കോളറ: മാലിന്യം കലർന്ന ആഹാരവും വെള്ളവും അപകടം
പകർച്ചവ്യാധികൾ കൂടുതലായി പടർന്നുപിടിക്കാറുള്ളത് മഴക്കാലത്താണ്. അങ്ങനെ കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള ഒരു ആരോഗ്യ പ്രശ്നമാണ് കോളറ. കോളറ അസ്വസ്ഥതകളുമായി കാണുന്ന രോഗത്തിന് ആയുർവേദത്തിൽ പറയുന്നത് "വിഷൂചിക' എന്നാണ്.
കോളറ പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങളിൽ അത് പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് ചികിത്സ കൈകാര്യം ചെയ്യാതിരിക്കുകയാണെങ്കിൽ ഗുരുതരാവസ്ഥയിൽ ആകാനുള്ള സാധ്യത ഉണ്ടാകും. ചിലപ്പോൾ ചിലരിൽ മരണവും.
രോഗകാരണം, ലക്ഷണം
കുടലിലാണ് രോഗം ബാധിക്കുന്നത്. രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് 'വിബ്രിയോ കോളറ' എന്നാണു പേര്.
ഈ രോഗാണുക്കൾ ബാധിക്കുന്നവരിൽ കൂടുതൽ പേരിലും കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ വയറിളക്കം, ഛർദി, കാലുകളിൽ തളർച്ച, പേശികളിൽ കോച്ചിവലി എന്നിവയാണ്.
ഈ അസ്വസ്ഥതകൾക്ക് കാരണമാകുന്നത് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന എന്റെറോടോക്സിൻ' എന്ന വിഷപദാർത്ഥമാണ്.
മുപ്പത് സെക്കൻഡിൽ
ശാസ്ത്രത്തിന്റെ ഭാഷയിൽ ഈ ബാക്ടീരിയ ദുർബലമായ രോഗാണുക്കൾ ആണ്. വെള്ളം തിളപ്പിക്കുമ്പോൾ മുപ്പത് സെക്കൻഡിൽ ഈ രോഗാണുക്കൾ നശിച്ചുപോകുന്നതാണ്. വെയിൽ കൊണ്ടാലും ഈ രോഗാണുക്കൾ നശിച്ചുപോകും.
കോളറ ബാധിക്കുന്നവരിൽ ഗുരുതര അവസ്ഥകൾ ഉണ്ടാകുന്നതിന് പ്രധാന കാരണമാകുന്നത് ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ്. തളർച്ച ഉണ്ടാകുന്നതിനും ഇതുതന്നെയാണ് കാരണം.
രോഗാണുവാഹകർ
ഈ രോഗാണുക്കൾ ശരീരത്തിൽ എത്തിയാലും ചിലരിൽ കോളറ ഉണ്ടാവില്ല. അങ്ങനെ ഉള്ളവരിൽ ഈ രോഗാണുക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നിലനിൽക്കുന്നു. പക്ഷേ, ഈ വ്യക്തികൾ രോഗാണു വാഹകർ ആയിരിക്കും.
ഇവരിൽ നിന്നു കോളറ മറ്റുള്ളവരിൽ ബാധിക്കുന്നതാണ്. രോഗികൾ ആകുന്നവരിൽ നിന്നു മൂന്ന് ആഴ്ചക്കാലം വരെ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാൻ സാധ്യതയുണ്ടായിരിക്കും.
മനുഷ്യ വിസർജ്യങ്ങൾ
മാലിന്യം കൂടിക്കലർന്ന ആഹാരവും ജലവും ആണ് കോളറയുടെ പ്രധാന കാരണം. മലിനമായ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കോളറ ഉണ്ടാകാനും വ്യാപിക്കുന്നതിനും ഉള്ള സാധ്യത കൂടുതൽ ആയിരിക്കും.
മാലിന്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം മനുഷ്യ വിസർജ്യങ്ങളാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393