മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
സ്വന്തം ലേഖകന്‍
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാണ്. കനത്ത മഴയില്‍ റോഡ് പണിയും മറ്റും നടക്കുമ്പോള്‍ അപകട സാധ്യതയും ഏറെയാണ്. എന്നു തീരുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.
ഈ സാഹചര്യത്തില്‍ ദേശീയപാതാ പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കാനും നിര്‍മാണം 90 ശതമാനം കഴിഞ്ഞ ഭാഗങ്ങള്‍ തുറന്നുകൊടുക്കാനുമാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത് പലയിടത്തും മഴക്കാലം തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.
മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അരികില്‍ കുട്ടിയിട്ട മണ് കൂനകളും പൊളിച്ചുമാറ്റിയ റോഡിന്റെ അവശിഷ്ടങ്ങളുമെല്ലാം മഴക്കാലത്തിന് മുന്‍പ് നീക്കിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാക്കുക.
മേല്പാലങ്ങള് മൂന്ന്...ഒന്ന് തുറന്നു
സംസ്ഥാനത്ത് ആറുവരി ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും തുടർച്ചയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിർമാണം ഭാഗികമായി പൂർത്തിയായ ഭാഗങ്ങളും തുറന്നുകൊടുത്തുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അധികൃതർ.
ഇപ്പോഴിതാ ആറുവരിപ്പാതയിലെ കോഴിക്കോട് ബൈപാസിലെ ഏറ്റവും ചെറിയ മേൽപാലമായ അഴിഞ്ഞിലം മേൽപാലം തുറന്നു. ഈ മേൽപാലത്തിലൂടെ താത്കാലികമായി ഗതാഗതം തുടങ്ങി. ആറുവരിപാതയിൽ നിർമിച്ച ആദ്യത്തെ മേൽപ്പാലമാണ് താത്കാലികമായി ഇപ്പോൾ ഗതാഗതത്തിന് തുറന്നുനൽകിയത്.
അഴിഞ്ഞിലം ചാലിയിൽനിന്ന് മണ്ണിട്ടുയർത്തിയാണ് മേൽപാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡുകൾ നിർമിച്ചത്. അഴിഞ്ഞിലം മേൽപാലം ഭാഗികമായിട്ടാണ് ഗതാഗതത്തിനു തുറന്നുകൊടുത്തത്. 30 മീറ്റർ മാത്രം നീളമുള്ള ഈ മേൽപാലം ബൈപ്പാസിലെ ഏറ്റവും ചെറിയ മേൽപ്പാലമാണ്.
ഭാര പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി പന്തീരാങ്കാവ് ഭാഗത്തേക്കുള്ള ഗതാഗതമാണ് ആദ്യഘട്ടത്തിൽ തുറന്നു നൽകിയത്. രാമനാട്ടുകര ഭാഗത്തുനിന്ന് ബൈപ്പാസിലൂടെ കോഴിക്കോട്ടേക്കുപോകുന്ന വാഹനങ്ങൾ കഴിഞ്ഞദിവസം മുതൽ അഴിഞ്ഞിലം ജംഗ്ഷനിൽ നിർമിച്ച പടിഞ്ഞാറുവശത്തെ മേൽപാലം കടന്നാണ് പോകുന്നത്. കിഴക്കുവശത്തെ മേൽപാലവും വൈകാതെ തുറക്കും.
ഗതാഗതക്കുരുക്കിന് പരിഹാരമാകുമോ...
മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനുകളിലൊന്നായ അഴിഞ്ഞിലം ജംഗ്ഷനിൽ പതിവായ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവായി. മേൽപാലത്തിൽ ചില്ലറ അറ്റകുറ്റപ്പണികൾ നടത്താനുള്ള രാമനാട്ടുകര ഭാഗവും ഉടൻ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു അധികൃതർ അറിയിച്ചു.
ആറുവരിക്ക് അനുയോജ്യമായി 30 മീറ്റർ നീളമുള്ള ഒറ്റ സ്പാനിലാണ് അഴിഞ്ഞിലം ജംഗ്ഷനിൽ മേൽപാലം നിർമിച്ചിരിക്കുന്നത്. ഫാറൂഖ് കോളജ് ഭാഗത്തുനിന്നും കാരാടുപറമ്പ് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ പടിഞ്ഞാറുവശത്തെ സർവീസ് റോഡിലൂടെ പോകുന്നത്.
അതേസമയം അഴിഞ്ഞിലം ജംഗ്ഷനിലെ കിഴക്കുഭാഗത്തെ മേൽപാലം തുറക്കാത്തതിനാൽ കിഴക്കുഭാഗത്തെ സർവീസ് റോഡിൽ തിരക്കുണ്ട്. ബൈപാസിൽ ചാലിപ്പാടം ഭാഗത്തു നിന്നാരംഭിച്ചു സലഫി പള്ളി പരിസരത്ത് എത്തിച്ചേരുന്നതാണു പുതിയ പാലം.
200 മീറ്റർ നീളവും 27 മീറ്റർ വീതിയും ഈ പാലത്തിനുണ്ട്. ദേശീയപാതയിൽ ഗതാഗത തടസം ഒഴിവാക്കാനും ഫാറൂഖ് കോളജ്, കാരാട് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ബൈപാസ് സർവീസ് റോഡിലേക്കു പ്രവേശിക്കാനും സൗകര്യം ഒരുക്കിയുമാണ് അഴിഞ്ഞിലത്ത് മേൽപ്പാലം ഒരുക്കിയത്.
രാമനാട്ടുകര മേൽപാലം കഴിഞ്ഞാൽ റോഡിന്റെ ഇരുഭാഗത്തേക്കും പ്രവേശിക്കാനുള്ള മറ്റൊരു വഴി കൂടിയാണിത്. പാലം പൂർത്തിയായതോടെ അഴിഞ്ഞിലം, കാരാട്, പാറമ്മൽ, പുതുക്കോട്, ഫാറൂഖ് കോളജ്, കരുമകൻ കാവ്, കുറ്റൂളങ്ങാടി മേഖലയിലെ യാത്രക്കാർക്കു യാത്ര കൂടുതൽ എളുപ്പമായി.
ഈ ഭാഗത്തെ നിമ്മാണം പൂർത്തിയായാൽ രാമനാട്ടുകര പന്തീരാങ്കാവ് വരെ കോഴിക്കോട് ബൈപാസ് നിർമാണം 80 ശതമാനം പൂർത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകൾ. അറപ്പുഴ പാലത്തിന്റെ പ്രവർത്തിയാണ് നീണ്ടു പോകുന്നത്.
ബാക്കി എല്ലാ സ്ഥലങ്ങളിലും നിർമാണം 80 ശതമാനം പൂർത്തിയായി. അഴിഞ്ഞിലം ഫ്ളൈ ഓവറിന് പിന്നാലെ രാമനാട്ടുകര, തൊണ്ടയാട് ഫ്ളൈ ഓവറുകളും ഉടൻ തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കും. പന്തീരാങ്കാവ് ഫ്ളൈ ഓവറിന്റെ അപ്രോച്ച് റോഡ് നിർമാണവും അവസാന ഘട്ടത്തിൽ എത്തി.
കൂട്ടിയിട്ട മണ്ണ് ഉടന്‍ നീക്കും...
ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികള്‍ അനന്തമായി നീണ്ടതോടെ ഈ മഴക്കാലത്ത് യാത്രക്കാര്‍ ഏറെ ദുരിതത്തിലാകുമെന്ന് ഉറപ്പായി. ബൈപാസ് നവീകരണ പ്രവൃത്തികള്‍ മൂലം പലയിടത്തും ഇപ്പോഴേ ഗതാഗത കുരുക്കാണ്.
മഴ കൂടികനക്കുന്നേതാടെ റേഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണും മറ്റും റോഡിലേക്ക് ഒലിച്ചിറങ്ങും.പൊളിച്ചിട്ട റോഡുകളിലുടെ വെള്ളം താഴേക്കിറങ്ങിയാല്‍ കാല് നടയാത്രപോലും ദുസഹമാകുമെന്നുറപ്പാണ്. മണ്ണ് ഉടന്‍ നീക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പലയിടത്തും വാഹനങ്ങള്‍ ഇപ്പോഴേ ഗതാഗതകുരുക്കിലമരുന്നത്പതിവാണ്. കോഴിക്കോട് വെങ്ങേരി മുതല്‍ രാമനാട്ടുകര വരെയുള്ള മൂന്ന് മേല്പാലങ്ങളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം വാഹനങ്ങള്‍ പലതും അപ്രോച്ച് റോഡിലൂടെയും മറ്റുമാണ് കടന്നുപോകുന്നത്.
ഇത് ട്രാഫിക് ബ്ലോക്കിന് ഇടയാക്കുന്നുണ്ട്. പാലാഴി ഭാഗത്താകട്ടെ താഴ്ന്ന ഭാഗത്തുനിന്നും കെട്ടി ഉയര്‍ത്തികൊണ്ടുവരുന്നതിനായി നിക്ഷേപിച്ച മണ്ണ് മഴ പെയാല് റോഡിലേക്ക് ഒലിച്ചിറങ്ങും. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ബെപാസില് നിന്നും ഡക്കാത്ത് ലോണിലേക്ക് ഇറങ്ങുന്ന ഭാഗം അപ്പാടെ ചളിക്കുളമായിരുന്നു.
ഇതേ അവസ്ഥയാണ് പലയിടത്തും.താഴ്ന്ന ഭാഗങ്ങളുടെ പ്രവൃത്തി മഴക്കാലത്തേക്ക് വച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് യാത്രക്കാരും ജന പ്രതിനിധികളും പറയുന്നു. ഇതിന് പുറേമയാണ് വെങ്ങേരി ജംഗ്ഷനിലെ പ്രവൃത്തി അന്തമായി നീളുമെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
ബൈപാസ് നിര്‍മാണത്തിനായി ആവശ്യമുള്ള മണ്ണ് തുടക്കത്തില്‍ ലഭ്യമാകാത്തതാണ് താഴ്ന്ന ഭാഗങ്ങളില്‍ നിര്‍മാണ പ്രവൃത്തി നീണ്ടുപോകാന്‍ കാരണമായത്.