കര്‍ക്കടകം എത്തുമ്പോള്‍...
വരാന്‍ പോകുന്നത് പഞ്ഞമാസമെന്ന ദുഷ്പേരു ചാര്‍ത്തിക്കിട്ടിയ പാവം കര്‍ക്കടക മാസമാണ്. കോവിഡും പ്രളയവും എല്ലാം ചേര്‍ന്ന് മാസങ്ങളായ മാസങ്ങളെയെല്ലാം പഞ്ഞമാസമാക്കി മാറ്റിയെങ്കിലും ആ കുറ്റപ്പേര് മുഴുവന്‍ പതിച്ചു കിട്ടിയ മാസമാണ് കര്‍ക്കടകം.
ജ്യോതിശാസ്ത്ര പ്രകാരം സൂര്യന് കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. പഞ്ഞമാസം എന്ന മോശം പേരുണ്ടെങ്കിലും അതിനൊപ്പം തന്നെ രാമായണമാസം എന്ന പേരുകൊണ്ട് കര്‍ക്കടകം ഡിവൈന്‍ മാസമായി തിളങ്ങുന്നുമുണ്ട്.
കനത്ത മഴ,ആരോഗ്യ പ്രശ്നങ്ങള്‍, കാര്‍ഷിക മേഖലയില്‍ തിരിച്ചടി തുടങ്ങിയവ ഈ മാസത്തില്‍ മറ്റു മാസങ്ങളേക്കാള്‍ കൂടുമെന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ടാണ് കര്‍ക്കടകം പഞ്ഞമാസം എന്ന് അറിയപ്പെടുന്നത്.
കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ തീരാന്‍ രാമനാമജപവും രാമായണപാരായണവുമൊക്കെയാണ് പോംവഴിയെന്ന് പറയാറുള്ളതിനാല്‍ മലയാളക്കരയിലെ വീടുകളിലും ക്ഷേത്രആരാധാനലയങ്ങളിലും കര്‍ക്കടകമാസം രാമനാമപുണ്യജപങ്ങളാല് നിറയാറുണ്ട്. അങ്ങിനെ കള്ളക്കര്‍ക്കടകം രാമായണ മാസവുമായി.
ദക്ഷിണായണകാലം ആരംഭിക്കുന്നത് കര്ക്കടകത്തിലാണത്രെ. ഉത്തരായണം ദേവന്മാര്ക്ക് പകലും ദക്ഷിണായണം ദേവന്മാര്ക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കര്‍ക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയില്‍ രാമനാമങ്ങള്‍ ചൊല്ലുന്നത് നല്ല ഫലങ്ങള്‍ നേടിത്തരുമെന്ന് ഹിന്ദുമതവിശ്വാസികള്‍ പറയുന്നു
ശരീരത്തെ ഒരു ഫുള്‍ സര്‍വീസിനു കയറ്റുന്ന മാസം കൂടിയാണ് കര്‍ക്കടകം. മനുഷ്യനൊപ്പം ഗജകേസരികളും കര്ക്കടത്തില് സുഖചികിത്സ നടത്താറുണ്ട്. മനുഷ്യ ശരീരത്തില്‍ ദഹനപ്രക്രിയ കുറവുള്ള മാസമാണിത്.
അതിനാല്‍ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നത് ഉചിതമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കര്‍ക്കടകത്തില്‍ എണ്ണതേച്ചുള്ള രണ്ട് നേരത്തെ കുളി വളരെ പ്രാധാന്യമേറിയതാണ്.
അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവര്‍ഗങ്ങളോ കഴിച്ച് മിതമായ ആഹാരം കര്‍ക്കടകമാസത്തില്‍ ശീലമാക്കാനും ഉപദേശിക്കാറുണ്ട്. വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യമുള്ള മാസം കൂടിയാണിത്.
ഹൈന്ദവ കുടുംബങ്ങളില്‍ രാമായണപാരായണത്തിന്റെ മുപ്പതു രാപ്പകലുകളാണ് ഇനി വരാന്‍ പോകുന്നത്. കാലത്തിനൊത്ത് പലതും മാറിപ്പോയിട്ടുണ്ടെങ്കിലും രാമായണപാരായണം ഇന്നും കര്‍ക്കടകമാസത്തില്‍ ഹൈന്ദവകുടുംബങ്ങളില്‍ നിന്നു കേള്‍ക്കാറുണ്ട്.
കര്‍ക്കടക മാസത്തില്‍ ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പില്‍ നിത്യവും രണ്ട് മുതല്‍ ഏഴ് വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ദീപം തെളിയിച്ച് വടക്കോട്ട് ഇരുന്ന് രാമായണ പാരായണം നടത്തുന്നത് ചിട്ട തെറ്റാതെ പാലിക്കുന്നവരുണ്ട്.
കര്‍ക്കടകത്തില്‍ ഹൈന്ദവര്‍ പ്രധാനമായും നിര്‍വഹിക്കുന്ന ഒരുകാര്യമാണ് നാലമ്പല ദര്‍ശനം. ദശരഥപുത്രന്മാരായ ശ്രീരാമന്, ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്.
നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തില്‍ നിന്നും രോഗപീഡകളില്‍ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം. ആയുര്‍വേദ വിധിപ്രകാരം കര്‍ക്കടക മാസത്തിനുള്ള പ്രാധാന്യം വളരെയാണ്.
മരുന്നുകഞ്ഞിയും ഔഷധസേവയും കര്ക്കടത്തില് നടത്തുന്നത് ഉത്തമമാണ്. ശരീരത്തിനും ഒപ്പം മനസിനും ഉണര്‍വേകാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട മാസമത്രെ കര്‍ക്കടകം. എണ്ണതേച്ചുള്ള കുളി, കര്‍ക്കടക കഞ്ഞി തുടങ്ങിയവ ശരീരത്തെ രോഗാവസ്ഥകളില്‍ നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും മോചിപ്പിച്ച് ശരീരത്തിനും മനസിനും ഉണര്‍വേകുമ്പോള്‍ കര്‍ക്കടകത്തില്‍ എല്ലാ ദുര്‍ഘടങ്ങളും വിട്ടൊഴിയുന്ന ഒരു ഫീല്‍ കിട്ടും.
ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല ഈ ഭൂമിയില്‍ നിന്നു വിട്ടുപോയവരെ സംബന്ധിച്ചും കര്‍ക്കടകം ഏറെ പ്രധാനപ്പെട്ട മാസം തന്നെ. പിതൃതര്പണത്തിന്റെ പുണ്യമാസമാണ് കര്‍ക്കടകം. മരിച്ചുപോയവരുടെ ആത്മാവിന്റെ ശാന്തിക്കായി ആണ്ടുതോറും ബലിയര്‍പിക്കാന്‍ കഴിയാതെ പോകുന്നവര്‍ വരെ കര്‍ക്കടകമാസത്തിലെ വാവിന് ബലിയിടും.
കര്‍ക്കടകവാവ് ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്പ്പിച്ചു ബലിയിടുമ്പോള്‍ പിതൃക്കള്‍ നിറഞ്ഞ മനസോടെ അതേറ്റുവാങ്ങുമെന്നാണ് വിശ്വാസം.
എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള ദവ്യങ്ങള്കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. കേരളത്തിലെ പല ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള സ്നാനഘട്ടങ്ങളില്‍ ബലിതര്പണം നടക്കും. കർക്കടകത്തിൽ എണ്ണ തേച്ചു കുളി എണ്ണതേച്ചുകുളിയാണ് കര്‍ക്കടക മാസത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖ ചികിത്സ.
നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന സ്ഥാനഭ്രംശങ്ങള്‍ക്ക് പരിഹാരം, രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, മനസ്സിനും ശരീരത്തിനു കുളിര്‍മ്മ നല്‍കുക തുടങ്ങിയവക്കെല്ലാം ഉത്തമ പരിഹാരമാണ് എണ്ണ തേച്ചുകുളി. എന്നാല്‍ നമ്മുടെ ശരീര പ്രകൃതി അറിഞ്ഞു വേണം എണ്ണ തേച്ചു കുളി നടത്താൻ. ഇതിനായി ആയുര്‍വേദ വിദഗ്ധന്റെ ഉപദേശം തേടിയശേഷം മാത്രം എണ്ണ തേച്ചു കുളി തുടങ്ങുക.
ആരോഗ്യദായകം ഔഷധക്കഞ്ഞി കര്‍ക്കടകമാസത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ചികിത്സാ വിധിയാണ് ഔഷധക്കഞ്ഞി സേവിക്കല്‍. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാല്‍ ദഹനം സുഖപ്രദമാക്കാന്‍ ഔഷധക്കഞ്ഞി ഉത്തമമാണ്.
ഔഷധക്കഞ്ഞി തുടര്‍ച്ചയായി ഒരുമാസം സേവിക്കുന്നത് ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സഹായിക്കും. കർക്കടകമാസത്തിൽ ഇപ്പോൾ പലതരത്തിലുള്ള ഔഷധ കഞ്ഞികൾ ലഭ്യമാണ്. വീട്ടിൽ തന്നെ ഔഷധക്കഞ്ഞി തയ്യാറാക്കാനുള്ള ഔഷധ കഞ്ഞി കിറ്റും വിപണിയിൽ കർക്കടകമാസത്തിൽ ലഭിക്കുന്നുണ്ട്.
സുഖം ചികിത്സകളുടെ കർക്കടകം
കര്‍ക്കടക മാസത്തില്‍ സുഖചികിത്സയ്ക്ക് വിധേയരാകുന്ന വരുടെ എണ്ണം ഓരോ വർഷവും കൂടിക്കൂടി വരികയാണ്. നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദോഷങ്ങളെ പുറം തള്ളി ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രോഗ കാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങള്‍ കൂടുതലായി കണ്ടു വരുന്ന സമയമാണ് കര്‍ക്കടകം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്ന കേരളത്തിൽ കർക്കിടക ചികിത്സ ഇന്ന് പലസ്ഥലത്തും ഒരു ബിസിനസ് ആയി മാറിയിട്ടുണ്ട് എന്നതും യാഥാർത്ഥ്യമാണ്.
കര്‍ക്കടക മാസത്തില്‍ താളും തകരയുമുള്പ്പടെ പത്തില തിന്നണമെന്ന് പഴമക്കാര്‍ പറയാറുണ്ട് . മാംസ്യം, കൊഴുപ്പ്, നാര്, അന്നജം തുടങ്ങിയ പോഷണ മൂല്യങ്ങള്‍ പത്തിലകളിലുണ്ട്. മാത്രമല്ല വറുതിയുടെ കാലമായതിനാല്‍ തൊടിയില്‍ എളുപ്പം ലഭിക്കുന്നവയാണ് താളും തകരയും എല്ലാം.
അങ്ങനെ പ്രത്യേകതകളും പ്രാരാബ്ദങ്ങളും ഏറെയുള്ള മാസമാണ് കർക്കിടകം. കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നാണ് പറയാറുള്ളത്. കർക്കടക ഈ മാസത്തെ ഒരു വിധം തള്ളിനീക്കി പിന്നെ പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ ഉള്ള ഒരുക്കങ്ങളിലേക്കാണ് മലയാളക്കര കടക്കുക.