ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
സി.എസ്. ദീപു
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുന്പോൾ കുട്ടികളുടെ മനസിലാകെ ആകാംക്ഷയായിരിക്കും. എന്തൊക്കെയായിരിക്കും അകത്തെന്നറിയാനുള്ള ആകാംക്ഷ.
പലതവണ കണ്ടിട്ടുള്ളതിനാൽ മുതിർന്നവർക്കത്രെ കൗതുകമൊന്നും ഉണ്ടാകാറില്ലെങ്കിലും കുട്ടികൾ അകത്തുകടന്നാൽ തുള്ളിച്ചാടി അർമാദിച്ച് കൂടായ കൂടൊക്കെ കണ്ടും തൊട്ടും കൂക്കിവിളിച്ചും അങ്ങിനെ ചുറ്റി നടക്കും.
ഇനി ഇതെല്ലാം ഓർമകൾ മാത്രമാവുകയാണ്. തൃശൂർ മൃഗശാല കാണാത്തവർ വേഗം വന്നു കാണുക. കാരണം, അധികം വൈകാതെ തൃശൂർ മൃഗശാല ചരിത്രത്തിന്റെ ഓർമത്താളുകളിലേക്ക് കടക്കുകയാണ്.
പണ്ടു പണ്ട് തൃശൂരൊരു മൃഗശാലയുണ്ടായിരുന്നു എന്ന് പുതിയ കുട്ടികളോടു പറയാൻ അധികം താമസമില്ല. ആ തൃശൂർ മൃഗശാലയിലെ മൃഗങ്ങളാണ് ദാ ഇന്ന് ഈ പുത്തൂർ സുവോളജിക്കൽ പാർക്കിലുള്ളത് എന്നുകൂടി പറയുന്പോൾ തലയെടുപ്പോടെ കുട്ടികളുടെ മനസിൽ പുത്തൂരിലെ കാടും കാട്ടുമൃഗങ്ങളും നിറയും.
നഗരമധ്യത്തിലാണ് തൃശൂർ മൃഗശാലയെങ്കിൽ പ്രകൃതിയുടെ മധ്യത്തിലാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. ഓസ്ട്രേലിയൻ മൃഗശാലാ ഡിസൈനറായ ജോണ് കോയുടെ ഭാവനയിൽ വിടർന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഡിസൈനിൽ മനുഷ്യനും പ്രകൃതിയും മൃഗങ്ങളുമെല്ലാമടങ്ങുന്ന ആവാസവ്യവസ്ഥ ഉൾപ്പെടുന്നു.
കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റെ മലഞ്ചെരിവിൽ പച്ചത്തഴപ്പുകൾ തലപൊക്കുന്നു. അവിടേക്കു ലോകസഞ്ചാര പാതകൾ വന്നുമുട്ടുന്നു. ഇനി കാണാനുള്ളതാണ് നിജം......
തൃശൂർ മൃഗശാല മാറ്റാനുള്ള കാരണം ഒരു ഫ്ളാഷ്ബാക്ക്...
ജനസംഖ്യാവർധന ലോകത്തിന്റെ പ്രശ്നമായിരുന്നെങ്കിൽ മൃഗങ്ങളുടെ വർധനയായിരുന്നു തൃശൂർ ചെന്പുക്കാവിൽ സ്ഥിതി ചെയ്യുന്ന തൃശൂർ മൃഗശാലയുടെ പ്രശ്നം.
1985 -തൃശൂർ മൃഗശാലയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന കാലം. ഇത്തിരി സ്ഥലത്തെ തിങ്ങിനിറഞ്ഞ കൂട്ടിൽ വീർപ്പുമുട്ടിച്ചത്ത കൃഷ്ണമൃഗങ്ങളെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചു.
മൃഗശാലയിലെ പതിവുസന്ദർശകനായിരുന്ന പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഇതറിഞ്ഞു മനംനൊന്തെഴുതിയ "കൃഷ്ണമൃഗങ്ങൾ’ എന്ന കവിത ഏവരെയും പിടിച്ചുലയ്ക്കാൻ തക്കതായിരുന്നു.
13.5 ഏക്കർ സ്ഥലത്തെ അഞ്ഞൂറോളം ജീവികൾക്കു മികച്ച സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് ദുരന്തവും പിന്നാലെ പിറന്ന കവിതയും ആക്കംകൂട്ടി. ഇതേ ആവശ്യവുമായി ഫ്രണ്ട്സ് ഓഫ് സൂ എന്ന സംഘടനയും പിറന്നതോടെ 1994 മുതൽ ആധുനിക മൃഗശാലയ്ക്കായി ശ്രമങ്ങൾ തുടങ്ങി.
മൂന്നുപതിറ്റാണ്ടിന്റെ സമ്മർദങ്ങൾക്കൊടുവിലാണു സുവോളജിക്കൽ പാർക്കെന്ന സ്വപ്ന പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പാർക്കിന്റെ ചുമതല വനംവകുപ്പിനു കൈമാറിയതോടെ പ്രധാന തടസം നീങ്ങി.
ഡിസൈനിംഗിനായി വന്യജീവി സംരക്ഷണത്തിലൂന്നി കൃത്രിമ ആവാസകേന്ദ്രങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായ ഓസ്ട്രേലിയൻ ലാൻഡ്സ്കേപ് ആർക്കിടെക്ചർ ജോണ് കോ ഒരു നിമിത്തം പോലെ യാദൃശ്ചികമായി പുത്തൂരിലെത്തി.
2012ൽതന്നെ അദ്ദേഹം തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിനു സെൻട്രൽ സൂ അഥോറിട്ടി അനുമതി നൽകി. 2016ൽ കിഫ്ബി നിർമാണത്തിനുള്ള മുന്നൂറുകോടി അനുവദിച്ചതോടെ പാർക്ക് നിർമാണം യാഥാർഥ്യത്തിലേക്കു കുതിച്ചു.
കട്ട് ടു പുത്തൂർ സുവോളജിക്കൽ പാർക്ക് (അണ്ടർ കണ്സ്ട്രക്ഷൻ)
കാടും കാടിനകവും മൃഗങ്ങൾക്കുള്ളതാണ്..പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയ ആവാസവ്യവസ്ഥയും അങ്ങിനെത്തന്നെയാണ്. എത്ര സന്ദർശകർ എത്തിയാലും മൃഗങ്ങളറിയില്ലത്രെ തങ്ങളെ കാണാൻ മനുഷ്യരെത്തിയ കാര്യം.
മനുഷ്യന്റെ സാന്നിധ്യം ഒരുതരത്തിലും അറിയാത്ത തരത്തിലാണു പുത്തൂരിലെ പാർക്കിന്റെയും നിർമാണമെന്നു പാർക്കിന്റെ ഡയറക്ടർ ആർ. കീർത്തി പറഞ്ഞു. കാട്ടിൽ ഇരതേടി വളർന്ന മൃഗങ്ങൾക്ക് അതിനു സമാനമായ ചെറിയ പ്രവൃത്തികൾക്കുള്ള സംവിധാനങ്ങളുമുണ്ടാകും.
എല്ലാ കൂടുകൾക്കു ചുറ്റിലും ഇടതൂർന്ന ചെടികളും മരങ്ങളും വളർത്തി സ്വാഭാവിക ആവാസവ്യവസ്ഥയുണ്ടാക്കും. മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ അതിരു തിരിച്ചറിയാനാകില്ല. സന്ദർശകരുടെ നടപ്പാതകളും സന്ദർശനമേഖലയും താഴ്ന്ന വിതാനത്തിലും മൃഗങ്ങളുടേത് ഉയർന്ന വിതാനത്തിലുമാകും.
വന്യജീവികൾക്കു മനുഷ്യസാന്നിധ്യമുണ്ടാക്കുന്ന സമ്മർദം കുറയ്ക്കാനും ഇതു സഹായിക്കും - കീർത്തി പറഞ്ഞു. പാർക്കുമുഴുവൻ ഹരിതാഭമാക്കാൻ 20,000 വിവിധ ചെടികളും മരങ്ങളും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണു വളർത്തിയെടുക്കുന്നത്.
ആകെസ്ഥലത്തിന്റെ മുക്കാൽഭാഗമാണു സുവോളജിക്കൽ പാർക്കായി വികസിപ്പിക്കുക. ഭാവിയിൽ ബാക്കിയുള്ള ഭാഗം സഫാരി പാർക്കായും വിഭാവനം ചെയ്യുന്നു. ഈ വർഷം സെപ്റ്റംബറിൽ പാർക്ക് തുറക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും കീർത്തി പറഞ്ഞു.
ലോകത്തെ വനങ്ങൾ എല്ലാം പുത്തൂരിലുണ്ടാകും
കടുവകൾക്കും പുള്ളിപ്പുലികൾക്കും സിംഹങ്ങൾക്കുമായി കൻഹ സോണും വരണ്ടതും പാറക്കെട്ടുകൾ നിറഞ്ഞതുമായ ആഫ്രിക്കയിലെ ആവാസവ്യവസ്ഥയൊരുക്കുന്ന സുളുലാൻഡ് സോണും വരയാടുകൾക്കും സിംഹവാലൻ കുരങ്ങുകൾക്കുമൊക്കെയായി സൈലന്റ് വാലി സോണുകളുമടക്കം ഒന്പതു സോണുകളും സംരക്ഷണ കേന്ദ്രവും പാർക്കിലുണ്ടാകുമെന്നു പാർക്കിന്റെ ക്യുറേറ്ററായ അശ്വിനി പറഞ്ഞു.
ആഫ്രിക്കയിൽനിന്നുള്ള ഹിപ്പോ, ജിറാഫ്, സീബ്ര, ഒട്ടകപ്പക്ഷി എന്നിവയാകും ഇവിടെയുള്ള താമസക്കാർ. ജലസസ്യങ്ങൾനിറഞ്ഞ ഹിപ്പോകളുടെ ആവാസയിടത്തിനു മുകളിലൂടെ നടക്കാനുള്ള സൗകര്യവുമുണ്ട്.
കരടികൾക്കായി ബിയർ സോണും വരയാടുകൾക്കായി കുറ്റിച്ചെടികൾ നിറഞ്ഞ പർവതവനങ്ങൾ ഉൾപ്പെട്ട സോണും കാട്ടുനായ്ക്കൾക്കും കുറുനരികൾക്കും ഹൈനകൾക്കുമായി പുൽമേടുകളും കാട്ടുപോത്തുകൾക്കായി മുളങ്കൂട്ടങ്ങൾ അതിരിടുന്ന വനവും ഉണ്ടാകും.
വാനരന്മാർക്കും പക്ഷികൾക്കുമായി മരക്കൊന്പുകൾപോലുള്ള കോണ്ക്രീറ്റ് നിർമിതികളാണ് ആദ്യഘട്ടത്തിൽ. സ്വാഭാവിക മരങ്ങൾ വളർന്നുവലുതാകുന്നതുവരെയാകും ഇവ ഉപയോഗിക്കുക. ഇവിടെയല്ലാം നടന്നെത്തുന്നതിനൊപ്പം ട്രാം റൈഡുമുണ്ടാകും.
മൃഗങ്ങളെ സുരക്ഷിതമായിനിന്നു കാണാൻ പാറക്കെട്ടുകളിലെ വിടവുകൾ പോലെയുള്ള പ്രത്യേകം പോക്കറ്റുകളുമുണ്ടാകും. തൃശൂർ നഗരത്തിൽനിന്നു 12 കിലോമീറ്റർ ദുരമേയുള്ളു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്. 350 ഏക്കർ വിസ്തൃതി. ചെലവ് 360 കോടി.
ഇന്ത്യയിലെ ആദ്യ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ പാർക്കുകളിലൊന്ന്. വെറ്ററിനറി ആശുപത്രി സമുച്ചയം, സന്ദർശക ഗാലറികൾ, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, കഫ്റ്റീരിയ, അഡ്മിനിസ്ട്രേഷൻ ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, ടൊയ് ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെ അനുബന്ധ സൗകര്യങ്ങളും അവസാന ഘട്ടത്തിലാണ്.
ആദ്യഘട്ടത്തിൽ പാർക്കിലെത്തിച്ച കടുവകളായ ദുർഗയും വൈഗയും പുലിക്കുട്ടിയായ ലിയോയും തൃശൂർ മൃഗശാലയിൽനിന്നെത്തിച്ച പക്ഷികളും പ്രദേശവുമായും ജീവനക്കാരുമായും ഇണങ്ങി. വയനാട്ടിൽനിന്നെത്തിച്ച കടുവയായ രുദ്രനു തീവ്രപരിചരണമാണ് നൽകുന്നത്.
ഏപ്രിൽ-മേയ് മാസത്തിൽ തൃശൂർ മൃഗശാലയിൽനിന്നു മൃഗങ്ങളെ പൂർണമായി മാറ്റും. തിരുവനന്തപുരത്തുനിന്നു മാർച്ചിൽ കാട്ടുപോത്തിനെ എത്തിക്കും. ജൂണിൽ അനാക്കോണ്ടയെയും കംഗാരുവിനെയും കൊണ്ടുവരും.