അല്‍ഷിമേഴ്സ് മുതല്‍ ഹൃദയാരോഗ്യം വരെ; ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങള്‍...
ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. അല്‍ഷിമേഴ്സ് മുതല്‍ ഹൃദയാരോഗ്യംവരെ ഒലിവ് ഓയിലിലൂടെ സംരക്ഷിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഒലിവ് ഓയില്‍ സഹായകമാണ്.
ഒലിവ് ഓയില്‍ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഈ ഫാറ്റി ആസിഡുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പാചകം, സലാഡുകള്‍ എന്നിവയ്ക്കായി ഒലിവ് ഓയില്‍ ഉപയോഗപ്രദമാണ്.
തലച്ചോറിനും ഓര്‍മയ്ക്കും
പല ഭക്ഷണങ്ങള്‍ക്കും മുകളില്‍ കുറച്ച് ഒലിവ് ഓയില്‍ ചേര്‍ക്കുന്നത് രുചികരമാണ്. മാത്രമല്ല, ഒലിവ് ഓയില്‍ തലച്ചോറിനും ഓര്‍മയ്ക്കും നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന മെഡിറ്ററേനിയന്‍ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് ഒലിവ് ഓയില്‍.
ഡിമെന്‍ഷ്യ മൂലം മരിക്കാനുള്ള സാധ്യത കുറയ്ക്കാനും ഒലിവ് ഓയില്‍ സഹായകമാണ്. അല്‍ഷിമേഴ്സ് രോഗവും വിഷാദവും വരാനുള്ള സാധ്യത കുറയ്ക്കാനും ഒലിവ് ഓയിലിലൂടെ സാധിക്കും.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിന് ഏറ്റവും ഗുണകരമാണ് ഒലിവ് ഓയില്‍. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദം മെച്ചപ്പെടുത്താനും ഒലിവ് ഓയിലിന്റെ ഉപയോഗം പ്രയോജനകരമാണ്.
രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണകരമാണ്. ചുരുക്കത്തില്‍ ഒലിവ് ഓയില്‍ മൊത്തത്തിലുള്ള ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍.
പ്രമേഹം, സന്ധിവാതം
ഒലിവ് ഓയിലില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ധാരാളമായുണ്ട്. അമിതമായ വീക്കം, നീര് തുടങ്ങിയവ ആരോഗ്യത്തിന് ദോഷകരമാണ്. ശരീരത്തിന്റെ അമിതമായ വീക്കവും നീരും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഒലിവ് ഓയിലില്‍ ഉണ്ട്.
മാത്രമല്ല, ടൈപ്പ്-2 പ്രമേഹം, സന്ധിവാതം, ഹൃദ്രോഗങ്ങള്‍, ചില അര്‍ബുദങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഒലിവ് ഓയില്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.