കവിതയെ വർണത്തിൽ ചാലിച്ച്...
Tuesday, February 4, 2025 5:14 PM IST
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച കൃഷ്ണാ നീയെന്നെ അറിയില്ല എന്ന കവിത വായിക്കുന്നത്. "ഇവിടെയന്പാടി തൻ ഒരു കോണിലരിയമൺ- കുടിലിൽ ഞാൻ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല' എന്നു തുടങ്ങുന്ന കവിത എന്നെ വല്ലാതെ ആകർഷിച്ചു.
ഗുരുവായൂരാണ് എന്റെ ജന്മദേശം. കുട്ടിക്കാലം മുതൽ ഗുരുവായൂരപ്പനെ കണ്ടു തൊഴുന്ന ഒരാൾ കൂടിയാണ് ഞാൻ. അതുകൊണ്ടൊക്കെയാവും കൃഷ്ണാ നീയെന്നെ അറിയില്ല വായിച്ച് ഞാൻ ഏറെ നേരം കരഞ്ഞു.
ഇന്നും ഈ കവിത എന്റെ കണ്ണുകൾ നിറയ്ക്കാറുണ്ട്. സുഗതകുമാരി അമ്മ എന്നാണ് ഞാൻ ഇപ്പോൾ പറയുക. അമ്മയുടെ കവിത വായിച്ചപ്പോൾ എനിക്കു തോന്നി കവയിത്രിയെപ്പോലെ എത്രയോപേർ കൃഷ്ണനെ കാലങ്ങളായി വിളിക്കുന്നുണ്ട്.
ഞാനും അവരിൽ ഒരാളാണ്. പക്ഷെ കൃഷ്ണൻ ഞങ്ങളെ അറിയുന്നുണ്ടോ? ഇത് എന്റെ ഉള്ളിൽ എപ്പോഴും നിറയുന്ന ചോദ്യം തന്നെയാണ്. ഉണ്ണിക്കണ്ണന്റെ മായാലീലകളിൽപ്പെട്ട് ഞങ്ങളെപ്പോലെ അനേകം ഭക്തർ ചുറ്റിത്തിരിയുകയാവും.
എങ്കിലും കവിതയ്ക്കൊടുവിൽ ഗോപികയുടെ മൺകുടിലിനു മുന്നിൽ കൃഷ്ണരഥം വന്നു നിൽക്കുന്നതായാണ് കവയിത്രി കുറിക്കുന്നത്. കൃഷ്ണൻ ഗോപികയെ അറിയുന്നുണ്ട് എന്ന വിശ്വാസം കവയിത്രിയെ പോലെ ഞാനും സ്വന്തമാക്കുന്നു. അങ്ങനെ പല ചിന്തകളും കവിത എന്നിലുണ്ടാക്കി.
എന്നാൽ ഇക്കവിത എന്നെങ്കിലും ഞാൻ വരയ്ക്കും എന്നോ വലിയൊരു വിഭാഗം ആസ്വാദകർ അത് കാണും എന്നോ ഉള്ള ഒരു സ്വപ്നം പോലും ഉണ്ടായിയിരുന്നില്ല. ഇപ്പോൾ സുഗതകുമാരി അമ്മയുടെ നവതി ആഘോഷ വേളയിൽ എന്റെ കണ്ണുനീർ നിറങ്ങളായിരിക്കുന്നു.
സുഗതകുമാരി അമ്മയുടെ കൃഷ്ണ കവിതകളും പരിസ്ഥിതി കവിതകളും ഏറെ ഇഷ്ടമാണെങ്കിലും നേരിട്ട് കാണുവാനും സംസാരിക്കുവാനും ഉള്ള ഭാഗ്യം ഉണ്ടായില്ല. ഇപ്പോൾ സുഗതദർശനം ചിത്രപരന്പര സത്യമായപ്പോൾ അമ്മ എന്നെ ചേർത്തണയ്ക്കുന്ന ഒരനുഭവമാണ്.
സുഗതകുമാരി അമ്മയുടെ 15 കവിതകളാണ് ചിത്രപരന്പരയാക്കിയിട്ടുള്ളത്. കവിതകളുടെ ആത്മാംശം മിക്സഡ് മീഡിയയിലൂടെയാണ് കാൻവാസിൽ പകർത്തിയിരിക്കുന്നത്. കൃഷ്ണ നീയെന്നെയറിയില്ല എന്ന കവിതയുടെ ഒരു ഭാഗമാണ് പെയിന്റിംഗിനു തെരഞ്ഞെടുത്തത്.
"കരയുന്നു ഗോകുലം മുഴുവനും കൃഷ്ണ,നീ മഥുരയ്ക്കു പോകുന്നുവത്രേ...' കൃഷ്ണൻ മഥുരയ്ക്ക് പുറപ്പെടുംനേരം ഗോകുലം മുഴുവൻ കൃഷ്ണനു പിന്നാലെ പിടയുന്ന ഹൃദയത്തോടെ പായുന്ന രംഗമാണ് ഞാൻ പകർത്തിയിട്ടുള്ളത്.
ചില കവിതകളുടെ പൂർണത ഉൾക്കൊണ്ട്, ആശയം ഉൾക്കൊണ്ടാണ് ചിത്രങ്ങൾ വരച്ചത്. കറുപ്പ്, നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു, അന്പലമണി, സ്നേഹത്തിനെന്തേ നിറം തുടങ്ങിയവ അങ്ങനെ വരച്ചതാണ്.
എന്നാൽ ചില കവിതകളുടെ ഏതാനും ഭാഗങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. മരത്തിനു സ്തുതി, ഇതു മഹാഭാരതം ഉൾപ്പെടെയുള്ള കവിതകൾ അങ്ങനെയാണ് ആവിഷ്കരിച്ചിട്ടുള്ളത്.''-കൃഷ്ണപ്രിയ പറയുന്നു.
കറുപ്പ് എന്ന കൃഷ്ണ കവിതയിൽ "വാക്കുകളെല്ലാം കറുത്തിരിക്കുന്നു പാട്ടുകളെല്ലാം കറുത്തിരിക്കുന്നു '...എന്നൊക്കെയാണ് കവയിത്രി കുറിച്ചിരിക്കുന്നത്. പൂക്കളും തന്റെ പ്രേമവുമെല്ലാം കറുത്തുപോയ കാലത്ത് പക്ഷെ ഒരു മയിൽപ്പീലിയുടെ നീലിമയും പച്ചവർണവും കവയിത്രി കാണുന്നുണ്ട്.
''സുഗതകുമാരി ഇരുൾക്കാട്ടിൽ കണ്ട വിസ്മയമായ മയിൽപ്പീലി കൃഷ്ണപ്രിയ വരച്ചിട്ടുണ്ട്. കറുത്ത കാൻവാസിൽ സുഗതകുമാരിയുടെ "നീലിച്ചുപച്ചിച്ചു മിന്നിത്തുടുത്തൊരു മയിൽപ്പീലി' ചിത്രകാരി എടുത്തുവച്ചിരിക്കുകയാണ്.
വികസനത്തിന്റെ പേരിൽ മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ വേദനയിൽ സുഗതകുമാരി എഴുതിയ കവിതയാണ് "നിങ്ങളെന്റെ ലോകത്തെ എന്തു ചെയ്തു.' സുഗതകുമാരിയുടെ ഏറ്റവും ശക്തമായ പരിസ്ഥിതി കവിതകളിൽ ഒന്നായ ഇക്കവിത കൃഷ്ണപ്രിയ കാൻവാസിൽ ഒപ്പിയെടുത്തിട്ടുണ്ട്.
രാത്രിമഴ എന്ന കവിതയിലെ തുടക്കത്തിലെ നീണ്ട മുടിയിട്ടുലച്ച ഉൻമാദിനിയെയല്ല കൃഷ്ണപ്രിയ വരച്ചിട്ടുള്ളത്. പകരം കിളിവാതിൽ വിടവിലൂടെ തണുത്ത കൈവിരൽ നീട്ടി കവയിത്രിയെ തൊടുന്ന മഴയെയാണ്.
ത്രീഡി ഇഫക്ട് ഉള്ളതാണ് 15 ചിത്രങ്ങളും. സുഗതകുമാരിയുടെ മുത്തുച്ചിപ്പി എന്ന കവിതയുടെ ചിത്രത്തിൽ യഥാർഥ ചിപ്പി ചേരുന്നുണ്ട്. അതുപോലെ ഇല പൊഴിഞ്ഞു വീഴുന്ന "നന്ദി' എന്ന കവിതയുടെ പെയിന്റിംഗിൽ യഥാർഥ ഇല തന്നെയാണുള്ളത്.
ആറന്മുളയിൽ കഴിഞ്ഞ മാസം നടന്ന സുഗതകുമാരി ജന്മവാർഷിക ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് സുഗതവൃക്ഷ എന്ന പെയിന്റിംഗ് നൽകാൻ സാധിച്ചത് വലിയ ഭാഗ്യമായി കൃഷ്ണപ്രിയ കരുതുന്നു.
വർഷങ്ങൾക്കു മുന്പ് കൃഷ്ണ നീയെന്നെയറിയില്ല വായിച്ചപ്പോൾ കവിതയിലെ ഗോപികയായി മാറിയത് കൊണ്ടാണോ പെയിന്റിംഗിലെ ഗോപികയ്ക്ക് നീണ്ട തലമുടിയുള്ള കൃഷ്ണപ്രിയ എന്ന ചിത്രകാരിയുടെ സാമ്യം വരുന്നത്.
ചിത്രങ്ങളിൽ തന്റെ ആത്മാംശം വരുന്നെങ്കിൽ അത് അറിയാതെ സംഭവിക്കുന്നതാണെന്ന് കൃഷ്ണപ്രിയ. കൃഷ്ണപ്രിയയുടെ ഭർത്താവ് ലെഫ്റ്റനന്റ് കേണൽ സജിത്ത് വിശ്വനാഥ്. മകൻ വിരാട് കൃഷ്ണ ആർമി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി.