മാർദവമുള്ള മെത്തയിൽ ഉറക്കം ശീലമായാൽ…
കുറേയേറെ പേരില്‍ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിതവണ്ണമാണ്. പൊണ്ണത്തടിയുള്ളവരില്‍ പുറത്തെ പേശികള്‍ക്ക് കൂടുതല്‍ ഭാരം താങ്ങേണ്ടി വരുന്നതാണ് പൊണ്ണത്തടിയും പുറവേദനയുമായുള്ള ബന്ധം. പൊണ്ണത്തടിയുള്ളവരില്‍ പുറംവേദനയ്ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗം പൊണ്ണത്തടി കുറയ്ക്കുകയാണ്.
എവിടെ കിടന്ന് ഉറങ്ങണം?
മനുഷ്യന് സുഖമായിരിക്കുന്നതിന് സ്വീകരിക്കുന്ന രീതികള്‍ പലതും പുറംവേദനയ്ക്ക് കാരണമാകുന്നതാണ്. ഉദാഹരണത്തിന് കിടന്നുറങ്ങുന്നത് നല്ല പതുപതുത്ത മെത്തയില്‍ ആയിരിക്കണം എന്ന് പലര്‍ക്കും നിര്‍ബന്ധമാണ്. ശരീരത്തിലെ അസ്ഥികള്‍ക്ക് അസ്ഥികളുമായി ചേര്‍ന്നുനില്‍ക്കുന്ന പേശികളാണ് എപ്പോഴും താങ്ങായി പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ മാര്‍ദവമുള്ള മെത്തയില്‍ കിടന്നുറങ്ങുമ്പോള്‍ ഈ പേശികള്‍ക്ക് അവയുമായി യോജിച്ചുകിടക്കുന്ന അസ്ഥികള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാൽ പലരും മരക്കട്ടിലിലോ തറയിലോ കിടന്നുറങ്ങാറുണ്ട്. അതും നല്ല നടപടിയെന്നു പറയാനനാവില്ല. ഒരു പലകക്കട്ടിലില്‍ മൂന്ന് ഇഞ്ചില്‍ കൂടുതല്‍ കനം ഇല്ലാത്ത മെത്തയില്‍ കിടന്നുറങ്ങുന്നതാണ് നല്ലത്.
മറ്റു രോഗങ്ങളുടെ ഭാഗമായി…
വേറെ ചില രോഗങ്ങളുടെ ഭാഗമായിട്ടായിരിക്കും പലരിലും പുറംവേദന ഉണ്ടാകുന്നത്. അസ്ഥികളെ ബാധിക്കുന്ന രോഗങ്ങള്‍, നട്ടെല്ലിലും പേശികളിലും ഉണ്ടാകുന്ന നീര്‍ക്കെട്ട്, കശേരുക്കള്ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രായം കൂടിയവരില്‍ പ്രായക്കൂടുതലിന്റെ ഭാഗമായി സംഭവിക്കുന്ന കുറവുകള്‍ തുടങ്ങിയവയെല്ലാം അസ്വസ്ഥതകളാകുന്നത് പുറംവേദന ആയിട്ടാവും. ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി വരുന്നവരില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരും. ശരിയായ രോഗനിര്‍ണയം നടത്തുന്നത് ശരിയായ ചികിത്സ നല്കാന് ആവശ്യമാണ്.
എല്ലാ പുറംവേദനകളും ഒന്നല്ല
പുറംവേദന അനുഭവിക്കുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് എല്ലാ പുറംവേദനകളും ഒന്നല്ല എന്നുള്ളതാണ്. മരുന്നുകള്‍ കഴിച്ച ശേഷവും പുറംവേദന തുടരുകയാണ് എങ്കില്‍ അത് ശ്രദ്ധിക്കണം. അടുത്തുള്ള ഒരു ഡോക്ടറെ പോയി കാണണം. അദ്ദേഹം നിര്‍ദേശിക്കുന്ന പരിശോധനകള്‍ ചെയ്യണം. മരുന്നുകള്‍ കഴിക്കുന്നതും വ്യായാമവും ഡോക്ടര്‍ പറയുന്നതുപോലെ അനുസരിക്കുകയും വേണം.
സാധാരണ വേദനയെങ്കിൽ…
പരിശോധനാഫലങ്ങള്‍ എല്ലാം നോര്‍മലായാണ് കാണുന്നതെങ്കില്‍ ആശ്വസിക്കാം. വേദനയ്ക്കു കാരണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ല എങ്കില്‍ അല്പം എള്ളെണ്ണ ചെറിയ ചൂടില്‍ വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ച് മിനിറ്റ് സമയം മൃദുവായി തടവി ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
കുറച്ച് ദിവസം വിശ്രമിക്കുന്നതും നല്ലതാണ്. പുറത്തെ പേശികള്‍ക്ക് ബലം കിട്ടാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. അത് ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്. പുറംവേദനകള്‍, അത് ഏത് കാരണമായി ഉണ്ടായതാണെങ്കിലും പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന അറിവുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393