പോലീസിനെ ചുറ്റിച്ച ‘കാര്‍’
Friday, January 24, 2025 1:12 PM IST
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപകടമരണകാരണം തേടിയുള്ള യാത്രയില്‍ ഒടുവില്‍ "പ്രതിയായ' കാറിന്റെ ഉടമസ്ഥനെ തേടി ഒരുമാസമാണ് കേരള പോലീസ് സംസ്ഥാനത്തിന് പുറത്ത് തമ്പടിച്ചത്.
കോഴിക്കോട്ടുണ്ടായ റീല്‍സ് ചിത്രീകരണ സമയത്തെ അപകടവും യുവാവിന്റെ മരണവും വലിയ രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അബദ്ധത്തില്‍ സംഭവിച്ച മരണത്തില്‍ പ്രതികള്‍ പിടിയിലായി. പക്ഷേ കേസന്വേഷണം അതുകൊണ്ടൊന്നും തീരുമായിരുന്നില്ല. അത്രയും നൂലാമാലകള്‍ ഉണ്ടായിരുന്നു.
അപകട സമയത്ത് പ്രതികള്‍ ഉപയോഗിച്ച കാർ ഏത്, എവിടെ രജിസ്റ്റര്‍ ചെയ്തു, ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നോ, കാര്‍ ഉടമ ആര് തുടങ്ങി ഒരുപിടി ചോദ്യങ്ങളാണ് ഉയര്‍ന്നുവന്നത്. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് അപകടം വരുത്തിയ കാറിന്റെ ഉടമയിലേക്ക് എത്തിയത്.
ഇതിനിടയില്‍ മരിച്ച യുവാവിന്റെ കുടുംബം അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത് പോലീസിനെ സമ്മര്‍ദത്തിലാക്കി. കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ ആദ്യം കാറിന്റ യഥാര്‍ഥ ഉടമയെ പോലീസിന് കണ്ടെത്തണമായിരുന്നു. മൂന്നുതവണ ഉടമകള്‍ മാറി വന്ന കാറാണ് പോലീസിനെ ചുറ്റിച്ചത്.
ഒടുവില്‍ തഥാര്ഥ ഉടമയെ കണ്ടെത്തിയപ്പോള്‍ അദ്ദേഹം വിദേശത്തും. ഇയാള്‍ക്ക് നോട്ടീസ് അയച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനിയും സമയം എടുക്കുമെന്നുറപ്പാണ്.
കേരളത്തിന് പുറത്ത് അന്വേഷണം നടത്തിയ കേരള പോലീസ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
സംഭവം ഇങ്ങനെ..
കഴിഞ്ഞ ഡിസംബര്‍ 11-ന് കോഴിക്കോട് ബീച്ച് റോഡില്‍ കാര്‍ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന് റീല്‍സ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന് ആല്വിന് (20) ആണ് കാറിടിച്ചു മരിച്ചത്.
അപകടത്തെ തുടര്‍ന്നു കാര്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാന്, ഒപ്പമുണ്ടായിരുന്ന ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാബിദ് റഹ്മാന്റെ ലൈസന്‍സ് ഉള്‍പ്പെടെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട്ടെ വാഹന സ്ഥാപനത്തിന് വേണ്ടിയുള്ള വീഡിയോ ആയിരുന്നു റീല്‍സ് ആയി ചിത്രീകരിച്ചുകൊണ്ടിരുന്നത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ആല്വിന് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിച്ചവര്‍ തന്നെ ആല്‍വിനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ മരിച്ചതോടെ ഒപ്പമുണ്ടായിരുന്നവര്‍ നൂലാമാലകള്‍ ഭയന്ന് പോലീസിനോട് കള്ളം പറഞ്ഞു. രണ്ട് വാഹനങ്ങളാണ് റീല്‍സ് എടുക്കുന്ന സമയത്ത് ഉപയോഗിച്ചിരുന്നത്.
ഒരു ഇന്നോവയും ഒരു ഡിഫന്‍ഡര്‍ കാറും. ഇതില്‍ ഡിഫന്‍ഡര്‍ കാറിന് എല്ലാ രേഖകളുമുണ്ടായിരുന്നു. ഡിഫന്‍ഡര്‍ കാറിടിച്ചാണ് ആല്ബിന് മരിച്ചതെന്നായിരുന്നു അവര്‍ അറിയിച്ചത്.
എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇന്നോവ കാറാണ് അപകടം വരുത്തിയതെന്ന് മനസിലായി. ഇതിന് ഇൻഷ്വറന്‍സ് ഉണ്ടായിരുന്നില്ല.
ഇന്നോവയെ ചെയ്സ് ചെയ്ത് ഡിഫന്‍ഡര്‍ കാര്‍ വരുന്ന സീനായിരുന്നു റോഡില്‍ ചിത്രീകരിച്ചിരുന്നത്. ഇന്നോവ കാറിന് നിയന്ത്രണം നഷ്ടപ്പെടുകയും ആല്വിന് ഓടിമാറും മുന്‍പ് ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് അപകടം പുനരാവിഷ്കരിച്ച പോലീസിന് സത്യം മനസിലായി. കാറിന് ഇൻഷ്വറന്‍സോ ടാക്സ് അടച്ച രേഖകളോ ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇവരെ കള്ളം പറയാന്‍ പ്രേരിപ്പിച്ചത്.
പോലീസ്അടുത്തിടെ തെലങ്കാനയിലെത്തി ഇന്നോവ കാര്‍ ഉടമ അശ്വിന് ജയിനിനെ കണ്ടെത്തി. ആഡംബര കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഹൈദരാബാദിലെ കമ്പനിയിലാലിരുന്നു അശ്വിന് ജെയിന്.
എന്നാല്‍ കമ്പനി ഡല്‍ഹിയിലുള്ള മറ്റൊരു കമ്പനിക്ക് കാര്‍ വിറ്റിരുന്നു. ഡല്‍ഹിയിലെ കമ്പനിയില്‍ നിന്നാണ് വാഹനം കോഴിക്കോട് കടുലുണ്ടി സ്വദേശിയായ നൗഫല്‍ എന്നയാള്‍ക്ക് കൈമാറിയത്.
വാഹനം വിറ്റതുമായി ബന്ധപ്പെട്ട് വില്പന കരാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാര്‍ പേരിലേക്ക് മാറ്റിയിരുന്നില്ല. വെള്ളയില്‍ പൊലീസ് ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയപ്പോഴാണ് വിശദമായ വിവരങ്ങള്‍ ലഭിച്ചത്.
രജിസ്ട്രേഷനും ഇൻഷ്വറന്സുമില്ലാത്ത വാഹനം കൈമാറിയതിന് നൗഫലിനെതിരേ കേസെടുത്തു. നൗഫലിനെയും കേസില്‍ പ്രതി ചേര്‍ത്തുകൊണ്ട് പോലീസ് അന്വേഷണ റിപ്പോര്‍ട്ടും രേഖകളും കോടതിയില്‍ ഹാജരാക്കും.
കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫല്‍. ഇയാള്‍ വിദേശത്തുനിന്നു വരുന്നതും കാത്തിരിപ്പാണ് പോലീസ്.