സിനിമയിലെ ആരും കാണാത്ത ചരിത്രങ്ങൾ...
എസ്. മഞ്ജുളാദേവി
ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും എസ്. ജാനകിയും ജയചന്ദ്രനും കെ.എസ്. ചിത്രയും ഉൾപ്പെടെയുള്ള ഗായകരുടെ പാട്ടുകളുടെ അനുഭൂതിയിൽ എന്നും അലിയുന്ന മലയാളികൾക്ക് ആർട്ടിസ്റ്റ് പി.ജെ. ചെറിയാനെ അറിയുമോ? സിനിമാ പ്രേക്ഷകരിൽ ബഹുഭൂരിപക്ഷവും അറിയാത്ത പി.ജെ. ചെറിയാൻ എന്ന നിർമാതാവാണ് മലയാള പിന്നണി ഗാനസന്പ്രദായത്തിന് ആദ്യമായി തുടക്കം കുറിക്കുന്നത്.
1948-ൽ പുറത്തിറങ്ങിയ നിർമല എന്ന സിനിമയിലാണ് ആദ്യമായി നായകനും നായികയും ഉൾപ്പെടുന്ന അഭിനേതാക്കൾക്കുവേണ്ടി ഗായകർ പാടുന്നത്. ആദ്യശബ്ദചിത്രമായ ബാലനിലും പിന്നീട് വന്ന ജ്ഞാനാംബികയിലും പ്രഹ്ലാദയിലും അഭിനേതാക്കൾ അഭിനയിച്ചുകൊണ്ടുതന്നെ പാടുന്ന രീതിയായിരുന്നു.
അഭിനയിച്ചുകൊണ്ട് പാടുക എന്ന ഏറ്റവും ക്ലേശകരമായ കാര്യം ഒഴിവാക്കുകയും പിന്നണി പാടുവാൻ മികച്ച ഗായകരെ സിനിമയിലേക്ക് കൂട്ടുകയും ചെയ്യുക വഴി മലയാള സിനിമാ ചരിത്രത്തെത്തന്നെ ഉടച്ചുവാർത്തു നിർമാതാവായ പി.ജെ. ചെറിയാൻ.
മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവായ ജി. ശങ്കരക്കുറുപ്പാണ് നിർമലയ്ക്കുവേണ്ടി പാട്ടെഴുതിയത്. നിർമലയിലൂടെ ടി.കെ. ഗോവിന്ദറാവു ആദ്യ പിന്നണി ഗായകനുമായി. തൃപ്പൂണിത്തുറ സ്വദേശിനിയായ സരോജിനി മേനോൻ ആദ്യ പിന്നണി ഗായികയും.
നിർമലയിലെ പാടുക പൂങ്കുയിലേ... എന്ന ഗാനം പാടിയ പി. ലീല പിന്നീട് മലയാളത്തിന്റെ പാടുന്ന പൂങ്കുയിലായി അറിയപ്പെട്ടതും ചരിത്രം. നിർമലയിലൂടെ സിനിമാരംഗത്ത് പ്രശസ്തി നേടിയത് പി. ലീല മാത്രമാണെന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയുടെ ഉള്ളുതൊട്ട് ഇങ്ങനെ പറയുന്നത് ചലച്ചിത്ര ഗാനഗവേഷകൻ സതീഷ്കുമാർ വിശാഖപട്ടണമാണ്.
പാട്ടോർമ്മകൾ @ 365 എന്ന പാട്ടെഴുത്ത് ലേഖനങ്ങൾ 365 ദിവസങ്ങൾ തുടർച്ചയായി എഴുതി ഇന്ത്യ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ സ്ഥാനം നേടിയ സതീഷ്കുമാറിന്റെ പുതിയ സംരംഭമാണ് ചലച്ചിത്രചരിത്ര സഞ്ചാരം.
തുറന്ന വേദികളിൽ നിന്ന് സതീഷ്കുമാർ പങ്ക് വയ്ക്കുന്നത് ഇതുവരെ ആനാവരണം ചെയ്യപ്പെടാത്ത മലയാള സിനിമയുടെ ചരിത്രമുഹൂർത്തങ്ങളാണ്. 1928ൽ റിലീസായ ജെ.സി. ഡാനിയലിന്റെ വിഗതകുമാരൻ മുതൽ 96 വർഷത്തെ മലയാള സിനിമയുടെ ചരിത്രം സതീഷ്കുമാർ അവതരിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം കൊണ്ടാണ്.
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയൽ മുതൽ സിനിമാ ശിൽപികളുടെ ചിത്രങ്ങളും സിനിമാ ക്ലിപ്പുകളും പഴയ നോട്ടീസുകളുമെല്ലാം സ്ക്രീനിലൂടെ സദസിനു കാണാം. സതീഷ്കുമാറിന്റെ ചലച്ചിത്രചരിത്ര സഞ്ചാരം പറയുന്പോഴാണ് സിനിമാപ്രേമികളിൽ പലരും അറിയുന്നത് ജീവിതനൗക ആണ് ആദ്യമായി മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സൂപ്പർഹിറ്റ് മലയാള സിനിമ എന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങൾ മാത്രം കണ്ട് ശീലിച്ച മലയാളികൾക്ക് മുന്നിൽ ആദ്യം വർണങ്ങളിൽ നിറഞ്ഞെത്തിയ സിനിമ കണ്ടംബെച്ച കോട്ട് ആയിരുന്നു. ടി.ആർ.സുന്ദരമാണ് നിർമാതാവും സംവിധായകനും.
ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് അറിയാവുന്നതാണ് കേരളത്തിലേക്ക് ആദ്യമായി പ്രസിഡന്റിന്റെ വെള്ളി മെഡൽ കൊണ്ടു വന്നത് 1954-ൽ പുറത്തുവന്ന നീലക്കുയിൽ ആണെന്ന വസ്തുത. ദക്ഷിണേന്ത്യയിൽ ആദ്യം സ്വർണ കമലം നേടുന്നത് രാമു കാര്യാട്ടിന്റെ ചെമ്മീൻ ആണെന്നും പലർക്കുമറിയാം.
എന്നാൽ ആദ്യത്തെ ഭരത് അവാർഡ് ജേതാവ് അസാമാന്യ അഭിനയപ്രതിഭയായ പി.ജെ. ആന്റണിയാണ് സ്വന്തമാക്കിയതെന്ന സത്യം അറിയുന്നവർ ചുരുക്കമാണ്. അതുപോലെ ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിൽ ആദ്യം ലഭിക്കുന്നത് എസ്. ജാനകിക്കാണ്. ഓപ്പോളിലെ ഏറ്റുമാനൂരന്പലത്തിൽ എഴുന്നള്ളത്ത്.. എന്ന ഗാനത്തിലൂടെ.
സിനിമാ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹബ് ഫാൽക്കേ പുരസ്കാരം ആദ്യമായി ലഭിക്കുന്ന മലയാള സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. ഇങ്ങനെ കേട്ടതും കേൾക്കാത്തതുമായ നൂറുനൂറു സംഭവങ്ങളാണ് സതീഷ് കുമാർ പങ്കുവയ്ക്കുന്നത്.
ക്ലാസിക് ചിത്രങ്ങൾ, മലയാളത്തിലേക്ക് വന്ന ദേശീയ, അന്തർദേശീയ ബഹുമതികൾ എന്നിവ മാത്രമല്ല സിനിമാലോകത്തെ ആദ്യ സംഭവങ്ങൾ, നാഴികക്കല്ലുകൾ, സംവിധായകർ, നിർമാതാക്കൾ, അഭിനേതാക്കൾ, ഗാനശിൽപികൾ തുടങ്ങി സങ്കേതിക വിദഗ്ധർ വരെയുള്ളവരെ സതീഷ്കുമാർ അടയാളപ്പെടുത്തുന്നുണ്ട്.
പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ചലച്ചിത്രചരിത്ര സഞ്ചാരത്തിന് നല്ല സ്വീകാര്യതയുണ്ടെന്ന് സതീഷ്കുമാർ പറയുന്നു. അടുത്തിടെ പ്രഖ്യാപിച്ച 2022ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആട്ടം വരെ ചലച്ചിത്ര ചരിത്ര സഞ്ചാരത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.