മഴ, കട്ടൻ ചായ...പരിപ്പുവട.. പിന്നെ, ജോൺസൺ മാഷ്ടെ പാട്ട്... കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്... ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ചായ, നല്ല മൊരിഞ്ഞ പരിപ്പുവട.. പുറത്തെ മഴ... കൂടെ ജോൺസൺ മാഷുടെ പാട്ടുകൾ എന്ന സ്റ്റാറ്റസുകൾ ഇനി വാട്സാപ്പിൽ നിറഞ്ഞ പെയ്യും..
അതൊരു രസം തന്നെയാണ്.. ജോൺസൺ മാഷുടെ പാട്ടും കേട്ട് പുറത്തു പെയ്യുന്ന മഴയും നോക്കിയിരുന്ന് ചൂട് കട്ടൻ ചായ പതിയെ ഊതിയൂതി കുടിച്ച് മുരിഞ്ഞ പരിപ്പുവട പതിയെ കടിച്ച് അങ്ങനെയുള്ള മഴ നോക്കി ഇരിപ്പ്...
എന്നാൽ മഴക്കാലത്ത് ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്നത് പലരും വിട്ടുപോകുന്ന ഒരു കാര്യമാണ്. മൺസൂൺ ഡയറ്റ് മഴക്കാലത്തെ പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ഭക്ഷണത്തിന്റെ ചിട്ടവട്ടങ്ങളാണ്.
നേരത്തെ പറഞ്ഞ കട്ടൻ ചായയും പരിപ്പുവടയുമെല്ലാം മഴക്കാലത്ത് കൊതി പിടിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും പെട്ടെന്ന് അസുഖങ്ങൾ പിടിപെടുന്ന കാലം കൂടിയാണ് ഭൂമിയെ മഴ സന്ദർശിക്കാൻ എത്തുന്ന ഈ സമയം എന്നുകൂടി ഓർക്കണം.
അതുകൊണ്ടുതന്നെ ലഘുവായ രോഗ പ്രതിരോധ ഭക്ഷണങ്ങൾ കൂടിയാണ് മൺസൂൺ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. മഴക്കാലമെത്തും മുന്പേ തന്നെ പല ഡോക്ടർമാരും ആരോഗ്യ മേഖലയിലെ വിദഗ്ധരും ഭക്ഷണ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഷെഫുമാരുമെല്ലാം മൺസൂൺ ഡയറ്റിനെ കുറിച്ച് വിശദമായി തന്നെ പറയാറുണ്ട്.
ഉയർന്ന വേനൽ ചൂടിൽ നിന്ന് മഴയുടെ തണുപ്പിലേക്ക് പെട്ടെന്ന് കാലാവസ്ഥയും ചുറ്റുപാടുകളും മാറുമ്പോൾ ശരീരത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്.
രോഗ പ്രതിരോധശേഷി കുറയുന്നതിനും ജലജന്യ രോഗങ്ങൾ പിടിപെടുന്നതിനും മഴക്കാലത്ത് സാധ്യത കൂടുതലാണ്.പ്രതിരോധശേഷി വർധിക്കുന്നതിന് സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.
സൂപ്പുകൾ ശീലമാക്കുക
മഴക്കാലത്ത് ചൂട് സൂപ്പുകൾ ഒരു ശീലമാക്കുക. തണുപ്പിനെ പ്രതിരോധിക്കാൻ മാത്രമല്ല യോഗ പ്രതിരോധശേഷി വർധിക്കുന്നതിനും സൂപ്പുകൾ ഏറെ സഹായിക്കും. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സൂപുകളായിരിക്കും ഉത്തമം.
പച്ചക്കറികൾ കൊണ്ടും പരിപ്പു കൊണ്ടും നോൺവെജ് കൊണ്ടും ഒക്കെയുള്ള സൂപ്പുകൾ മഴക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. മൺസൂൺ ഡയറ്റിൽ ഏവരും ഉൾപ്പെടുത്തുന്നത് സൂപ്പുകളാണ്.
കട്ടൻ ചായക്ക് പകരം മസാല ചായ ആയാലോ
നേരത്തെ പറഞ്ഞ കട്ടൻ ചായ മഴക്കാലത്തെ സൂപ്പർതാരമാണെങ്കിലും കട്ടൻ ചായക്ക് പകരം മസാല ചായ അല്ലെങ്കിൽ ഹെർബൽ ടീ മഴക്കാലത്ത് നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കും എന്നാണ് പറയുന്നത്.
മഴയുടെ തണുപ്പടിച്ച് തൊണ്ടയെല്ലാം ആകെ സുഖമില്ലാതിരിക്കുന്ന സമയത്ത് നല്ല മസാല ചായ അല്ലെങ്കിൽ ഹെർബൽ ടീ അല്ലെങ്കിൽ ഇഞ്ചി ചായ ഒരു ഗ്ലാസ് ചൂടോടെ കുടിക്കാൻ കിട്ടിയാൽ തൊണ്ടയ്ക്ക് ഉണ്ടാകുന്ന സുഖം അതൊന്നു വേറെ തന്നെയാണ്.
ജിഞ്ചർ ടീ, തുളസി ടീ, കറുവപ്പട്ട ചായ എന്നിവയെല്ലാം മഴക്കാലത്ത് കുടിക്കാവുന്ന സ്പെഷ്യൽ ചായകളാണ്. ശരീരത്തിന് ചൂട് നൽകുന്നതോടൊപ്പം ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇവ സഹായകമാണ്.
മഴക്കാലത്ത് ഉണ്ടാകുന്ന ചില അണുബാധകളിൽ നിന്ന് ശരീരത്തെ രക്ഷിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്.
ചൂടുകാലത്ത് മാത്രമല്ല പഴങ്ങൾ കഴിക്കേണ്ടത്
മഴക്കാലത്ത് പഴങ്ങൾ കഴിക്കണമെന്ന് പറയുമ്പോൾ പലരും മുഖം ചുളിക്കാറുണ്ട്. ചൂടുകാലത്തല്ലേ പഴങ്ങൾ കഴിക്കേണ്ടതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ മഴക്കാലത്തും പഴങ്ങൾ വേണ്ടത്ര കഴിക്കണം.
മൺസൂൺ ഡയറ്റിൽ പഴങ്ങൾക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. മഴക്കാലത്ത് ആരോഗ്യം നിലനിർത്താൻ മാതളനാരകം, ആപ്പിൾ, പപ്പായ, പേരക്ക തുടങ്ങിയ പഴങ്ങൾ നിർബന്ധമായും കഴിക്കുക. ഇവയെല്ലാം
ആന്റി ഓക്സിന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനോടൊപ്പം ദഹനത്തിന് സഹായിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഇവ പ്രദാനം ചെയ്യും.
മഴയുടെ പച്ചപ്പിൽ പച്ചിലക്കറികൾ
മഴപെയ്താൽ തൊടിയിലെങ്ങും നല്ല പച്ചപ്പാണ്. കണ്ണിന് കുളിരേകുന്ന പച്ചപ്പ്. ഈ പച്ചപ്പ് മൺസൂൺ ഡയറ്റിലേക്ക് കൂടി പറിച്ചു നടേണ്ടതാണ്.
ഇലക്കറികളായ ചീര, ഉലുവ, എന്നിവ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയാൽ സമൃദ്ധമായതുകൊണ്ടുതന്നെ മൺസൂൺ ഡയറ്റിൽ നിന്ന് ഇവ ഒരിക്കലും ഒഴിവാക്കരുത്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും ഈ ഇലക്കറികൾ സഹായിക്കുന്നു. രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണം നൽകാനും ഇവയ്ക്കാകും.
മഴയുടെ നെറ്റിയിൽ മഞ്ഞൾ പ്രസാദം
ഏതു സീസണിലും എന്നപോലെ മഴക്കാലത്തും മഞ്ഞൾ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തുക. മഞ്ഞളോളം വരില്ല മറ്റൊരു രോഗ പ്രതിരോധ മാർഗവും. ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.
ശക്തമായ ആന്റി ഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉണ്ട്. പരമാവധി എങ്ങിനെയെല്ലാം ഉപയോഗിക്കാൻ സാധിക്കുമോ, ഏതിലെല്ലാം ചേർത്ത് കഴിക്കാൻ പറ്റുമോ അങ്ങനെയെല്ലാം മഞ്ഞൾ പരമാവധി അകത്താക്കുക.
അണുബാധകൾ കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും മഞ്ഞൾ അനിവാര്യമാണ്. മഞ്ഞൾ ജ്യൂസ് കുടിക്കൂ കോവിഡ് കാലത്ത് രോഗ പ്രതിരോധത്തിന് ഏറ്റവും ഉത്തമം എന്ന് പലരും ചൂണ്ടിക്കാട്ടിയ ഒന്നാണ് മഞ്ഞൾ ജ്യൂസ്.
വെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത് അതിൽ വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞിട്ട് ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം നാരങ്ങാനീര് ചേർത്ത് ഉപയോഗിക്കുക. മഴക്കാലത്തും ഇതൊരു ശീലമാക്കാവുന്നതാണ്.
പുറത്തു മഴ അകത്ത് ധാന്യം
മൺസൂൺ ഡയറ്റിൽ വിദഗ്ധർ പറയുന്നത് മഴക്കാലത്ത്, തവിടുള്ള അരി, തിന, ഗോതമ്പ് ബ്രെഡ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കണമെന്നാണ് . ഈ ധാന്യങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ, ഡയറ്റീഷ്യൻമാർ എന്നിവർ പറയുന്നു. ഇത് മഴക്കാലത്ത് അത്യന്താപേക്ഷിതമാണത്രെ.
ഈ തണുപ്പിൽ തൈരും മോരുമോ... പക്ഷേ കുഴപ്പമില്ല
മഴക്കാലത്ത് തൈരും മോരുമൊക്കെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നവരുണ്ട്. എന്നാൽ അങ്ങനെ ഒഴിവാക്കേണ്ടവയല്ല ഇവ. തൈര്, മോര്, പച്ചക്കറികൾ തുടങ്ങിയ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രോബയോട്ടിക്സ് കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കും, ഇത് ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് വിദഗ്ധ പക്ഷം.
അവ ദഹനനാളത്തിലെ അണുബാധയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈന്തപ്പഴം, ബദാം, വാൽനട്ട് എന്നിവ മൺസൂൺ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
അപ്പോൾ പറ്റാവുന്നത്ര ഇവയെല്ലാം കഴിക്കാൻ ശ്രമിക്കുക. ഈ മഴക്കാലം രോഗമുക്തമായ ആരോഗ്യമുള്ള ഒരു സീസണാവട്ടെ