സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തിളക്കം
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാട് ഓര്‍മകള്‍ ഉറങ്ങുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്. ചുരം കയറി എത്തുന്നവര്‍ക്ക് എല്ലാക്കാലത്തും ബത്തേരിയും പരിസര പ്രദേശങ്ങളും സമ്മാനിക്കുന്നത് വിസ്മയ കാഴ്ചകള്‍ തന്നെയാണ്.
വയനാട്ടിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ സുല്‍ത്താന്‍ ബത്തേരിക്കുള്ള പങ്ക് ചെറുതല്ല. സുല്‍ത്താന്‍ ബത്തേരിയെ അറിയുക എന്നാല്‍ വയനാടിനെയും അതുവഴി കേരള ചരിത്രത്തെയും അറിയുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ നാട് പത്തരമാറ്റ് തിളക്കത്തില്‍ നിലകൊള്ളുന്നു.
സുല്‍ത്താന്റെ ആയുധപ്പുര
വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശിരാജയുടെ കൈയില്‍നിന്ന് ലഭിച്ച വയനാടന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം. 1858-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈയില്‍ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടര്‍ന്നു.
പിന്നീട് 1947 വരെ മലബാര്‍ കളക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്‍. മുന്നനാട്, മുത്തൂര്‍നാട്, ഇളങ്കൂര്‍നാട്, നല്ലൂര്‍നാട്, ഇടനാശങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു.
ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്ഥത്തില് സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്.
പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂരിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലും കൂടിയ വഴിക്ക് ചുറ്റുമായും പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു.
കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ല്‍ നൂല്‍പ്പുഴ പഞ്ചായത്തും 1974 ല്‍ നെന്മേനി പഞ്ചായത്തും 1968 ല്‍ സുല്‍ത്താന്‍ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. തമിഴ്, കര്‍ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മധ്യകാലഘട്ടം മുതലേ സുല്‍ത്താന്‍ബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്.
മധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്‍, കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്‍, എല്ലാം സുല്‍ത്താന്‍ബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.
കാലാവസ്ഥ
മിത-ശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെയുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2,322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷതാപം 290-180 ഡിഗ്രി സെല്ഷ്യസിനിടയ്ക്കാണ്.
ഹുമിഡിറ്റി മൺസൂൺ കാലത്ത് 95ശതമാനം വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1. തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി) 2. ചൂടു കാലം (മാർച്ച്-മേയ്) 3. തെക്കു പടിഞ്ഞാറൻ മൺസൂൺ (ജൂൺ-സെപ്റ്റംബർ) 4. വടക്കു കിഴക്കൻ മൺസൂൺ (ഒക്ടോബര്‍-നവംബർ).
ടൂറിസം
വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി. നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടത്തെ കാട് കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, മലയണ്ണാൻ, കാട്ടാട്, വിവിധതരം മാനുകൾ, കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ, അപൂർവ ഔഷധസസ്യങ്ങൾ, വിവിധ തരം മരങ്ങൾ, മുള ഉൾപ്പെടെയുള്ള പുല്ല് വർഗങ്ങൾ എന്നിവയുടെ അപൂർവ കലവറയാണ്.
ജൈനക്ഷേത്രം: ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം ഒരു കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.