രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
റെജി ജോസഫ്
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകള്‍. ഐഎഎസ് നേടി വര്‍ഷങ്ങളുടെ സര്‍വീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്നവരുടെ ശമ്പളത്തിനു തുല്യമാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളം.
നിലവിലിത് ഏകദേശം 1,07,800- 1,60,000 രൂപ വരെ വരും. ഏറ്റവും കുറവ് പാചകക്കാരനാണ്- ഇവര്‍ക്ക് കിട്ടും 50,200 രൂപ വരെ. 70,000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്നവര്‍ക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ടിഎ ലഭിക്കും.
77,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ വിമാന ടിക്കറ്റ് നിരക്കും എഴുതിയെടുക്കാം. ഇപ്പോഴത്തെ സര്‍ക്കാരില്‍ 362 സ്റ്റാഫുകളേ ഉള്ളൂവെന്നത് ആശ്വാസം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ 623 പേരാണ് വിവിധ മന്ത്രിമാരുടെ സ്റ്റാഫില്‍ ഇടംപിടിച്ചത്.
പേഴ്സണല്‍ സ്റ്റാഫ് നിയമനം ലോട്ടറിയാണ്. മന്ത്രിസഭ അധികാരത്തിലിരിക്കുന്ന കാലം ഭാഗ്യലോട്ടറി കൂടെയുണ്ടാകും. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ച്ആര്‍എ, മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ്, ക്വാര്‍ട്ടേഴ്സ് എന്നു വേണ്ട ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള എല്ലാ ആനുകൂല്യങ്ങളും കിട്ടും. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയൊന്നും വേണ്ടതാനും.
പങ്കാളിത്ത പെന്ഷന് പദ്ധതില്പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ചശേഷം മരിച്ചാല്‍ ഫാമിലി പെന്‍ഷനില്ല. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് ഫാമിലി പെന്‍ഷനും അര്‍ഹതയുണ്ട്. നിലവില്‍ സംസ്ഥാനത്ത് 1,250 പേര് പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷനും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് അടക്കം ആനുകൂല്യങ്ങളും പറ്റുന്നു.
1994ന് മുമ്പുവരെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് ഉണ്ടായിരുന്നില്ല. കെ. കരുണാകരന് മുഖ്യമന്ത്രി ആയിരിക്കെ 1994 സെപ്റ്റംബര്‍ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.
മന്ത്രിസ്ഥാനം ഒരു വാഴ്ചക്കാലമാണ്. മന്ദിരം സദ്യ, യാത്ര, വസ്ത്രം എന്നിവയിലൊന്നും ഒതുങ്ങുന്നതല്ല ആര്‍ഭാടം. മന്ത്രിയായിരിക്കെ കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണട വാങ്ങിയത് പിണറായി സര്‍ക്കാരില്‍ വിവാദമായിരുന്നു.
എന്നാല്‍ അര ലക്ഷം രൂപയുടെ കണ്ണട വാങ്ങിയ നാലു പേര് കൂടി ആ സര്ക്കാരിലുണ്ടായിരുന്നുവെന്നു പിന്നീട് വെളിപ്പെട്ടു. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്ക് ചികിത്സാ ചെലവിന് പരിധിയൊന്നുമില്ല. മന്ത്രിസഭാംഗങ്ങളെല്ലാം രോഗികളോ എന്ന സംശയിച്ചുപോകും വിധമാണ് ചികിത്സയുടെ പേരില്‍ വാങ്ങിയെടുക്കുന്നത്.
ആശ്രിതരുടെ ആശ്വാസം
ആശ്രിതനിയമനത്തിന്റെ പേരിലാണ് മുന്‍പ് മന്ത്രി ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടിവന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന് പി.കെ. സുധീര്‍ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ച കേസിലായിരുന്നു രാജി.
ഈ സ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യപ്പെട്ടിരുന്നവരുടെ പട്ടിക വെട്ടിക്കളഞ്ഞു സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ലക്ഷങ്ങള്‍ ശമ്പളമുള്ള ബന്ധുനിയമനങ്ങളില്‍ ഒരു മുന്നണിയും പാര്‍ട്ടിയും സര്‍ക്കാരും മോശക്കാരല്ല.
മുന്‍നിര നേതാക്കളുടെ ഭാര്യമാരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അയോഗ്യയും സീനിയോരിറ്റിയും മറികടന്നു നിയമിച്ചതിനു കണക്കില്ല. പാര്‍ട്ടി നേതാക്കളായ കെ.കെ. രാമചന്ദ്രന്റെ മകനെ പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലും കെ.വി. വിജയദാസിന്റെ മകനെ ഓഡിറ്റ് വകുപ്പില്‍ എന്‍ട്രി കേഡര്‍ തസ്തികയിലും ഇപ്പോഴത്തെ സര്‍ക്കാര്‍ നിയമിച്ചു.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനമെന്ന് സര്‍ക്കാര്‍ വിശദീകരണം. എ.കെ. ബാലന്റെ ഭാര്യയെ സംസ്ഥാന ആസൂതണ ബോര്‍ഡില്‍ നിയമിച്ചു.
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തിലും ബന്ധുക്കള്‍ പലരാണ്. വീണാ ജോര്‍ജിന്റെ സഹോദരി പ്ലീഡര്‍. ബിനോയ് വിശ്വത്തിന്റെ മകള്‍ സീനിയര്‍ ഗവ. പ്ലീഡര്‍. പി.വി. ശ്രീനിജന്ന്റെ ഭാര്യയും എം. ചന്ദ്രന്റെ മകനുമൊക്കെ ഗവ. പ്ലീഡര്‍മാര്‍. മുന്തിയ ശമ്പളവും കാറും വലിയ ആനുകൂല്യങ്ങളും അകമ്പടി.
ഗോപി കോട്ടമുറിക്കല്‍, സി.എന്‍. മോഹനന്, സി.എം. ദിനേശ് മണി എന്നിവരുടെ അടുത്ത ബന്ധുക്കളും ഗവ. പ്ലീഡര്‍മാരായി. കോലിയക്കോട് കൃഷ്ണന് നായരുടെ ബന്ധുവിനും കിട്ടി നിയമനം.
ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും ടെല്‍ക് ചെയര്‍മാന്റെ ഭാര്യയും സര്‍ക്കാര്‍ അഭിഭാഷകരായി നിയമനം നേടി.
ഹെലികോപ്ടറും ഹൈടെക് ബസും
മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്ടറില്‍ അധികം യാത്ര ചെയ്യുന്നില്ലെങ്കിലും കരാറെടുത്തിരിക്കുന്ന ഹെലികോപ്റ്ററിന് മുന്നു മാസത്തെ വാടക 2.4 കോടി രൂപയാണ് ഈയിടെ അനുവദിച്ചത്.
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്്. അഞ്ചു ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണം. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് ഹെലികോപ്ടറിന് വാടക. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം.
പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗക്യമുള്ള ഹെലികോപ്ടറിന്റെ പാര്‍ക്കിംഗ് ചാലക്കുടിയിലാണ്. പാര്‍ക്കിംഗ് തിരുവനന്തപുരത്ത് വേണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ തിരുവനന്തപുരത്താണെങ്കില്‍ പാര്‍ക്കിംഗ് തുക കൂടി വേണമെന്ന് ഹെലികോപ്ടര്‍ കമ്പനി ആവശ്യപ്പെട്ടതോടെ അത് ഉപേക്ഷിച്ചു.
നവകേരള സദസ് കേരള പര്യടനത്തിന് ആര്‍ഭാട ബസുണ്ടാക്കിയതും ഒരു വര്‍ഷത്തിനുള്ളില്‍ ബസ് ഉപയോഗശൂന്യമായതുമൊക്കെ പഴയ കോലാഹലം.
ഒരേ ബസില്‍ മുഖ്യമന്ത്രിമാരും സഹമന്ത്രിമാരും ഒരുമിച്ചു നടത്തിയ ദേശപര്യടത്തില് ബസിനു പിന്നിലെ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെ 60 വാഹനങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. മന്ത്രിയില്ലാതെയും പലരുടെയും സ്റ്റേറ്റ് കാറുകള്‍ ബസിനു പിന്നാലെ വെറുതെ ഓടി.
കോടതിയും ഞെട്ടി
പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് അടുത്തയിടെ സുപ്രീം കോടതിയില്‍ ഹര്‍ജി വന്നിരുന്നു. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ നിയമനമെന്നും പെന്ഷന് നല്‍കാനുള്ള ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലാണോ നിയമനമെന്ന് കോടതി ചോദിച്ചു. ഗുജറാത്തില്‍ പേഴ്സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണ്. എന്നാല്‍ അവിടെ നല്‍കുന്നത് ഓണറേറിയമാണ്.
കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പേഴ്സണൽ സ്റ്റാഫ് നിയമനം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പെന്ഷന് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ അവർ പറ്റുന്നുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.