ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
ശ്രീജിത് കൃഷ്ണന്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി വരുന്നു. കൂട്ടത്തില്‍ മുഴുത്ത ഒന്നുരണ്ട് ആടുകള്‍ക്ക് ബിസ്കറ്റ് നല്കുന്നു. പിന്നെ ബിസ്കറ്റ് നീട്ടി ആകര്‍ഷിച്ച് മെല്ലെ റോഡിലേക്ക് കൊണ്ടുപോകുന്നു.
അവിടെ നിര്‍ത്തിയിട്ട കാറിലുള്ള സംഘം ആടിനെ കാറിലേക്ക് വലിച്ചുകയറ്റി കുട്ടിയേയും കൂട്ടി സ്ഥലംവിടുന്നു. ശാസ്ത്രീയമായി എങ്ങനെ മോഷണം നടത്താമെന്ന് പഠിപ്പിക്കുന്ന ഏതെങ്കിലും സിനിമയിലെ രംഗമല്ല. കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തിമേഖലയായ മഞ്ചേശ്വരത്തും കുമ്പളയിലും മറ്റും കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന കാര്യമാണ്.
ഇവിടെ ഗ്രാമീണമേഖലയിലെ പലരുടെയും ഉപജീവനമാര്‍ഗമാണ് ആടുവളര്‍ത്തല്‍. മലബാറിയും ജമ്നാപ്യാരിയും അടക്കം ഉയര്‍ന്ന വിലയും ഉത്പാദനശേഷിയുമുള്ള ഇനം ആടുകളാണ് പലരുടേയും പക്കലുള്ളത്. അതുകൊണ്ട് ഒരാടിനെ നഷ്ടമായാലും അരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
മേയാന്‍ വിടുന്ന ആടുകളില്‍ ചിലത് അപ്രത്യക്ഷമാകുന്നത് കുറെയേറെ നാളുകളായി ഇന്നാട്ടുകാരുടെ ഉറക്കം കെടുത്തുകയായിരുന്നു. വനമേഖലയുടെ അടുത്തൊന്നുമല്ലാത്തതിനാല് വന്യമൃഗശല്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത പ്രദേശമാണ്.
തെരുവുനായ്ക്കളാണ് ആടിനെ ആക്രമിക്കുന്നതെങ്കില്‍ അതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും കാണും. ഇതൊന്നുമില്ലാത്തതുകൊണ്ട് മനുഷ്യന് തന്നെയാണ് ആടിനെ മോഷ്ടിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അങ്ങനെയാണ് മേയാന്‍ വിടുന്ന സ്ഥലത്തിനു സമീപം സിസിടിവി വച്ചത്. അതിലാണ് ആടിനെ ബിസ്കറ്റ് നല്കി ആകര്‍ഷിക്കുന്ന കുട്ടിയുടെ ദൃശ്യം പതിഞ്ഞത്.
അന്വേഷണം ഇങ്ങനെ
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കുമ്പള സ്വദേശി കെ.ബി. അബ്ബാസിന്റെ അരലക്ഷം രൂപ വിലയുള്ള ജമ്നാപ്യാരി ആട് മോഷണം പോയത്. കുമ്പള ഐഎച്ച്ആര്‍ഡി കോളജിന് സമീപത്തുള്ള മൈതാനത്തിലാണ് മേയാന്‍ വിട്ടിരുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ആടിനെ 12-13 വയസ് തോന്നിക്കുന്ന കുട്ടി ബിസ്കറ്റ് കൊടുത്തുകൊണ്ട് പോകുന്ന ദൃശ്യം കണ്ടെത്തി. ഇക്കാര്യം സമീപപ്രദേശങ്ങളിലെ മറ്റുള്ള ആടുവളര്ത്തലുകാരെ അറിയിച്ചപ്പോള്‍ ഉപ്പള സ്വദേശി മുനീര്‍ തന്റെ ആടിനെയും ഇതേ കുട്ടിയാണ് കൊണ്ടുപോയതെന്ന് അറിയിച്ചു.
തുടര്‍ന്ന് അബ്ബാസും മുനീറും ചേര്‍ന്ന് ആടുമേയ്ക്കുന്ന സ്ഥലങ്ങള്‍ക്കു സമീപം നിരീക്ഷണത്തിന് ആളെ ഏര്‍പ്പാടാക്കി. ഉപ്പളയില്‍ വച്ച് കുട്ടിയെ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്പിക്കുകയും ചെയ്തു.
കുട്ടിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ താന്‍ 100 കിലോമീറ്ററോളം അകലെ കര്‍ണാടകയിലെ ബ്രഹ്മാവര്‍ എന്ന സ്ഥലത്ത് സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണെന്നും ഇവിടെ ബന്ധുവീട്ടില്‍ വന്നതാണെന്നും ആടുകളെ വലിയ ഇഷ്ടമായതുകൊണ്ട് കാണുമ്പോള്‍ കാണുമ്പോള്‍ ബിസ്കറ്റ് കൊടുക്കുന്നുവെന്നല്ലാതെ വേറൊന്നും ചെയ്തിട്ടില്ലെന്നും കരഞ്ഞുപറഞ്ഞു.
പോലീസ് കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ അവരും ഇക്കാര്യങ്ങള്‍ അക്ഷരംപ്രതി സാക്ഷ്യപ്പെടുത്തി. മലയാളികള്‍ തെരുവുപട്ടികള്‍ക്ക് ബിസ്കറ്റ് കൊടുക്കുന്നതുപോലെ കര്‍ണാടകക്കാരനായ ഒരു പാവം കുട്ടിക്ക് ആടിന് ബിസ്കറ്റ് കൊടുക്കാന്‍ പാടില്ലേയെന്ന ധാര്‍മികമായ ചോദ്യം പോലീസ് പരാതിക്കാരോട് ചോദിച്ചു.
ബിസ്കറ്റ് കൊടുത്ത് നടത്തിച്ചുകൊണ്ടുപോകുന്നതല്ലാതെ കാറില്‍ കയറ്റുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടും ഉണ്ടായിരുന്നില്ല. പാവം കുട്ടി, വെറുതേ സംശയിച്ചു എന്നുംപറഞ്ഞ് പോലീസ് കുട്ടിയെ വിട്ടയയ്ക്കുകയും ചെയ്തു.
തുടരന്വേഷണം
പക്ഷേ അബ്ബാസും മുനീറും അബ്ബാസിന്റെ സഹോദരന് അബ്ദുൾ ഹമീദ്, മരുമകന് അബ്ദുൾ ഫൈസല്‍ എന്നിവരും ചേര്‍ന്ന് സ്വന്തമായി നടത്തിയ അന്വേഷണത്തില്‍ ആടുകളെ നഷ്ടമായ മറ്റിടങ്ങളിലും ഇതേ കുട്ടിയുടെ സാന്നിധ്യമുണ്ടായതായി കണ്ടെത്തി.
കുട്ടിയുടെ മാതാവിന്റെ നമ്പറില്‍ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. തന്റെ നമ്പര്‍ കണ്ടിട്ടാകും എടുക്കാത്തതെന്ന് മനസിലാക്കിയ അബ്ബാസ് ഒരു സുഹൃത്തിന്റെ നമ്പറില്‍ നിന്ന് വീണ്ടും അവരെ വിളിച്ച് കുമ്പളയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു.
താന്‍ ബ്രഹ്മാവറില്‍ തിരിച്ചെത്തിയെന്നും ഇനി വീണ്ടും അത്രദൂരം വരാന്‍ കൈയില്‍ പണമില്ലെന്നുമായിരുന്നു മറുപടി. പണം തങ്ങള്‍ തരാമെന്ന് പറഞ്ഞപ്പോള്‍ 500 രൂപ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് മറ്റൊരാളുടെ ഗൂഗിള്‍ പേ നമ്പര്‍ നല്കി. ആ നമ്പറിലേക്ക് അബ്ബാസ് പണം അയച്ചു കൊടുത്തിട്ടും കുട്ടിയുടെ മാതാവ് വന്നില്ല.
ഈ കാര്യം വീണ്ടും പോലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞാല്‍ നിയമം കൈയിലെടുത്തതിന് തങ്ങളെ പിടിച്ച് അകത്തിടുമോയെന്ന് അബ്ബാസിനും കൂട്ടര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താന്‍ കര്‍ണാടകയില്‍ പോയാല്‍ കള്ളന്മാരോ ഗോസംരക്ഷരോ തങ്ങളെ പഞ്ഞിക്കിടുമെന്ന കാര്യം ഉറപ്പായതുകൊണ്ട് തമ്മില്‍ ഭേദം പോലീസാണെന്നുതന്നെ തീരുമാനിച്ചു.
കുട്ടിയുടെ മാതാവ് പഠിച്ച കള്ളിയാണെന്ന കാര്യം ഇത്തവണ പോലീസിനും ബോധ്യമായി. പിന്നെ കൈയിലുണ്ടായിരുന്ന ഏക പിടിവള്ളി അബ്ബാസ് ഗൂഗിള്‍ പേ ചെയ്തുകൊടുത്ത നമ്പറാണ്. അത് സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ബ്രഹ്മാവറിലുള്ള ഒരു കോഴിക്കടയിലെ ജീവനക്കാരന്റേതാണെന്ന് കണ്ടെത്തി.
പിന്നെ അബ്ബാസും സംഘവും നേരെ ബ്രഹ്മാവറിലേക്ക് വച്ചുപിടിച്ചു. കോഴിക്കടയില്‍ പോയി ആളെ കണ്ടെത്തി. കടയുടമയുമായി സംസാരിച്ചപ്പോള്‍ ആട് വ്യാപാരം നടത്തുന്ന ഒരു സംഘം അതിനടുത്തുതന്നെ താമസിക്കുന്നുണ്ടെന്ന വിവരം കിട്ടി.
അവിടെ പോയി നോക്കിയപ്പോള്‍ കണ്ടത് ഒരു വീട്ടുപറമ്പില്‍ 75 ഓളം ആടുകള്‍ മേഞ്ഞുനടക്കുന്നതാണ്. അതില്‍ അഞ്ച് ആടുകള്‍ തന്റേതാണെന്നും അബ്ബാസ് ഞെട്ടലോടെയും ആശ്വാസത്തോടെയും തിരിച്ചറിഞ്ഞു. ഒന്നുരണ്ട് കാറുകളും അവിടെ കണ്ടു.
അവയുടെ ഫോട്ടോയെടുത്ത് നമ്പറും രേഖപ്പെടുത്തി. ബിസ്കറ്റിന്റെ പേരില്‍ വഴിതെറ്റിപ്പോയ ആടുകളാണ്. അടുത്തൊന്നും ആരെയും കാണാത്തതുകൊണ്ട് ഒരു പായ്ക്കറ്റ് ബിസ്കറ്റ് വാങ്ങി കൊടുത്ത് തന്റെ ആടുകളെ തിരിച്ചുകൊണ്ടുപോയാലോ എന്നൊരു ചിന്ത അബ്ബാസിനു തോന്നിയതാണ്.
പക്ഷേ തടി കേടാകാതെ ആടിനെയും കൊണ്ട് തിരിച്ചുപോകാന്‍ കള്ളന്മാരോളം സാമര്‍ഥ്യം തനിക്കില്ലല്ലോ. നാട്ടില്‍ തിരിച്ചെത്തി കുമ്പള പോലീസിന്റെ സഹോയത്തോടെ തലപ്പാടി ടോള്‍ ബൂത്തില്‍ പരിശോധന നടത്തി.
ആ വീട്ടിലുണ്ടായിരുന്ന കാര്‍ തന്നെയാണ് ആടിനെ കാണാതായ ദിവസം ടോള്‍ പ്ലാസയിലുടെ കടന്നുപോയതെന്ന് കണ്ടെത്തിയതോടെ പോലീസിന് നേരിട്ട് രംഗത്തിറങ്ങാനുള്ള തെളിവായി. പിന്നീട് കുമ്പള പോലീസ് സ്വന്തം നിലയ്ക്കുതന്നെ ബ്രഹ്മാവറിലേക്കു പോയി.
അവിടുത്തെ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞു. അവിടെയുണ്ടായിരുന്ന ഷിമോഗ സ്വദേശി സക്കഫുല്ലയെ (23) അറസ്റ്റ് ചെയ്തു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചതോടെ സംഘത്തലവന് റഫീഖ് എന്ന സാദിഖിനു വേണ്ടി തെരച്ചില്‍ നടക്കുകയാണ്.
ആടുകള്‍ക്ക് ബിസ്കറ്റ് നല്കുന്ന കുട്ടിയും ഇവരുടെ ബന്ധു തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവിനെയും പ്രതിചേര്‍ത്തേക്കും. ഈ സംഘം കാലങ്ങളായി ബ്രഹ്മാവറില്‍ താമസിച്ചുവരികയാണെന്നും നാട്ടുകാരുടെ പ്രീതി സമ്പാദിക്കാന്‍ ഇടയ്ക്കിടെ മട്ടന്‍ ബിരിയാണി വച്ച് പ്രദേശവാസികള്‍ക്ക് സൗജന്യമായി നല്‍കാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആട് മോഷണം കണ്ടെത്തുന്നതിനായി സിബിഐയെ വെല്ലുന്ന തരത്തില്‍ നാലുമാസം നീണ്ട അന്വേഷണമാണ് അബ്ബാസും കൂട്ടുകാരും നടത്തിയത്. രണ്ടായിരം കിലോമീറ്റര്‍ യാത്ര ചെയ്തു. 28,000 രൂപയും ഇതിനായി ചെലവിട്ടു.
വിവിധ ഇടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ടോള്‍പ്ലാസ വിവരങ്ങള്‍ എന്നിവ ശേഖരിച്ചു. മോഷ്ടാക്കളുടെയോ പോലീസിന്റെയോ പിടിയിലായാല്‍ സ്വയം കുറ്റവാളികളായി മുദ്രകുത്തപ്പെട്ടേക്കാമെന്ന സാധ്യതയും ആദ്യകാലങ്ങളില്‍ ഏറെയുണ്ടായിരുന്നു.
ഇതെല്ലാം മറികടന്നാണ് ഒടുവില്‍ ഇവര്‍ പോലീസിന്റെ വിശ്വാസം നേടിയെടുത്ത് മോഷണ സംഘത്തെ കണ്ടെത്തിയത്. ഇനി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടമായ ആടുകളില്‍ ജീവനോടെ അവശേഷിക്കുന്ന കുറച്ചെണ്ണത്തിനെയെങ്കിലും തിരികെ കിട്ടിയാല്‍ അത്രയും ആശ്വാസമെന്ന് ഇവര്‍ പറയുന്നു.