പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
Monday, January 20, 2025 5:47 PM IST
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനുഭവിച്ചതുമായ കാര്യമാണിത്. അവധി ദിനങ്ങളിലും വീക്കെന്ഡിലും ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍ വയനാട് ചുരത്തിലെ സ്ഥിരം കാഴ്ചയാണ്. കേരളത്തില്‍ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട് എന്നുള്ളതില്‍ ഒരു തര്‍ക്കവുമില്ല.
ചുരത്തിലെ കാഴ്ചതന്നെ അതിമനോഹരമാണ്. പക്ഷെ ഗതാഗതക്കുരുക്കില്‍ അകപ്പെടുമ്പോള്‍ എങ്ങനെയെങ്കിലും ചുരം ഒന്നു കടന്നുകിട്ടിയാല്‍ മതി എന്ന തോന്നലാകും ആദ്യം ഓടിയെത്തുക.
ഇതിനെന്താണ് ഒരു പരിഹാരം... ആ പ്രതീക്ഷകള്‍ എത്തിനില്‍ക്കുന്നത് തുരങ്കപാതയിലാണ്. തുരങ്കപാതയുമായി വരുന്ന ഓരോ അപ്ഡേറ്റും അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്..
അവസാനവട്ട ഹിയറിംഗ് ഈ മാസം
കോഴിക്കോട്- വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നതാണ് പുതിയ വിവരം. പദ്ധതിക്കാവശ്യമായ പാരിസ്ഥിതികാനുമതിക്കായുള്ള അവസാനവട്ട ഹിയറിംഗ് ഈ മാസം അവസാനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സ്റ്റേറ്റ്എൻവയോൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് കമ്മിറ്റിയുടെ അനുമതി ഈ മീറ്റിംഗിൽ ലഭിച്ചു കഴിഞ്ഞാൽ മറ്റ് തടസങ്ങളൊന്നുമില്ലാതെ പ്രവൃത്തി ആരംഭിക്കാനാകും. ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ, ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങുന്നതാണ് ഈ കമ്മിറ്റി.
വർഷത്തിൽ രണ്ടോ, മൂന്നോ തവണ യോഗം ചേരുന്ന ഈ കമ്മറ്റി കഴിഞ്ഞ തവണ യോഗം ചേർന്ന ശേഷം കമ്മിറ്റി അംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ കമ്മറ്റി കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ നൽകുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
അതിനിടെ വയനാട്ടിലുൾപ്പെടെ ഉണ്ടായ ഉരുൾപൊട്ടൽ പദ്ധതിക്ക് അനുമതി ലഭിക്കുന്ന കാര്യത്തിൽ ആശങ്ക ഉയർത്തിയെങ്കിലും ടൗണ്‍ഷിപ്പ് പദ്ധതിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനമായതോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കാലതാമസം വേണ്ട എന്നാണ് തീരുമാനം.
രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാത
തുരങ്കപാത നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ജൂണില്‍ നിയമസഭയിൽ അറിയിച്ചിരുന്നു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപാതയുടെ നിർമാണം പൂർത്തീകരിക്കുക.
കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പും പൂർണമായി പൂർത്തിയായിട്ടുണ്ട്. 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാണ്.
പത്തുമീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട് ക്രോസ്വേകളുണ്ടാവും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഗതാഗതം നിലയ്ക്കാതിരിക്കാനാണിത്.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാത.
മറിപ്പുഴയിൽ വലിയപാലം വരും
മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. 1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഇരട്ട തുരങ്കപാത.
ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 93.12 കോടി ചെലവിൽ ആർച്ച് പാലവും നാലുവരി സമീപനറോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. രണ്ട് ഘട്ടമായാണ് ടെൻഡർ ക്ഷണിച്ചിരുന്നത്.
പാതയ്ക്ക് 2,138 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.
നാലുവർഷത്തിനകം തുരങ്കപാത പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടറിൽ വനം ഒരുക്കണമെന്ന നിബന്ധനയോടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തുരങ്കപാതയ്ക്ക് പ്രാഥമിക അനുമതി നൽകിയത്. 34.31 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കുക.
വനഭൂമിയിൽ നിർമാണ പ്രവൃത്തികൾ ഒഴിവാക്കും
വനഭൂമിയിൽ നിർമാണ പ്രവൃത്തികൾ പരമാവധി ഒഴിവാക്കും. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം നൽകാനുള്ള ഭൂമി വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിലായാണ് 17.263 ഹെക്ടർ ഭൂമിയിൽ മരം നടുക. ഇത് റിസർവ് വനമായി വിജ്ഞാപനം ചെയ്യും.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിലപരിസ്ഥിതിസംഘടനകൾ തുരങ്കപാതാ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും ഭരണ, പ്രതിപക്ഷ കക്ഷികളിൽനിന്നും ഒറ്റക്കെട്ടായി പാതയ്ക്കായുള്ള മുറവിളി തുടരുകയാണുണ്ടായത്.
ഒറ്റപ്പെട്ട ചില രാഷ്ട്രീയനേതാക്കൾ മാത്രമാണ് തുരങ്കപാത സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിരുന്നത്.