ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
എസ്. റൊമേഷ്
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബാബു നായിഡുവിന്റെ മുഴുവൻ പേര്. കുറച്ചുനാൾ മുൻപ് അഴിമതിക്കേസിൽ രണ്ടു മാസം ജയിലിൽ കിടന്നപ്പോൾ രാഷ്ട്രീയ ഭാവി അവസാനിച്ചു എന്ന് വിലയിരുത്തി നിരീക്ഷകർ എഴുതിത്തള്ളിയ രാഷ്ട്രീയ നേതാവ്.
എന്നാൽ കണ്ണടച്ചു തുറക്കും മുന്നേ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായി നായിഡു മാറിയിരിക്കുന്നു. നായിഡുവിന്റെ പാർട്ടിക്ക് ഇതുപോലൊരു ഉയർത്തെഴുന്നേൽപ്പുണ്ടാവുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും വിശ്വസിച്ചിരുന്നില്ല.
വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ സർക്കാരിന് രണ്ടാമൂഴം ലഭിക്കുമെന്ന് എല്ലാവരും കരുതിയിരിക്കേയാണ് ടിഡിപിയുടെ അപ്രതീക്ഷിത ഉയർത്തെഴുന്നേൽപ്പ്. നായിഡുവിന് ലഭിച്ചത് ഇരട്ട ലോട്ടറിയാണ്.
കേന്ദ്രത്തിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാതായതോടെ ചന്ദ്രബാബു നായിഡുവിന്റെയും ടിഡിപിയുടെ യും ശുക്രദശ തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ ആന്ധ്ര നിയമസഭയിൽ നായിഡുവിന്റെ പാർട്ടിക്ക് 175 മണ്ഡലങ്ങളിൽ വെറും 23 സീറ്റാണ് ലഭിച്ചത്.
എന്നാൽ ഇത്തവണ നിയമസഭയിൽ 175ൽ 135 സീറ്റ് ഒറ്റയ്ക്ക് കരസ്ഥമാക്കി മിന്നുന്ന വിജയം നേടി. സംസ്ഥാനം ഭരിക്കുന്ന ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടിക്ക് ലഭിച്ചത് വെറും പതിനൊന്നു സീറ്റ് മാത്രം.
ചന്ദ്രബാബു നായിഡുവിന്റെ സഖ്യകക്ഷിയായ നടൻ പവൻ കല്യാണിന്റെ ജനസേനാ പാർട്ടി (ജെഎസ്പി)ക്ക് 21 സീറ്റുണ്ട്. മറ്റൊരു സഖ്യകക്ഷിയായ ബിജെപിക്ക് എട്ടു സീറ്റും. ചുരുക്കിപ്പറഞ്ഞാൽ നിയമസഭയിൽ ടിഡിപിക്കും സഖ്യകക്ഷികൾക്കും കൂടി 175 സീറ്റിൽ 164 സീറ്റുകളുടെ ഭൂരിപക്ഷം.
ഇതു ലോട്ടറി ആണെന്നു വിചാരിച്ചിരിക്കുന്പോഴാണ് ലോക്സഭയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന വാർത്ത വരുന്നത്. ഇതോടെ 16 സീറ്റ് കൈയിലുള്ള നായിഡു കിംഗ് മേക്കർ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി നായിഡുവിന്റെ ടിഡിപിയാണ്. നിതീഷിന്റെ ജെഡിയുവിന് പന്ത്രണ്ട് സീറ്റ് മാത്രമേയുള്ളൂ. യഥാർഥത്തിൽ നായിഡുവിന്റെ കക്ഷത്തിൽ 16 സീറ്റല്ല 18 സീറ്റുണ്ടെന്നു വേണമെങ്കിൽ പറയാം.
സംസ്ഥാനത്തെ ടിഡിപി ഘടകക്ഷിയും ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനുമായ നടൻ പവൻ കല്യാണിന്റെ പാർട്ടിക്ക് ലോക്സഭയിൽ രണ്ടു സീറ്റുണ്ട്. ഈ സീറ്റുകളുടെ കാര്യത്തിലും തീരുമാനമെടുക്കുന്നത് നായിഡു തന്നെയായിരിക്കും. ഇതാണ് ബിജെപിയെയും ഭയപ്പെടുത്തുന്നത്.
നിതീഷ് പോയാലും കുഴപ്പമില്ല. പക്ഷേ നായിഡു പോയാൽ കാര്യങ്ങൾ കുഴയും. അതുകൊണ്ടുതന്നെ കനത്ത വിലപേശൽ നടത്തി വേണ്ടതെല്ലാം നായിഡു വാങ്ങിയെടുക്കുമെന്ന് തീർച്ച.
1850 ഏപ്രിൽ 20നാണ് നായിഡുവിന്റെ ജനനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ നരവാരിപള്ളിയിൽ ഒരു കർഷ ക കുടുംബത്തിലെ മൂത്ത പുത്രൻ. കർഷരായ നാര ഖർജുര നായിഡുവും അമാനമ്മയുമാണ് മാതാപിതാക്കൾ. നരാ രാമമൂർത്തി നായിഡു എന്ന സഹോദരനും രണ്ട് സഹോദരിമാരും അദ്ദേഹത്തിനുണ്ട്.
ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിഎച്ച്ഡിക്ക് റിസർച്ച് നടത്തിയെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയതിനാൽ അദ്ദേഹത്തിനത് പൂർത്തിയാക്കാനായില്ല. ബിരുദ പഠനകാലം മുതൽ ചന്ദ്രബാബു നായിഡു കോൺഗ്രസ് അനുഭാവിയാണ്.
1978ൽ ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് കോൺഗ്രസ് സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ പ്രായം 28 വയസ്. 1980 മുതൽ 1982 വരെ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
ഇതിനിടയിൽ 1981 സെപ്റ്റംബറിൽ സംസ്ഥാന മന്ത്രിയായിരിക്കെ നടനും തെലുങ്കുദേശം പാർട്ടി സ്ഥാപകനുമായ നന്ദമുരി താരക രാമറാവുന്റെ രണ്ടാമത്തെ മകൾ ഭുവനേശ്വരിയെ വിവാഹം കഴിച്ചു.
സിനിമാ മേഖല കൂടി ഉൾപ്പെടുന്ന മന്ത്രിയായിരുന്ന അദ്ദേഹം ആ കാലയളവിൽ രാമറാവുവുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീടത് മകളു മായുള്ള വിവാഹത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. 1975 മുതൽ 1983 വരെ ഉറച്ച കോൺഗ്രസ് പ്രവർത്തകനായിരുന്നു നായിഡു.
1983ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നായിഡു ആന്ധ്രയിലെ ചന്ദ്രഗിരി മണ്ഡലത്തിൽ മത്സരിച്ചു തോറ്റു. ആ തെരഞ്ഞെടുപ്പിൽ 1982ൽ ഭാര്യാപിതാവ് രാമറാവു രൂപീകരിച്ച തെലുങ്കുദേശം പാർട്ടി സീറ്റുകൾ തൂത്തുവാരി. രാമറാവു മുഖ്യമന്ത്രിയായി.
ഇനി രാമറാവുവിന്റെയും ടിഡിപിയുടെ നാളുകളാണ് വരാൻ പോകുന്നതെന്നു മുൻകൂട്ടിക്കണ്ട ചന്ദ്രബാബു നായിഡു കോൺഗ്രസ് വിട്ട് ടിഡിപിയിൽ ചേർന്നു. 1984 ഓഗസ്റ്റിൽ നാദിലെ ഭാസ്കര റാവുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ ചേർന്ന് മുഖ്യമന്ത്രി രാമറാവുവിനെ അട്ടിമറിക്കാൻ ശ്രമം നടത്തി. ഈ ശ്രമം പൊളിച്ചത് ചന്ദ്രബാബു നായിഡു ആയിരുന്നു.
അതോടെ പത്തു മക്കളുള്ള രാമറാവുവിന് എല്ലാ മക്കളെക്കാളും വിശ്വാസം നായിഡുവിലായി. 1986ൽ ടിഡിപിയുടെ ജനറൽ സെക്രട്ടറിയായി നായിഡുവിനെ രാമറാവു നിയമിച്ചു. തുടർന്ന് 1989 മുതൽ 1995 വരെ എംഎൽഎയായി നിയമസഭയിൽ. ലക്ഷ്മി പാർവതി എന്ന സ്ത്രീയുമായി രാമറാവു അടുപ്പം തുടങ്ങിയതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു.
എഴുത്തുകാരിയായിരുന്ന ലക്ഷ്മി പാർവതി ഒരു ഹരികഥാകാരന്റെ ഭാര്യയായിരുന്നു. 1993ൽ രാമറാവു ലക്ഷ്മി പാർവതിയെ വിവാഹം കഴിച്ചതോടെ കുടുംബം മൊത്തം രാമറാവുവിന് എതിരായി. രാമറാവു മുഖ്യമന്ത്രിയായിരിക്കേ ലക്ഷ്മി പാർവതി ഭരണകാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി.
ഇത് പാർട്ടിയിൽ വലിയ പ്രതിസന്ധിക്കു കാരണമായി. ഒരു വലിയ വിഭാഗം എംഎൽഎമാർ രാമറാവുവിന് എതിരായി. എംഎൽഎമാരെ കോർത്തിണക്കി രാമറാവുവിനെതിരേ പിന്നിൽനിന്ന് കരുക്കൾ നീക്കിയത് ചന്ദ്രബാബു നായിഡു ആയിരുന്നു.
1995ൽ രാമറാവുവിനെ അട്ടിമറിച്ച് ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി. തുടർന്ന് 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകൾ കരസ്ഥമാക്കി എൻഡിഎയിലെ പ്രമുഖ കക്ഷിയായി. ടിഡിപിയിലെ ജി.എം.സി. ബാലയോഗി ലോക്സഭാ സ്പീക്കറായി.
1995ൽ രാമറാവുവിനെ അട്ടിമറിച്ച് മുഖ്യമന്ത്രി പദം പിടിച്ചെടുത്ത നായിഡു 2004വരെ മുഖ്യമന്ത്രിയായി തുടർന്നു. ഏറ്റവുമധികം കാലം ആന്ധ്ര മുഖ്യമന്ത്രിയായ വ്യക്തി എന്ന പദവിക്കും നായിഡു അർഹനാണ്.
2003 ഒക്ടോബർ ഒന്നിന് തിരുപ്പതിയിലെ അലിപ്പിരി ടോൾഗേറ്റിന് സമീപം പീപ്പിൾസ് വാർ ഗ്രൂപ്പ് നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽനിന്ന് നായിഡു കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ നായിഡു സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു.
2004 ഏപ്രിലിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ഉയർന്ന വൈദ്യുതി നിരക്കുകളും കർഷക രോഷവും ടിഡിപിക്ക് നേരിടേണ്ടി വന്നു. കൂടാതെ, പുതുതായി രൂപീകരിച്ച കോൺഗ്രസ്-ടിആർഎസ് സഖ്യം തെലങ്കാനയിലെ ടിഡിപി ജനപ്രീതിക്ക് വലിയ വെല്ലുവിളി ഉയർത്തി.
ആ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ കോൺഗ്രസ് വിജയം കൊയ്തു. ജഗൻമോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായി. 2009ൽ നടന്ന തെരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തോറ്റു.
പ്രമുഖ തെലുങ്കുനടൻ ചിരഞ്ജീവിയും അന്ന് മത്സര രംഗത്തുണ്ടായിരുന്നു. ചിരഞ്ജീവിയുടെ പാർട്ടിക്ക് 18 സീറ്റേ ലഭിച്ചുള്ളുവെങ്കിലും അവരുടെ സാന്നിധ്യവും രാജശേഖര റെഡ്ഡിയുടെ ഭരണമികവും ടിഡിപിക്കു വിനയായി.
2014ൽ ആന്ധ്രയും തെലങ്കാനയും രണ്ടായി വിഭജിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുതന്നെ വിജയിച്ചു. രാജശേഖര റെഡ്ഡിയുടെ പുത്രൻ ജഗൻമോഹനും കോൺഗ്രസ് പാർട്ടിയും തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ചന്ദ്രബാബു നായിഡുവിന് ഭരണം ലഭിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ടിഡിപി മിന്നും വിജയം കരസ്ഥമാക്കി.
നരേന്ദ്രമോദി സർക്കാരിൽ ടിഡിപിയും അംഗമായി. എന്നാൽ നിരവധി ആവശ്യങ്ങളാണ് ടിഡിപി മോദിക്കു മുന്നിൽ ഉന്നയിച്ചത്. എന്നാൽ ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ മോദി നായിഡുവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ല.
ആന്ധ്രയ്ക്കുള്ള പ്രത്യേക കാറ്റഗറി പദവി (എസ്സിഎസ്) വിഷയത്തിൽ 2018 മാർച്ചിൽ ടിഡിപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിൽ നിന്ന് രണ്ട് മന്ത്രിമാരെ പിൻവലിച്ചു. പിന്നീട് എൻഡിഎയ്ക്കുള്ള പിന്തുണയും നായിഡു പിൻവലിക്കുകയായിരുന്നു.
സംസ്ഥാനത്തെ ആധുനിക വത്കരിക്കാനും നിക്ഷേപങ്ങൾ സംസ്ഥാനത്തേക്കു കൊണ്ടുവരാനും ചന്ദ്രബാബു നായിഡു മുൻകൈയെടുത്തു. ഹൈദരാബാദിൽ ഹൈടെക് സിറ്റി സ്ഥാപിച്ചു. ബിൽഗേറ്റ്സിനെ വരെ ആന്ധ്രയിൽ കൊണ്ടുവന്ന് പുതിയ ഐടി പദ്ധതികൾക്കും അദ്ദേഹം രൂപം കൊടുത്തു.
നിരവധി വിദേശ കന്പനികളെ ആന്ധ്രയിൽ കൊണ്ടുവന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ ഇക്കാലയളവിൽ കർഷകർക്കായി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണമുയർന്നു.
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിമുന്നണി വിട്ടാണ് നായിഡു മത്സരിച്ചത്. അക്കാലയളവിലാണ് ആന്ധ്രയിൽ കോൺഗ്രസുമായി ഉടക്കി ജഗൻമോഹൻ റെഡ്ഢി വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ചത്. വൈഎസ്ആർ കോൺഗ്രസിന്റെ കടന്നുകയറ്റത്തിൽ ടിഡിപി തകർന്നടിഞ്ഞു. 175 നിയമസഭാ സീറ്റിൽ വെറും 23 സീറ്റു മാത്രമാണ് നായിഡുവിന് ലഭിച്ചത്.
തുടർന്നങ്ങോട്ട് ചന്ദ്രബാബുനായിഡുവിന് കഷ്ടകാലത്തിന്റെ ദിനങ്ങളായിരുന്നു. 2023 സെപ്റ്റംബർ 9ന് 371 കോടി രൂപയുടെ പൊതുഫണ്ട് ദുരുപയോഗം ചെയ്തതിന് ആന്ധ്രാപ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നായിഡുവിനെ അറസ്റ്റ് ചെയ്തു.
52 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം 2023 ഒക്ടോബർ 31ന് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. തുടർന്നുവന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കി മത്സരിക്കാൻ നായിഡു തീരുമാനിക്കുകയായിരുന്നു.
ഇതിനായി ബിജെപി അധികാരമുപയോഗിച്ച് അദ്ദേഹത്തിനു മേൽ സമ്മർദം ചെലുത്തിയതായും ആരോപണം ഉയർന്നിരുന്നു. ജഗൻമോഹൻ റെഡ്ഡിയും പെങ്ങൾ വൈ.എസ്. ശർമിളയും തമ്മിലുള്ള പോരും കാര്യങ്ങൾ ചന്ദ്രബാബു നായിഡുവിന് അനുകൂലമാക്കി.
ഏതായാലും ചന്ദ്രബാബു നായിഡുവിന് ഇനി രാജയോഗമാണ്. സംസ്ഥാന ഭരണം കൈപ്പിടിയിൽ ഒതുക്കിയതിനു പുറമേ കേന്ദ്രത്തെയും സമ്മർദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിനാവും.
ആന്ധ്രയുടെ പ്രത്യേക പദവിയും പ്രമുഖ മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമൊക്കെ നായിഡു ആവശ്യപ്പെട്ടു കഴിഞ്ഞു. കോടികളുടെ വിറ്റുവരവും ആന്ധ്രയിലും തെലുങ്കാനയിലും നിരവധി ഔട്ട്ലെറ്റുകളുമുള്ള ഹെറിറ്റേജ് ഫുഡ്സ് നായിഡു കുടുംബത്തിന്റേതാണ്. ഏക മകൻ നര ലോകേഷിനെയും നായിഡു രാഷ്ട്രീയത്തിലിറക്കിയിട്ടുണ്ട്.