അപകടകാരിയാണ് ന്യുമോണിയ
ജീവനു ഭീഷണിയായ ഗുരുതര ശ്വാസകോശ അണുബാധയാണു ന്യുമോണിയ. ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്-പ്രാഥമികമായി വൈറസ്, ബാക്ടീരിയ, അല്ലെങ്കില്‍ ഫംഗസ്.
ഇത് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നു. പ്രായമായവരില്‍ (55 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍), ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത ചെറുപ്പക്കാരേക്കാള്‍(പ്രായം 18-49) 13 മടങ്ങ് കൂടുതലാണ്.
ദൗര്‍ഭാഗ്യവശാല്‍, അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകര്‍ച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വര്‍ഷവും ഏകദേശം 1.6 ദശലക്ഷം ജീവന് ന്യുമോണിയ മൂലം
നഷ്ടപ്പെടുന്നു.
ന്യുമോണിയ, ശ്വാസകോശ അണുബാധകൾ
മെഡിക്കല്‍ പുരോഗതികള്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും, ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുന്നു; പ്രത്യേകിച്ചും 2021 ലെ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍.
ന്യൂമോണിയ സംബന്ധമായ മരണങ്ങള് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാല്‍, ആരോഗ്യ പരിപാലന അസമത്വങ്ങളും പരിഹരിക്കേണ്ട തുണ്ട്. വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ഓക്സിജന്‍ തെറാപ്പി, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോഷകാഹാരം തുടങ്ങിയവയിലൂടെ അതു സാധ്യമാക്കാം.
ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുന്നു
ന്യുമോണിയയുടെ ആഘാതം മരണനിരക്കിനും അപ്പുറമാണ്; രോഗം അതിജീവിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുക, ബുദ്ധിവികാസത്തിന് കാലതാമസം, ആവര്‍ത്തിച്ചുള്ള ശ്വസന അണുബാധകള്‍ എന്നീ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടാം.
കൂടാതെ, ന്യുമോണിയ ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നു, പ്രത്യേകിച്ച് ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍. കൂടാതെ രോഗ ബാധിത കുടുംബങ്ങളില്‍ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടും നേരിടേണ്ടതായി വരുന്നു.
വിവരങ്ങൾ - ഡോ.സോഫിയ സലിം മാലിക്
സീനിയർ കൺസൾട്ടന്റ്- പൾമോണളജിസ്റ്റ്, അലർജി, ഇമ്യൂണോളജി & സ്ലീപ് കൺസൾട്ടന്റ് എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം