അന്പന്പോ എന്തൊരു "വന്പൻ' വിജയം!
എസ്. റൊമേഷ്
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് കോൺഗ്രസ് ആയിരുന്നുവെങ്കിലും റിക്കാർഡ് ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് എത്തിയവരിൽ കോൺഗ്രസുകാരുടെ എണ്ണം മറ്റു കക്ഷികളെക്കാൾ കുറവാണ്.
ഇന്ത്യയിൽനിന്നു ആദ്യം തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുതന്നെയായിരുന്നു. ആദ്യ ലോക്സഭയിലേക്ക് 1952ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ യുപിയിലെ അലഹബാദിനടുത്തുള്ള ഫൂൽ മണ്ഡലത്തിൽനിന്നാണ് നെഹ്റു മത്സരിച്ചത്.
അദ്ദേഹത്തിന് 1,76,852 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. നെഹ്റുവിന് 2,33,571 വോട്ടുകൾ ലഭിച്ചപ്പോൾ അദ്ദേഹത്തിനെതിരായി സ്വതന്ത്രനായി മത്സരിച്ച പ്രഭുദത്ത് ബ്രഹ്മചാരിക്ക് കിട്ടിയത് 56,718 വോട്ടു മാത്രം. മറ്റു മൂന്നു സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ നെഹ്റുവിന് ഈ മിന്നും വിജയം ആവർത്തിക്കാനായില്ല.
ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് ആദ്യമായി ലോക റിക്കാർഡിട്ടത് ജയ്പുർ മഹാറാണിയായിരുന്ന ഗായത്രീദേവി ആയിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്ന സ്വതന്ത്രാ പാർട്ടിയുടെ സ്ഥാനാർഥിയായാണ് അവർ മത്സരിച്ചത്.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നേരിട്ട് എത്തി ഗായത്രീദേവിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ ചിന്താഗതി കോൺഗ്രസുമായി ഒത്തുപോകുന്നതല്ല എന്നുപറഞ്ഞ് നെഹ്റുവിന്റെ ക്ഷണം അവർ നിരസിച്ചു.
1962ൽ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ ജയ്പുർ ലോക്സഭാ മണ്ഡലത്തിൽ പോൾ ചെയ്ത 2,46,516 വോട്ടിൽ 1,92,909 വോട്ടിന്റെ വന്പൻ ഭൂരിപക്ഷം അവരെ ഗിന്നസ് ബുക്കിലെത്തിച്ചു. ആകെ വോട്ടിന്റെ 78 ശതമാനവും നേടിയായിരുന്നു അവരുടെ വിജയം.
ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന ശത്രുത മൂലം അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടക്കേണ്ടി വന്ന ഗായത്രീ ദേവി അടിയന്ത രാവസ്ഥയ്ക്കുശേഷം രാഷ്ട്രീയം വിടുകയായിരുന്നു. ഇപ്പോഴത്തെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയാകുമാരി ഗായത്രീദേവിയുടെ പേരക്കുട്ടിയാണ്.
ദിയാകുമാരിയും ജനപ്രീതിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ രാജ്സാമന്ദ് ലോക്സഭാ സീറ്റിൽനിന്നു മത്സരിച്ച അവർ 5,51,916 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്. പക്ഷേ രാജസ്ഥാൻ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനാൽ അവർ എംപി സ്ഥാനം പിന്നീടു രാജിവച്ചു.
എന്നാൽ ഇന്നുവരെ ലോക്സഭയിലേക്ക് ഏറ്റവുമധികം ഭൂരിപക്ഷം നേടിയതിന്റെ റിക്കാർഡ് ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടേയുടെ മകൾ ഡോ. പ്രീതം മുണ്ടേയുടെ പേരിലാണ്.
മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേ അപകടത്തിൽപ്പെട്ട് മരണമടഞ്ഞപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബീഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് പ്രീതം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
2014ലെ അവരുടെ ആദ്യ തെരഞ്ഞെടുപ്പിൽ 6.96,321 വോട്ടിന്റെ ഭൂരിപക്ഷമാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ അവരുടെ ഭൂരിപക്ഷം 1.68 ലക്ഷമായി കുറഞ്ഞു. ഇത്തവണ ബീഡ് മണ്ഡലത്തിൽ മത്സരിക്കുന്നത് അവരുടെ സഹോദരിയും സംസ്ഥാനത്ത് മന്ത്രിയുമായിരുന്ന പങ്കജ് മുണ്ടേയാണ്.
1967ൽ റായ്ബറേലിയിൽനിന്നാണ് ഇന്ദിരാഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്ന് ഇന്ദിര 1,43,642 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിരാളി സ്വതന്ത്ര സ്ഥാനാർഥി ബി.സി. സേഥ് 51,899 വോട്ടു നേടി.
ഇന്ദിരയ്ക്ക് 91,743 വോട്ടിന്റെ ഭൂരിപക്ഷം. 1971ലെ തെരഞ്ഞെടുപ്പിലും റായ്ബറേലിയിൽ മത്സരിച്ച ഇന്ദിരയുടെ പ്രധാന എതിരാളി സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലെ രാജ്നാരായണനായിരുന്നു. അന്ന് ഇന്ദിരയുടെ ഭൂരിപക്ഷം 1,11, 810 ആയിരുന്നു.
എന്നാൽ ഇതേ രാജ് നാരായണൻ 77ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയെ 55,202 വോട്ടുകൾക്ക് തോല്പിച്ചു. എന്നാൽ 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര വന്പൻ വിജയം നേടി.
ബിജെപി നേതാവ് (അന്ന് ജനതാപാർട്ടി) രാജമാതാ വിജയരാജ സിന്ധ്യയെ അവർ 1,73,654 വോട്ടുകൾക്കു പരാജയപ്പെടുത്തി. പക്ഷേ ഇന്ദിരയ്ക്കു ലഭിച്ച ഭൂരിപക്ഷമൊന്നും റിക്കാർഡായിരുന്നില്ല.
ഇന്ദിരാ വധത്തെത്തുടർന്ന് നടന്ന 1984ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിച്ച പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും വൻ ഭൂരിപക്ഷം നേടിയിരുന്നു. 3,14,000 വോട്ടിനാണ് അന്ന് അദ്ദേഹം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സഹോദരൻ സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനകാ ഗാന്ധിയെ തോല്പിച്ചത്.
ആകെ പോൾ ചെയ്ത വോട്ടിൽ 80.1 ശതമാനം നേടിയാണ് അദ്ദേഹം വിജയിച്ചതെങ്കിലും പോൾ ചെയ്ത വോട്ട് കുറവായതിനാലാണ് ഭൂരിപക്ഷം 3.14 ലക്ഷമായി ചുരുങ്ങിയത്. 1989ൽ നടന്ന തെരഞ്ഞെടുപ്പിലും രാജീവ് അമേഠിയിൽ വിജയിച്ചെങ്കിലും ഭൂരിപക്ഷം 2,02,138 വോട്ടായി കുറഞ്ഞു.
ജനതാദൾ സ്ഥാനാർഥി മഹാത്മാഗാന്ധിയുടെ പേരക്കുട്ടി രാജ്മോഹൻ ഗാന്ധിയായിരുന്നു അന്ന് രാജീവിന്റെ പ്രധാന എതിരാളി. രാജീവ് വധത്തെത്തുടർന്ന് മത്സരരംഗത്തേക്ക് എത്തിയ സോണിയാ ഗാന്ധിക്കും റിക്കാർഡ് സ്ഥാപിക്കാനായില്ല.
എങ്കിലും മികച്ച ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ അവർ ശ്രദ്ധേയയായി. 2006ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്ന് അവർ 4,17,888 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിരാളി സമാജ് വാദിപാർട്ടിയിലെ രാജ് കുമാറിനെ പരാജയപ്പെടുത്തിയത്.
അന്ന് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 19,657 വോട്ടായിരുന്നു. ഇന്ത്യ കണ്ട മഹാ ഭൂരിപക്ഷങ്ങളിൽ ഒന്നായിരുന്നു 80 ശതമാനത്തിലേറെ വോട്ടു നേടിയുള്ള സോണിയയുടെ ആ വിജയം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിൽ നിന്ന് 5,57,014 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്. ഇത്തവണയും ഗാന്ധിനഗറിൽ അമിത്ഷാതന്നെയാണ് സ്ഥാനാർഥി.
യുപിയിലെ വാരണാസിയിൽനിന്ന് വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ടടുത്ത എസ്പി സ്ഥാനാർഥി ശാലിനി യാദവിനെ പരാജയപ്പെടുത്തിയത് 4,79,505 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2014 വാരണാസിയിൽ കേജരിവാളുമായി ഏറ്റുമുട്ടിയപ്പോൾ മോദിയുടെ ഭൂരിപക്ഷം 3,71,784 വോട്ടുകളായിരുന്നു.
1977ൽ ഇന്ദിരാ വിരുദ്ധ തരംഗത്തിൽ ബീഹാറിലെ ഹാജിപ്പുരിൽനിന്നു മത്സരിച്ച ഭാരതീയ ലോക്ദൾ സ്ഥാനാർഥിയായ ദളിത് നേതാവ് രാംവിലാസ് പസ്വാൻ 4,24, 545 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച കക്ഷിയെക്കുറിച്ച് നമ്മൾ മലയാളികൾക്ക് അധികമൊന്നുമറിയില്ല. ഗുജറാത്തിലെ നവ്സാരി മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സി.ആർ. പാട്ടീലാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്.
തൊട്ടടുത്ത എതിരാളി കോൺഗ്രസ് സ്ഥാനാർഥി ധർമേഷ്ഭായ് ഭീംഭായ് പട്ടേലിനെ 6,89,668 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.ആർ. പാട്ടീൽ തോല്പിച്ചത്. ഇപ്പോൾ ഗുജറാത്ത് ബിജെപി ഘടകം പ്രസിഡന്റായ പാട്ടീൽ ഇതേ സീറ്റിൽനിന്ന് 2009ലും 2014ലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
ഇത്തവണയും ഇവിടുത്തെ സ്ഥാനാർഥി പാട്ടീൽ തന്നെ. കഴിഞ്ഞ ലോക്സഭയിലേക്ക് രണ്ടാമത്തെ വലിയ ഭൂരിപക്ഷം നേടിയയാളും അപ്രശസ്തൻ തന്നെ. ഹരിയാനയിലെ കർനാൽ ലോക്സഭാ സീറ്റിൽ നിന്നു വിജയിച്ച ബിജെപി സ്ഥാനാർഥി സഞ്ജയ് ഭാട്ടിയ ആണത്.
തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് ശർമയെ അദ്ദേഹം 6,56, 142 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇത്രയും വലിയ ഭൂരിപക്ഷം നേടിയെങ്കിലും ഇത്തവണ സഞ്ജയ് ഭാട്ടിയയ്ക്ക് ബിജെപി ഈ സീറ്റ് നിഷേധിച്ചു.
മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇത്തവണ അവിടെ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ ലോക്സഭയിലേക്ക് നാലാമത്തെ വലിയ ഭൂരിപക്ഷം നേടിയ രാജസ്ഥാനിലെ ബിജെപി എംപി സന്തോഷ് ചന്ദ്ര ബഹാരിയയ്ക്കും ഇത്തവണ ആ മണ്ഡലത്തിൽ സീറ്റില്ല.
കേരളത്തിൽ ലഭിച്ച എക്കാലത്തെയും വലിയ ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കു ലഭിച്ചതു തന്നെ. 4,31,770 വോട്ടിനാണ് അദ്ദേഹം സിപിഐ സ്ഥാനാർഥി പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്.
രാഹുലിന് 7,06,367 വോട്ടുകൾ ലഭിച്ചപ്പോൾ പി.പി. സുനീറിന് 2,74,597 വോട്ടുകൾ മാത്രമാണ് കിട്ടിയത്. ഭൂരിപക്ഷത്തിൽ റിക്കാർഡുകൾ ഏറ്റവും കൂടുതൽ ഉണ്ടായത് 2019ലെ തെരഞ്ഞെടുപ്പിലാണ്. ഇരുപതോളം സ്ഥാനാർഥികൾ വിജയിച്ചത് അഞ്ചു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
ഇതിൽ ബഹുഭൂരിപക്ഷവും ബിജെപി സ്ഥാനാർഥികൾ ആയിരുന്നു. പക്ഷേ ഈ ഭൂരിപക്ഷത്തിനൊന്നും ബിജെപി വലിയ വില കൽപിക്കുന്നില്ല. കഴിഞ്ഞ തവണ അഞ്ചു ലക്ഷത്തിനു മേലെ ഭൂരിപക്ഷം നേടിയ ബഹുഭൂരിപക്ഷം എംപി മാർക്കും ബിജെപി 2024ലെ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ സീറ്റു നൽകിയില്ല.