മുട്ടുവേദന സങ്കീർണമായാൽ...
ആഹാരത്തില്‍ പോഷകാംശങ്ങള്‍ കുറയുന്നതും വ്യായാമമോ ജോലികളോ ചെയ്യാതിരിക്കുന്നതും വെയില് കൊള്ളാതിരിക്കുന്നതും പൊണ്ണത്തടിയുമാണ് ചെറുപ്പക്കാരിൽ കാല്‍മുട്ടുകളില്‍ "വാതം' ഉണ്ടാകുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍.
അശ്രദ്ധ
കാല്‍മുട്ടുകളില്‍ വേദന ആരംഭിക്കുന്ന കാലത്ത് കൂടുതല്‍ പേരും അത് ഗൗരവത്തോടെ കാണാറില്ല. എന്തെങ്കിലും കുഴമ്പ് പുരട്ടിയോ മരുന്നു കടകളില്‍ പോയി ഏന്തെങ്കിലും ഗുളികകള്‍ വാങ്ങിക്കഴിച്ചോ അങ്ങനെ നടക്കും.
ഒരുപാടു പേരില്‍ കാര്യങ്ങള്‍ സങ്കീര്‍ണമായ അവസ്ഥയില്‍ എത്തുന്നതിന് കാരണമായി മാറുന്നത് ഈ അശ്രദ്ധ ആയിരിക്കും.
വേദനയുള്ളവർ ശ്രദ്ധിക്കേണ്ടത്
* കാല്‍മുട്ടുകളില്‍ വേദനയുള്ളവര് ചികിത്സയില്‍ ആയിരിക്കുമ്പോഴും ചികിത്സയ്ക്കുശേഷവും ഓടുകയോ വേഗത്തില്‍ നടക്കുകയോ കുത്തിയിരിക്കുകയോ ചമ്രംപടഞ്ഞ് ഇരിക്കുകയോ അരുത്.
* ഷൂസും ചെരിപ്പും കൃത്യമായ അളവിലുള്ളതു മാത്രം ഉപയോഗിക്കണം. ഉയര്‍ന്ന ഹീലുള്ളവ ഉപയോഗിക്കരുത്.
വേദന അവഗണിച്ചാൽ
കാല്‍മുട്ടുകളിലെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ അല്ല കൈകാര്യം ചെയ്യുന്നതെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണ അവസ്ഥയില്‍ എത്തും. നമ്മുടെ ചലനങ്ങള്‍ ഒരുപാട് പ്രയാസം ഉള്ളതായി മാറും. അപ്പോള്‍ പലരും വീട്ടില്‍ തന്നെ ഒതുങ്ങി ജീവിക്കാന്‍ നിര്‍ബന്ധിതരാകും.
അതിന്റെ ഫലമായി ശരീരത്തിന്റെ ഭാരം കൂടും. ശരീരഭാരവും ശരീരവണ്ണവും കൂടുകയാണെങ്കില്‍ അതിന്റെ ഫലമായും ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന നിലയിലുള്ള കൊളസ്ട്രോൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടി ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നതാണ്.
സ്ത്രീകളിൽ
കാല്‍മുട്ടുകളില്‍ വേദനയും നീരും കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ അറിവുകള്‍ അനുസരിച്ച് കൈകാര്യം ചെയ്യുകയാണെങ്കില്‍ വളരെ ലളിതമായ ചികിത്സയിലൂടെ ദിവസങ്ങള്‍ക്കകംതന്നെ ഇതിന് പരിഹാരം കാണാന്‍ ഇപ്പോള്‍ സാധ്യമാണ്. ആശുപത്രിവാസവും ഒഴിവാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393