പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഋഷി
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളൊക്കെ നേടിയ ചിത്രമെന്ന നിലയിൽ നേരത്തെ തന്നെ പല്ലൊട്ടി ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.
എന്നാൽ ചിത്രം കണ്ടിറങ്ങുന്പോൾ തൊണ്ണൂറുകളിൽ കളിച്ചുല്ലസിച്ചു ജീവിച്ച ഇന്നത്തെ മുതിർന്നവരുടെ മനസിൽ തെളിയുക അന്നത്തെ തങ്ങളുടെ ആർമാദിക്കലിന്റെ ഓർമചിത്രങ്ങളാണ്. തങ്ങളുടെ മക്കൾക്ക് തങ്ങൾ അന്നടിച്ചുപൊളിച്ച കഥകൾ പറഞ്ഞുകൊടുക്കുന്പോൾ അവർക്കൊരു നൊസ്റ്റാൾജിക് മൂഡുണ്ടാകും...
പല്ലൊട്ടി ചർച്ചയാകുന്നത് ഓരോരുത്തർക്കുമുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. കുട്ടിക്കാലത്ത്, തൊണ്ണൂറുകളിലെ കുട്ടിക്കാലത്ത്, മൊബൈൽ ഫോണ് കൈക്കുന്പിളിൽ വന്നു ചേർന്നിട്ടില്ലാത്ത തൊണ്ണൂറുകളിലെ കുട്ടിക്കാലത്ത് ചെയ്തു കൂട്ടിയതും കാണിച്ചുകൂട്ടിയതുമായ ചെറുബാല്യകുസൃതികളും കളികളും ഓർത്തെടുക്കാൻ ഒരവസരം - ശരിക്കും അതാണ് പല്ലൊട്ടി എന്ന സിനിമ.
ഓർമയില്ലേ ചന്ദനത്തിരികൾ പായ്ക്ക് ചെയ്തു വന്നിരുന്ന മഞ്ഞയും നീലയും നിറമുള്ള സുതാര്യമായ പ്ലാസ്റ്റിക് കവറിനുള്ളിലൂടെ ആകാശം നോക്കി മഞ്ഞാകാശവും നീലാകാശവും ചുവപ്പാകാശവും കണ്ടത്...പല്ലൊട്ടിയിൽ അത്തരമൊരു ഷോട്ടുണ്ട്.
പണ്ട് അങ്ങിനെ ആകാശം നോക്കിയവർക്കെല്ലാം ആ രംഗം കാണുന്പോൾ നമ്മളും ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്ന് തോന്നിപ്പോകും. ഗോലി കളിച്ചതും കുട്ടിയും കോലും കളിച്ചതും ഇന്നത്തെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടി വരും. അവരിൽ പലർക്കും അതറിയില്ല.
പറന്പിലെ തെങ്ങിൽ നിന്നു താഴേക്ക് ഞാന്നു കിടക്കുന്ന പട്ടയിൽ തൂങ്ങിയാടിയ കുട്ടിക്കാലം മറക്കാനാകുമോ. സാറ്റടിച്ച് കളിച്ച കുട്ടിക്കാലം ഇന്നത്തെ കുട്ടികളും ഫ്ളാറ്റിനകത്ത് കളിക്കുന്നുണ്ട്. തീപ്പെട്ടി ചിത്രങ്ങൾ ശേഖരിച്ചുവെച്ച തൊണ്ണൂറുകളിലെ കുട്ടികളുടെ ഹോബി ഇന്ന് പലർക്കുമില്ല.
ഇന്ന് സ്റ്റാന്പ് ശേഖരണം ഒരു ഹോബി എന്നതിനപ്പുറം വിജ്ഞാനപ്രദമായ ഒരു ശീലമാണ്. ബിഗ് ഫണ് എന്ന ച്യൂയിംഗത്തിനൊപ്പം റണ്ണും വിക്കറ്റും രേഖപ്പെടുത്തിയ കാർഡ് കിട്ടിയിരുന്നത് ശേഖരിച്ചുവച്ച് ക്രിക്കറ്റ് ബാറ്റും ബോളും ജേഴ്സിയുമൊക്കെ സ്വന്തമാക്കിയവരുണ്ട്.
അന്ന് പാടത്തും പറന്പിലും ക്രിക്കറ്റ് കളിക്കുന്പോൾ വെസ്റ്റ് ഇൻഡീസിന്റെ വിവിയൻ റിച്ചാർഡ്സ് ച്യൂയിംഗം ചവയ്ക്കും പോലെ ബിഗ് ഫണ് ചവച്ച് ഓലമടൽ ബാറ്റുമായി സിക്സറടിക്കാൻ കാത്തുനിന്നത് മറക്കാനാകുമോ...
പറന്പിലൂടെ ടയർ വടികൊണ്ട് തട്ടിയോടിക്കാൻ എളുപ്പമാണെങ്കിലും പാടവരന്പിലൂടെ ടയറുരുട്ടിക്കളിക്കാൻ മിടുക്കു വേണം. കള്ളനും പോലീസും വേനൽക്കാലത്ത് പുറത്തും മഴക്കാലത്ത് വീട്ടിനകത്ത് വട്ടംചുറ്റിയിരുന്ന് കടലാസിൽ കള്ളൻ, പോലീസ്, രാജാവ്, മന്ത്രി എന്നെഴുതി ഓരോരുത്തർക്കും പോയന്റുമിട്ട് കളിച്ചിരുന്നത് ഇന്നും വൈറലാണ്.
പോലീസ് എന്നെഴുതിയ കടലാസ് തുണ്ട് കിട്ടുന്നയാൾ കള്ളനാരാണെന്ന് പറയണം. പല്ലൊട്ടിയിൽ ഉജാലക്കുപ്പിയെ ഉന്തുവണ്ടിയാക്കുന്ന കുട്ടിക്കാലത്തെ വിനോദം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. സൈക്കിൾ വിലയേറിയ വസ്തുവായതുകൊണ്ട് എല്ലാ കുട്ടികൾക്കും അന്ന് കിട്ടാറില്ല.
വാടകയ്ക്ക് സൈക്കിൾ കൊടുക്കുന്ന കടയിൽ നിന്ന് മണിക്കൂറിന് ഒരു രൂപയും അന്പതു പൈസയും നിരക്കിൽ അരവണ്ടി (ചെറിയ സൈക്കിൾ)യെടുത്ത് നാടാകെ ചുറ്റിയടിച്ചെത്തുന്പോൾ വിയർത്തുകുളിച്ചിരിക്കും.
സ്കൂളിൽ ഫോട്ടോയെടുക്കുന്ന ദിവസം പുസ്തകത്താളിനിടയിൽ പൗഡർ പൊതിഞ്ഞുകൊണ്ടുവന്നതും ബെനിഫിറ്റ് ഷോ എന്ന പേരിൽ നടത്താറുള്ള സിനിമ പ്രദർശനം കാണാൻ നാട്ടിൻപുറത്തെ പാവം തിയറ്ററിലേക്ക് വരിവരിയായി പോയതും സ്കൂൾ അനിവേഴ്സറിക്ക് മുഖം നിറയെ പൗഡറിട്ട് ഡാൻസ് സ്റ്റെപ്പ് തെറ്റിക്കളിച്ചതും നാടകത്തിൽ ഡയലോഗു മറന്ന് പതറിനിന്നതും ഇന്നലെയെന്ന പോലെ....
ബ്രാന്റഡ് ഐസ്ക്രീമുകളൊന്നും അന്ന് കുട്ടികൾക്ക് കിട്ടാറില്ല. ഏറി വന്നാൽ ജോയ് ഐസ്ക്രീം മാത്രം... ഉണ്ടായിരുന്നത് സൈക്കിളിൽ ബോക്സിൽ കൊണ്ടുവരുന്ന ഐസാണ്... പാലൈസ്, സേമിയ, മുന്തിരി...അങ്ങിനെ പല ടേസ്റ്റുകളിലും കോലൈസ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞാൽ ചോറ്റുപാത്രത്തിൽ ഐസുകൾ പലതും ചില്ലറപൈസ ഷെയറിട്ട് വാങ്ങിച്ചു കഴിച്ചതിന്റെ മധുരം മറക്കാനാകുമോ...
ബാലരമയിൽ മായാവിക്കൊരു എതിരാളി ലുട്ടാപ്പി എന്ന് പരസ്യം വന്നപ്പോൾ കൊതിയോടെ അതിനായി കാത്തിരുന്നതും തൊണ്ണൂറുകളിൽ തന്നെ.അന്ന് സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നുണ്ടെങ്കിൽ തൃശൂരിലാണെങ്കിൽ മൃഗശാല, പീച്ചി ഡാം, പാലക്കാടാണെങ്കിൽ മലന്പുഴ ഡാം...
ടിവി കാണണമെങ്കിൽ പലപ്പോഴും അടുത്ത വീട്ടിലേക്ക് പോകണം. ക്രിക്കറ്റ് കളി കാണണമെങ്കിലും റിപ്പബ്ലിക് പരേഡ് ലൈവ് ടെലികാസ്റ്റ് കാണണമെങ്കിലും അപ്പുറത്തെ വീട്ടിലേക്ക് പോണം. പന്പരം ചുറ്റിയെറിഞ്ഞ കുട്ടിക്കാലവും റസ്ലിംഗ് താരങ്ങളുടെ കാർഡ് ശേഖരിച്ചതും സോപ്പുവെള്ളത്തിൽ നിന്ന് കുമിളകൾ വിട്ടുകളിച്ചതും ഒരു കാലം.
പല്ലൊട്ടി എന്ന സിനിമ ഇതിലേക്കൊന്നും കാര്യമായി കടക്കുന്നില്ലെങ്കിലും മനസിൽ ഇതുപോലുള്ള ഒരുപാട് ഓർമകൾ അന്നത്തെ കുട്ടികളായിരുന്ന ഇന്നത്തെ മുതിർന്നവരുടെ മനസിൽ തിരിച്ചുകൊണ്ടുവരുന്നുണ്ട്.