കുകയോ തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നാണ് വിദഗ്ധർ തറപ്പിച്ചു പറയുന്നത്.
അങ്ങനെ ഉണ്ടെന്ന് തെളിഞ്ഞാൽ ഇന്ന് തള്ളിപ്പറഞ്ഞവർക്ക് തലതാഴ്ത്തേണ്ടി വരും. ഇന്ന് പരിഹസിച്ചവർക്ക് ശിരസ് കുനിക്കേണ്ടി വരും. ചൈനീസ് കളിപ്പാട്ടങ്ങളും ഉൽപ്പന്നങ്ങളും ഒക്കെ സുലഭമായി കിട്ടുന്ന ഇന്ത്യയിൽ വൈകാതെ സന്ധിവേദനയ്ക്കുള്ള കടുവ മൂത്രമരുന്നും എത്തുമെന്ന് പ്രതീക്ഷിക്കാം...