ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരികയുള്ളു.
എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, പരിചരണത്തിന്റെ ആവശ്യകതകൾ കൂടി കൂടി വരികയും, ഒടുവിൽ മുഴുവൻ സമയ പരിചരണം വേണ്ടിവരികയും ചെയ്യും.
പരിചരിക്കാൻ പഠിക്കാം
ആൽസ്ഹൈമേഴ്സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് രോഗിയുടെ സ്വഭാവത്തിൽ വരുത്തുന്ന മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നാം പലപ്പോഴും കേൾക്കാറുണ്ട്.
രോഗത്തിന്റെ പ്രാരംഭ, മധ്യ, അവസാന ഘട്ടങ്ങളിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും രോഗിയെ പരിചരിക്കുന്നവരെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്.
ആൽസ്ഹൈ മേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) പോലുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപെട്ട് ഈ അസുഖത്തെ പറ്റിയും പരിചരിക്കുന്നതിന്റെ വിവിധ വശങ്ങളെ പറ്റിയും ചോദിച്ചു മനസിലാക്കാം.
പരമാവധി തടയാം
ആൽസ്ഹൈമേഴ്സ് പൂർണമായി ഭേദമാക്കുന്ന ഒരു ചികിത്സയുടെ അഭാവത്തിൽ, ഡിമെൻഷ്യയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രായോഗിക മാർഗം എന്നത് ആൽസ് ഹൈ മേഴ്സ് വരുന്നത് പരമാവധി തടയുക എന്നതാണ്.
* കഴിയുന്നത്ര ആരോഗ്യകരമായ ഭക്ഷണം കഴിക്കുക - കഴിക്കുന്ന ഭക്ഷണ ഗ്രൂപ്പുകളെ വൈവിധ്യവത്കരിക്കുകയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുക. പ്രാദേശികവും വിലകുറവുള്ളതുമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തിഗത ഭക്ഷണക്രമമാണ് ഏറ്റവും നല്ലത്.
* വ്യായാമം - നടത്തം, ബൈക്ക് റൈഡിംഗ്, നീന്തൽ, നൃത്തം എന്നിവ പ്രധാനമാണ്. എപ്പോഴും എന്തെങ്കിലും പുതിയത് പഠിച്ചു കൊണ്ടേ ഇരിക്കുക. അങ്ങനെ മസ്തിഷ്കത്തെ എപ്പോഴും പ്രവർത്തനസജ്ജമായി നിലനിർത്തുക.
* ഹൃദ്രോഗമോ മറ്റു ജീവിതശൈലി രോഗങ്ങളോ ഉണ്ടെങ്കിൽ അവയ്ക്ക് കൃത്യമായ ചികിത്സ തേടണം.
* മനുഷ്യർ സാമൂഹിക മൃഗങ്ങളാണ്; സാമൂഹികമായി കൂടുതൽ ഇടപെടലുകൾ നടത്തുന്നത് ഓർമശക്തി കൂട്ടുക മാത്രമല്ല വിഷാദവും ഒറ്റപ്പെടലും കുറയ്ക്കുകയും ചെയ്യുന്നു.
* പൊതുവായ ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക - പല്ലുകളുടെ ആരോഗ്യം പരിശോധിക്കുക, തലയ്ക്ക് പരിക്കേൽക്കാതിരിക്കുക, മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പുകവലിക്കുകയോ അമിതമായ അളവിൽ മദ്യം കുടിക്കുകയോ ചെയ്യരുത്.
* ശ്രവണ നഷ്ടം ഉള്ളവർക്ക് ഒരു ശ്രവണസഹായി ലഭിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. ഇത് മറവിയുടെ തീവ്രത മന്ദഗതിയിലാക്കുന്നു. ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ശ്രവണസഹായി യന്ത്രങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ഗവൺമെന്റുകളെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും പ്രോത്സാഹിപ്പിക്കണം.
* സുരക്ഷിതമായ വ്യായാമത്തിനുള്ള ഹരിത ഇടങ്ങൾ, വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പോളിസികൾ, സാർവത്രിക വിദ്യാഭ്യാസം (പ്രത്യേകിച്ച് പെൺകുട്ടികൾക്ക്), എല്ലാവർക്കും പ്രാപ്യമായ ചെലവ് കുറഞ്ഞ ആരോഗ്യപരിരക്ഷ, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ/ മാർഗനിർദേശം തുടങ്ങിയ വിഷയങ്ങൾ ഗവൺമെന്റുകൾ കൈകാര്യം ചെയ്യണം.
പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ അവബോധം ഉണ്ടാക്കാൻ അവിഭാജ്യ പങ്ക് വഹിക്കാൻ കഴിയുന്ന കമ്മ്യൂണിറ്റി പബ്ലിക് ഹെൽത്ത് സിസ്റ്റങ്ങൾക്ക് ധനസഹായം നൽകുക എന്നതും ഗവൺമെന്റുകളുടെ ചുമതലയാണ്.
വിവരങ്ങൾ: ഡോ.സുശാന്ത് എം.ജെ
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.