ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുതെന്നും പോലീസ് പലതവണ മുന്നറിയിപ്പ് നല്കുമ്പോഴും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്.
വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗം വഹിക്കുന്നവരുമൊക്കെയാണ് ഈ തട്ടിപ്പിന്റെ ഭൂരിഭാഗം ഇരകളെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെയാണ്. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാന്‍ തയാറാകാറുമില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ലേറ്റസ്റ്റ് വേര്‍ഷനായ ഫെഡെക്സ്, സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പുകളെക്കുറിച്ച് അറിയാം...
തിരുവനന്തപുരം സ്വദേശി കൊടുത്തത് രണ്ടേകാല്‍ കോടി രൂപ
ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം സ്വദേശിയായ വയോധികന്റെ ഫോണിലേക്ക് മുംബൈയിലെ ഫെഡെക്സ് കമ്പനിയില്നിന്നെന്നു പറഞ്ഞ് കോള്‍ വന്നു. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചൊരു പാര്‍സല്‍ വന്നിട്ടുണ്ട്.
അതില്‍ ലാപ്ടോപ്, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കൊപ്പം 50 ഗ്രാം എംഡിഎംഎയുമുള്ളതിനാല് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അത് തടഞ്ഞുവച്ചിരിക്കുകയാണെന്നും മുംബൈയില്‍ വന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണാനും ആവശ്യപ്പെട്ടുള്ളതായിരുന്നു ആ ഫോണ്‍ കോള്‍.
എന്നാല്‍ ശാരീരികാവശതകള്‍ കാരണം തനിക്ക് വരാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം സ്വദേശി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഓഫീസര്‍ക്ക് ഫോണ്‍ ഫോര്‍വേഡ് ചെയ്തു. സൈബര്‍ ഡിവിഷനിലെ ഓഫീസര്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം സ്കൈപ്പ് ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇമെയില്‍ ഐഡി ലിങ്ക് ചെയ്തിട്ടുള്ള സ്കൈപ്പ് ആപ്ലിക്കേഷന്‍ വഴി മുംബൈ സൈബര്‍ ക്രൈംബ്രാഞ്ച് എന്ന സ്കൈപ്പ് ഐഡിയില്‍ സംസാരിക്കുന്നു. അപ്പുറത്തുള്ള ആള് വീഡിയോ ഓഫ് ചെയ്തു സംസാരിക്കുന്നതിനാല്‍ മുഖം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പോലീസ് ഐഡി ഫോട്ടോ സ്കൈപ്പില്‍ അയച്ചു കൊടുക്കുന്നു.
തുടര്‍ന്ന് തന്റെ പേരില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്ത്യയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് സ്കൈപ്പ് വഴി എഫ്ഐആര്‍ അയച്ചുകൊടുത്തു. അയാളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിലെ തുകയുടെ 75 ശതമാനം ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കണമെന്നും പരിശോധനയില്‍ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പണം തിരികെ അക്കൗണ്ടില്‍ തരും എന്നും ഉണ്ടെങ്കില്‍ പണം തിരികെ തരില്ലെന്നും അറിയിച്ചു.
തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ വിഭാഗത്തില്‍നിന്ന് അക്നോളജ്മെന്റ് ഫോം സ്കൈപ്പിലൂടെ അയച്ചുകൊടുത്തു. അടുത്ത ചോദ്യം ബാങ്ക് അക്കൗണ്ടിന്റെയും ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വിവരങ്ങളായിരുന്നു.
തുടര്‍ന്ന് ഫിനാന്‍സ് വിഭാഗം തലവന്‍ എന്നു പരിചയപ്പെടുത്തിയ ആള് വാട്സാപ്പ് കോളില്‍ വന്ന് ഗുരുതരമായ കേസാണെന്നും ഫിക്സഡ് ഡിപ്പോസിറ്റികള് എത്രയും വേഗം ക്ലോസ് ചെയ്ത് ആ തുക ഉടന്‍ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി അവര്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഉറക്കം പോലും നിരീക്ഷിച്ച്...
തുടര്‍ന്ന് അവര്‍ പറഞ്ഞ തന്‍വീര്‍ എന്റര്‍പ്രൈസസ്, മഹാരാജാ എന്റര്‍പ്രൈസസ് എന്നീ അക്കൗണ്ടുകളിലേക്ക് 14 ലക്ഷം രൂപയും റിസ്വാന് ക്ലോത്ത് ഷോപ്പിന്റെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപയും ഗ്ലോബല്‍ മൈഗ്രേഷന്‍ എന്ന അക്കൗണ്ടിലേക്ക് 46 ലക്ഷം രൂപയും കുമരന്സ് അസോസിയേറ്റ്സ് എന്ന അക്കൗണ്ടിലേക്ക് 49 ലക്ഷം രൂപയും രത്നഗിരി ടയേഴ്സ് എന്ന അക്കൗണ്ടിലേക്ക് 91 ലക്ഷം രൂപയും അയച്ചുകൊടുത്തു.
അതോടെ നിമിഷങ്ങള്‍ക്കകം തിരുവനന്തപുര സ്വദേശി കൈമാറിയത് 2.25 കോടി രൂപയാണ്. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍. ഈ വിവരങ്ങള്‍ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തി. രാത്രി ഉറങ്ങുന്ന സമയത്തുപോലും സ്കൈപ്പ് വീഡിയോ കോളിലൂടെ നിരീക്ഷിച്ച് ഇവര്‍ രണ്ടു ദിവസമാണ് ഇദ്ദേഹത്തെ മാനസിക സമ്മര്‍ദത്തിലാക്കിയത്.
കൊല്ലം സ്വദേശിക്ക് എത്തിയത് മുംബൈ സൈബര്‍ പോലീസ് ഓഫീസറുടെ കോള്‍
പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എംഡിഎംഎ ഉണ്ടെന്നറിയിച്ചാണ് കൊല്ലം സ്വദേശിയെ വീഡിയോ കോളില്‍ ബന്ധപ്പെട്ടത്. മുംബൈ പോലീസിലെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ എന്നു പരിചയപ്പെടുത്തിയ ആളാണ്.
പ്രമുഖ കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍നിന്ന് എന്നു പരിചയപ്പെടുത്തി വന്ന ഫോണ്‍ കോളിലാണ് തട്ടിപ്പിന്റെ തുടക്കം. കൊല്ലം സ്വദേശി മുംബൈയില്‍നിന്ന് തായ്ലന്ഡിലേക്ക് ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്നും അതില്‍ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എംഡിഎംഎയും കണ്ടെത്തിയെന്നതിനാല്‍ മുംബൈ പോലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അയാള്‍ അറിയിച്ചത്.
പാഴ്സല്‍ അയയ്ക്കുന്നതിന് കൊല്ലം സ്വദേശിയുടെ അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്നും അറിയിച്ചു. മുംബൈ പോലീസിലെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്സല്‍ അയച്ച ആളെ തട്ടിപ്പുകാര്‍ വീഡിയോകോള്‍ ചെയ്തത്.
പാഴ്സലിനുള്ളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉത്പന്നങ്ങളുണ്ടെന്ന് വീഡിയോകോള്‍ ചെയ്തയാള്‍ പറഞ്ഞു. പാഴ്സല്‍ അയച്ച ആളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന് 40,30,000 രൂപ അവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയത്.
പ്രശസ്തമായ ഒരു കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍നിന്ന് എന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍ കോളിലാണ് തട്ടിപ്പിന്റെ തുടക്കം. താന്‍ മുംബൈയില്‍ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്സല്‍ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരന് കൊല്ലത്ത് പോലീസില്‍ പരാതി നല്കാന് പോകുകയാണെന്ന് അറിയിച്ചു.
സംഭവം മുംബൈയില്‍ നടന്നതിനാല്‍ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയര്‍ കമ്പനി പ്രതിനിധി, മുംബൈ സൈബര്‍ ക്രൈം സെല്‍ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടര്‍ന്ന് സൈബര്‍ ക്രൈം സെല്‍ ഉദ്യോഗസ്ഥന് എന്ന് ഭാവിച്ച് ഒരാള്‍ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്തു.
കൊല്ലം സ്വദേശിയുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 13 സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാള്‍ കേസ് അന്വേഷിക്കുന്ന ഐപിഎസ് ഓഫീസറെന്ന വ്യാജേന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി.
സ്കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട പോലീസ് ഓഫീസര്‍ അതിനായി ഒരു ലിങ്ക് അയച്ചുനല്‍കി. തുടര്‍ന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാള്‍ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് അറിഞ്ഞു.
അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാന്‍ ഫിനാന്‍സ് വകുപ്പിന്റെ സോഫ്റ്റ് വെയറില്‍ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കില്‍ പണം തിരിച്ചുനല്‍കുമെന്നും അയാള്‍ പറഞ്ഞു.
തുടര്‍ന്ന് അവര്‍ നല്കിയ അക്കൗണ്ടിലേക്ക് കൊല്ലം സ്വദേശി 40,30,000 രൂപ ഓണ്‍ലൈനായി അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് അവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായി കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.
(തുടരും)
സീമ മോഹന്‍ലാല്‍