ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
Wednesday, January 15, 2025 3:07 PM IST
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത ഈ രണ്ട് കാര്യങ്ങളിലും ഒരേസമയം താത്പര്യമുള്ള ഏതെങ്കിലും സാധാരണക്കാരുടെ കാര്യമല്ല.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ നിത്യാനന്ദ അഡിഗയുടെ കാര്യമാണ്. പൂജാദി കർമങ്ങളുടെ ഇടവേളകളിൽ ഭാര്യ രക്ഷിതയ്ക്കൊപ്പം തികച്ചും സാധാരണക്കാരനായി ദീർഘദൂര ബൈക്ക് യാത്രകൾ നടത്തുന്നതാണ് നിത്യാനന്ദ അഡിഗയുടെ സ്റ്റൈൽ.
അഞ്ചുവർഷം മുമ്പ് കൊല്ലൂരിൽ നിന്ന് തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിട്ട് നേപ്പാളും ഭൂട്ടാനും ബംഗ്ലാദേശും വരെ 10500 കിലോമീറ്റർ ദൂരം തന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഒറ്റയ്ക്ക് യാത്ര നടത്തിയിട്ടുള്ള ആളാണ് നിത്യാനന്ദ അഡിഗ.
ബൈക്ക് റൈഡറെന്ന നിലയിൽ ദേശീയതലത്തിൽ തന്നെ പ്രശസ്തിയും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ക്ഷേത്രത്തിലെ പൂജാദി കർമങ്ങളിൽ സഹധർമിണിയായി നില്ക്കുന്ന രക്ഷിതയാകട്ടെ, മൈസൂരുവിൽ കോളജ് വിദ്യാർഥിനിയായിരുന്ന കാലത്തുതന്നെ സ്വന്തമായി 500 സിസി റോയൽ എൻഫീൽഡെടുത്ത് യാത്രകൾ തുടങ്ങിയ ആളാണ്.
എംബിഎ ബിരുദധാരിയായ നിത്യാനന്ദയുടെയും വിദ്യാഭ്യാസം മൈസൂരുവിലായിരുന്നു. ബൈക്ക് യാത്രകളോടുള്ള ഇഷ്ടമാണ് ഇരുവരെയും തമ്മിൽ അടുപ്പിച്ചത്. മറ്റു പല ക്ഷേത്രങ്ങളിൽനിന്നും വിഭിന്നമായി, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മുഖ്യ അർച്ചകനാകുന്ന വ്യക്തി വിവാഹിതനായിരിക്കണമെന്ന് നിർബന്ധമാണ്.
ക്ഷേത്രത്തിലെ പൂജകൾ നടക്കുമ്പോൾ മുഖ്യ അർച്ചകന്റെ ഭാര്യയും ദേവീചൈതന്യത്തിന്റെ പ്രതിനിധിയായി ക്ഷേത്രത്തിനകത്തുണ്ടാകണം. ശ്രീകോവിലിനകത്തെ മണ്ഡപത്തിനുള്ളിൽ നടക്കുന്ന സുവാസിനി പൂജയിൽ അവരുടെ സാന്നിധ്യം പ്രധാനമാണ്.
സുമംഗലിയായി വസിക്കുന്ന വ്യക്തി എന്നാണ് സുവാസിനി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് പിതാവ് മഞ്ജുനാഥ അഡിഗയിൽ നിന്ന് മുഖ്യ അർച്ചക സ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് നിത്യാനന്ദയും രക്ഷിതയും വിവാഹിതരായത്.
ഇപ്പോൾ മകൾ ഷിറിയും ഇവരുടെ യാത്രകളിൽ ഒപ്പമുണ്ട്. ആരോഗ്യപ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന മഞ്ജുനാഥ അഡിഗ ഈ മാസം ഒന്നിന് അന്തരിച്ചു.
ശബരിമലയിലെ തന്ത്രികുടുംബം പോലെ അഡിഗ കുടുംബത്തിലെ വിവിധ താവഴികളിൽനിന്നുള്ള നാലുപേർക്കാണ് ഇപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ അർച്ചകനായിരിക്കാനുള്ള അവകാശമുള്ളത്.
ഗോവിന്ദ അഡിഗ, സുബ്രഹ്മണ്യ അഡിഗ, വിഘ്നേശ് അഡിഗ എന്നിവരാണ് മറ്റു മൂന്നുപേർ. ഗോവിന്ദ അഡിഗയൊഴികെ മറ്റു മൂന്ന് പേരും 40 വയസിൽ താഴെയുള്ളവരാണ്. എല്ലാവരും ബിരുദാനന്തര ബിരുദധാരികളാണ്.
അതിനൊപ്പം സംസ്കൃതവും താന്ത്രിക കർമങ്ങളും പഠിച്ചിട്ടുണ്ട്. കൊല്ലൂരിലെ അഡിഗ ഹെറിറ്റേജും താന്ത്രിക് ഗസ്റ്റ് ഹൗസുമടക്കമുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയും അഡിഗ കുടുംബത്തിലുള്ളവർക്കാണ്.
മൈസൂരു സര്വകലാശാലയില്നിന്ന് ബിബിഎമ്മും എംബിഎയും കഴിഞ്ഞ നിത്യാനന്ദ അഡിഗ മൈസൂരുവിലെതന്നെ മഹാരാജ കോളജ് സംസ്കൃത പാഠശാലയില്നിന്ന് തന്ത്രശാസ്ത്രത്തിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു.
ക്ഷേത്രത്തിനുള്ളിൽ ചുവന്ന പട്ടുവസ്ത്രവും ചേലയും ചുറ്റി അർച്ചകനായി നില്ക്കുമ്പോഴും റൈഡിംഗ് ജാക്കറ്റും ജീൻസും ബൂട്സും അതിസുരക്ഷാ ഹെൽമെറ്റും കൈയുറയും ധരിച്ച് റൈഡിംഗ് നടത്തുമ്പോഴും "ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രം തന്നെയാണ് നിത്യാനന്ദയുടെ ഉള്ളിൽ മുഴങ്ങുന്നത്.
ജലസംരക്ഷണവും കർഷകരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉയർത്തിക്കൊണ്ടാണ് 2019 ൽ വിവിധ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലുമായി ബൈക്ക് യാത്ര നടത്തിയത്.
യാത്രയ്ക്കിടയിൽ പലയിടങ്ങളിലും സസ്യാഹാരം മാത്രമായി ലഭിക്കാത്ത സാഹചര്യങ്ങളിൽ മൂന്നു ദിവസത്തോളം പഴങ്ങൾ മാത്രം കഴിച്ച് വണ്ടിയോടിച്ചിട്ടുണ്ട്.
ഇങ്ങനെയൊരു സാഹചര്യം മുന്നിൽകണ്ട് യാത്ര പുറപ്പെടുമ്പോൾതന്നെ ഡ്രൈ ഫ്രൂട്ട്സ് വണ്ടിയിൽ കരുതിവച്ചിട്ടുണ്ടായിരുന്നു. പിന്നീട് വഴിയരികിൽനിന്ന് ആപ്പിളും പാലുത്പന്നങ്ങളുമൊക്കെ വാങ്ങിവച്ചു.
ഭുവനേശ്വറിനും വിജയവാഡയ്ക്കുമിടയിൽ വിജനമായ ദേശീയപാതയിലൂടെ അർധരാത്രി ബൈക്കോടിക്കുമ്പോൾ പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായതുപോലെ സിഗ്നലിട്ട് വണ്ടി വഴിയരികിൽ നിർത്തിയതും തൊട്ടുപിന്നാലെ വന്ന മറ്റൊരു ബൈക്ക് തെറ്റായ ദിശയിൽ അമിതവേഗത്തിൽവന്ന കാറിലിടിച്ചു തകർന്നതും ഇപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്ന ഓർമയാണ്.
മൂകാംബികാദേവിതന്നെയാണ് പെട്ടെന്ന് ഒരു ഉൾവിളി തോന്നിപ്പിച്ച് തന്റെ ജീവൻ രക്ഷിച്ചതെന്ന് നിത്യാനന്ദ വിശ്വസിക്കുന്നു. ദീർഘദൂര ബൈക്ക് യാത്രകൾ നടത്തുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളെല്ലാം കൃത്യമായി പാലിക്കുന്നതിനൊപ്പം നന്മയും സദുദ്ദേശ്യങ്ങളും മാത്രം മനസിലുണ്ടെങ്കിൽ ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാകുമെന്ന് നിത്യാനന്ദയും രക്ഷിതയും പറയുന്നു.