ഉത്തരമലബാറിൽ തെയ്യങ്ങൾ കാൽച്ചിലമ്പണിയുന്നു
സ്വന്തം ലേഖകർ
തെയ്യക്കാലത്തിന്റെ വരവറിയിച്ച് ദേവസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പത്താമുദയം. ഇതോടെ വടക്കേ മലബാറിൽ ഒരുമയുടെ ഇഴയടുപ്പത്തിനായി തെയ്യങ്ങൾ കാൽച്ചിലമ്പണിയുകയായി. ഇനി ആറുമാസക്കാലം കളിയാട്ടങ്ങളും പെരുംങ്കളിയാട്ടങ്ങളുമായി ദൈവസ്ഥാനങ്ങൾ ഭക്തി സാദ്രമാകും.
ദേവനർത്തനത്തിന്റെ ചാരുതയിൽ തോറ്റംപാട്ടും വരവിളിയും കേട്ട് കാവുകൾ ഉത്സവ ലഹരിയിലാകുമ്പോൾ ജാതിമത വ്യത്യാസമില്ലാതെ ഗ്രാമങ്ങളൊന്നാകെ കുലദൈവങ്ങളെ വരവേൽക്കും. തുലാമാസത്തിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയമെന്നും തുലാപ്പത്തെന്നും വിളിക്കുന്നത്.
തുലാം പത്ത് കഴിഞ്ഞതോടെ മറ്റൊരു തെയ്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും. കളിയാട്ടക്കാലത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തെയ്യം കലാകാരന്മാര്.
നാലുമാസത്തെ ഇടവേളയ്ക്കുശേഷം തെയ്യം കലാകാരന്മാരുടെ ഉറങ്ങിക്കിടന്ന ഭാവനങ്ങളും ഉണരുകയായി. ഇവർക്കൊപ്പം മുഖത്തെഴുത്തുകാർ, ചെണ്ടക്കാർ, കോലക്കാർ, ആടയാഭരണങ്ങൾ തയാറാക്കുന്നവർ, സഹായികൾ എന്നിവരും പ്രതീക്ഷയോടെയാണ് വരുംദിവസങ്ങളെ നോക്കുന്നത്.
ഉത്തരകേരളത്തിലെ ജനങ്ങളുടെ ജീവിതവുമായി അടുത്തുനില്ക്കുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യങ്ങൾ. കാർഷിക സംസ്കൃതിയുമായും മേലാള-അടിമത്ത വ്യവസ്ഥക്കൾക്കെതിരെയുമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെയും ചരിത്രമാണ് ഓരോ തെയ്യങ്ങൾക്കും പിന്നിലുള്ളത്.
ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരേ ഒരുമയുടെ മാനവിക സന്ദേശങ്ങളും തെയ്യങ്ങൾ ഉയർത്തുന്നു. അതിനാലാണ് സാമൂഹിക ജീവിതത്തിലും തെയ്യക്കഥകൾക്ക് ശക്തമായ സ്വാധീനമുണ്ടാക്കാനും കഴിയുന്നത്.
ഓരോ തെയ്യത്തിനും ഭക്തമനസുകള്‍ നിറയ്ക്കാനുതകുന്ന രൂപഭംഗി വ്യത്യസ്തമാണ്. അതിനാൽത്തന്നെ ചമയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ആചാരനിഷ്ഠയോടും വൃതശുദ്ധിയോടുമാണ് ചമയങ്ങള്‍ (അണിയലങ്ങൾ) ഒരുക്കുന്നത്.
മരം, ലോഹം, മയില്‍പ്പീലി, തുണി, മുള, കുരുത്തോല, വാഴപ്പോള എന്നിവയ്ക്കൊപ്പം പുഷ്പങ്ങളും ചമയങ്ങളുടെ ഭാഗമാണ്. ഓരോ തെയ്യത്തിന്റെയും അലങ്കാരങ്ങള്‍ വ്യത്യസ്ഥമാണ്. നിറത്തിലും, രൂപത്തിലും ആകൃതിയിലും വൈവിധ്യങ്ങള്‍ നിറയും.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ദേവസ്ഥാനങ്ങളിലാണ് തെയ്യങ്ങൾ കെട്ടിയാടുന്നത്. അതിനാൽത്തന്നെ തെക്കൻ ജില്ലകളിലുൾപ്പെടെയുള്ളവർ വർണങ്ങളുടേയും ചമയങ്ങളുടേയും മാസ്മരിക കാഴ്ചകൾ കാണാൻ മലബാറിലേക്കെത്തുന്ന ദിവസങ്ങൾ കൂടിയാണ് സമാഗതമാകുന്നത്.
ആഘോഷങ്ങൾ കുറഞ്ഞു
പണ്ടുകാലത്ത് തുലാപ്പത്ത് വലിയ ആഘോഷമായാണ് കൊണ്ടാടിയിരുന്നത്. ഇപ്പോൾ ഇത് അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് ഈ ആഘോഷങ്ങൾ നടക്കുന്നത്. പണ്ട് തുലാം ഒന്‍പതിന് തന്നെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.
പുലർച്ചെ അഞ്ചോടെ ഗണപതിക്ക് വയ്ക്കുക എന്നൊരു ചടങ്ങുണ്ട്. നിലവിളക്ക് ഉമ്മറക്കോലായിൽ കത്തിച്ചു വച്ച് വിളക്കിന്റെ ഇരു ഭാഗത്തുമായി രണ്ട് വലിയ കുരുമുളക്, ഇലയിൽ അവിൽ, വെല്ലം, ചെറുപഴം എന്നീ നിവേദ്യങ്ങൾ വയ്ക്കും. ഒരു ഇളനീരും ഓട്ട് കിണ്ടിയിൽ വെള്ളവും വയ്ക്കും.
അതിനു ശേഷം വീട്ടിലെ കുട്ടികൾ ഉമ്മറക്കോലായിലിരുന്ന് ഉറക്കെ കൂ...കൂ...കൂ... എന്ന് കൂവി വിളിക്കുന്ന പതിവുണ്ടായിരുന്നു. അപ്പോഴേക്കും അടുത്ത വീടുകളിലെ കുട്ടികളും കൂവൽ ഏറ്റുവിളിച്ച് പ്രദേശം മുഴുവനും കൂവലുകളാൽ മുഖരിതമായിരിക്കും.
പിറ്റേന്ന് തുലാം പത്തിനും പുലർച്ചെ ഇത് ആവർത്തിക്കും. അന്നേദിവസം നേരത്തേ വച്ച അവലും പഴവും ഇളനീരിനും പുറമെ ഒരു ചെറിയ ഓട്ട് ഉരുളിയിൽ പുതു വസ്ത്രവും കൂടി വയ്ക്കും. രാവിലെ കടലപ്പരിപ്പ് കൊണ്ടുള്ള പായസത്തിനു പുറമെ അവിൽ കുഴയ്ക്കൽ എന്നൊരു ഏർപ്പാട് കൂടിയുണ്ടായരുന്നു.
ഓട്ട് ഉരുളിയിൽ അവലും വെല്ലവും തേങ്ങയും ചിരകിയിട്ട് പഴവും കൂട്ടി മുതിർന്ന ആരെങ്കിലും കുഴച്ച് അതിൽ അല്പം പശുവിൻ നെയ്യുമൊഴിച്ച് ഉരുട്ടിയെടുക്കും. മേമ്പൊടിയായി ഇത്തിരി ഏലക്കായ പൊടിച്ചതും കൂടി ചേർത്ത് കഴിക്കും.